ഏകാന്തതയും മൗനവും ഞാനും
ഏകാന്തതയും മൗനവും ഞാനും ആത്മമിത്രങ്ങളാണ്, ഒരിക്കലും പിരിയാത്ത കൂട്ടുകാർ...
ഞാൻ ഉറങ്ങുമ്പോൾ അവർ ഉണർന്നിരിക്കും, ഞാൻ ഉണരുമ്പോഴോ, കൂടെപ്പോരും.
മൗനവും ഏകാന്തതയും ഒന്നുതന്നെയോ? അതോ അവർ സഹോദരങ്ങളോ?
ഒരാൾ ശബ്ദമില്ലായ്മയാണ്, മറ്റയാൾ സാന്നിധ്യമില്ലായ്മ... എന്നിട്ടും രണ്ടും ചേരുമ്പോൾ അതൊരു മൂന്നാം ഭാഷയാകുന്നു!
എന്റെ ഏകാന്തതയ്ക്ക് മൗനമെന്തിനു കൂട്ടുവന്നു?
വാക്കുകൾ മാഞ്ഞുതുടങ്ങുമ്പോൾ മൗനം ജനിക്കുന്നു; മൗനം ആഴമാകുമ്പോൾ ഏകാന്തത പിറക്കുന്നു.
അവിടെ, ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്ന്, എന്നിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നു...
ശബ്ദങ്ങൾ മാഞ്ഞുപോകുമ്പോഴാണ് ഞാൻ എന്നെത്തന്നെ കാണുന്നത്.
ആൾക്കൂട്ടത്തിൻ ആരവങ്ങളിൽ എനിക്ക് നഷ്ടമായ എന്നെ തിരികെക്കാണുന്നത് ഈ നിശ്ശബ്ദതയിലാണ്.
ഒരുപക്ഷേ, പ്രപഞ്ചോൽപ്പത്തിക്കും മുൻപ് നിശ്ശബ്ദത മാത്രമായിരുന്നിരിക്കാം!
ഏകാന്തത ഒരു ശിക്ഷയല്ല, അതൊരു കണ്ണാടിയാണ് — ഉള്ളിലേക്ക് നോക്കാൻ ആരും തുനിയാത്തൊരു കണ്ണാടി!
ഒടുവിലിതാ ഞാൻ തിരിച്ചറിയുന്നു, ഏകാന്തതയെ ഞാൻ ഭയന്നത് ഒറ്റപ്പെട്ടുപോകുമെന്നതുകൊണ്ടല്ല,
മറിച്ച്, എന്നെ ഞാൻ പൂർണ്ണമായി മുഖാമുഖം കാണുമെന്നതുകൊണ്ടാണ്!
- അനിൽ മാധവൻ