Malayalam Quote in Film-Review by CENTRE FOR DEVELOPMENT AND MEDIA RESEARCH

Film-Review quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

സിനിമാ റിവ്യൂ; യഥാർത്ഥപ്രശ്നമെന്ത്?

(വിശകലനം / സുനിത സരൺ)
***************

വിഷ്വലൈസ് ചെയ്യപ്പെടുന്ന സാഹിത്യമാണ് സിനിമ. താരതമ്യേന കൂടുതൽ ആസ്വാദകരുള്ള വിനോദസൃഷ്ടിയുമാണ് സിനിമ. ഒരേസമയം സർഗ്ഗപരമായും വ്യാവസായികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് സിനിമ. വിവിധങ്ങളായ കലാമേഖലകളും സർഗ്ഗശേഷികളും ഒന്നിക്കുന്ന വ്യവസായമെന്ന നിലയിൽ അതിന്റേതായ സങ്കീർണ്ണതകളുടെ സാന്നിധ്യവുമുള്ള മേഖലയാണിത്.

കേരളമെന്ന പ്രദേശം ഇന്ത്യൻ സിനിമാവിപണിയിൽ താരതമ്യേന ചെറുതാണെങ്കിലും മലയാളം സിനിമകൾ ഇന്ത്യയിലെ നിരവധി വിനോദോപാധികളിൽ ഒന്നാണ്. മറ്റുള്ള ഏത് വ്യവസായങ്ങളെയും പോലെ തുടക്കം മുതൽ പല തലങ്ങളിൽ കയറ്റിറക്കങ്ങൾ കണ്ടാണ് മലയാളസിനിമയും ഇതുവരെ സഞ്ചരിച്ചെത്തിയത്. വെറുമൊരു ഉല്പന്നവിൽപ്പനമേഖലയല്ലാതെ സർഗ്ഗപരമായും വിപണിപരമായും സാമൂഹികമായുമുള്ള ഘടകങ്ങളുടെയെല്ലാം കൂടിക്കലരൽ സംഭവിക്കുന്ന മേഖലയെന്ന നിലയിൽ വിവിധങ്ങളായ വീക്ഷണകോണുകളിലുള്ള വിശകലനങ്ങൾ ഉണ്ടാവുന്നത് സിനിമകളെ സംബന്ധിച്ച് സ്വാഭാവികത മാത്രം.

ചെറിയ സമയപരിധിയിൽ വലിയ മുതൽമുടക്കുള്ളതുകൊണ്ടുതന്നെ ഈ മേഖലയുടെ ഭാഗമായി നിൽക്കുന്നവർ തങ്ങൾ ഏതെങ്കിലും രീതിയിൽ ഭാഗമാവുന്ന സിനിമകളെ വിജയിപ്പിക്കുന്നതിനും അതുവഴി തങ്ങളുടെ കരിയർ ഉറപ്പാക്കുന്നതിനും വേണ്ടി സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കാറുണ്ട്. ഫാൻസിനെ പ്രോത്സാഹിപ്പിക്കൽ, വരുമാനത്തെ ഉയർത്തി കാണിക്കൽ, ആളുകൾ ഇല്ലാത്തപ്പോഴും സിനിമ തിയറ്ററുകളിൽ പിടിച്ചുനിറുത്തി അതിനെ മറയാക്കി അവകാശവാദങ്ങൾ ഉന്നയിക്കൽ, . . . ഇങ്ങനെയുള്ള വാസ്തവവിരുദ്ധവിവരവിതരണോപാധികൾ പയറ്റുന്നതിനെ തിരിച്ചറിയുമ്പോഴും അതിന്റെ പേരിൽ തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നിർബന്ധിതമാവുകവഴി വ്യക്തിപരമായി കബളിപ്പിക്കപ്പെടുമ്പോഴും അവരുടെ പരിശ്രമം എന്ന രീതിയിൽ മിതമായ സമീപനമാണ് പൊതുവേ സമൂഹം സ്വീകരിക്കുന്നത്. വലിയ എതിർപ്പൊന്നും പ്രേക്ഷകർ ഇതുസംബന്ധിച്ച് ഉയർത്താറുമില്ല.

പുതിയ കാലത്ത് വിവരസാങ്കേതികവിദ്യയുടെ പ്രചാരം മൂലം ഏതൊരു വ്യക്തിക്കും തനിക്ക് താൽപര്യമുള്ള ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വിശാലമായ സാധ്യതകൾ രൂപപ്പെടുന്ന സാഹചര്യമുണ്ട്. സിനിമാവ്യവസായവുമായി ഏതെങ്കിലും തട്ടുകളിൽ ബന്ധപ്പെട്ടു നിൽക്കുന്നവർ ഈ സാധ്യതയും ഔദ്യോഗികവും അനൗദ്യോഗികവുമായി ഉപയോഗപ്പെടുത്തി മുന്നേറുന്നുണ്ട്. സാങ്കേതികവിദ്യയെയും ജനാധിപത്യമൂല്യങ്ങളെയും തടഞ്ഞുനിറുത്താൻ ആർക്കും സാധ്യമല്ല.

മാധ്യമങ്ങളുടെ പരമ്പരാഗതരീതിശാസ്ത്രങ്ങൾക്കപ്പുറം ഓരോ വ്യക്തിയും ക്യാമറയും മൈക്കും ആയി രൂപാന്തരം പ്രാപിക്കുന്ന ശൈലിയിൽ ലോകം കുതിക്കുമ്പോൾ ഇല്ലാത്ത തടയണ കെട്ടി ആരുടെയും വായടക്കാൻ ആർക്കും കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് മലയാളസിനിമ പ്രകടനത്തിൽ പിന്നോട്ട് പോവുന്നതിന് കാരണം പൊതുജനം അഭിപ്രായപ്രകടനം നടത്തുന്നത് കൂടുതൽ ആളുകളിലേക്ക് എത്തുന്നതാണെന്ന രീതിയിൽ ചില തലതിരിഞ്ഞ നിഗമനങ്ങളിൽ സിനിമാവ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില കേന്ദ്രങ്ങൾ എത്തുന്നത്. ഇത് സിനിമാപ്രേമികൾക്കിടയിലും നിരൂപകർക്കിടയിലും വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

കയ്യിലെ പണം മുടക്കി സിനിമ കാണുന്ന ഏതൊരു പൗരനും താൻ കണ്ട സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരോടും പ്രകടിപ്പിക്കാൻ നിയമവ്യവസ്ഥ അംഗീകരിക്കുന്ന ഏത് രീതിശാസ്ത്രം അവലംബിച്ചും അവകാശമുണ്ട്. സിനിമ കാണുന്നവർ അഭിപ്രായപ്രകടനം നടത്താതെ വീട്ടിൽ പോയാൽ മതിയെന്നാണ് വാദമെങ്കിൽ, അത് സാധ്യമല്ലെന്നും കയ്യിലെ പണം മുടക്കി സിനിമ കാണുന്നവർ ആ സിനിമ ഉണ്ടാക്കിയവരുടെ അടിമകൾ അല്ലെന്നുമാണ് മറുപടി. പൊതുജനത്തിന്റെ അഭിപ്രായപ്രകടനം കമേഴ്സ്യൽ സ്വഭാവത്തോടെ ആവരുതെന്നാണ് വാദമെങ്കിൽ സിനിമയുടെ ഭാഗമായി നിൽക്കുന്നവർ പ്രൊമോഷന്റെ ഭാഗമെന്ന ഓമനപ്പേരിൽ കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് നിറുത്തണമെന്നാണ് മറുപടി. തങ്ങൾ വലിയ വ്യവസായത്തിന്റെ ഭാഗമാണെന്നും വെറും അഭിപ്രായപ്രകടനത്തിലൂടെ ഈ വ്യവസായത്തെ തകർക്കരുതെന്നുമാണ് വാദമെങ്കിൽ ഇത് വലുപ്പച്ചെറുപ്പത്തിന്റെ വിഷയമല്ലെന്നും അഭിപ്രായപ്രകടനത്തിന്റെ വിഷയമാണെന്നുമാണ് മറുപടി. തങ്ങൾ വലിയ പ്രയത്നം നടത്തുന്നവരാണെന്നും ചെറിയ പ്രയത്നത്തിലൂടെ തങ്ങളോട് ബഹുമാനക്കുറവ് കാണിക്കരുതെന്നുമാണ് വാദമെങ്കിൽ ഓരോരുത്തരും അവരവരുടെ മേഖലയിൽ മിടുക്കരാണെന്നും നിങ്ങൾക്ക് മുമ്പും നിങ്ങൾക്ക് ശേഷവും സിനിമാവ്യവസായം ഇവിടെ ഉണ്ടെന്നും ഉണ്ടാവുമെന്നുമാണ് മറുപടി. അഭിപ്രായപ്രകടനം നടത്തുന്നവർക്ക് സിനിമ ഉണ്ടാക്കാൻ കഴിവുണ്ടാവണമെന്നാണ് വാദമെങ്കിൽ ലോകസിനിമകൾ കാണാൻ അവസരമേറെയുള്ള മലയാളി പ്രേക്ഷകരെ വിലകുറഞ്ഞു കാണുന്നത് അബദ്ധമാവുമെന്നാണ് മറുപടി. ആസ്വാദകൻ സൃഷ്ടാവ് ആവേണ്ടതില്ലെന്നും ഓർക്കുന്നത് നന്ന്.

മലയാളസിനിമകളുടെ നിലവാരവും ഉള്ളടക്കവും സംബന്ധിച്ച വിവാദങ്ങൾ പല കാരണങ്ങളാലാണ്. മോശം നിലവാരമുള്ള ദൃശ്യ-ശബ്ദരീതിശാസ്ത്രങ്ങൾ മാത്രമല്ല, കഥാവികസനത്തോടുള്ള സമീപനവും ഇതിൽ ഉൾപ്പെടുന്നു. കഥാപാത്രങ്ങളിലും കഥാസന്ദർഭങ്ങളിലും വ്യത്യസ്‌തതയും കഥാപാത്രങ്ങളിലും ഇതിവൃത്തത്തിലും ആഴമില്ലായ്മയും പ്രശ്നകാരണമാവാറുണ്ട്.

ചില സിനിമാനിരൂപകർ അയവുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ച് മലയാളസിനിമയെ വിലയിരുത്തിയാൽ മതിയെന്നും അതിനുകാരണം ഇതൊരു ചെറിയ വിപണിയാണെന്നും അഭിപ്രായപ്പെടുമ്പോൾ കർശനമായ മാനദണ്ഡങ്ങൾ മലയാളസിനിമയെ വിലയിരുത്താൻ ഉപയോഗിക്കാമെന്നും അതിനുകാരണം ചെറിയ വിപണിയിൽ ഇടപെടുന്നവരാണെന്ന വിനയത്തോടെയല്ല ഇതിന്റെ ഭാഗമായി നിൽക്കുന്നവർ പ്രേക്ഷകരെ സമീപിക്കുന്നതെന്നതാണെന്നും പല നിരൂപകരും അഭിപ്രായപ്പെടുന്നു.

ആത്യന്തികമായി, സിനിമാ വ്യവസായത്തിന്റെ ഭാഗമായി നിൽക്കുന്നവർ അഹങ്കാരം കുറക്കുകയും കുറേക്കൂടി സാമൂഹ്യചിന്ത പേറുകയും ചെയ്യുന്നവരാവുകയും നിരൂപകർ കുറേക്കൂടി വിട്ടുവീഴ്ചാമനോഭാവം പുലർത്തുന്നവരാവുകയും ചെയ്യുന്നത് ഈ വ്യവസായത്തിന് ഗുണമേ ചെയ്യൂ. മറിച്ച് പരസ്പരം ശക്തിപ്രകടനത്തിന് കളത്തിലിറങ്ങുന്നത് ആത്യന്തികമായി മലയാളസിനിമാവ്യവസായത്തെ ക്ഷീണിപ്പിക്കും. ഈ വസ്തുത അംഗീകരിച്ച് മുന്നോട്ട് പോവുന്നത് മലയാള സിനിമകളുടെ നിലവാരത്തെയും ഉള്ളടക്കത്തെയും കുറിച്ചുള്ള ചർച്ചകൾ ആരോഗ്യകരമാക്കി ഈ കലാവ്യവസായത്തെ കൂടുതൽ മികച്ചതാക്കാൻ അവസരമൊരുക്കുകയും ചെയ്യും.

***************

Malayalam Film-Review by CENTRE FOR DEVELOPMENT AND MEDIA RESEARCH : 111859287
New bites

The best sellers write on Matrubharti, do you?

Start Writing Now