Chellamma in Malayalam Short Stories by CV books and stories PDF | ചെല്ലമ്മ

The Author
Featured Books
Categories
Share

ചെല്ലമ്മ

തിരുവിതാംകൂറിൻ്റെ പഴയ ഒരു ശംഖ് മുദ്ര പതിപ്പിച്ച കവാടം കടന്ന് കാർ അകത്തേക്ക് എത്തി…ഒരെ നിരയിൽ തന്നെ കൃത്യമായി പണിത വീടുകൾ അതിൽ ഒന്നിൻ്റെ മുന്നിൽ ഒരു ഇന്നർ ബനിയനും, മുണ്ടും ഒരു കണ്ണാടിയും, നെറ്റിയിൽ ചന്ദന കുറിയും തൊട്ട് ഐയ്യർ നിൽക്കുന്നുണ്ടായിരുന്നു. ഐയ്യർ ഞങ്ങളെ കൃത്യമായി അയാളുടെ വീട്ടിലേക്ക് എത്തിച്ചു.എന്തെങ്കിലും എന്നോട് ചോദിക്കണ്ടെ എന്ന് ഓർത്തിട്ട് ആയിരിക്കണം.

 “യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..??” കേറുന്ന ഇടക്ക് ഐയ്യരുടെ ആ ചോദ്യത്തിന് യാത്ര ചെയ്ത അതേ ക്ഷീണത്തോടെ തിരിച്ച് മറുപടി പറഞ്ഞു 

“കുഴപ്പം ഇല്ലായിരുന്നു..”

കൂട്ടത്തിൽ ഉള്ളവരെ കണക്കിൽ എടുക്കാതെ ഒരെടത്ത് പോലും നിർത്താതെ ഉള്ള യാത്രയുടെ ക്ഷീണം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു..ഞങ്ങൾ നേരെ ചെന്നത്ത് ഐയ്യരുടെ അച്ഛൻ്റെ മുറിയിലേക്ക് ആണ്.. മരുന്നിൻ്റെയും, മുറുക്കാൻ്റെയും ഗന്ധം തങ്ങി നിൽക്കുന്ന ആ മുറിയുടെ ഒരറ്റത്തായി ഇട്ടിരിക്കുന്ന ചാരുകസേരയിൽ കഷണ്ടി തലയും,മെലിഞ്ഞ ശരീരവും ആയി ഒരു മുണ്ട് മാത്രം ഉടുത്ത ഇരിക്കുന്ന ഒരാൾ.. ഐയ്യർ ഒരു കസേര അതിൻ്റെ മുന്നിലായി ഇട്ട് എന്നെ അവിടെ ഇരുത്തി.. ബാക്കി ഉള്ളവർക്ക് പുറകെ ആയി കസേരകൾ എത്തി അവരെയും ഇരുത്തി.

“മോൾടെ പേര് എന്താ..?”ഒരു പതിഞ്ഞ സ്വരത്തിൽ 

“മായ…”

“നിങ്ങൾക്ക് എന്തോ സഹായം വേണം എന്ന് ഇവൻ പറഞ്ഞു പക്ഷെ...എന്താ വേണ്ടേ എന്ന് പറഞ്ഞില്ല…എന്താ കാര്യം..?”

“അത്…അച്ഛൻ ഒരു ചെല്ലമ്മയെ ഓർമ ഉണ്ടൊ പാറശ്ശാലയിലെ ഒരു നായർ തറവാട്ടിലെ..”

ഇത്രയും കേട്ടതും ഓർമ ഉണ്ട് എന്ന് തല ആട്ടി കുറച്ച് നേരം എന്തോ ആലോചിച്ച് മിണ്ടാതെ കിടന്നു.. ഞങ്ങൾ എന്ത് പറ്റി എന്നുള്ള ഇതിൽ ഇരിക്കുന്നതിൻ്റെ ഇടക്ക് അയ്യർ ഞങ്ങൾക്ക് ഒരു സ്റ്റീൽ ഗ്ലാസിൽ ചായ കൊണ്ട് തന്നു..ഒരു ഗ്ലാസ് ചാര് കസേരയുടെ മുന്നിലെ സ്റ്റൂളിലും കൊണ്ട് വെച്ചു.ഞാൻ ബാഗിൽ നിന്നും റെക്കോർഡർ എടുത്ത് ഓൺ ചെയ്ത് മടിയിൽ വെച്ചു.

“എൻ്റെ 20-21 ഏതാണ്ട് വയസ്സിലാണ് ഞാൻ ചെല്ലമ്മയെ ആദ്യമായിട്ട് കാണുന്നത് എൻ്റെ ചെറിയമ്മയുടെ വീട്ടിൽ വെച്ചാ..കാര്യം ഞാൻ ഇവൻ്റെ അമ്മയെ പ്രേമിക്കുന്ന സമയമാ..!! അവളെ കാണാനും,സംസാരിക്കാനും ആണ് സത്യം പറഞ്ഞാൽ ഞാൻ അങ്ങോട്ട് പോയത്..”നാണിച്ച് ഒരു കള്ള ചിരിയോടെ ഉള്ള ആ പറച്ചിൽ ഞങ്ങളിലും ചെറിയ ഒരു ചിരി കൊണ്ടുവന്നു.

കാപ്പി എടുത്ത് കുടിച്ച് കൊണ്ട് തുടർന്നു.“ചെറിയമ്മ നൃത്തം പഠിപ്പിക്കുവായിരുന്നു,വീട്ടിൽ വെച്ച് തന്നാ.അതിൻ്റെ ബഹളം കേട്ടാ ഞാൻ എഴുന്നേൽക്കാർ.. നാട്ടിലെ കാണാൻ കൊള്ളാവുന്ന ഏകദേശം എല്ലാ പെൺപിള്ളേരും അവിടെ കാണും.അത് കൊണ്ട് തന്നെ ആ നാട്ടിലെ മിക്ക ആൺപിള്ളേരും കാണും അവിടെ” വീണ്ടും ഒരു ചിരി പാസ്സ് ആക്കി തുടർന്നു.

“അവിടെ വെച്ചാ ഞാൻ ഇവളെ ആദ്യം ആയിട്ട് കാണുന്നത്. ഇരു നിറം.., നീണ്ട ചെറിയ കണ്ണ്..,അരക്കെട്ട് വരെ മുടി…,ആരെയും ആകർഷിക്കുന്ന ചിരി..,ശരീര ഘടന നൃത്തം ചെയുന്ന ആളു കൂടി ആയത് കൊണ്ട് പറയണ്ട കാര്യം ഇല്ലല്ലോ..?? അന്ന് അവിടെ കൂടിയവരിൽ പലരും അവളെ കാണാൻ ആയിരുന്നു.”

“അച്ഛൻ എങ്ങനാ ചെല്ലമ്മയെ ഇത്രേം പരിചയം..??” അയാൾ ഒന്നും മനസ്സിലാകാത്തത് പോലെ എന്നെ നോക്കി.എൻ്റെ കൂടെ ഉണ്ടായിരുന്നവരും.”അല്ല ചെല്ലമ്മയെ മാത്രം ഇത്ര ഓർത്തിരിക്കുന്നു…അതോ എല്ലാവരെയും ഓർമ ഉണ്ടോ..??”

“ഇല്ല..!! അതിന് ഒരു കാരണം ഉണ്ട്..!! ഇവൻ്റെ അമ്മയെ പ്രേമിക്കുന്ന സമയത്ത് അവളെ കാണാന അമ്മായിയുടെ വീട്ടിൽ താമസം തുടങ്ങിയത് എന്ന് പറഞ്ഞില്ലേ..??” ഞങ്ങളുടെ മൂളലിന് കാത്തിരുന്നത് പോലെ തുടർന്നു.

“ആ സമയത്ത് ഞങ്ങൾ സ്ഥിരം ആയിട്ട് അമ്പല കുളത്തിൽ വെച്ച് ആയിരുന്നു ക്ലാസ് കഴിഞ്ഞ് വന്ന് കാണുന്നത്…ഒരു ദിവസം അത് അവളുടെ അച്ഛൻ കണ്ടു..ആകെ പ്രശ്നം ആയി അവളെ വീടിൻ്റെ പുറത്ത് ഇറക്കാതായി ആ സമയത്ത് ഇവൾ ആയിരുന്നു ഞങ്ങളുടെ ദൂത് പോയികൊണ്ടിരുന്ന ഹംസം.. അവളുടെ വീടിൻ്റെ അടുത്ത് ആയിരുന്നു ചെല്ലമ്മയുടെ വീട്.. അങ്ങനാ ഞങ്ങൾ പരിചയം..!!കൊറെ കാലം അവൾ ഞങ്ങളെ സഹായിച്ചു..പിന്നെ പെട്ടന്ന് ഒരു ദിവസം വന്നിട്ട് അനന്തപുരിയിൽ നൃത്ത വിദ്യാലയത്തിൽ ജോലി കിട്ടി അങ്ങോട്ട് പോകുവാ എന്നൊക്കെ..എനിക്ക് ആ സമയത്ത് വേറെ ടെൻഷൻ ആയിരിക്കൂലോ..??” ഞങ്ങളെ നോക്കി ഒരു കള്ള ചിരിയോടെ തുടർന്നു. “അത് കഴിഞ്ഞ് പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല..അതിൻ്റെ ഇടക്ക് രാജാവ് ആയിട്ട് എന്തോ ബന്ധത്തിൽ ആയി എന്നൊക്കെ കേൾക്കാൻ പറ്റുന്നതും,അല്ലാത്തതും ആയ രീതിയിൽ നാട്ടുകാരുടെ വർത്തമാനം കേട്ടത് അല്ലാതെ വേറെ ഒന്നും അറിയില്ല..!!”.

“അല്ല അത്രേം പ്രശ്നം ആയിട്ട് നിങ്ങൾ എങ്ങനെ..അവസാനം..ഒന്നിച്ചു…??” എൻ്റെ ആ ചോദ്യം എല്ലാവരിലും ഒരു ചിരി പടർത്തി.

“അത്..നമ്മുക്ക് ആകെ ഉണ്ടായിരുന്ന വഴി ആയിരുന്നല്ലോ ചെല്ലമ്മ..അവൾ പോയപ്പോ വേറെ ഒരു വഴിയും ഇല്ലാതായി..ഞാൻ രണ്ടും കൽപ്പിച്ച് ചെറിയമ്മയോട് കാര്യം പറഞ്ഞു അത് വഴി വീട്ടിൽ പറഞ്ഞ് അത് അന്തസ്സായിട്ട് ഒരു കല്യാണ ആലോചന ആയി..അത് പിന്നെ കല്യാണവും ആയി..” പഴയ എന്തോ ഓർത്തിട്ട് എന്ന പോലെ ചിരിച്ചുകൊണ്ട് ആണ് അച്ഛൻ പറഞ്ഞ് നിർത്തിയത്.അത് കേട്ടതും ആദ്യം എൻ്റെ നോട്ടം ചെന്ന് നിന്നത് ഐയ്യരിൽ ആയിരുന്നു. ആ നോട്ടത്തിൽ ഒരു പുച്ഛവും, “ഈ അച്ഛൻ്റെ മോൻ തന്നെ ആണൊ താൻ” എന്ന ഒരു ചോദ്യവും ഉണ്ട് എന്ന് മനസ്സിലാക്കി ആകണം അയാൾ എൻ്റെ മുന്നിൽ തല താഴ്ത്തി കുറ്റബോധത്തോടെ നിന്നത്.ഞാൻ റെക്കോഡർ ഓഫ് ചെയ്ത് ബാഗിൽ വെച്ച് പോകാൻ ഒരുങ്ങി.

“എന്നാ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ..!!” യാത്ര പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി. അടുക്കള വാതിൽക്കൽ നിന്ന് ഞങ്ങളെ എത്തി നോക്കിക്കൊണ്ട് ഇരുന്ന ഐയ്യരുടെ ഭാര്യയെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. മുജീബും,രവിയും ഐയ്യരോട് യാത്ര പറഞ്ഞ് വന്ന് കാറിൽ കയറി പോകുന്നത് വരെ ഐയ്യർ എന്നെ തന്നെ ഒരു ചെറിയ പ്രതീക്ഷയോടെ എന്ന പോലെ നോക്കി നിൽപ്പുണ്ടായിരുന്നു.

ഇതായിരുന്നു എൻ്റെ അന്വേഷണത്തിൻ്റെ ആദ്യ ഘട്ടം…രാമചന്ദ്രൻ സാറിൻ്റെ കത്തിലൂടെ ഞാൻ അറിഞ്ഞ രാജ ഭരണത്തിൻ്റെ അവസാന കാലഘട്ടത്തിൽ പാറശ്ശാലയിലെ ഒരു നായർ തറവാട്ടിൽ നിന്നും അനന്തപുരിയിലേക്ക് എത്തി,അവിടെ ഡാൻസ് ടീച്ചർ ആയി ജോലി ചെയ്ത്,രാജാവിനെ പ്രേമിച്ച ചെല്ലമ്മയുടെ കഥ. അത് അറിയാൻ ആണ് ഈ യാത്ര.ആ സമയത്ത് ഉള്ള എല്ലാ നായർ തറവാടുകളും ആയി അയ്യരുടെ അച്ഛന് ബന്ധം ഉണ്ട് എന്ന് കേട്ട് ആണ് ഞങ്ങൾ കൊച്ചിയിൽ നിന്നും ഇവിടെ വരെ എത്തി നിൽക്കുന്നത്.ഇനി അടുത്തത് പഞ്ചമിയെ കാണാൻ ആണ് ഈ യാത്ര. “ചെല്ലമ്മയുടെ സ്റ്റുഡൻ്റ്”. 

മുജീബിൻ്റെ ശ്രദ്ധ റോഡിൽ തന്നെ ആണ്.മുഖത്ത് ക്ഷീണം വ്യക്തമാണെങ്കിലും കണ്ണുകൾ ഇറുക്കി അടച്ചും, കണ്ണുകൾ തിരുമ്മിയും ആ ക്ഷീണം വകവെക്കാതെ മുന്നോട്ട് നീങ്ങി.രവി പുറകിൽ ഇരുന്ന് രണ്ടാമൂഴം വയിച്ചുകൊണ്ടിരുന്നു.എംടിയുടെ ഭാഷ അവനെ വട്ടംചുറ്റിക്കുന്നുണ്ട് എന്ന് തോന്നുന്നു.ഞാൻ റെക്കോർഡ് ചെയ്തത് കേട്ടുകൊണ്ട് എങ്ങനെ അത് പ്രസൻ്റ് ചെയ്യണം എന്ന ചിന്തയിൽ ആയിരുന്നു.ഉച്ചയോടെ വണ്ടി ഒരു പഴയ ഗേറ്റ് കടന്ന് ഒരു നാലുകെട്ടിൻ്റെ മുന്നിൽ നിന്നു.ഉമ്മറത്തെ കസേരയിൽ ഇരുന്ന മുണ്ടും,തോളത്ത് ഒരു വെള്ള തോർത്തും ഇട്ട ഒരു സവർണ്ണകുലജാതൻ സ്വഭാവികം ആയിട്ട് ആരാ എന്ന ഭാവത്തിൽ എത്തി നോക്കുകയും,ചോദിക്കുകയും ചെയ്തു.

“ഞങ്ങൾ പത്രത്തിൽ നിന്ന് ആണ് ജന്മഭൂമി.ഞങ്ങൾക്ക് പഞ്ചമിയെ ഒന്ന് കാണണമായിരുന്നു ഒരാളെ പറ്റി തിരക്കാൻ ആണ്..!!”

“അതിന് എന്താ..!! മോൾടെ പേര് എന്താ പറഞ്ഞെ..??”

“മായ..!!”പക്ഷെ എൻ്റെ ആ ഉത്തരം സവർണ്ണകുലജാതന് അത്ര തൃപ്തികരം ആയില്ല എന്ന് എനിക്ക് തോന്നി.

“അതല്ല മുഴുവൻ പേര്..??” മടിച്ച് മടിച്ച് ആയിരുന്നു ആ ചോദ്യം വന്നത്.

“മായ നായർ..!!” എന്നെ നോക്കി ഒരു ചിരി പാസ്സ് ആക്കി നോട്ടം രവിയിലേക്ക് എത്തി. “രവി പിള്ള” സവർണ്ണകുലജാതൻ്റെ മുഖം തെളിഞ്ഞു.ഞങ്ങളുടെ വാലിനോട് ഉള്ള സ്നേഹം വഴിഞ്ഞൊഴികി.

“എന്താ അവിടെ നിന്ന് കളഞ്ഞത് കേറി ഇരിക്കാ..!!” ഞങ്ങൾ ഉമ്മറത്തേക്ക് കയറി ഇരുന്നു. “ഭീമാ..!!” അകത്ത് നിന്ന് ഒരാൾ പുറത്തേക്ക് വന്നു. “നിൻ്റെ ഭാര്യയെ കാണാൻ വന്നതാണ്..പറ്റുമോ എന്ന് ഒപ്പോളിനോട് ഒന്ന് ചോദിക്ക്..!!” അയാൾ തല കുലുക്കി അകത്തേക്ക് പോയി.

“എന്താ അവിടെ നിന്ന് കളഞ്ഞെ കയറി ഇരിക്കു..!!” കാർ ഒതുക്കി ഇട്ട് വന്ന് നിന്ന മുജീബിനോട് ആയിരുന്നു ആ ചോദ്യം.

“ഓ..ഇല്ല വല്യ വാൽ ഉള്ള കൂട്ടത്തീന്ന് ഒന്നും അല്ല്യാ.. അത്കൊണ്ട് വെറുതെ കേറി അശുദ്ധമാക്കണില്ല്യാ.ഇവിടെ നിന്നോളം..!!”വാ കൈ കൊണ്ട് പൊത്തി പിടിച്ച് നമ്പൂരി ഭാഷയിൽ ഹസ്യരൂപേണ ആയിരുന്നു മുജീബിൻ്റെ ഉത്തരവും,ഞങ്ങളുടെ അടക്കി ഉള്ള ചിരിയും കൂടെ ആയപ്പോൾ ഒരു ചമ്മലോടെ സവർണ്ണകുലജാതൻ “കുടിക്കാൻ എന്തെങ്കിലും കൊണ്ടുവരാം” എന്നും പറഞ്ഞ് അകത്തേക്ക് ഓടി.

എൻ്റെ ശ്രദ്ധ കസേരയിൽ കിടന്ന ഞങ്ങളുടെ പത്രത്തിൽ ആയിരുന്നു ഇന്ത്യ സ്വീകരിക്കാൻ പോകുന്ന പുതിയ സാമ്പത്തിക നയങ്ങളെ പറ്റി ഉള്ള ഊഹാപോഹങ്ങൾ ആയിരുന്നിരിക്കണം ഹെഡ്‌ലൈൻസ് കൂടെ എങ്ങും എത്താത്ത രാജീവ് ഗാന്ധി കേസ് അന്വേഷണവും ഉണ്ടായിരിക്കണം. കുറച്ച് കഴിഞ്ഞ് വാതിലിൻ്റെ അവിടെ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. നേരത്തെ പറഞ്ഞ ഒപ്പോൾ ആയിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു.

“മോളെ..!! മോൾ മാത്രം അകത്തേക്ക് വന്നാ മതി കേട്ടോ..!!” അത്രയും പറഞ്ഞ് ആ സ്ത്രീ അകത്തേക്ക് കയറി പോയി.ഒന്നും മനസ്സിലാകാത്തത് പോലെ ഞാൻ രവിയെ ഒന്ന് നോക്കി ആ സ്ത്രീയുടെ പുറകെ നടന്നു.

“മോൾ ഒന്നും വിചാരിക്കരുത് അവൾക്ക് ആർത്തവ സമയം ആണ് അതാ മോളോട് മാത്രം വരാൻ പറഞ്ഞത് ആ കാണുന്ന മുറിയിൽ ഉണ്ട്..” ഇത്രേം പറഞ്ഞ് ആ സ്ത്രീ തിരിച്ച് അടുക്കളയിലേക്ക് പോയി.നീണ്ട ഇടനാഴി അതിൻ്റെ അറ്റത്തായി മുകളിലേക്ക് ഉള്ള പടികെട്ട് അതിനോട് ചേർന്ന ഒരു കുടുസ് മുറി കഷ്ടിച്ച് രണ്ടുപേർക്ക് നിൽക്കാവുന്ന വലുപ്പം.നിലത്ത് പായിൽ കിടന്ന പഞ്ചമി എന്നെ കണ്ട് ചാടി എഴുന്നേറ്റ് ഇരുന്നു.ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ സ്റ്റൂൾ വലിച്ചിട്ട് ഇരുന്നു.മുഖത്ത് ക്ഷീണം വ്യക്തമാണ്,കുഴിഞ്ഞ കണ്ണുകൾ,അലസമായി കിടക്കുന്ന മുടിയും,വസ്ത്രവും, കണ്ണുകളുടെ താഴ്ഭാഗം വീർത്ത് ഇരുന്നു ഉറക്ക കുറവ് കൊണ്ടോ,കരഞ്ഞിട്ടോ ആകാം.

“എന്താ അറിയണ്ടേ..?? ആരെയോ പറ്റി അന്വേഷിച്ച് വന്നതാണ് എന്ന് അമ്മ പറഞ്ഞു..ആരെ പറ്റിയാ..??”

“ഒരു ചെല്ലമ്മയെ ഓർമ ഉണ്ടോ..?? ഡാൻസ് പഠിപ്പിച്ചിരുന്ന..?? വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട ഒരാളെ ഓർമ ഉണ്ടാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു എന്നാൽ അതിന് വിപരീതം ആയി അവളുടെ മുഖത്ത് ഒരു ചിരി പടർന്നു.

“ഉണ്ട്..എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ല..!! എൻ്റെ അവിടുത്തെ ഏറ്റോം വല്യ കൂട്ട് ആയിരുന്നു ടീച്ചർ.ഞങ്ങൾ ഒന്നിച്ച് അമ്മായിയുടെ വീട്ടിൽ ആയിരുന്നു താമസം..!!

“അല്ല…ചെല്ലമ്മ രാജാവ് ആയിട്ട് എന്തോ പ്രേമത്തിൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്…അതിനെ പറ്റി അറിയുമോ..??” പഞ്ചമിയുടെ മുഖത്ത് നിന്ന് ചിരി മാഞ്ഞ് എന്തോ ചിന്തയിലേക്ക് വഴിമാറി എനിക്ക് മുഖം തരാതെ കുറച്ച് നേരം ഇരുന്നു.

“അതിനെ പ്രേമം എന്ന് വിളിച്ചാൽ കുറഞ്ഞ് പോകും ഒരു രീതിയിൽ ഭ്രാന്ത് എന്ന് തന്നെ പറയണം..” ഒരു പാതി ചിരിയോടെ തുടർന്നു. “ഞങ്ങൾ അനന്തപുരിയിൽ എത്തിയ സമയത്ത് മഹാരാജാവ് എന്തോ കാരണത്താൽ ക്ഷേത്ര ദർശനം താത്കാലികമായി നിർത്തിയിരുന്നു.അത് കഴിഞ്ഞ് വീണ്ടും ദർശനത്തിന് വന്ന ദിവസം എല്ലാവരും മഹാരാജാവിനെ കാണാൻ ഞങ്ങളുടെ വിദ്യാലയത്തിൻ്റെ മുന്നിലെ രാജപാതയിൽ എല്ലാവരും ഒത്തുകൂടി കൂടെ ഞങ്ങളും.ആൾക്കൂട്ടത്തിന് ഇടയിലൂടെ ശങ്ക് മുദ്ര പതിച്ച കാറിൽ സുന്ദരൻ ആയ ചെറുപ്പം വിട്ട് മാറാത്ത മഹാരാജാവിനെ കൗതുകത്തോടെയും, ആരാധനയോടും നോക്കി നിന്ന ടീച്ചറിൻ്റെ നില്പ് ഇപ്പോളും ഓർമ ഉണ്ട് എനിക്ക്… ” പഞ്ചമിയുടെ മുഖം ആകെ മാറി എന്തോ ആലോചിച്ച് മുഖം താഴ്ത്തി ഇരുന്നു.

“ മഹാരാജാവ് എപ്പോഴെങ്കിലും ചെല്ലമ്മയെ നേരിട്ട് കണ്ടിട്ടുണ്ടോ..??” പഞ്ചമി മുഖം ഉയർത്തി എന്നെ ഒന്ന് നോക്കി.

“ മഹാരാജാവ് വരുന്ന നൃത്ത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് അപ്പോഴൊക്കെ ചെറിയ രീതിയിൽ ശ്രദ്ധ കിട്ടിട്ടുണ്ടായിരിക്കും..പക്ഷെ ഞങ്ങളുടെ വിദ്യാലയത്തിലെ വേറെ ഒരു ടീച്ചർ മഹാരാജാവിൻ്റെ പിറന്നാളിന് കളിക്കാൻ ഒരു നാടകം എഴുതിയിരുന്നു അതിലെ ഒരു സ്ത്രീ കഥാപാത്രം അവതരിപ്പിച്ചത് ടീച്ചർ ആയിരുന്നു..നൃത്തം തന്നെ..പക്ഷെ അത് ആയിരുന്നു ടീച്ചറിൻ്റെ ഏറ്റവും മികച്ച പ്രകടനം…ആരും നോക്കി നിന്ന് പോകുന്ന രീതിയിലെ ടീച്ചറിൻ്റെ ചുവടുകളും,ആരെയും കൊതിപ്പിക്കുന്ന വടിവും,അസൂയപ്പെടുത്തുന്ന സൗന്ദര്യവും.മഹാരാജാവ് പോലും ഒരു നിമിഷം തൻ്റെ സ്ഥാനങ്ങളും,അധികാരത്തിൻ്റെ എല്ലാ പ്രൗഡിയും മറന്ന് ഒരു ചെറുപ്പക്കാരൻ്റെ കൗതുകത്തോടെയും,ആരാധനയോടെയും, മതിമറന്ന് നോക്കി നിന്നു..പരുപാടി കഴിഞ്ഞതും ഒരു നിമിഷം കൊണ്ട് തിരിച്ച് അധികാരത്തിൻ്റെ എല്ലാ പ്രൗഡിയും വീണ്ടെടുത്ത് ഇരിക്കുന്ന മഹാരാജാവിനെ ഇപ്പോളും എനിക്ക് ഓർമ ഉണ്ട്..!!” ഒരു ചിരിയോടെ തുടർന്നു. “അത് കഴിഞ്ഞ് ചെല്ലമ്മയെ തേടി വന്ന് അഭിനന്ദനം അറിയിച്ച് അമ്മ തമ്പുരാട്ടിയുടെ പിറന്നാളിന് കൊട്ടാരത്തിൽ ഇതേ നാടകം അവതരിപ്പിക്കാനും ആവശ്യപ്പെട്ടു.. അന്നും അതുപോലെ തന്നെ മനോഹരമായ ടീച്ചറിൻ്റെ നൃത്തം മതിമറന്ന് മഹാരാജാവ് ആസ്വദിച്ചു..ബഹുമതി എന്ന പോലെ എല്ലാവർക്കും പട്ടും വളയും നൽകുകയും ചെയ്തു. പക്ഷെ ടീച്ചർ അത് പുടവ ആയിട്ടാണ് സ്വീകരിച്ചത്..അത് കഴിഞ്ഞ് പിന്നെ അതും അണിഞ്ഞ് ഒരു മഹാറാണിയെ പോലെ ആഭരണങ്ങൾ അണിഞ്ഞ്, ഒരുങ്ങിയെ ഞങ്ങൾ കണ്ടിട്ടുള്ളൂ ടീച്ചറിനെ.. എന്നും മഹാരാജാവിനെ കാണാൻ വിദ്യാലയത്തിൻ്റെ മുന്നിൽ നിന്നിരുന്ന നില്പ് അമ്പല പരിസരത്ത് ആയി..എരിതീയിൽ എണ്ണ എന്ന പോലെ ഞങ്ങളുടെ കളിയാക്കൽ കൂടി ആയപ്പോൾ അത് ഒരു ഭ്രാന്ത് ആയി തന്നെ മാറി.. വിദ്യാലയത്തിലെ ജോലി നഷ്ടപ്പെട്ടു..,വീട്ടിൽ വരാതെ ആയി എപ്പോഴും അമ്പല പരിസരത്തും.., കൊട്ടാര പരിസരത്തും ആയി കറങ്ങി നടക്കും..!!” പെട്ടന്ന് ആ മുറിയിൽ നിശബ്ദത പരന്നു.പഞ്ചമി ഏതോ ചിന്തയിൽ മുഖം താഴ്ത്തി ഇരുന്നു. എനിക്കും എന്തോ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.അന്വേഷണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക്.

ചെല്ലമ്മയുടെ പാറശാലയിൽ കുടുംബത്തെ പറ്റി അന്വേഷിച്ചപ്പോൾ അവർ അവിടെ നിന്നും എങ്ങോട്ടോ നാടുവിട്ടു.ചെല്ലമ്മ എവിടാ താമസം എന്ന് അറിയാൻ രാമചന്ദ്രൻ സാറിനെ വിളിച്ചപ്പോൾ കിട്ടിയില്ല..സാർ മിക്കവാറും രാജീവ് ഗാന്ധി കേസിൻ്റെയൊ,പുതിയ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെ ചോർത്താൻ ഉള്ള ശ്രമത്തിലോ..,അല്ലങ്കിൽ ഭരണത്തിൽ കയറി ഇരുപ്പ് ഉറപ്പിക്കാത്ത സംസ്ഥാന സർക്കാരിൻ്റെയോ പുറകിൽ ആയിരിക്കണം.വൈകുന്നേരത്തോടെ ഞങ്ങൾ അനന്തപുരിയിൽ എത്തിയതും മഹാരാജാവിൻ്റെ മരണ വാർത്തയാണ് അറിഞ്ഞത്.ഞങ്ങളുടെ സഹായത്തിന് ആയി നേരത്തെ പറഞ്ഞുവെച്ച ആളുടെ കൂടെ വിജനമായ രാജപാതയിലൂടെ നടന്ന് നൃത്ത വിദ്യാലയത്തിൻ്റെ മുന്നിൽ എത്തി ചിത്രങ്ങൾ പകർത്തി. പ്രധാന ഉദ്ദേശം ചെല്ലമ്മയെ കാണുക എന്നുള്ളതായത് കൊണ്ട് ഞങ്ങൾ വേഗം അവിടെ നിന്ന് ഇറങ്ങി അമ്പലത്തിൻ്റെ കിഴക്കെ നടയിലേക്ക് എത്തി.

“ദേ അതാണ് ചെല്ലമ്മ..!!” കൂടെ വന്ന ആൾ ദൂരെ നിന്ന് നിലത്ത് ഇരുന്ന് അമ്പലത്തിലേക്ക് നോക്കി കുമ്പിട്ട് കിടക്കുന്ന ഒരാളെ ചൂണ്ടി കാണിച്ച് തന്നു. ചുമന്ന ബ്ലൗസും,നല്ല കസവ് ഉള്ള സെറ്റ് മുലക്കച്ച പോലെ ഉടുത്ത്,കയ്യിലും മേത്തും എല്ലാം സ്വർണം അണിഞ്ഞ് രാജ പ്രൗഡിയോടെ തന്നെ ആണ് കാഴ്ചയിൽ, നര കയറിയ മുടികളുടെ ഇടയിൽ ഒന്നോ രണ്ടോ കറുത്ത മുടികളും കാണാം, കമ്മലിൻ്റെ ഭാരം കൊണ്ട് ആയിരിക്കണം ചെവികൾ കൂടുതൽ തൂങ്ങി കിടക്കുന്നു.ഞാൻ അടുത്തേക്ക് ചെന്ന് പതുക്കെ തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“അമ്മേ..അമ്മേ..!!” അതിന് ഒന്ന് പ്രതികരിക്കാതെ അനക്കം ഇല്ലാതെ കിടന്ന ശരീരത്തിൽ ആകെ ഒരു തണുപ്പ് പടരുന്നുണ്ടായിരുന്നു.എൻ്റെ പേടിച്ച് അരണ്ട മുഖം കണ്ടിട്ട് ആകണം മുജീബും,രവിയും,ഞങ്ങളുടെ വഴികാട്ടിയും ഓടി വന്നു.അനക്കം ഇല്ല എന്ന് കണ്ടപ്പോൾ വേഗം അവരെ ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷെ കാര്യം ഉണ്ടായില്ല. മഹാരാജാവിനൊപ്പം ചെല്ലമ്മയും.

“ഇത് രോഗിടെ ആഭരണങ്ങളും,കയ്യിൽ നിന്നും കിട്ടിയ ബാഗും ആണ്..!!” ഒരു പൊതിയും,ബാഗും ഞങ്ങൾക്ക് തന്ന് നഴ്സ് പോയി.പൊതി രവിക്ക് കൊടുത്ത് ഞാൻ അത് സഞ്ചി ഒന്ന് തുറന്ന് നോക്കി മഹാരാജാവിൻ്റെ ഒരു ചിത്രവും,ഒരു പുടവയും ആയിരുന്നു അതിൽ.

ബോഡി കൊണ്ടുപോകുന്ന വണ്ടിയെ പിന്തുടരുന്നതിൻ്റെ ഇടക്ക് ബാക്ക് സീറ്റിൽ ഇരുന്ന് രവിയുടെ ശ്രദ്ധ പൊതിയിലെ ആഭരണങ്ങളിൽ ആയിരുന്നു. “ഇതിലും കൂടുതൽ ഉണ്ടായിരുന്നു എന്നാ ആ പുള്ളി പറഞ്ഞത് പലരും മഹാരാജാവിൻ്റെ പേര് പറഞ്ഞ് പറ്റിച്ച് കൊണ്ട് പോയി എന്ന്.. പറ്റിക്ക പെടാൻ ഒരാൾ നിന്ന് തരുന്ന ഒരു അവസരവും നമ്മുടെ നാട്ടുകാർ പാഴാക്കില്ലല്ലോ..!! എന്നാലും ഇത്രേം നാൾ..ഇത്രേം ആത്മാർത്ഥമായി ഒരാളെ എങ്ങനെ പ്രേമിക്കുന്നത്…??”

എനിക്ക് ആദ്യം വന്നത് ചിരി ആണ് “ചിലത് അങ്ങനാ..ക്യാൻസർ പോലെ..പെട്ടന്ന് പടരും..പക്ഷെ ചികിത്സിക്കാൻ പാടാ..!!”ഞാൻ അവർക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു.

അസ്തമയ സൂര്യൻ്റെ വെളിച്ചത്തിൽ കലങ്ങി കിടന്ന ആകാശത്തെ സാക്ഷിയായി ചെല്ലമ്മയുടെ ചിത എരിഞ്ഞു.കത്തി തീരുന്നതിന് മുമ്പേ ഞങ്ങൾ തിരിച്ചു. അങ്ങനെ ചെല്ലമ്മയുടെ പ്രണയ കഥ തിരഞ്ഞ് ഉള്ള അവസാന ഘട്ടവും അവസാനിച്ചു..എന്നെ പോലെ ഭ്രാന്തമായി ഒന്നിനെ സ്നേഹിക്കുന്ന മറ്റൊരാളെ കൂടി കണ്ടത് കൊണ്ട് ആയിരിക്കണം മഹാരാജാവിന് ഒപ്പം ചെല്ലമ്മ എന്നെയും പിന്തുടരുന്നത് പോലെ.ചെല്ലമ്മ എന്ന അധ്യായം അവസാനിക്കുന്നില്ല തലമുറകൾ കൈമാറുന്ന മറക്കാത്ത അധ്യായം ആയി അത് തുടരും..

 (ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി)