(ഈ കഥ തികച്ചും സാങ്കല്പികവും, വായനകാരൻ്റെ വിനോദത്തിനും മാത്രം ആണ്.ചില യാഥാർഥ സംഭവങ്ങളും, വ്യക്തികളെയും അടിസ്ഥാനം ആക്കി ഉള്ളതും ആണ്.)
ജർമൻ നഗരത്തിലെ ഒരു പതിവ് സായാനം. ബാറിൻ്റെ ചൂട് അന്തരീക്ഷത്തിൽ മൂലക്ക് ഇരുന്ന് ഒരു കോപ്പ ബിയറും കുടിച്ച്,പിയാനോ സംഗീതം കേട്ടുകൊണ്ട് ചുരുണ്ട മുടിയും, നീണ്ട മുഖവും ആയി തൻ്റെ പുതിയ രചനയുടെ എഴുത്തും കുറിയും ആയി ഇരിക്കുന്ന സാമുവൽ. പെട്ടന്ന് വാതിൽ തള്ളി തുറന്ന് പുറത്തെ തണുത്ത കാറ്റ് അകത്തേക്ക് കടത്തി വിട്ടുകൊണ്ട് ഒരു ജർമൻകാരൻ അകത്തേക്ക് കയറി വന്നു ശബ്ദം കേട്ട് സാമുവലും അയാൾ കയറി വരുന്നത് നോക്കി ഇരുന്നു.അയാളും അവനെ ഒരു വെറുപ്പോടെ നോക്കിക്കൊണ്ട് ഒരു ബെഞ്ചിൽ ചെന്ന് ഇരുന്നു. ഒരു സിഗററ്റ് എടുത്ത് കത്തിച്ച് വലിച്ച് എഴുത്തിലേക്ക് തിരിച്ച് വീണ്ടും മുഴുകി വന്നപ്പോഴേക്കും ആണ് ബാറിലെ പയ്യൻ വന്നത്.
“സാർ ഒരു ഫോൺ ഉണ്ട്..!!” സാമുവൽ ഉടനെ എഴുന്നേറ്റ് ഫോണിൻ്റെ അടുത്തേക്ക് ചെല്ലുന്നു.
“ഹലോ..ആരാ..?? സിഗററ്റ് വലിച്ച് വിട്ട് അയാൾ ഉത്തരത്തിന് കാത്തിരുന്നു.
“പീറ്റർ ആണ്..നീ ഒന്ന് വീട്ടിലേക്ക് വരണം ഒരു ആവശ്യം ഉണ്ട്..!!” ഇത്രേം പറഞ്ഞ് അവൻ ഫോൺ വെച്ചു.തിരിച്ച് വന്ന് കോപ്പയിൽ മിച്ചം ഉണ്ടായിരുന്ന ബിയർ കുടിച്ച്,സിഗററ്റ് കെടുത്തി കസേരയിൽ കിടന്ന കോട്ട് എടുത്ത് ഇട്ട് പുറത്തേക്ക് ഇറങ്ങി.എന്തെങ്കിലും കാര്യം ഇല്ലാതെ പീറ്റർ തന്നെ വിളിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആണ് സാമുവൽ ഉടനെ ഇറങ്ങിയത്.രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്‌ലറിൻ്റെ സൈന്യത്തിലെ ജർമനി പടയാളി ആയിരുന്ന ഹെൻസിൻ്റെ മകൻ ആണ് പീറ്റർ,ജൂത സ്ത്രീ ആയിരുന്ന സൂസന്നയെ കണ്ട് ഇഷ്ടപ്പെടുകയും ഹിറ്റ്‌ലറിൻ്റെ ക്യാമ്പിൽ നിന്ന് രക്ഷപെടുത്തി പുതിയ പേര് നൽകി കല്യാണം കഴിക്കുകയും,സംരക്ഷിക്കുകയും ചെയ്തു. രണ്ട് രീതികളിലും,സാഹചര്യങ്ങളിലും വളർന്നത് കൊണ്ട് ആയിരിക്കണം ജൂതന്മാരെ കാണുമ്പോൾ ഉള്ള ജർമ്മൻകാരുടെ സ്ഥിരം പുച്ഛമോ, അകൽച്ചയൊ കാണിക്കത്തിടത് നിന്ന് ആണ് അവരുടെ സൗഹൃദം വളർന്നത്
രാത്രി ഒരു ഏഴ് മണിയോടെ സാമുവൽ പീറ്ററിൻ്റെ വീട്ടിൽ എത്തി.പീറ്ററിൻ്റെ ഭാര്യ വാതിൽ തുറന്ന് അകത്ത് പീറ്റർ ഇരുന്ന മേശയിലേക്ക് ഇരുത്തി ബ്രെഡും,വൈനും വിളമ്പി.
“നീ എന്തിനാ കാണണം എന്ന് പറഞ്ഞത്..??” കയ്യിലെ വൈൻ എടുത്ത് കുടിച്ച് അവൻ്റെ ഉത്തരത്തിനായി കാത്തിരുന്നു.പീറ്ററിൻ്റെ ഭാര്യ അകത്ത് നിന്ന് ഒരു ഡയറി എടുത്തുകൊണ്ട് വന്ന് സാമുവലിൻ്റെ നേരെ നീട്ടി.
“അച്ചൻ്റെയാ..മുറി വൃത്തിയാക്കിയപ്പോൾ കിട്ടിയത. ചുമ്മാ വായിച്ച് നോക്കിയപ്പോൾ ഒരു കാര്യം കിട്ടി.നീ ഒന്ന് വായിച്ച് നോക്കിക്കെ..” ഡയറി വാങ്ങി മാർക്ക് വെച്ചിരുന്ന ഭാഗം തുറന്ന് സാമുവൽ വായിക്കാൻ തുടങ്ങി.
“30 April 1945..മഹാനായ ഹിറ്റ്ലർ മരിച്ചു..!! 3.30യോടെ ഇടവിട്ട് രണ്ട് വെടിയൊച്ച കേട്ടാണ് ഞങ്ങൾ നേതാവിൻ്റെ മുറിയിലേക്ക് എത്തിയത്.നിലത്ത് സ്വന്തം തോക്കിൽ നിന്ന് വെടി കൊണ്ട് നിലത്ത് കിടക്കുന്ന നേതാവിനെയും,തൊട്ട് അടുത്തായി കിടക്കുന്ന സൈനിക ഡോക്ടറും,കട്ടിലിൽ ആയി ചോര ശർദ്ദിച്ച് കിടക്കുന്ന നേതാവിൻ്റെ ഭാര്യയെയും ആണ് ഞങ്ങൾ കണ്ടത്.ഉടനെ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഞങ്ങളെ പുറത്ത് ഇറക്കി അവർ മുറി മുഴുവൻ പരതി ഒരു പേപ്പറും ആയി പുറത്തേക്ക് ഇറങ്ങി.ശരീരങ്ങൾ എടുത്ത് മാറ്റി,മുറി വൃത്തിയാക്കാൻ ഉത്തരവ് ഇട്ടു. തണുത്ത് വിറങ്ങലിച്ച ആ മൂന്ന് ശരീരങ്ങൾ വെള്ള തുണിയിൽ പൊതിഞ്ഞ് ഓഫീസിൻ്റെ മുന്നിൽ കിടത്തി.മേൽ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച കഴിഞ്ഞ് ഒരു പേപ്പർ എൻ്റെ കയ്യിൽ തന്ന് ഡോക്ടറുടെ ശരീരം പഞ്ചസാര ഇട്ട് കത്തിക്കാനും കൂടെ കൂടെ ഈ പേപ്പറും ആരും വായിക്കാതെ വായിക്കാതെ കത്തിച്ച് കളയാനും ഉത്തരവ് ഇട്ടു. ഞങ്ങൾ ഒരു ചാക്ക് പഞ്ചസാര ട്രക്കിൽ വെച്ച് കാട് ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും നേതാവ് ആത്മഹത്യ ചെയ്തതായി ഉള്ള വാർത്ത പുറത്ത് വന്നിരുന്നു. അതിൻ്റെ കാരണം എന്ത് എന്ന് അറിയാൻ ഉള്ള കൗതുകം കൊണ്ട് ആ പേപ്പർ തുറന്ന് വായിക്കാതിരിക്കാൻ കഴിഞ്ഞില്ല. അതിൽ പറഞ്ഞവ ചുവടെ കൊടുത്തിരിക്കുന്നു.
എൻ്റെ ജർമ്മൻകാരെ,
രാജ്യത്തിൻ്റെയും,അധികാരത്തിൻ്റെയും,ശരീരത്തിൻ്റെയും, സൈന്യത്തിൻ്റെയും മേലിൽ ഉള്ള എൻ്റെ നിയന്ത്രണം നഷ്ടമാകുന്നു.അതിനൊപ്പം എൻ്റെ പാതി ആയി നിന്നവളും എൻ്റെ നാശത്തിന് വേണ്ടി,അവളുടെ കൂട്ടുകാരിക്ക് വേണ്ടി ജൂതന്മാരുടെ കൂടെ കൂടി എന്നെ കൊല്ലാൻ ശ്രമിച്ചതും, അവളുടെ എൻ്റെ മുന്നിൽ വെച്ച് ഉള്ള മരണവും എൻ്റെ മനസ്സിൻ്റെ മേലിൽ ഉള്ള നിയന്ത്രണവും നഷ്ടപ്പെടുത്തുന്നു. ഇനി ഞാൻ ഈ സ്ഥാനത്ത് നിൽക്കാനോ,ഈ നാട് ഭരിക്കാനോ,എന്തിന് ജീവിക്കാൻ പോലും അർഹനല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.സ്വന്തം നിഴലിനെ പോലും പേടിച്ച് ഉള്ള ജീവിതം ഇവിടെ അവസാനിക്കുന്നു.ജർമ്മൻ ജനതെ...സമരം തുടരുക.ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും... അവസാനം വരെ. “വോർവാർട്ട്സ്”
വായിച്ച് തീർന്നതും ഞങ്ങൾ കാടിൻ്റെ നടുവിൽ എത്തി. കത്തുന്ന ശരീരത്തിലേക്ക് ആ കത്തും എടുത്ത് ഇട്ടു.
ഇത്രയും വായിച്ചതും സാമുവൽ അവനെ ഒരു ഞെട്ടലോടെ നോക്കി.തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിക്ക് അവൻ ആ ആത്മഹത്യ കുറുപ്പ് ഒന്നൂടെ വായിച്ചു. രണ്ടാമത്തെ വായനയിൽ ഒരു ചിരി ആണ് വന്നത്. മഹാനെന്നും, ക്രൂരൻ എന്നും മുദ്രകുത്തിയ ഒരു വ്യക്തി ആണ് ഇത് എഴുതിയത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല. ലക്ഷകണക്കിന് ജൂതന്മാരുടെ നിലവിളി കേട്ട് പൊട്ടി ചിരിച്ച ഇവരുടെ നേതാവ് കരഞ്ഞിട്ടുണ്ടാകുമോ ഇത് എഴുതുമ്പോൾ,കുറ്റബോധം തോന്നിട്ടുണ്ടാകുമോ,ഒരു ചീട്ട് കൊട്ടാരം പോലെ അടുക്കി വെച്ചത് എല്ലാം ഓരോന്നായി താഴെ വീഴുമ്പോൾ നിസ്സഹായനായി ഇരുന്നിട്ടുണ്ടാകുമോ ഒരു മനുഷ്യനെ പോലെ. ഇനി ഈ കത്ത് സത്യമായിരിക്കുമോ..?? അതോ പീറ്ററിൻ്റെ അച്ഛൻ്റെ ഒരു ഭാവന ആയിരിക്കുമോ..?? ഒരു ജൂതൻ എന്നതിൽ അത് ഓർത്ത് ചിരിക്കണോ..,അതോ മനുഷ്യൻ എന്നതിൽ ആ മനുഷ്യനോട് സഹതാപം കാണിക്കണോ എന്ന് അറിയാതെ പുറത്ത് പെയ്യുന്ന മഞ്ഞിനെ നോക്കി എന്തോ ചിന്തകളിൽ മുഴുകി സാമുവൽ ഇരുന്നു.