ജീവിത സത്യങ്ങൾ
എന്റെ വരികൾക്ക് കാവ്യഭംഗിയേതും കാണില്ല
കാരണം അത് ജീവിതം പോലെയാണ്...
ജീവിതം ചിലർക്ക് ഒരിക്കലും തീരാത്ത വിരസമായൊരു കഥയാണ്...
മറ്റുചിലർക്കോ ഒരു "ചെമ്മനം" കവിത പോലെ സരസമാണ്...
ചിലർ രോഗശമനത്തിനായി കഷ്ടപ്പെടുന്നു...
ചിലരോ രോഗിയാകുവാൻ മത്സരിച്ച് നവ- രസതന്ത്രകൂട്ടുകൾ തേടുന്നു...
ചിലർ സ്നേഹം തേടി അലയുന്നു...
നമ്മിൽ ചിലരോ കിട്ടിയ സ്നേഹം തിരിച്ചറിയാതെ കളയുന്നു...
ചിലർ ഒന്നിനും ഏതിനും സമയം തികയാതെ ഓടുന്നു...
ചിലർക്കോ സമയം തള്ളിനീക്കാൻ വഴിയേതുമില്ല...
ധനികർ സമാധാനം തേടുന്നു...
അവർക്കായി ആൾദൈവങ്ങൾ കൂടുന്നു...
അവരെ കുടിയിരുത്തുവാൻ പഞ്ചനക്ഷത്ര സൗദ്ധങ്ങൾ ഉയരുന്നു...
ദരിദ്രർ ഒരു ചെറു തണലിനായി നെട്ടോട്ടമൊടുന്നു...
ചിലർ ഏകനായിരിക്കാൻ ഇഷ്ടപ്പെടുന്നു...
മറ്റുചിലർ ആൾക്കൂട്ടം തേടിപ്പോകുന്നു...
നമ്മിൽ ചിലരോ ആൾക്കൂട്ടത്തിലും ഒറ്റപ്പെടുന്നു...
ചിലർ ഉറങ്ങാൻ മരുന്ന് തേടുന്നു...
ചിലർക്കോ ഉണരാൻ ഘടികാര രോദനം കൂടിയേ തീരൂ...
കുട്ടികൾ വലുതാകാൻ വെമ്പൽ കൊള്ളുന്നു...
മുതിർന്നവരോ ബാല്യം തിരിച്ചു പിടിക്കാൻ വെമ്പുന്നു...
ആലോചിച്ചുകൂട്ടുമ്പോൾ
ഈ ലോകചിത്രം എത്രയും വിചിത്രം...
- അനിൽ മാധവൻ