കവിത: വാസന്തസ്വപ്‌നങ്ങൾ
രചന: സന്ധ്യ ധർമ്മൻ
*********************************
താണ്ഡവചിത്രം വരച്ചു നീർമുത്തുകൾ
തീരാദുഃഖമായി വന്ന നാളിൽ.
താപം മനസ്സിലൊതുക്കിനിന്നു ഭൂമി
ഉരുളുന്ന കാലചക്രത്തിലൂടെ.
മഴമേഘമെങ്ങോ മറഞ്ഞുനിന്നു, അവൾ
മനസ്സിലും സങ്കടം പെയ്തുനിന്നു.
കദനങ്ങൾ കർക്കടകരാവുപോലെ
കരിനിഴൽ പൂശിയകന്നുനിന്നു.
എല്ലാം പൊറുക്കുകയെന്നു ചൊല്ലി
സ്നിഗ്ദ്ധസ്നേഹം പകർന്നു മെല്ലെ.
പുലരികൾ വീണ്ടും മിഴിതുറന്നു
പൊൻപ്രഭവെട്ടം തെളിച്ചുയർന്നു.
ഒന്നുമേയറിയാതെ ഋതുസുന്ദരികളും
കാലത്തിനോരത്തു വന്നു നിന്നു.
ആവണിത്തിങ്കളെ കാണുവാനായി
ആവോളം സ്നേഹം നിറച്ചുനിന്നു.
കൃഷ്ണകിരീടങ്ങൾ പൂത്തിറങ്ങി
ഹരിതപത്രങ്ങൾ മുഖമുയർത്തി.
മഞ്ഞണിപ്പൂക്കൾ വിടർന്നു ദൂരെ
പൊന്നോണക്കാലം അടുത്തുവല്ലോ.
കണ്ണുകൾ ബാഷ്പമണിഞ്ഞു ഭൂമി
ഉൾത്തുടിപ്പാർന്നു തഴുകിനിന്നു.
ശ്രാവണശാലീനപ്പൂമൊട്ടിനെ
വാസന്തസ്വപ്നമായ് വിടർന്നുണരാൻ!