മൗനവും ഞാനും
ആരോ പറഞ്ഞു— മൗനം വാചാലമെന്ന്...
അതിന് അർത്ഥതലങ്ങൾ അനേകമാണ്...
മൗനത്തിൻ പൊരുൾ തേടി ഞാൻ അലഞ്ഞു... ഗിരിശൃംഗങ്ങളും, കാടും പുൽമേടുകളും താണ്ടി, മഹാനദികളുടെ കുളിരറിഞ്ഞു, മരുഭൂവിൻ ചൂടറിഞ്ഞു...
എനിക്ക് മൗനം ഒരു ജീവിതശൈലിയാണ്; മറ്റൊരാൾക്കോ അത് ഒരു വീർപ്പുമുട്ടലാകാം...
എനിക്ക് മൗനം
ഒരു മിത്രമാണ്;
നിങ്ങൾക്കോ അതൊരു ശത്രുവാകാം...
എനിക്ക് മൗനം
ഒരു കാവലാണ്—
വാക്കുകൾ പിഴവാകാതെ കാക്കുന്ന കാവൽ...
ചിലർക്കോ അതൊരു ശിക്ഷയാണ്—
പറയേണ്ടത് പറയാതെ പോയതിൻ ശിക്ഷ!
രാത്രിയുടെ നിശ്ശബ്ദതയിൽ മൗനം എനിക്ക് സംഗീതമാകുന്നു;
നഗര കോലാഹലങ്ങളിൽ
ഒരു പച്ചത്തുരുത്തുമാകുന്നു...
എനിക്ക് മൗനം ഒരു പനിനീർ പുഷ്പഹാരവുമായി നിൽക്കും അപ്സരസ്സാണ്;
ചിലർക്കോ നാടോടിക്കഥയിലെ കരിമ്പനച്ചോട്ടിലെ
ചുണ്ണാമ്പ് ചോദിച്ചുനിൽക്കും യക്ഷിയും!
വൃശ്ചികരാവിൽ പനിനീർപ്പൂവിതളുകൾക്കിടയിൽ
ഒളിച്ചിരിക്കുന്ന മഞ്ഞുതുള്ളിയാണ്
എനിക്ക് മൗനം.
നിങ്ങൾക്കോ, ഒരുപക്ഷേ, ധനുമാസരാവിലും ഊഷരമായൊരു തെന്നലാകാം...
ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ലാതെ
വരുമ്പോൾ മൗനം
തന്നെയാണ്
വാചാലമായ മറുപടി
നൊമ്പരങ്ങൾക്ക് വാക്കുകളാകാൻ കഴിയാത്തപ്പോൾ
മൗനം തന്നെയാണ് ആശ്വാസത്തിന്റെ ഭാഷ
ആരോ പറഞ്ഞു— മൗനം വാചാലമെന്ന്...
ഞാൻ പറയുന്നു—
മൗനം എൻ ജീവാംശം എന്ന്...
--അനിൽ മാധവൻ