കവിത: (അ)ന്യായങ്ങൾ
രചന: സതി സതീഷ്
***************
ജനങ്ങൾ പാവങ്ങൾ, വെറും പാവകൾ
ട്രിപ്പീസുകളിക്കാരനെപ്പോൽ യജമാ-
നന്റെ ചാട്ടവാറിന് കാതോർത്തവരി
ലർപ്പിച്ചു മനം, ചോര നീരാക്കി
സഹചാരികൾക്കധികാരമേകാൻ
ചെമ്മൺപാതയൊരുക്കി ചെങ്കോ-
ലേന്തി കിരീടം വെച്ച് ചില്ലുകൂട്ടിൽ
നിയമത്തെ തളച്ച്, കാക്കിയുടുപ്പിൽ
ചുളിവില്ലാതെ കാത്തും ദേവാസുരാ-
വതാരം മാറിക്കെട്ടിയാടി, കാതും
വായും പൊത്തിയ കണ്ണുകെട്ടി-
നിയമത്തിന്റെ കാവലാൾക്കറിയാമൊന്ന്. . .
ചുറ്റിക മേശമേലിടക്ക് തട്ടുവാൻ!!!
സ്ത്രീകൾ മാനം വിറ്റു കിടപ്പറ പങ്കിട്ടാൽ ചിത്രങ്ങളാക്കി പരസ്യപ്പെടുത്തിയാൽ
പിന്നാലെയോടി മാനചിത്രം പകർത്തി
മാധ്യമങ്ങൾ തെളിയിക്കുമാ മികവ്!
തെരുവിലൊരു ഭ്രാന്തിയുടെ കാളും
വിശപ്പാറ്റാൻ കൈ നീട്ടുകിൽ ഭോഗിച്ചു കൊന്നുതള്ളും വെറിപൂണ്ട സംസ്കാരം
ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി!
അവൾക്കു പിന്നിലില്ലാരും, ചുണ്ടിലില്ല ചായം, ഉടയാടകളില്ല മാറിയുടുക്കാനവൾക്ക് പേര്
കുലട, വ്യഭിചാരിണി, ഭ്രാന്തി!
കൺതുറന്നാൽ കാണും സത്യമറിയാതെ
അക്കരപ്പച്ച തേടും ജനങ്ങളെന്നും
കളിപ്പാവകൾ, വെറും മരപ്പാവകൾ!
നോട്ടുകെട്ടുകളിൽ പകച്ചുപോകുമന്ധത-
യുള്ള ഭരണച്ചങ്ങലയിൽ മുറുകിയടിയാളർ, വെറുതെ നോട്ടിലിരുന്നു ഗാന്ധി ചിരിക്കില്ല!
പറയാതെ പറയും വലിയ സത്യം,
ജനങ്ങൾ വെറും കോമാളികൾ!
ട്രപ്പീസുകളിക്കാരൻ യജമാനചാട്ടവാറിന്
ഭയത്തോടെ കാതോർപ്പവർ!
അണിയറയിൽ ഗീബൽസുമാർ
ആവർത്തിക്കുന്ന തന്ത്രം മെനയൽ
കാലമേ സാക്ഷി... സൂക്ഷിക്കുക നീ!!!