നാം കവർന്നെടുത്ത മഴു
നാം കേട്ടുവന്നിരുന്നതാം
കഥ—
മഴുകൊണ്ട്
കടലിനെ കരയാക്കി മാറ്റിയെന്ന്...
മലകളും നദികളും മരങ്ങളും
കേരനിരകളും
അതിൽ നിറഞ്ഞു നിന്നു...
ഇന്നിതാ,
ആ മഴുകൊണ്ട്
വനങ്ങൾ നാം നിർദയം
വെട്ടിയൊതുക്കിടുന്നു...
നാശത്തിലാണ്ടുപോകുമീ ഭൂമിയെ
വീണ്ടും രക്ഷിച്ചെടുക്കുവാൻ
ആരായി വരും
ഇനിയൊരാ പ്രപഞ്ചശക്തി?
മത്സ്യമോ,
കൂർമ്മമോ,
വരാഹമോ,
അതുമല്ല
മറ്റവതാര പുരുഷന്മാരോ?
ഇല്ല...
വരില്ലിവിടെ
വീണ്ടും ഒരു ദിവ്യാത്മാവ്
ഈ ഭൂമിയെ രക്ഷിച്ചെടുക്കുവാൻ...
കാരണം—
ആ കൈകളിലേന്തിയതാം
മഴു...
ഇന്ന് നാം
അങ്ങു കവർന്നെടുത്തു! 🪓
— അനിൽ മാധവൻ