Malayalam Quote in Motivational by aNil Madhavan

Motivational quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കൈത്താങ്ങ് കൊതിക്കും വാർദ്ധക്യം

​പതിവു പ്രഭാതനടത്തത്തിലാണ് ഞാൻ.

കടുപ്പത്തിൽ ചായ കുടിച്ചും, എണ്ണപ്പലഹാരങ്ങൾ രുചിച്ചും, പ്രായത്തെ തോൽപ്പിക്കാനെന്നോണം കിതച്ചോടിയും പലരും വഴിയോരങ്ങളിൽ കടന്നുപോകുന്നുണ്ട്.

പുലർകാലത്തെ ഈ വ്യഗ്രതകൾക്കിടയിലാണ് നടപ്പാതയുടെ കൈവരിയിൽ മുറുകെ പിടിച്ച്, ഇടറിയ കാലുകളോടെ നിൽക്കുന്ന ആ വയോധികൻ കണ്ണിൽപ്പെട്ടത്.

എൺപത്തഞ്ചിലേറെ പ്രായം തോന്നും. അതുവഴി കടന്നുപോയ ആൾക്കാർക്കൊന്നും അദ്ദേഹത്തെ തിരിഞ്ഞുനോക്കാൻ നേരമുണ്ടായിരുന്നില്ല.

​അടുത്തെത്തിയ എന്നെക്കണ്ട് പ്രതീക്ഷയോടെ ആ കണ്ണുകൾ തിളങ്ങി. "ഒന്നുമില്ല... തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പ് വരെയൊന്ന് പോകാൻ സഹായിക്കാമോ?" ആ കൈകൾ നീട്ടി.

​ഞാൻ ആ വിറയ്ക്കുന്ന കൈകളിൽ മുറുകെപ്പിടിച്ചു. അനേകം തിക്താനുഭവങ്ങളുടെ ഭാരം പേറുന്ന ആ മുഖത്ത് ആശ്വാസത്തിന്റെ ഒരു നേർത്ത വെളിച്ചം പടർന്നു. വെളുത്ത മുണ്ടും ഷർട്ടുമാണ് വേഷം. അത് മുഷിഞ്ഞിട്ടുണ്ട്. ഷർട്ടിന്റെ പോക്കറ്റിൽ ചുരുട്ടിവെച്ച ചില കടലാസുകളും കണ്ണടയും.

"കയ്യിലൊരു ഊന്നുവടി കരുതാമായിരുന്നില്ലേ?"
ഞാൻ ചോദിച്ചു.

​"ഉണ്ടായിരുന്നു, എവിടെയോ മറന്നു വെച്ചു. ഇനി ഒരെണ്ണം വാങ്ങണം."
മെല്ലെ കൈവരിയിലെ പിടിവിട്ട് അദ്ദേഹം എന്നിലേക്ക് ചാഞ്ഞു.

​വലതുകാലിലെ മുട്ടിന്റെ തേയ്മാനവും വേദനയുമാണ് നടത്തത്തെ ഇത്രമേൽ ഭയപ്പെടുത്തുന്നത്. ശരീരഭാരം കാലുകൾ താങ്ങുമോ എന്ന ആശങ്ക. ടൗൺ ഹാളിന് പിന്നിലാണ് വീട്; ഇവിടെ ആരെയോ കാണാൻ വന്നതാണ്. പ്രായമായവരെ കയറ്റാൻ ബസുകാർ കാണിക്കുന്ന മടുപ്പ് കാരണം ബസ് സ്റ്റോപ്പിൽ ചെന്ന് ഒരു ഓട്ടോ പിടിക്കാനാണ് ഉദ്ദേശം.

ഞാനും അദ്ദേഹവും പരസ്പരം പേരുകൾ ചോദിച്ചിരുന്നില്ല. ഈ വൈകിയ വേളയിൽ പേരുകൾക്ക് എന്തു പ്രസക്തി.

​"വീട്ടിൽ ആരൊക്കെയുണ്ട്?"
​എന്റെ ചോദ്യം കേട്ടതും അദ്ദേഹം പെട്ടെന്ന് നടത്തം നിർത്തി. ഒരു നിമിഷം എന്നെ നോക്കി, വീണ്ടും സാവധാനം നടന്നുതുടങ്ങി.

​"അഞ്ചുമാസം മുൻപ് ഭാര്യ പോയി. ഞങ്ങൾ രണ്ടുപേരും അധ്യാപകരായിരുന്നു. ആകെയുള്ള മകൾ കുടുംബസമേതം വിദേശത്താണ്. അവൾ അമ്മ മരിച്ചപ്പോൾ ഒരാഴ്ചത്തേക്ക് വന്നതാണ്. ഇപ്പോൾ ഞാൻ വീട്ടിൽ തനിച്ചാവുമ്പോൾ ‘സുരക്ഷിതനല്ല’ എന്നാണ് അവൾ പറയുന്നത്.
ഏതെങ്കിലും വൃദ്ധസദനത്തിലേക്ക് മാറാനുള്ള ഏർപ്പാടുകൾ നോക്കാനാണ് വയ്യാത്ത കാലുമായി ഞാൻ ഇറങ്ങിയത്.

"വീടും സ്ഥലവും വിൽക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ അവരുടെ സംസാരം."

​ബസ് സ്റ്റോപ്പിലെത്തി ഒരു ഓട്ടോ വിളിച്ച് അദ്ദേഹത്തെ കയറ്റിവിടുമ്പോൾ ഉള്ളിലൊരു വല്ലാത്ത നീറ്റലായിരുന്നു.
ഏതാണ്ട് ​നാൽപ്പതു വർഷത്തോളം ക്ലാസ്സ്മുറികളിൽ അക്ഷരവെളിച്ചം പകർന്നുനൽകിയ ഒരു അധ്യാപകന്, സ്വന്തം വീട്ടിൽ 'സുരക്ഷിതത്വം' നഷ്ടപ്പെടാൻ തുടങ്ങിയത് എപ്പോഴാണ്?

വിറയ്ക്കുന്ന കൈകൾ പിടിച്ച് ബസ് സ്റ്റോപ്പിലേക്കുള്ള ആ നാല് മിനിറ്റ് യാത്ര എനിക്ക് കാട്ടിത്തന്നത് ഒരു വലിയ പാഠമാണ്.

നാം ആയുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കുന്ന വീടും സമ്പാദ്യവും ഒടുവിൽ നമ്മെത്തന്നെ പടിയിറക്കാനുള്ള ഏണിയായി മാറുമെങ്കിൽ, ആർക്കുവേണ്ടിയായിരുന്നു ഈ നെട്ടോട്ടങ്ങളെല്ലാം?

​നാളെ, ആരും ഒന്ന് തിരിഞ്ഞുനോക്കാതെ വഴിയോരത്തെ കൈവരികളിൽ വിറയ്ക്കുന്ന കൈകളോടെ പിടിച്ചുനിൽക്കേണ്ടി വരുന്നത് ഒരുപക്ഷേ നമ്മളിൽ ആരുമാകാം. എന്റെ പ്രഭാത നടത്തം തുടർന്നു...

അനിൽ മാധവൻ

Malayalam Motivational by aNil Madhavan : 112036512
New bites

The best sellers write on Matrubharti, do you?

Start Writing Now