കൂടില്ലാത്തവര്‍
ഇവിടെ പണ്ടൊരു ആല്‍മരമുണ്ടായിരുന്നു.
ഈ നിലകള്‍, എണ്ണിത്തീരാത്ത
കെട്ടിടത്തിന്റെ പകുതി
നീളമുള്ള ആല്‍മരം.
അവിടെ കാണുന്ന
സ്വിമ്മിങ് പൂളിനോളം വിശാലമായ
ചില്ലകളുള്ളൊരു ആല്‍മരം.
ആല്‍മരത്തിനടുത്തായി
പരന്നു കിടക്കുമൊരു നെല്‍പ്പാടവും
അതിനക്കരെ നീളമുള്ള പുഴയും
മത്സരപരീക്ഷകളില്‍ 'ഇന്നും'
പ്രശസ്തമായ ചോദ്യങ്ങള്‍
പലതുമീ പുഴയോട്
ചേര്‍ന്നുള്ളതായിരുന്നു.
പുഴയുടെ തീരത്തായി നിരവധി
കൂടാരങ്ങളുണ്ടായിരുന്നു. 'വീടുകള്‍...'
പച്ചയായ മനുഷ്യര്‍ നിരവധിയുണ്ടായിരുന്നു.
വയലിനു കുറുകെയൊഴുകിയ
പുഴയുടെ പാട്ടുകള്‍ കേള്‍ക്കാന്‍
ഞാനും കാതോര്‍ത്തിരുന്നു..
ഇന്നിവിടെ വാനം മുട്ടി നില്‍ക്കും
മതിലുകള്‍ കാരണം
എനിക്കിവിടെ വരുവാന്‍ പ്രയാസമായ്...
ഇവിടെയൊരു മരുഭൂമി
പിറന്നതും ഞാനറിഞ്ഞില്ല..
ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കിടാന്‍
ഇന്നിവിടെ എനിക്കാരുമില്ല.
ഞാനെന്റെ ഓര്‍മ്മതാളുകളടച്ചു...
ദേശാടനപ്പക്ഷികള്‍ക്ക്
എങ്ങും കൂടില്ല... കൂട്ടുകാരുമില്ല...
ഇവിടവും ഞാന്‍ മറന്നു കഴിഞ്ഞു...
ഇനിയെല്ലാം മായും...
കേട്ട് പഴകിയതെല്ലാം
ഇന്നെന്‍ ഓര്‍മയില്‍നിന്നും മാഞ്ഞു.
ഇന്നെനിക്കെല്ലാം നഷ്ടം!
ഈ ചിറകുമെനിക്കു ഭാരം.
ഉയരുവാന്‍ കൊതിച്ച കാലം
ഏറെ ദൂരം കടന്നങ്ങു പോയി.
പിന്നിലായിയെന്റെയുള്ളം
പിടഞ്ഞൊരു തൂവലും പൊഴിഞ്ഞു.
ചിരി മറന്ന മുഖങ്ങള്‍
ചുറ്റുമീയലുപോല്‍ പടര്‍ന്നു.
നോട്ടം കൊണ്ടെറിഞ്ഞവര്‍
നഷ്ടകഥകളേറെ ചൊല്ലി.
ചിന്തയില്‍ മയങ്ങിയെപ്പോഴോ ഞാന്‍.
ചിതകളായിരം കത്തും ചൂടും
പുകയിലുയര്‍ന്ന ഗന്ധവുമൊരു
ചിരിയോടെ മിഴികള്‍ കണ്ടു മറന്നു.
നിഥിൻകുമാർ ജെ