എണ്ണപ്പെടാത്ത കടങ്കഥകള്‍
--------------------
പതിവായി ഞാനൊരു കിനാവു കണ്ടു.
അതില്‍ പലവുരു
പറയാതെ പോയ
കടങ്കഥകള്‍ ഏറെയാണ്.
ഒറ്റയ്ക്കു വീണുപോയ
ഒരുവന്റെ ചിറകില്‍
ഒരായിരം നൂലിഴകള്‍
ചുറ്റിപ്പിണയും കൊടുംനുണകളാണ്
അവയില്‍ പലതും.
ഇത്തിരി വെട്ടത്തിന്റെ മൗനമായിരുന്നു
തെളിച്ചമുള്ള പകലിന്റെ കാതല്‍.
അന്തിത്തിരി കത്തുമ്പോള്‍
ഉള്ളറിഞ്ഞതെല്ലാം
ഉന്തി നീക്കുവാനുള്ള
ത്വരയായിരുന്നു.
കുളിരില്‍ വേവുന്ന ഹൃദയം
കടം വാങ്ങി മടങ്ങിയ ഒരുവളെ
ദിശയറിയാത്തൊരു ഇടവഴിയിലെയൊരു
ഒഴിഞ്ഞ കോണില്‍ കണ്ടുമുട്ടി.
മനം കവര്‍ന്ന നറുചിരി
ഇരുളില്‍ മുങ്ങി വെന്തുനീറി.
എന്തോ ഇരുളറയിലെ
നോവുന്ന കടങ്കഥകള്‍
അത്രേ കാരണം.
പകല്‍ മേഘമല്ല
ഇരുള്‍മൂടി വിടരുന്നത്
മഴ നേര്‍ത്തു പെയ്യുന്നത്.
മുഖം മറച്ച മുഖംമൂടികള്‍
എണ്ണംതിട്ടമാകാതെ ചുറ്റും കൂടുമ്പോള്‍
പകലുപോലും തല കുനിക്കുന്നു
രാവിന്റെ ചാപല്യമോര്‍ത്ത്.
-------------
നിഥിന്‍കുമാര്‍ ജെ