കവിത: ഇന്നിന്റെ ബാക്കി മാത്രമായ നാളെ
രചന: നിഥിൻകുമാർ പത്തനാപുരം
***************
കനലേറ്റ മുറിവിന്റെ
നൊമ്പരത്തിണ്ണയിൽ
നൊമ്പരത്തിരകളുമെണ്ണി
ഊഴിയുടെ നീറുന്നലർച്ചയും
ആഴിയുടെ പിടയുന്ന തേങ്ങലും
കണ്ടും കെട്ടും ഞാനീ
തിണ്ണമേൽ ചാഞ്ഞിരുന്നു!
അത്രമേൽ
നൊമ്പരമുള്ളിലൊതുക്കി
ഒടുവിലൊരു അലമുറയായി
ഉയർന്നുപൊന്തി തെറിച്ച
കടലിന്റെ ദുഃഖം
ഞാനും കണ്ടതല്ലേ?
അത്രമേൽ
നീറുന്ന ഹൃദയത്തെ
താങ്ങിയൊതുക്കി
നിർത്തിയൊടുവിൽ
പൊട്ടിത്തെറിച്ചൊരു
ഹൃദയതടാകവും
ഞാൻ കണ്ടതല്ലേ?
ഇവിടെ
ഞാൻ മാത്രമെന്തിന്
വേദനയുടെ
കാവൽക്കാരനാകണം?
ഇവിടെ
ഞാൻ മാത്രമെന്തിന്
പെയ്യാൻ കൊതിക്കും
മഴയെ ഉടലുകൊണ്ട് തടയണം?
ഇനി
നാളെയെന്നുണ്ടെങ്കിൽ
ഇന്നിന്റെ ബാക്കിയായി വേണ്ട.
നാളെയെന്നുണ്ടെങ്കിൽ
ഇന്നിന്റെ നിഴൽ വീഴാതെ
കരുതിവെയ്ക്കാം.
ഇന്നിന്റെ സ്വന്തമായി
കഴിഞ്ഞാൽ നാളെയും
കണ്ണീർ കലർന്ന
ചെളിക്കുണ്ടിൽ ജീവൻ
നഷ്ടമാക്കി യാത്ര
പോവേണ്ടിവരും!!!