കഥ: നായ
രചന: നിഥിൻകുമാർ പത്തനാപുരം
***************
നിത്യവും തോരാത്ത മഴ...
മറ്റൊരു പ്രളയത്തിന്റെ മുന്നൊരുക്കം?!
പെയ്തു തീരാത്ത മഴ മൊത്തം നനഞ്ഞ് കയറിവന്ന നായയോട് ഒരു സഹതാപം തോന്നിയ അശോകൻ ആട്ടിയോടിക്കാതെ അതിനെ അൽപനേരം നോക്കി നിന്നു. ഒട്ടിയ വയറും മെലിഞ്ഞ ശരീരവുമുള്ള ഒരു കറുത്ത നായ. വല്ലതും കഴിച്ചിട്ട് ദിവസങ്ങളായെന്നു തോന്നുന്നു. കനത്ത മഴയിലെവിടെയും ഭക്ഷണമില്ല. എച്ചിൽ കൂനകൾ മഴവെള്ളത്തിലൊഴുകി മാഞ്ഞു. നഗരം മഴവെള്ളത്തിന് വിറ്റ തന്റെ മാലിന്യസമ്പത്ത് മഴവെള്ളം പുഴക്കും പുഴയത് സമുദ്രത്തിനും മറിച്ചുവിറ്റു. ഇവർക്കിടയിലെ കച്ചവടത്തിൽ പട്ടിണിയിലായത് അനേകം തെരുവിന്റെ സ്വന്തം ജീവനുകൾ.
ദിവസങ്ങളായി തെരുവുനായകൾ പട്ടിണിയിലാണ്. അവറ്റകൾക്ക് ആകെയൊരു ആശ്രയം വീടുകളിലും പരിസരങ്ങളിലും കയറിയിറങ്ങുക മാത്രമാണ്.
പക്ഷെയതിന്റെ കഷ്ടപ്പാട്...
മനുഷ്യന്മാരുടെ ക്രൂരതകൾ ചെറുതല്ല. പക്ഷേ ജീവൻ നിലനിൽക്കാൻ ഭക്ഷണം വേണം. തെരുവിൽ നിന്നും നായകൾ വീടുകൾ തേടിയിറങ്ങി. മതിലുകളില്ലാത്ത വീടുകൾ വിരളം. അധികമാരും അനുകമ്പ കാണിക്കുന്നില്ല. പലരും ജീവിതം ആഘോഷിക്കുകയാണ്. വിലകൂടിയ ആഹാരസാധനങ്ങൾ ഓർഡർ നൽകി വാങ്ങികഴിക്കുന്നു.
അശോകൻ നായക്ക് അന്നം നൽകി. മഴനനഞ്ഞ കുളിരിൽ അത് വിറയ്ക്കുന്നതായി തോന്നി. നായ ആർത്തിയോടെ കഴിക്കുന്നതും നോക്കി അല്പം ദൂരെമാറി അശോകൻ നിന്നു. അശോകന്റെ മനസ്സിലൊരുപാട് സന്തോഷം തോന്നി. അയാൾ കുറച്ചു നേരം കൂടി ആ കാഴ്ച കണ്ടതിന് ശേഷം അകത്തേക്ക് കയറിപ്പോയി.
മഴ തോർന്നുവോ എന്നറിയാൻ മുറിയിൽ നിന്നും വാതിൽ തുറന്ന് പുറത്തിറങ്ങിയ അശോകന്റെ മകൻ മിഥുന്റെ കാതിലെ വിലകൂടിയ ബ്ലൂടൂത്ത് ഒന്നിളകി വീണു. അതിന് ശ്വാസം മുട്ടുന്നുണ്ടാകാം!
മഴ തോർന്നിട്ടില്ല. മുറ്റത്ത് കാർപോർച്ചിന്റെ ഒരു മൂലക്കായി നായ കിടക്കുന്നത് കാണുന്ന മിഥുന് അറപ്പും ഭയവും തോന്നി. മിഥുൻ, ഇട്ടിരുന്ന ചെരുപ്പെടുത്ത് നായയ്ക്ക് നേരെയെറിഞ്ഞു; ഭയന്ന് നായ പടിക്കെട്ടുകളിറങ്ങി തൊടിയലേക്കോടി.
"നാശം..."
മിഥുൻ മനസ്സിലോർത്തു. അകത്തുനിന്നും ഒരു പഴയ കൈലിമുണ്ടുമായി വന്ന അശോകൻ നോക്കുമ്പോൾ നായയെ കാണുന്നില്ല. മഴ നനഞ്ഞുകുതിർന്നുവന്ന നായയ്ക്ക് ഒന്നുറങ്ങാനായി കൊണ്ടുവന്നതായിരുന്നു തുണി. കൊടുത്ത എല്ലാ ചോറും അത് കഴിച്ചിരുന്നു. ഒന്നോ രണ്ടോ വറ്റ് മാത്രം അവിടവിടെയായി ചിതറി കിടന്നിരുന്നു.
"ഡാ... ഇവിടെ കിടന്ന പട്ടിയെ കണ്ടോ?"
അശോകൻ മകനോട് തിരക്കി.
"ഞാൻ അതിനെയോടിച്ചു."
മിഥുൻ ഇത്രയും പറഞ്ഞോണ്ട് തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു.
അശോകൻ കാർപോർച്ചിൽ കൈലി വിരിച്ചിട്ടു.
ദൂരെയൊരു മരത്തിന്റെ മറവിൽനിന്നും തന്നെ നോക്കി നിൽക്കുന്ന നായയെ അശോകൻ കണ്ടു. മഴയിൽ കുതിർന്ന ശരീരമൊന്നു കുടഞ്ഞ് അത് അശോകന്റെ നേരെ പതിയെ, പാതി ഭയത്തിൽ നടന്നടുത്തു.
ഒരു പുഞ്ചിരിയോടെ അശോകൻ അകത്തേക്ക് കയറിപ്പോയി.
***************