Malayalam Quote in Tribute by aNil Madhavan

Tribute quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കൈതപ്പൂമണവും ഗൃഹാതുര ഓർമ്മകളും

ചില ഗന്ധങ്ങൾക്ക് കാലത്തെ മറികടക്കാനുള്ള കഴിവുണ്ട്. അവ മൂക്കിലൂടെ കടന്ന് നേരെ ചെന്നെത്തുന്നത് മനസ്സിന്റെ ആഴങ്ങളിലേക്കാണ്.
വർഷങ്ങൾ എത്ര പിന്നിട്ടാലും, ആ ഗന്ധം ഒരിക്കൽ കൂടി അനുഭവിക്കുമ്പോൾ മറന്നുപോയ ഒരു കാലത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ഓർമ്മകളുടെ പഴയ താളുകളിൽ നിന്ന് പോയകാലം വീണ്ടും മുന്നിലെത്തും.

എനിക്ക് അങ്ങനെയൊരു ഗന്ധമാണ് താഴമ്പൂ എന്ന
കൈതപ്പൂവിന്റേത്.

കൈതപ്പൂവിന്റെ ഹൃദ്യമായ സുഗന്ധം അനുഭവിക്കുമ്പോഴെല്ലാം എനിക്ക് അമ്മയുടെ സാമീപ്യം അനുഭവപ്പെടും.

ഞങ്ങളുടെ തറവാടിന്റെ പടിഞ്ഞാറുഭാഗത്ത് വിശാലമായ പുഞ്ചപ്പാടമായിരുന്നു.

ഏഴെട്ട് കിലോമീറ്റർ അകലെ അറബിക്കടൽ. കടൽക്കാറ്റ് വയലിനെ തഴുകി എപ്പോഴും വീശിക്കൊണ്ടിരിക്കും.

ഓരോ കാലത്തും പുഞ്ചവയലിന് വ്യത്യസ്ത ഗന്ധങ്ങളായിരുന്നു.

ചെളിമണ്ണിന്റെ ഗന്ധം...

പൂവിട്ട നെൽച്ചെടികളുടെ ഗന്ധം...

വിളഞ്ഞുനിൽക്കുന്ന നെൽക്കതിരുകളുടെ ഗന്ധം...

കൊയ്ത്തുകഴിഞ്ഞ പാടത്തെ ഉണങ്ങിയ വൈക്കോലിന്റെ ഗന്ധം...

അങ്ങനെ വയലിന്റെ ഓരോ മാറ്റവും കാറ്റിൽ ഒരു പുതിയ ഗന്ധം നിറയ്ക്കും. കുട്ടനാടിന്റെ തനതു ഗന്ധം.

എന്നാൽ, ഈ ഗന്ധങ്ങൾക്കിടയിൽ മറ്റെല്ലാറ്റിൽ നിന്നും വേറിട്ടുനിൽക്കുന്ന, പറഞ്ഞറിയിക്കാനാവാത്തൊരു സുഗന്ധം കാറ്റിനൊപ്പം ഞങ്ങളുടെ വീട്ടിലേക്കെത്തുമായിരുന്നു.

കൈതപ്പൂവിന്റെ നറുമണം.

പറമ്പിനെയും പാടത്തെയും വേർതിരിക്കുന്ന അതിരിൽ നിര നിരയായി നിന്നിരുന്ന കൈതകൾ, കാലവർഷത്തിന്റെ കാഠിന്യം അൽപ്പം കുറയുന്ന ഓഗസ്റ്റ് മാസത്തോടെ പൂവിടാൻ തുടങ്ങും.

സന്ധ്യയാകുമ്പോഴേക്കും അവയുടെ സുഗന്ധം കാറ്റിലലിഞ്ഞ് ജനാലകളിലൂടെ വീടിനുള്ളിലേക്ക് ഒഴുകിയെത്തും.

ആ മണം വീട്ടിലെത്തിയാൽ തന്നെ അമ്മ കൈതപ്പൂവ് കൊണ്ടുവരുന്നതിനുള്ള കാര്യം ജോലിക്കാരെ ഏൽപ്പിക്കും. പിറ്റേന്ന് രാവിലെ പാടത്തെ ജോലികൾ തുടങ്ങും മുൻപേ ചെറിയൊരു കൊട്ടയുമായി അവർ കൈതപ്പൂവ് പറിക്കാൻ പോകും. കൂടെ ഞാനും പോകാറുണ്ട്.
കൈതോലയുടെ മൂർച്ചയുള്ള മുള്ളുകൾ കൊള്ളാതെ സൂക്ഷിച്ച്, വിരിഞ്ഞുനിൽക്കുന്ന ഇളംമഞ്ഞ നിറമുള്ള പൂങ്കുലകൾ മുറിച്ചെടുക്കും.

പൂങ്കുലകൾ വീട്ടിലെത്തിയാൽ അമ്മ ഇതളുകൾ മെല്ലെ അടർത്തിയെടുക്കും. അലക്കി വൃത്തിയായി അടുക്കിവെച്ച തുണികളുടെ മടക്കുകൾക്കിടയിലും അലമാരകളിലും ആ ഇതളുകൾ നിറയെ വിതറിയിടും.
അങ്ങനെ കൈതപ്പൂവിന്റെ സുഗന്ധം അലമാരകളിൽ ആഴ്ചകളോളം, ചിലപ്പോൾ മാസങ്ങളോളം തങ്ങിനിൽക്കും.

അന്ന് അതൊരു സാധാരണ കാര്യമായിരുന്നു. അതിന്റെ മൂല്യമോ പ്രാധാന്യമോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.

എന്നാൽ കാലം കടന്നുപോയപ്പോൾ മനസ്സിലായി—അത് പൂവിന്റെ മണം മാത്രമായിരുന്നില്ല; അമ്മയുടെ സ്നേഹവും കരുതലും നിറഞ്ഞ ഒരു കാലത്തിന്റെ ഗന്ധമായിരുന്നു.

ഇന്നും എവിടെനിന്നെങ്കിലും ആ സുഗന്ധം എന്നെ തേടിയെത്തിയിരുന്നെങ്കിൽ എന്ന് കൊതിക്കാറുണ്ട്.

കൈതപ്പൂവിന്റെ മണമുള്ള സെറ്റ് മുണ്ടുടുത്ത്, നെറ്റിയിൽ ഭസ്മക്കുറിയുമായി അമ്മ നടന്നുവരുന്ന കാഴ്ച...
ഒരു നിമിഷംകൊണ്ട് എല്ലാം വീണ്ടും മുന്നിൽ തെളിയും.

പക്ഷേ, ഇന്ന് ആ പുഞ്ചപ്പാടത്തിന് അതിരിട്ടിരുന്ന കൈതനിരകളില്ല. കൈതകൾ എല്ലാം തന്നെ വെട്ടിമാറ്റിയിരിക്കുന്നു. കാരണം കൈതോല വേണ്ടാതായി. ഇപ്പോൾ നെൽ വിത്ത് നിറക്കാൻ വട്ടികൾ വേണ്ടാ; പിന്നെ നെല്ല് ഉണങ്ങാൻ വലിയ ചിക്കുപായകളും ആവശ്യമില്ലാതായി.

അമ്മയും കാലത്തിന്റെ മറുകരയിലേക്ക് യാത്രയായി.

അമ്മയോടൊപ്പം കൈതയും കൈതപ്പൂവും നിറഞ്ഞ ആ കാലവും എന്നെന്നേക്കുമായി മറഞ്ഞുപോയി.

എങ്കിലും, ആ ഗന്ധം ഇന്നും ഓർമ്മകളിൽ മായാതെ നിൽക്കുന്നു. ആ ഗന്ധം എന്നെ ഇന്നും തറവാട്ടുമുറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ചിലപ്പോൾ തോന്നും—ഓർമ്മകൾക്കും ഒരു ഗന്ധമുണ്ടെന്ന്.
ഒരിക്കൽ ഹൃദയത്തിൽ പതിഞ്ഞാൽ പിന്നെ ഒരിക്കലും മായാത്ത ഒരു ഗന്ധം.

എത്ര വിലകൂടിയ സുഗന്ധലേപനങ്ങൾക്കുമാകില്ല,
അമ്മയുടെ സ്നേഹവും ബാല്യത്തിന്റെ ഗൃഹാതുരതയും കലർന്ന ആ കൈതപ്പൂവിന്റെ നറുമണത്തിന് പകരമാകാൻ. 🙏

അനിൽ മാധവൻ

Malayalam Tribute by aNil Madhavan : 112036516
New bites

The best sellers write on Matrubharti, do you?

Start Writing Now