Cholanaykkar - 1 in Malayalam Fiction Stories by yukta books and stories PDF | ചോലനായ്ക്കർ - 1

The Author
Featured Books
Categories
Share

ചോലനായ്ക്കർ - 1

ഈറൻ മണ്ണിന്റെയും അഴുകിയ ഇലകളുടെയും വന്യമൃഗങ്ങളുടെ ഉഷ്ണത്തിന്റെയും മിശ്രിതമായ ആ ഗന്ധം.. അതായിരുന്നു കാടിന്റെ ശ്വാസം.

ആകാശം കാണാൻ സമ്മതിക്കാത്ത വണ്ണം പടർന്നുപന്തലിച്ചു നിൽക്കുന്ന ഈറ്റക്കാടുകൾക്കിടയിലൂടെ കരിമ്പുഴ പതഞ്ഞൊഴുകുന്നുണ്ടായിരുന്നു. 
വായുവിൽ ഈർപ്പത്തിന്റെ കനവും, ചീവീടുകളുടെ നിർത്താതെയുള്ള മന്ത്രണവും. 

നിലമ്പൂരിലെ ആഴമേറിയ വനത്തിനുള്ളിൽ, കാലം അതിന്റെ ഘടികാരസൂചി തിരിക്കാൻ മറന്നുപോയ ഒരിടമുണ്ട്- അളകൾ (ഗുഹകൾ)..

ചോലനായ്ക്കരുടെ ആദിമ ഗൃഹമായ 'അള'യ്ക്കുള്ളിൽ (ഗുഹ) ഇരുന്നുകൊണ്ട് മാരൻ പുറത്തെ മഴയെ നോക്കി. 

പാതിരാത്രിയിൽ പെയ്ത മഴയിൽ കാട് കുതിർന്നു കിടക്കുന്നു. പുറത്ത് ചീവീടുകളുടെ കരച്ചിൽ ഒരു മൂളക്കം പോലെ അന്തരീക്ഷത്തിൽ തങ്ങിനിൽപ്പുണ്ട്. 

മഴ തോർന്നിരിക്കുന്നു. പക്ഷേ, കാട് ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മരത്തലപ്പുകളിൽ തങ്ങിനിന്ന മഴത്തുള്ളികൾ കാറ്റടിക്കുമ്പോൾ മുത്തുമണികൾ പോലെ അടർന്നു വീണ് ഇലപ്പടർപ്പുകളിൽ താളം പിടിക്കുന്നു.

വെയിലിൽ വെന്തുരുകിയ മണ്ണ് പെട്ടെന്ന് തണുത്തപ്പോൾ പൊട്ടിപ്പുറപ്പെട്ട 'മണ്മണം' അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. അതിനോടൊപ്പം കാട്ടുപിച്ചകത്തിന്റെ ലഹരിയുള്ള ഗന്ധവും, ഈറൻ പിടിച്ച ഈഞ്ചപ്പട്ടയുടെ കയ്പ്പുള്ള മണവും അലിഞ്ഞുചേർന്നിരിക്കുന്നു. താഴെ, അഴുകിത്തുടങ്ങിയ കരിയിലകൾക്കിടയിൽ നിന്ന് മുളച്ചുപൊന്തിയ കൂണുകളുടെ വന്യമായൊരു മണം വായുവിൽ നിറയുന്നു. 

ആ ഗന്ധം ശ്വസിക്കുമ്പോൾ ശ്വാസകോശത്തിൽ ഒരു തണുപ്പ് പടരും, അത് കാടിന്റെ ജീവന്റെ ഗന്ധമാണ്.

അളയുടെ (ഗുഹയുടെ) കവാടത്തിൽ, ചന്തിക്കല്ലിൽ ചാരിയിരുന്ന് മാരൻ ദൂരേക്ക് നോക്കി.

കാടിന്റെ നിറം ഇപ്പോൾ മാറിക്കഴിഞ്ഞു. മരതകപ്പച്ചയേക്കാൾ കടുത്ത, കണ്ണഞ്ചിപ്പിക്കുന്ന ഒരു 'മഴപ്പച്ച' കാടിനെ പൊതിഞ്ഞിരിക്കുന്നു. 

ഈട്ടിമരങ്ങളുടെ കറുത്ത തടികളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നത് വിയർപ്പുതുള്ളികൾ പോലെ തോന്നും.

പാറയിടുക്കുകളിലൂടെ ഊറിവരുന്ന കാട്ടുചോലകൾക്ക് ഇപ്പോൾ കൂടുതൽ വേഗമാണ്, അവ കല്ലുകളിൽ തട്ടി ചിതറുമ്പോൾ വായുവിൽ നേർത്ത മഞ്ഞുതുള്ളികൾ പോലെ ജലകണങ്ങൾ പടരുന്നു.

നിശബ്ദതയെ ഭേദിച്ചുകൊണ്ട് എവിടെയോ ഒരു മരംകൊത്തി മരത്തിൽ കൊത്തുന്ന ശബ്ദം കേൾക്കാം- കാടിന്റെ ഹൃദയമിടിപ്പുപോലെ. 

നനഞ്ഞ ചിറകുകൾ കുടഞ്ഞുണക്കുന്ന കാട്ടുപക്ഷികളുടെ ചിലയ്ക്കലുകൾക്കിടയിൽ, ദൂരെ ഒരു ആനക്കൂട്ടം കാടിന്റെ ആഴങ്ങളിലേക്ക് നീങ്ങുന്നതിന്റെ മന്ദമല്ലാത്ത ചലനങ്ങൾ മണ്ണിൽ പ്രകമ്പനം സൃഷ്ടിക്കുന്നു.

മഴ കഴുകി വെടിപ്പാക്കിയ കാറ്റിന് ഇപ്പോൾ ഉയിർപ്പിന്റെ മണമാണ്. 
നനഞ്ഞ മണ്ണിൽ നിന്ന് ഉയരുന്ന ആ ഗന്ധം അവന്റെ നാസാരന്ധ്രങ്ങളിലൂടെ കയറി ചോരയിൽ ചെന്നു കലർന്നു. അത് അവന്റെ പൂർവ്വികരുടെ മണമാണ്, മണ്ണിൽ അലിഞ്ഞുചേർന്ന ആയിരം വർഷത്തെ കാട്ടുജീവിതങ്ങളുടെ ഗന്ധം.

ഈഞ്ചപ്പട്ടയുടെ കയ്പ്പും, കരിമ്പാറകൾക്ക് മുകളിൽ വിരിഞ്ഞ പായലുകളുടെ തണുത്ത മണവും അവൻ ആവോളം ശ്വസിച്ചു. 
കാരണം.. ഇനി എന്ന് ഇതൊക്കെ സാധ്യമാവും എന്ന് അവന് അറിയില്ല.

കാട് ഇപ്പോൾ ഒരു വന്യമൃഗത്തെപ്പോലെ ശാന്തമാണ്, പക്ഷേ അത് ഉറങ്ങുകയല്ല. ഓരോ ഇലയ്ക്കടിയിലും ഓരോ കണ്ണുകൾ മുളച്ചിരിക്കുന്നു.

"മഴ പെയ്താൽ കാട് അതിന്റെ മുഖം കഴുകും മാരാ... പക്ഷേ ഉള്ളിലെ കനൽ കെടുത്താൻ ഈ കാടിന് കഴിയില്ല."

മാരൻ മെല്ലെ എഴുന്നേറ്റു. കാടിന്റെ ഈ നിശബ്ദതയ്ക്ക് ഇന്ന് ഒരു വല്ലാത്ത ഭാരമുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. ഒരു വേർപാടിൻ്റെ ഭാരം.

_______

അവൻ്റെ ജ്യേഷ്ഠൻ ഇത് വരെ തിരികെ എത്തിയിട്ടില്ല. ദൂരെ വേട്ടയാടാൻ പോയിരുന്നു. ഉൾക്കാട്ടിൽ. 
ഇനിയും കാത്താൽ തുഴവഞ്ചിയിൽ പുഴ കടക്കാൻ പറ്റില്ല. മൃഗങ്ങൾ ഇറങ്ങും. വെള്ളം വേലികേറും.

അവൻ ഒരു നിമിഷം നിന്നു. ചെവി കൂർപ്പിച്ചു.

അകലെ കരിമ്പുഴ പാറക്കെട്ടുകളിൽ തല്ലിത്തകർന്നു പതയുന്ന ഒച്ച. കാട്ടുകുരുമുളകിന്റെ വള്ളികൾ പടർന്നുകയറിയ വന്മരങ്ങൾക്കിടയിലൂടെ വെയിൽ ചീളുകൾ താഴേക്ക് വീഴുന്നത്, പുള്ളിപ്പുലിയുടെ ശരീരത്തിലെ വരകൾ പോലെ മണ്ണിൽ തെറിച്ചു കിടക്കുന്നു. ചോലനായ്ക്കരുടെ 'അളകൾക്ക്' (ഗുഹകൾക്ക്) പുറത്ത് കത്തുന്ന തീക്കനലിൽ നിന്ന് ഉയരുന്ന പുകയ്ക്ക് മാംസം വെന്ത മണമല്ല, കാടിന്റെ ആത്മാവ് വെന്ത മണമായിരുന്നു.

ചിന്തിച്ച്.. ശ്വസിച്ച്.. നിൽക്കുകയായിരുന്ന അവൻ്റെ അടുക്കലേക്ക് ഒരാള് നടന്നു വരുന്നുണ്ടായി.

"നീ പോക്കോ മാര?"
(നീ പോകുകയാണോ മാരൻ?)

അരുവിയിലെ തെളിനീർ പോലെ തെളിച്ചമുള്ള ആ ശബ്ദം കാട്ടുമൂപ്പന്റേതായിരുന്നു. 

പായൽ പിടിച്ച പാറക്കല്ലുപോലെ ഇരിക്കുന്ന മൂപ്പന്റെ കണ്ണുകളിൽ ഭയമായിരുന്നില്ല, മറിച്ച് കാലം കരുതിവെച്ച ഒരു വലിയ മൗനമായിരുന്നു.

"ഓതണം മൂപ്പാ... നമ്മ അളക്കര കത കണ്ട് അവർക്ക് ചൊന്നുകൊടുക്ക എനക്ക് അക്ഷര വേണം."

(പഠിക്കണം മൂപ്പാ... നമ്മുടെ ഗോത്രത്തിന്റെ കഥകൾ അവർക്കും കൂടി പറഞ്ഞു കൊടുക്കാൻ എനിക്ക് അക്ഷരങ്ങൾ വേണം.) 
മാരൻ മറുപടി പറഞ്ഞു.

അവൻ നടന്നകലുമ്പോൾ കാട് പിന്നിൽ നിന്ന് വിളിക്കുന്നത് പോലെ തോന്നി.

പുഴയുടെ മറുകരയിൽ ഇരുട്ട് കട്ടപിടിച്ചു തുടങ്ങിയിരുന്നു. കരിമ്പുഴയിലെ വെള്ളത്തിന് ഇപ്പോൾ കറുത്ത നിറമാണ്. അത് കലങ്ങി മറിയുന്നുണ്ട്, ഉൾക്കാട്ടിൽ എവിടെയോ കനത്ത മഴ പെയ്യുന്നുണ്ടാകണം.

മലവൻ്റെ ചെറിയ തുഴവഞ്ചി ലക്ഷ്യമാക്കി അവൻ നടന്നു. കാൽപാദത്തിനടിയിൽ അമരുന്ന നനഞ്ഞ കരിയിലകളുടെ ശബ്ദം പോലും ഒരു വിലാപം പോലെ തോന്നിപ്പിച്ചു. 

വഞ്ചി അഴിക്കുമ്പോൾ, പുഴയുടെ ഇരമ്പലിനിടയിൽ ദൂരെ നിന്ന് ഒരു കാട്ടാനയുടെ ചിന്നംവിളി കേട്ടു. അത് കാടിന്റെ മുന്നറിയിപ്പാണ്. വന്യമൃഗങ്ങൾ ജലം തേടി ഇറങ്ങുന്ന സമയമെന്ന്..

മലവൻ വഞ്ചിയുടെ കെട്ട് അഴിച്ചു, പതിയെ വെള്ളത്തിലേക്ക് നിരക്കി നീക്കി.

കരിമ്പുഴയുടെ ഓളപ്പരപ്പിലേക്ക് തുഴവഞ്ചി നീങ്ങിയപ്പോൾ മാരൻ തിരിഞ്ഞു നോക്കി. ആ ഗുഹകളും കരിമ്പാറകളും പച്ചപ്പിന്റെ വന്യതയും ഇരുട്ടിലേക്ക് മായുകയാണ്. 

മലവൻ നിശബ്ദനായി വഞ്ചി തുഴഞ്ഞു. മാരന്റെ ഉള്ളിലെ പരിഭ്രമം പുഴയിലെ ചുഴികൾ പോലെ വട്ടം കറങ്ങുന്നുണ്ടായിരുന്നു.

"മാരാ... കാട് വിട്ട് പോണത് ഒടല് മാത്രമാടാ... ഉയിര് ഇന്ത കാനത്തിനേ ഇരിക്കും. ഇന്ത വാച്ചിയും കാറ്റും നിന്നെ എപ്പവും കൂപ്പിട്ടുട്ടേ ഇരിക്കും."

(മാരാ... കാട് വിട്ടു പോകുന്നത് ഉടലല്ലേയുള്ളൂ, ഉയിര് ഇവിടെത്തന്നെ കാണും. ഈ പുഴയും കാറ്റും നിന്നെ എന്നും വിളിച്ചുകൊണ്ടേയിരിക്കും) 

മലവന്റെ വാക്കുകളിൽ കാടിന്റെ ഗൗരവമുണ്ടായിരുന്നു. സാന്ത്വനമുണ്ടായിരുന്നു.

....


പുഴയ്ക്ക് അക്കരെ, ഒരു ജീപ്പ് മാരനെ കാത്തു നിന്നിരുന്നു. അതവനെ ദൂരെയുള്ള ബസ് സ്റ്റാൻഡിൽ എത്തിച്ചു. ദീർഘനേരത്തെ ബസ് യാത്രക്കൊടുവിൽ അവൻ നഗരത്തിൻ്റെ മധ്യത്തിലേക്ക് ഒടുക്കം ആവാഹിക്കപ്പെട്ടു.

നിലമ്പൂരിന്റെ ആഴങ്ങളിൽ, സൂര്യപ്രകാശത്തിന് പോലും പ്രവേശിക്കാൻ അനുവാദമില്ലാത്ത ഇടങ്ങളിൽ നിന്ന്, കരിമ്പുഴയുടെ തണുപ്പും പേറി മാരൻ എന്ന യുവാവ് നഗരത്തിന്റെ പുകമറകളിലേക്ക് ഇറങ്ങിയ നിമിഷം കാട് ഒരു തേങ്ങൽ മരങ്ങൾക്കുള്ളിൽ ഒതുക്കിയിരുന്നു.

ചോലനായ്ക്കരുടെ അളകളിൽ (ഗുഹകളിൽ) നിന്ന് അവൻ കൊണ്ടുവന്നത് വെറുമൊരു ഭാണ്ഡമായിരുന്നില്ല; ആയിരം വർഷത്തെ കാടിന്റെ ഗന്ധമായിരുന്നു. നനഞ്ഞ കരിയിലകൾ ദ്രവിക്കുന്ന മണം, ചത്ത പുലിയുടെ തുകലിൽ നിന്ന് ഉയരുന്ന വന്യത, ഈറ്റക്കാടുകൾക്കിടയിൽ തങ്ങിനിൽക്കുന്ന മഞ്ഞിന്റെ തണുപ്പ്- അങ്ങനെ അവന്റെ ഓരോ ശ്വാസത്തിലും കാട് മിടിച്ചുകൊണ്ടിരുന്നു.

നഗരത്തിലെ ബസ് സ്റ്റാൻഡിൽ കാലുകുത്തിയപ്പോൾ, ആസ്ഫാൾട്ട് റോഡിലെ മൃതമായ ചൂട് അവന്റെ പാദങ്ങളെ പൊള്ളിച്ചു. 

കാട്ടിൽ മണ്ണ് സംസാരിക്കാറുണ്ട്. ഓരോ കാൽവെപ്പിലും മണ്ണ് അവനോട് വിശേഷങ്ങൾ ചോദിക്കാറുണ്ട്. പക്ഷേ ഇവിടെ, ടാർ റോഡുകൾക്ക് മൗനമായിരുന്നു. ചലനമറ്റ, ശ്വാസമില്ലാത്ത കറുത്ത പാതകൾ. വാഹനങ്ങളുടെ ഇരമ്പൽ അവന് കേൾപ്പിച്ചത് മുറിവേറ്റ ഒരു കാട്ടുപോത്തിന്റെ അന്ത്യശ്വാസമല്ല, മറിച്ച് യന്ത്രങ്ങൾ കാടിനെ വിഴുങ്ങാൻ വരുന്നത് പോലത്തെ ഭയാനകമായ ശബ്ദമായിരുന്നു.

ഉൽകണ്ഠകളെ ഉള്ളിൽ മൂടി അവൻ ഒരു നിമിഷം കണ്ണിനു മുകളിലെ ആകാശത്തിലേക്ക് നോട്ടം പായിച്ചു.

മരങ്ങൾ ഇല്ലാത്ത നഗ്നമായ ആകാശം.. അവിടെ കാറ്റ് പോലും വഴിതെറ്റി ഉഴറുകയായിരുന്നു അപ്പോൾ..