നിലാ വെളിച്ചം കെട്ടികിടക്കുന്ന താമര പൂക്കൾ നിറഞ്ഞ ഒരു കുളത്തിൽ ആ താമരകളുടെ ഇടയിലൂടെ ഒരു വള്ളം ആടി ഉലഞ്ഞ് നീങ്ങുന്നു. അതിൽ കല്യാണ പുടവ അണിഞ്ഞ്, കല്യാണ വേഷത്തിൽ അലങ്കോലപെട്ട് കിടക്കുന്ന മുടിയും, ശരീരത്തിൽ നിന്ന് മാറി കിടക്കുന്ന സാരിയും ആയി ഞാൻ കിടക്കുന്നു.. വള്ളം മുന്നോട്ട് നീങ്ങുന്നത് അനുസരിച്ച് വെള്ളത്തിൽ വീണ് കിടക്കുന്ന സാരിയുടെ ഒരറ്റം കുളത്തിലെ തമരകളെ വകഞ്ഞ് മാറ്റി വള്ളത്തിന് ഒപ്പം മുന്നോട്ട് നീങ്ങി….
പെട്ടന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു ഞാൻ ചുറ്റും നോക്കി..അതേ മുറിയിൽ തന്നെ.. ചുറ്റും ഒന്ന് കണ്ണ് ഓടിച്ച് എൻറെ അടുത്ത് ജനിച്ച പടി കിടക്കുന്ന നരച്ച താടിയും മുടിയുമായി മെലിഞ്ഞ പ്രായം തളർതാത്ത ആ മനുഷ്യനെ നോക്കി ഒന്ന് ചിരിച്ച് എവിടെ കിടന്ന ഒരു ബെഡ്ഷീറ്റ് എടുത്ത് ഉടുത്ത് കണ്ണാടിയുടെ മുന്നിൽ എത്തി മുടി കെട്ടി.. ദേഹം മുഴുവൻ വിയർപ്പിൻ്റെയും,മദ്യത്തിൻ്റെയും കെട്ട മണം എന്നെ ശ്വാസം മുട്ടിച്ചു..പല സ്ഥലത്തായി കിടന്ന എൻ്റെ തുണി എടുത്ത് അവിടെ മാറി കിടന്ന ഒരു തോർത്തും എടുത്ത് ബാത്ത്റൂമിൽ കയറി ഞാൻ സ്വതന്ത്ര ആയി ദേഹത്തെ അഴുക്കും, കെട്ട മണവും കഴുകി കളഞ്ഞ് വൃത്തി ആയി വീണ്ടും അതെ മുഷിഞ്ഞ ഡ്രസ്സ് എടുത്ത് ഇട്ടു.. അയാളുടെ പേഴ്സിൽ നിന്ന് പറഞ്ഞ് ഉറപ്പിച്ച കാശ് എടുത്ത് ആ കാര്യം പറഞ്ഞ് കൊണ്ട് ഒരു കുറിപ്പ് എഴുതി വെച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി.. എൻ്റെ സ്ഥിരം സ്പോട്ട് ആയ ബസ്സ് സ്റ്റോപ്പിലേക്ക് ഞാൻ എത്തി അടുത്ത കച്ചവടത്തിനായി കാത്ത് ഇരുന്നു..
പലരും വന്ന് വില പേശി എങ്കിലും കച്ചവടം ഒന്നും നടക്കാതെ ആ ഇരിപ്പ് തുടർന്നു.. അപ്പോഴാണ് എയ്ഞ്ചലിൻ്റെ ഫോൺ വന്നത്..
“ഹലോ.. ബിസി ആണോ..??”
“ഓ…അല്ലടി ഇന്ന് ഒരെണ്ണമെ സെറ്റ് ആയൊള്ളു അതും കഴിഞ്ഞ് ബസ് സ്റ്റോപ്പിൽ വന്ന് ഒരു പണിയും ഇല്ലാതെ ഇരിക്കുവ.. എന്താടി..??”
“അപ്പൊ ഒന്നും ആയില്ലല്ലേ.. ബെസ്റ്റ്.. പിന്നെ ഞാൻ വിളിച്ചതെ.. എനിക്ക് ഒരണ്ണം സെറ്റ് ആയിട്ടുണ്ട് അപ്പൊ ഞാൻ നാളെ രാവിലയെ വരത്തൊള്ളൂ.. ഇനി എന്നെ നോക്കി ഇരുന്ന് ഉറക്കം കളയണ്ട കേട്ടല്ലോ..??”
“ഉവ്വേ..ശരി താക്കോൽ കയ്യിൽ ഉണ്ടല്ലൊ..?? അത് വെച്ച് വരുമ്പോൾ തുറന്ന് അങ്ങ് കേറിയ മതി വെറുതെ എന്നെ ശല്യം ചെയ്യരുത്.. അതും കേട്ടല്ലോ..??”
“കേട്ട്.. കേട്ട്.. എന്നാ ശരി..”അവൾ വേഗം കട്ട് ആക്കി പോയി.. ഞാൻ പിന്നേം അവിടെ കുറച്ച് നേരം ഇരുത്തം തുടർന്നു. പിന്നെ ഒരു കച്ചവടവും നടക്കാതെ വന്നപ്പോൾ ഞാൻ പതിയെ വീട്ടിലേക്ക് നടന്നു.. അതിൻ്റെ ഇടക്കാണ് പുറകിൽ നിന്ന് ഒരു വിളി കേട്ടത്..
“ചേച്ചി..”എന്നും വിളിച്ച് എൻ്റെ നേരെ ഓടി വരുന്നൊരു ചെക്കൻ.. ഒരു പൊടി മീശകാരൻ കിതച്ച് കൊണ്ട് എൻ്റെ മുന്നിൽ വന്ന് നിന്നു..
“എന്താ..??” ഒട്ടും ഗൗരവം വിടാതെ ഉള്ള എൻ്റെ ചോദ്യത്തിൽ അവൻ ഒന്ന് പതറി എന്ന് എനിക്ക് തോന്നി. സാധരണ എൻ്റെ അടുത്ത് വരുന്ന ആണുങ്ങളുടെ ഉദ്ദേശം ഒന്നാണല്ലോ അത് കൊണ്ട് ഇച്ചിരി ക്ഷീണം കാണിച്ച് ഒരു കൈ തളർത്തി ഇട്ട് ഒരു കൈ എളിക്കും കുത്തി നിന്ന് ഒരു പുച്ഛത്തോടെ അവനോട്
“കാശ് ഉണ്ടൊ കയ്യിൽ..??”
“അയ്യോ.. ചേച്ചി ഞാൻ അതിന് വന്നതല്ല..”
“പിന്നെ..?? നീ എന്നെ പെണ്ണ് കാണാൻ ആണോ..??” ഒരു ചെറിയ ചിരിയോടെ ഞാൻ അവനോട് ചോദിച്ചു.. കാരണം ആദ്യമായി ആണ് ഒരുത്തൻ്റെ വായിൽ നിന്ന് ഇങ്ങനൊരു ഉത്തരം കിട്ടുന്നത്…
“ഞാൻ…ഇത് തരാന വന്നെ..”അവൻ്റെ പോക്കറ്റിൽ നിന്ന് നാലായി മടക്കിയ ഒരു പേപ്പർ എൻ്റെ നേരെ നീട്ടി
ഞാൻ അത് വാങ്ങി ഒന്ന് നിവർത്തി നോക്കി “ഇത് എന്താ..?” എന്ന് ചോദിക്കാൻ തുടങ്ങുന്നതിന് മുമ്പെ അവൻ വേഗം നടന്ന് പോയി കഴിഞ്ഞിരുന്നു എങ്ങോട്ട് പോയി എന്ന് ഒരു പിടിയും കിട്ടാതെ ഞാൻ തിരിച്ച് ബസ് സ്റ്റോപ്പിലേക്ക് എത്തി ആ കത്ത് വായിച്ച് തുടങ്ങി..
ഹായ് എൻ്റെ പേര് വിഷ്ണു,
എന്നെ ചേച്ചിക്ക് ഓർമ ഉണ്ടൊ എന്ന് എനിക്ക് അറിയില്ല.. ഒരു പ്രാവിശ്യം നമ്മൾ കണ്ടിട്ടുണ്ട് രണ്ട് വർഷം മുമ്പ് ആണ് എൻ്റെ കോളേജ് കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോകുന്നെൻ്റെ തലേന്ന് സകല അലമ്പും കാണിച്ച് തിരിച്ച് പോകാം എന്ന് തീരുമാനിച്ചതിൽ ഒരു അലമ്പിൻ്റെ ഭാഗം ആയിട്ടാണ് ചേച്ചിയെ ഞാൻ ആദ്യമായിട്ട് കാണുന്നത്. കള്ളും കുടിച്ച്, കണ്ണിൽ കണ്ടതും വലിച്ചും, കുടിച്ചും ബോധം ഇല്ലാതിരുന്ന എനിക്ക് ആയിരുന്നു ആദ്യ നെറുക്ക് വീണത്.. ഞാൻ കേറി എന്തൊ തല്ല്കൊള്ളിത്തരം കാണിച്ചു എന്ന് പറഞ്ഞ് ചേച്ചി വഴക്ക് ഉണ്ടാക്കി പെട്ടന്ന് ഇറങ്ങിപോയി.. അന്ന് ഞാൻ എന്താ കാണിച്ചേന്ന് ഓർമ ഇല്ലാഞ്ഞെങ്കിലും ചേച്ചിയുടെ മുഖം എനിക്ക് നല്ല ഓർമ ഉണ്ടായിരുന്നു.. തിരിച്ച് നാട്ടിൽ എത്തിയിട്ടും ഒരു കുറ്റബോധം മനസ്സിൽ തോന്നി.. ചേച്ചിയെ കണ്ട് ഒരു സോറി പറയണം എന്ന് ഉറപ്പിച്ച് ആണ് ഒരു ജോലി വാങ്ങി തിരിച്ച് ഇവിടെ തന്നെ വന്നത്.. രാത്രി സമയത്ത് ചേച്ചിയെ നോക്കി ഓരോ റൂട്ടിലും പോകും.. അങ്ങനെ ആണ് ഒരു മാസം മുമ്പ് ഇവിടെ വെച്ച് ഒരു മിന്നായം പോലെ ചേച്ചിയെ കാണുന്നത്.. തിരിച്ച് ചേച്ചിയുടെ അടുത്ത് വന്നപ്പോഴേക്കും ഒരാളുടെ കൂടെ ചേച്ചി പോയിരുന്നു.. പിന്നെ ചേച്ചിയെ നോക്കി അവിടെ ഉള്ള നില്പ് ഞാൻ ശീലമാക്കി. അടുത്ത് വന്ന് മിണ്ടണം എന്ന് ഉണ്ടായിരുന്നു പക്ഷെ…ഒരു ചെറിയ പേടി. പിന്നെ ബസ്സ് സ്റ്റോപ്പ് വരെ വന്ന് നിന്ന ഞാൻ പിന്നെ ചേച്ചിയുടെ വീട് വരെ എത്തി.. ചേച്ചിയുടെ കൂടെ താമസിക്കുന്ന എയ്ഞ്ചൽ ചേച്ചിയുടെ അടുത്ത് വരെ എത്തി സംസാരിച്ചു (ചേച്ചിയോട് പറയണ്ട എന്ന് ഞാൻ പുള്ളികാരിയോട് പറഞ്ഞത് കൊണ്ട് അത് അറിഞ്ഞിട്ടില്ല എന്ന് വിശ്വസിക്കുന്ന…) ചേച്ചിയുടെ പേര് ആദ്യമായി കേൾക്കുന്നത് അന്നാണ്.. ഗൗരി..
ഇനി ഞാൻ പറയാൻ പോകുന്നത് ഞാൻ പറയുന്നത് കേട്ട് ചേച്ചി എന്നോട് ചോദിക്കാൻ പോകുന്ന ഒരു ചോദ്യത്തിൻ്റെ ഉത്തരം ആണ് “നിനക്ക് എന്നെ കുറിച്ച് എന്ത് അറിയാം..??” എന്ന്.. അറിഞ്ഞു.. എല്ലാം ചേച്ചിയുടെ എല്ലാ കഥയും, അവസ്ഥയും, ആഗ്രഹവും എല്ലാം.. എനിക്ക് ഇഷ്ടമാണ്…കാരണം ഒന്നും അറിയില്ല പക്ഷെ ആ കുറ്റബോധം കൊണ്ട് ഉണ്ടായതല്ല അത് ഉറപ്പ്…
അത് വായിച്ച് ഒരുപാട് വർഷങ്ങൾക്ക് ശേഷം മനസ്സ് അറിഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു... എന്നെ നോക്കി ഇനി ദൂരെ മാറി അവൻ നിൽകുന്നുണ്ടോ എന്ന് അറിയാൻ ഒന്ന് ചുറ്റും നോക്കി. കണ്ടില്ല..
രാവിലെ എണിറ്റത് റൂമിലെ കാൽ പെരുമാറ്റം കേട്ടാണ്…എയ്ഞ്ചൽ ആയിരുന്നു..
“ഹാ..എണിറ്റൊ..”
“പിന്നെ…നീ ഇപ്പൊ എൻ്റെ കഥ പറഞ്ഞ് നടപ്പാണ് എന്ന് കേട്ടല്ലോ..?? എന്താണ്…??”ഉറക്കപ്പിച്ചിൽ കണ്ണും തിരുമ്മി കൊണ്ട് ഉള്ള എൻ്റെ ആ ചോദ്യത്തിന് ഉത്തരം അവളുടെ ഒരു വളിച്ച ചിരി ആയിരുന്നു..
“വിഷ്ണുനെ കണ്ടല്ലേ..??”എന്നും ചോദിച്ചോണ്ട് ആകാംക്ഷയോടെ എൻ്റെ അടുത്ത് വന്ന് ഇരുന്നു..
“കണ്ടു..”
“എന്നിട്ട്..??”
“എന്നിട്ട് എന്താ.. ഈ കത്തും തന്ന് ഒറ്റ ഓട്ടം പിന്നെ ഞാൻ കണ്ടില്ല..”തലയണയുടെ അടിയിൽ നിന്ന് ആ കത്തെടുത് അവളുടെ അടുത്തേക്ക് നീട്ടി അവൾ അത് വാങ്ങി വായിച്ച് ഒന്ന് ചിരിച്ചു
“പാവം ചെക്കനാ ചേച്ചി.. ചേച്ചിനെ ഭയങ്കര ഇഷ്ട..”
“ഉവ്വ.. ഇത് പോലെ കൊറെ പേര് നിൻ്റെ അടുത്തും വന്നതല്ലേ..എന്നിട്ട് എന്തായി.. ചുമ്മ ഓരോ പ്രാന്ത്..”
“അല്ല ചേച്ചി അത് പോലെ ഉള്ളവൻമാരെ കൊറെ കണ്ടിട്ടുള്ളത് കൊണ്ട് പറയുവാ.. ആ നാറികളെ പോലെ അല്ല ചേച്ചി ഇവൻ.. ചേച്ചി ആലോചിക്ക് എന്നിട്ട് ദേ ഇതാ അവൻ്റെ നമ്പർ, അല്ലെ ഇന്ന് രാത്രി അവൻ വരുമ്പോ നേരിട്ട് പറ.. എന്താണെലും..”ഒരു ഡെയറി എൻ്റെ കയ്യിൽ തന്നിട്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി.. അവൾ പറഞ്ഞത് പോലെ എന്താണെലും അവനോട് പറയണം പക്ഷെ ഫോണിൽ അല്ല നേരിട്ട് എങ്കിലും ആ നമ്പർ ഒന്ന് കുറിച്ചെടുത്തു..
രാത്രി ജോലി കഴിഞ്ഞ് കിടക്കുമ്പോൾ ആണ് ഫോണിൽ ഒരു മിസ്ഡ് കോൾ വരുന്നത്.. എടുത്ത് നോക്കിയപ്പോൾ വിഷ്ണു ആണ്.. ഞാൻ വേഗം ഒന്ന് കുളിച്ച് ഡ്രസ്സ് ഇട്ട് വേഗം ബസ്സ് സ്റ്റോപ്പിലേക്ക് എത്തി അവിടെ കമ്പിയുടെ ഒരു അറ്റത്ത് അവൻ ഇരിക്കുന്നുണ്ടായിരുന്നു മറ്റെ അറ്റത്തായി ഞാൻ ഇരുന്നു.. അവൻ്റെ പേടിയും എൻ്റെ മടിയും കാരണം കൊറെ നേരം മിണ്ടാതിരുന്നു.. അവൻ്റെ വെപ്രാളം കണ്ട് ചിരി വന്നെങ്കിലും അത് അടക്കിപ്പിടിച്ച് ഇച്ചിരി ഗൗരവത്തിൽ ഞാൻ ചോദിച്ചു..
“എന്താ..??” അത് കേട്ട് അവൻ ഒന്ന് പതറി എങ്കിലും ഉടനെ ഉത്തരം വന്നു.
“അല്ല…മറുപടി..??”
“ഓ..മറുപടി..തരാം..അതിന് നീ ഇങ്ങനെ ശ്വാസം മുട്ടി ഇരിക്കണ്ട ഞാൻ നിന്നെ പിടിച്ച് തിന്നത് ഒന്നും ഇല്ല.. നീ ഒന്ന് എയർ വിടടാ ചെക്കാ..”ഗൗരവത്തിൽ നിന്നും മാറി ഞാൻ ഒന്ന് ചിരിച്ചപ്പോ അവനും ഒന്ന് ഒക്കെ ആയ പോലെ എനിക്ക് തോന്നി
“നീ എനിക്ക് ഒരു ഹെൽപ്പ് ചെയ്യാമോ..??”
“പിന്നെന്താ.. എന്താ കാര്യം” അവൻ്റെ ആകാംക്ഷ കണ്ട് ഒരു ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു
“എനിക്ക് ഒരു ആഗ്രഹം ഉണ്ട്..”
“അറിയാം…ഈ പണി നിർത്തി ഒരു കല്യാണം കഴിച്ച് സ്വസ്ഥയിട്ട് ജീവിക്കാൻ അല്ലെ..?? എയ്ഞ്ചൽ….” പെട്ടന്ന് ഞാൻ അവനെ നോക്കിയൊപ്പോൾ അവൻ ഒന്ന് പതറി.പറഞ്ഞ കാര്യം വിക്കി വിക്കി അവൻ പറഞ്ഞ് ഒപ്പിച്ചു..“ചേച്ചി…. പറഞ്ഞായിരുന്നു “
“അതല്ലട ചെക്കാ.. ഇത് വേറെ നീ തോക്കിൽ കേറി വെടിവെക്കാതെ.. പറയട്ടെ”
അവൻ എന്നെ ശ്രദ്ധയോടെ നോക്കി ഇരുന്നു..
“എനിക്ക് നല്ല നിലവ് ഉള്ള ഒരു രാത്രിയിൽ വള്ളത്തിൽ പോകണം..നടക്കോ…??
അവൻ എന്നെ നോക്കി ഒന്ന് ചിരിച്ച് പുറത്തേക്ക് ഇറങ്ങി ആകാശത്തേക്ക് ഒന്ന് നോക്കി ഫോൺ എടുത്ത് മാറി നിന്ന് ആരെയോ വിളിച്ച് എൻ്റെ അടുത്തേക്ക് വന്നു..
“ചേച്ചി ഒരു മിനിറ്റ് ഞാൻ ബൈക്ക് എടുത്തിട്ട് വരാം നമുക്ക് ഇന്ന് തന്നെ സെറ്റ് ആക്കാം..” അവൻ വേഗം ഓടി പോയി ബൈക്ക് ആയിട്ട് വന്ന് എന്നെ ഒരു കടവിലേക്ക് എത്തിച്ചു…അവൻ്റെ ഒരു കൂട്ടുകാരൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു കുറച്ച് നേരം അവർ എന്തോ സംസാരിച്ച്.. ഞങ്ങൾ അവിടെ കിടന്ന വള്ളത്തിൽ കയറി ഒരു കൈവരിയിലൂടെ മുന്നോട്ട് നീങ്ങി..
“ചേച്ചി വള്ളത്തിൽ ആദ്യമായിട്ട് ആണൊ..??”
“ആടാ.. എൻ്റെ നാട്ടിൽ കായലും, കടലും ഒന്നും ഇല്ലല്ലോ.. പിന്നെ ഇവിടെ എത്തിട്ട് എൻ്റെ വീടും, ബസ്സ് സ്റ്റോപ്പും, പിന്നെ ആ ലോഡ്ജിലെ മുറിയും അല്ലാതെ വേറെ ഒരു സ്ഥലവും ഞാൻ കണ്ടിട്ടില്ല.. അത് പോട്ടെ…നിൻ്റെ നാട് എവിടാ..??”
“ആലപ്പുഴ.. എനിക്ക് വള്ളത്തെ കേറി നല്ല ശീലമാ..ചെറുപ്പത്തിലേ അച്ഛൻ എന്നെ വള്ളത്തിൽ കേറ്റുമായിരുന്നും…”
“ആഹാ.. വള്ളത്തിൽ കേറ്റും..ഇനി വീട്ടിൽ കേറ്റുമോ..??
“എന്താ..??”
“അല്ല..എൻ്റെ കാര്യം വീട്ടിൽ അറിഞ്ഞ നിന്നെ ഇനി വീട്ടിൽ കെട്ടുമൊന്ന്..??”
“അതിന് വീട്ടിൽ ആരേലും ഉണ്ടായിട്ട് വേണ്ടേ..”
അവൻ ഒന്ന് ചിരിച്ചോണ്ട് എന്നെ നോക്കി.
“എൻ്റെ ജനനവും, അമ്മയുടെ മരണവും ഒന്നിച്ചായിരുന്നു.. പിന്നെ എന്നെ വളർത്തിയത് അച്ഛന.. ഞാൻ പ്ലസ് ടൂവിന് പഠിക്കുമ്പോൾ ആയിരുന്നു.. അച്ഛൻ.. ഒരു ചെറിയ ഹാർട്ട് അറ്റാക്ക്.. പിന്നെ രണ്ട് വർഷം ഓർഫനേജിൽ.. അതിൻ്റെ ഒക്കെ ഒരു ഡിപ്രഷൻ ആയിരുന്നു അപ്പോ.. അവിടെ നിന്ന് അച്ഛൻ്റെ ഒരു കൂട്ടുകാരി എന്നെ കൊണ്ട് പോയി കോളേജിൽ ചേർത്തു..എന്നെക്കാൾ ചെറിയ പിള്ളേർ ആയിരുന്നു അവിടെ അവരുടെ കൂടെ അടിച്ച് പൊളിച്ച് കൊറെ വർഷം…ആ ഡിപ്രഷൻ മാറാൻ എന്നെ സഹായിച്ചത് ആ കോളേജ് ലൈഫാ.. കുറച്ച് പഠിത്തവും, കൊറെ അലമ്പും അതിൽ ഒരു അലമ്പിൻ്റെ ഭാഗം ആയിരുന്നല്ലോ ചേച്ചി..”
അവൻ നാണത്തോടെ ഒരു കള്ള ചിരിയും ചിരിച്ച് എന്നെ നോക്കി.. ഞാനും ഒന്ന് ചിരിച്ചു.
“ഉവ്വ.. ഉവ്വ എന്നിട്ട് നീ പാസ്സ് ആയോ.. അതോ സപ്ലി അടച്ച് പതുക്കെ ആണൊ…??”
“ഏയ്.. ഒറ്റ അടിക്ക് പാസ്സ് ആയി കൂടെ പഠിച്ചതും ആയി ഒരു ബന്ധം ഇല്ലാത്തൊരു ജോലിയും.. ലൈഫ് സെറ്റ്.. പിന്നെ ഈ കഥആൻ്റിയോട് പറഞ്ഞു അപ്പോഴാ ചെന്ന് കണ്ട് സോറി പറയാൻ പറഞ്ഞെ..പിന്നെ ഉണ്ടായ ഡെവലപ്മെൻ്റ് പറഞ്ഞപോളും ആൻ്റി ഓക്കെയാ..”
അവൻ്റെ വർത്താനം കേട്ട് ഇരിക്കുന്ന ഇടക്ക് വള്ളം നിന്നു ചുറ്റും നിലാവ് തളം കെട്ടി കിടക്കുന്നു..
“നമുക്ക് ഒന്ന് ഇവിടെ ഇറങ്ങിയലോ..??”
എന്നെ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ആ ചോദ്യം..
“ഇവിടെ എങ്ങനെ ഇറങ്ങാന..??”
“അതൊക്കെ ഉണ്ട് ബാ.. ഞാൻ ഒന്ന് കൈയ്യിൽ പിടിച്ചാൽ കുഴപ്പം ഉണ്ടൊ..??”
ഞാൻ ഒന്ന് അടക്കി ചിരിച്ചോണ്ട് കൈ നീട്ടി..
“ആർക്ക് എനിക്കോ..?? നിനക്ക് വീണ്ടും കുറ്റബോധം ഒന്നും അടിക്കില്ലെങ്കിൽ…പിടിച്ചോ..”
അവൻ എൻ്റെ കയ്യിൽ പിടിച്ച് എന്നെ വെള്ളത്തിലേക്ക് ഇറക്കി പുറകെ അവനും.. ഞങ്ങൾ ഇറങ്ങിയതും ഞങ്ങളുടെ ചുറ്റുമുള്ള വെളളത്തിൽ നീല വെളിച്ചം മിന്നി കെട്ടു.. അനങ്ങുന്നത് അനുസരിച്ച് അത് സംഭവിച്ച് കൊണ്ടെ ഇരുന്നു..സന്തോഷത്തോടും, അത്ഭുതത്തോടെയും ഞാൻ അവനെ നോക്കി..
“കവര് കേറി കിടക്കുന്നത..വർഷത്തിൽ ഇടക്കെ ഇത് കാണാറുള്ളൂ..ഇതിന് മുമ്പ് ചേച്ചി വള്ളത്തിൽ കയറിട്ടില്ലന്ന് നേരത്തെ തോന്നിയായിരുന്നു…അപ്പൊ ആദ്യമായിട്ട് അത് എക്സ്പീരിയൻസ് ചെയ്യുമ്പോൾ ഒരു സ്പെഷ്യൽ കാഴ്ച കൂടി കാണിച്ച് തരാം എന്ന് ഓർത്തു.. എങ്ങനുണ്ട്..??”
അതിന് ഉത്തരം ആയി ഒന്ന് ചിരിച്ച് അവൻ്റെ മേലിലേക്ക് വെള്ളം തട്ടിത്തെറിപ്പിച്ചു.. അവൻ തിരിച്ചും.. ആ തട്ടലിൽ വെള്ളം വീണ്ടും നീലിച്ചു.. വള്ളത്തിൽ കിടന്ന ഒരു കല്ല് എടുത്ത് അവൻ ദൂരേക്ക് വലിച്ച് എറിഞ്ഞു.. അത് ചെന്ന് വീണ സ്ഥലം ആ ഇരുട്ടിൽ ലൈറ്റ് പോലെ തെളിഞ്ഞു.. കുറെ നേരം ആ മായിക ലോകത്ത് മതിമറന്ന് നിന്നു.. പെട്ടന്ന് എന്തോ ഒരു സങ്കടവും, ടെൻഷനും എൻ്റെ മനസ്സിനെ അലട്ടി..
“നമ്മുക്ക് തിരിച്ച് പോയാലോ..??”
അവൻ ഒന്ന് തലയാട്ടി എന്നെ തിരിച്ച് വള്ളത്തിൽ കയറ്റി തിരിച്ച് പോന്നു.. തിരിച്ച്പോക്കിൽ ഞങ്ങൾ ഒന്നും മിണ്ടിയില്ല.. എൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. കരയിൽ എത്തി ഒന്നും നോക്കാതെ ഇറങ്ങി നടന്ന എന്നെ പുറകിൽ നിന്ന് അവൻ വിളിച്ചു..
“ഗൗരി….”ശരിക്കും ഞാൻ ഒന്ന് ഞെട്ടി പുറകിൽ നിന്ന് ഒരു വിളി ഞാൻ പ്രതീക്ഷിച്ചത് ആണ് പക്ഷെ അത് ചേച്ചിക്ക് പകരം ഗൗരി എന്ന് ആയത് എന്നെ വല്ലാതെ ഞെട്ടിച്ചു.. ഞാൻ അവനെ തിരിഞ്ഞ് നോക്കി..
“അല്ല ആ മറുപടി പറയാന്ന് പറഞ്ഞിട്ട്…?? ഒന്നും…പറഞ്ഞില്ല..”
നിറഞ്ഞ കണ്ണുകളോട് കൂടി ഒരു ചെറിയ ചിരിയോടെ ഞാൻ കൈ നീട്ടി അവനെ അടുത്തേക്ക് വിളിച്ചു.. എൻ്റെ നേരെ വന്ന് നിന്ന അവൻ്റെ മുഖം എൻ്റെ മുഖത്തിനോട് അടുപിച്ച്.. അവൻ്റെ ചുണ്ടുകൾ ഞാൻ സ്വന്തമാക്കി..അതായിരുന്നു അവന് കൊടുക്കാൻ ഉള്ള എൻ്റെ മറുപടി.. അവൻ്റെ ചോദ്യത്തിന് ഉള്ള എല്ലാ ഉത്തരവും ഇതിൽ ഉണ്ട്..
…. ശുഭം…..