Cholanaykkar - 2 in Malayalam Love Stories by yukta books and stories PDF | ചോലനായ്ക്കർ - 2

The Author
Featured Books
Categories
Share

ചോലനായ്ക്കർ - 2

മുന്നിൽ നഗരം ഒരു വന്യമൃഗത്തെപ്പോലെ വായ പിളർന്നു നിൽക്കുന്നു. 
മാരൻ ശ്വാസമെടുക്കാൻ ശ്രമിച്ചു. പക്ഷേ, വായുവിൽ ഈറൻ മരങ്ങളുടെ ഗന്ധമില്ലായിരുന്നു. പകരം ഏതോ യന്ത്രങ്ങൾ തുപ്പുന്ന കരിപ്പുകയും 
ചീഞ്ഞഴുകിയ പ്ലാസ്റ്റിക്കിന്റെ ഗന്ധവുമായിരുന്നു. അവന്റെ ഉള്ളിലെ കാട് അപ്പോൾ ഒന്ന് വിറച്ചു.

മാരൻ തന്റെ തോളിലെ ഭാണ്ഡം ഒന്ന് കൂടി മുറുക്കിപ്പിടിച്ചു. അതിനുള്ളിൽ അവന്റെ ഒന്ന് രണ്ട് വസ്ത്രങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് മുളന്തണ്ടിൽ കരുതിയ കാട്ടുതേനും, ഉണക്കലരിയും, പിന്നെ മൂപ്പൻ നൽകിയ ചില വനമൂലികകളുമുണ്ടായിരുന്നു. കഴുത്തിൽ തടിയിൽ തീർത്ത ആദിമമായ ഒരു തകിട്.

നഗരത്തിലെ പെട്രോൾ പുകയുടെയും കരി ഓയിലിന്റെയും രൂക്ഷഗന്ധം അവന്റെ ശ്വാസകോശങ്ങളെ വല്ലാതെ അസ്വസ്ഥമാക്കി. 

കാട്ടിൽ വായുവിന് ഈർപ്പവും തണുപ്പുമുണ്ടായിരുന്നു, ഇവിടെയത് വരണ്ടതും മനംമടുപ്പിക്കുന്നതുമാണ്.

അവൻ നടന്നു. തെരുവുവിളക്കുകളുടെ കൃത്രിമ വെളിച്ചം കണ്ണുകളിൽ തുളഞ്ഞുകയറുന്നു. മരതകപ്പച്ചയിൽ നിന്ന് ഈ മഞ്ഞവെളിച്ചത്തിലേക്കുള്ള മാറ്റം അവനിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. 

കോൺക്രീറ്റ് കെട്ടിടങ്ങളുടെ കൂർത്ത മുനകൾ ആകാശത്തെ കുത്തിക്കീറിയിരിക്കുന്നതായി മാരന് തോന്നിച്ചു.

അന്ന് അവൻ ബസ് സ്റ്റാൻഡിൽ ഒരു മൂലക്ക് തന്നെ രാത്രി കഴിഞ്ഞു കൂടി നേരം വെളുപ്പിച്ചു.. വെറും നിലം അവന് ശീലമായിരുന്നു.

അതിരാവിലെ എഴുന്നേറ്റ് വണ്ടി പിടിച്ച് കോളേജ് ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അവൻ ഒന്ന് നിന്നു. അവൻ്റെ നെഞ്ച് ഇടിച്ചു. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചവർ, ചിരിക്കുന്നവർ, ബഹളം വെക്കുന്നവർ... ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് അവന് തോന്നി. 

പക്ഷേ, അവൻ നടന്നു തുടങ്ങിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവനിൽ ഉടക്കി. അവന്റെ കീറിയ തോളിലെ സഞ്ചിയിലും, വെയിലേറ്റു കരുവാളിച്ച കവിളുകളിലും, കാട്ടിലെ ഈറ്റ പോലെ ബലമുള്ള അവന്റെ ഉടലിലും നഗരത്തിന്റെ നോട്ടം ഒരു ചാട്ടുളി പോലെ തറച്ചു.

അവൻ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു. ഒരു വശത്ത് അവന്റെ ഗോത്രത്തിന്റെ നൂറ്റാണ്ടുകളായുള്ള മൗനം, മറുവശത്ത് നഗരത്തിന്റെ ആർഭാടപൂർണ്ണമായ ശബ്ദം.

പെട്ടെന്ന്, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സ്വരം അവന്റെ കാതിൽ പതിച്ചു.

"എക്സ്ക്യൂസ് മീ, ഇയാളാണോ ചോലനായ്ക്കരുടെ ഇടയിൽ നിന്ന് വരുന്ന പുതിയ സ്റ്റുഡന്റ്?"

അവൻ തിരിഞ്ഞു നോക്കി. അത് വെളുത്തു മെലിഞ്ഞ സ്ലീവലെസ് ടോപ്പും ജീൻസും ഇട്ട ഒരു പെൺകുട്ടിയായിരുന്നു. 
അവൾക്ക് ചുറ്റും ഒരു വൃത്തം പോലെ നഗരത്തിന്റെ വെളിച്ചം. 
മാരൻ ഒന്നും മിണ്ടിയില്ല. അവന്റെ നാവിലെ വാക്കുകൾ കാട്ടുതേനിൽ പ്രാണി എന്ന പോലെ കുടുങ്ങിക്കിടന്നു. 

"ഹായ്.. ഞാൻ ആതിര" അവൾ സ്വയം പരിചയപ്പെടുത്തികൊണ്ട് കൈ നീട്ടി.

മാരൻ ആ കൈകളിലേക്ക് അന്ധാളിച്ചു നോക്കി. കാട്ടിലെ പരുക്കൻ മരത്തോലുകൾക്കും പാറക്കെട്ടുകൾക്കും ഇടയിൽ വളർന്ന അവന്റെ കൈകൾക്ക് മുന്നിൽ, ആതിരയുടെ വിരലുകൾ വിടർന്നു നിൽക്കുന്ന വെളുത്ത കാട്ടുപൂവ് പോലെ തോന്നി.

അവൻ പതിയെ തന്റെ കൈകൾ പിന്നിലേക്ക് വലിച്ചു. മണ്ണും കറയും പുരണ്ട തന്റെ കൈകൾ ആ വെളിച്ചത്തിൽ തൊടാൻ അവന് ഭയമായിരുന്നു.

"എനക്ക്... മാരൻ," അവൻ പാതി മുറിഞ്ഞ സ്വരത്തിൽ പറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കയ്പ്പുള്ള മരുന്നായി തങ്ങിനിന്നു.

"മാരൻ... കൊള്ളാമല്ലോ, കാടിന്റെ മണമുള്ള പേര്!" ആതിര ചിരിച്ചു. 
ആ ചിരിയിൽ നഗരത്തിന്റെ കൃത്രിമത്വമില്ലെന്ന് തോന്നിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു.

"വാ, നിന്റെ അഡ്മിഷൻ പ്രൊസീജിയേഴ്സ് ഒക്കെ ഞാൻ ഹെൽപ് ചെയ്യാം. ഇവിടെ എല്ലാവരും കുറച്ച് ബിസിയാണ്, പക്ഷേ പേടിക്കണ്ട."

അവൾ മുന്നിൽ നടന്നു. അവളുടെ സ്ലീവലെസ് ടോപ്പിന് പിന്നിൽ അനാവൃതമായ തോളുകളിൽ വെയിൽ തട്ടി തിളങ്ങുന്നത് മാരൻ കൗതുകത്തോടെ നോക്കി. അവന്റെ ഊരിലെ പെൺകുട്ടികൾ മുണ്ടുടുത്ത്, മാറുമറയ്ക്കാതെ നടക്കുന്നത് സ്വാഭാവികമായിരുന്നു. പക്ഷേ, ഇവിടെ വസ്ത്രങ്ങൾ ശരീരത്തെ മറയ്ക്കാനല്ല, മറിച്ച് പ്രദർശിപ്പിക്കാനാണെന്ന് അവന് തോന്നിത്തുടങ്ങി.

അവർ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലേക്ക് നടക്കുമ്പോൾ ദൂരെ ഒരു മരത്തണലിൽ സന്ദീപും കൂട്ടുകാരും നിൽക്കുന്നുണ്ടായിരുന്നു. ആതിര മാരന്റെ തോളിൽ തട്ടി സംസാരിക്കുന്നത് കണ്ടപ്പോൾ സന്ദീപിൻ്റെ മുഖത്ത് എന്തോ ഒന്ന് തെളിഞ്ഞു വിരിഞ്ഞു മറഞ്ഞിരുന്നു.

ആതിര മാരനോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
"നിങ്ങൾ താമസിക്കുന്നത് ഗുഹയിലാണോ? ശരിക്കും അവിടെ കടുവയും സിംഹവും ഒക്കെ വരുമോ?"

അവളുടെ ചോദ്യങ്ങൾ മാരന് വിചിത്രമായി തോന്നി. പക്ഷേ, അവൻ്റെ ഏകാന്തതയിലേക്ക് വീണ ആദ്യത്തെ സൗഹൃദമഴയായിരുന്നു അവൾ.

..

കോളേജ് കാന്റീനിലെ മേശയ്ക്കു ചുറ്റും ചിരികൾ പടരുകയായിരുന്നു. അവിടേക്കാണ് ആതിരയുടെ കൂടെ മാരൻ നടന്നെത്തിയത്. സിമന്റ് തറയിൽ അവന്റെ പാദങ്ങൾ അമരുമ്പോൾ ഉണ്ടായ ശബ്ദം പോലും മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

കാട്ടിലെ ഇലപ്പടപ്പുകൾക്കിടയിലൂടെ ശബ്ദമുണ്ടാക്കാതെ ഇരയെ പിടിക്കാൻ നടക്കുന്നവന്, ഈ കൃത്രിമ തറയിലെ ഓരോ ചുവടും ഒരു നിലവിളി പോലെയാണ് തോന്നിയത്.

"ഗയ്‌സ്, ഇതാണ് മാരൻ! നിലമ്പൂരിലെ ചോലനായ്ക്കർ ഗോത്രത്തിൽ നിന്ന് നമ്മളോടൊപ്പം പഠിക്കാൻ എത്തിയതാണ്." 
ആതിര ആവേശത്തോടെ അവനെ പരിചയപ്പെടുത്തി.

മേശയ്ക്കു ചുറ്റുമിരുന്ന അഞ്ചാറു പേർ ഒരേസമയം അവനെ നോക്കി. അവരുടെ കണ്ണുകളിൽ ഒരുതരം കൗതുകമായിരുന്നു; ഒരു മൃഗശാലയിലെ അപൂർവ്വ ജീവിയെ നോക്കുന്നതുപോലെയുള്ള കൗതുകം. 

സഭാകമ്പം മാരനെ വേട്ടയാടുന്നുണ്ടായിരുന്നു. അവൻ്റെ കൈകൾ വിറച്ചു.

കൂട്ടത്തിൽ ഇരുന്ന സന്ദീപ്, കയ്യിലിരുന്ന സ്മാർട്ട് ഫോൺ മേശപ്പുറത്തേക്ക് വച്ച് ആതിരയെ നോക്കി കണ്ണിറുക്കി. ആതിരയുടെ മുഖത്ത് ഒരു മങ്ങിയ പുഞ്ചിരി മിന്നിമറഞ്ഞു.

സന്ദീപ് തന്റെ കയ്യിലിരുന്ന സ്പൂൺ കൊണ്ട് പ്ലേറ്റിൽ തട്ടി പരിഹാസത്തോടെ ചോദിച്ചു:
"അപ്പൊ മാരൻ ശരിക്കും ഗുഹയിലാണോ താമസം? അവിടെ ഡ്രസ് ഒക്കെ ഉണ്ടോ, അതോ ഇലകൾ ആണോ നിങ്ങള് ഇടുന്നേ?"

ചിരികൾ ഉയർന്നു. ആതിര സന്ദീപിനെ വിലക്കാൻ ശ്രമിച്ചെങ്കിലും മാരൻ ശാന്തനായിരുന്നു. 

അവൻ സന്ദീപിന്റെ കണ്ണുകളിലേക്ക് നോക്കി തന്റെ തനത് ശൈലിയിൽ പറഞ്ഞു:
"നമ്മ അള മപ്പേ (ഞങ്ങളുടെ ഗുഹയ്ക്കുള്ളിൽ) വസ്ത്രത്തിനല്ല വില, മനസ്സിനാ.. കാറ്റും മഴയും അറിയാത്ത നിങ്ങക്ക് ഇലയുടെ തണൽ മനസ്സിലാകൂല."

സന്ദീപിന്റെ ചിരി പതുക്കെ മാഞ്ഞു. മാരന്റെ വാക്കുകളിലെ ആ ഗാംഭീര്യം അവനെ അസ്വസ്ഥനാക്കി.

"മാരൻ, നിനക്ക് ജീൻസ് ഒന്നും ഇല്ലേ?" അവൻ്റെ കൈലി പോലത്തെ പഴകിയ വസ്ത്രത്തിലേക്ക് നോക്കിക്കൊണ്ടുള്ള സന്ദീപിൻ്റെ ചോദ്യത്തിൽ വീണ്ടും പരിഹാസത്തിന്റെ മുന നിറഞ്ഞിരുന്നു.

മാരൻ ഒന്നും മിണ്ടിയില്ല. അവൻ ആതിരയെ നോക്കി. അവൾ അവനുവേണ്ടി ഒരു കസേര വലിച്ചിട്ടു. "സാരമില്ല മാരൻ, സന്ദീപ് തമാശ പറഞ്ഞതാണ്. നീ ഇരിക്ക്."

കാപ്പിയുടെയും വറുത്ത പലഹാരങ്ങളുടെയും ഗന്ധം മാരനെ വല്ലാതെ അസ്വസ്ഥനാക്കി. ഈ ഭക്ഷണത്തിനൊന്നും ജീവനുള്ളതായി അവന് തോന്നിയില്ല. 

കാട്ടിൽ, കനലിൽ ചുട്ടെടുക്കുന്ന കാട്ടുകിഴങ്ങിന്റെയോ മാനിറച്ചിയുടെയോ മണമല്ല ഇവിടെ. പകരം, പഴകിയ എണ്ണയുടെയും കൃത്രിമമായ മധുരത്തിന്റെയും ഒരു വല്ലാത്ത ഗന്ധം അവന്റെ തൊണ്ടയിൽ വന്നു തടഞ്ഞു.

"മാരൻ, എന്താ ഒന്നും കഴിക്കാത്തത്?" ആതിര അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞത് സഹതാപമാണോ അതോ പരിഹാസമാണോ എന്ന് തിരിച്ചറിയാൻ ആ നിഷ്കളങ്കന് കഴിയുമായിരുന്നില്ല.

"എനക്ക്... ഇത് ശീലമില്ല," മാരൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

"ഓ, അപ്പൊ കാട്ടുരാജാവിന് നമ്മുടെ നാട്ടിലെ ഭക്ഷണം പിടിക്കില്ലായിരിക്കും!" സന്ദീപ് വീണ്ടും ചിരിച്ചു.
ആതിര സന്ദീപിനെ ഒന്ന് തുറിച്ചു നോക്കി.

മാരൻ അവളെ, ആതിരയെ, ഒന്ന് നോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞ ആ പഴയ തെളിനീരിന്റെ തിളക്കം ഇപ്പോഴും അവന് ഒരു ചെറിയ ആശ്വാസം നൽകുന്നുണ്ടായിരുന്നു.

പക്ഷേ, ചുറ്റുമുള്ള ചിരികൾക്കിടയിൽ അവൻ ശ്വാസം മുട്ടുകയായിരുന്നു. സന്ദീപ് കയ്യിലിരുന്ന സ്പൂൺ കറക്കി താളം പിടിച്ച് കൊണ്ട് ചോദിച്ചു,

"നിങ്ങൾ ഗുഹയിൽ പാകം ചെയ്യുന്നത് എങ്ങനെയാ? ശരിക്കും പച്ചമാംസം കടിച്ചു തിന്നുമോ?"
കൂട്ടത്തിൽ ഒരുത്തൻ അത് കേട്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.

മാരന്റെ ഉള്ളിൽ കരിമ്പുഴ പതയുമ്പോലെ രോഷം ഇരമ്പി.. 
ഒരു വന്യത എന്തിനെന്നറിയാതെ അവനെ പൊതിഞ്ഞു..