കവിത: ഒടുവിലത്തെ താൾ
രചന: നിഥിൻകുമാർ പത്തനാപുരം
*******************
എനിക്കായൊരു താളുണ്ട്,
ഒരാളുടെയും ശ്വാസം വീഴാത്ത,
വിരലുകൾ പതിയാത്ത താള്.
ഒരാളും ഒരിക്കൽപോലും നോക്കാതെ
പഴകിത്തുടങ്ങിയ ഒടുവിലത്തെ താള്.
ധൂളി നിറഞ്ഞ, ലൂതവലയം തീർത്ത,
ചിതലുകൾ ജഠരം നിറച്ചു തുടങ്ങിയ
പുസ്തകമിന്ന് മച്ചിന്റെയെതോ കോണിൽ ചണച്ചാക്കിന്റെ ചൂടിലും കുളിരിലും
മരിച്ചു ജീവിക്കുന്നുണ്ട്.
ദശലക്ഷം പഴകിയ, ദുർഗന്ധം വമിക്കുന്ന
അക്ഷരങ്ങൾക്കിടയിൽ നിന്നും മഷി പുരളാത്തയെൻ താളിന്നും തേങ്ങുന്നുണ്ടാവാം. ആരും തഴുകാതെ പോയ നൊമ്പരമുണ്ടാവാം.
ഏകനായി കാലങ്ങളുന്തിനീക്കിയ
നൊമ്പരയലകൾ ഉയരുന്നുണ്ടാവാം; ഇന്നു-
മാരെയോ കൊതിയോടെ കാത്തിരിപ്പുണ്ടാവാം.
തൂവെള്ള കടലാസ്സിൽ അക്ഷരങ്ങൾ കോറും
തൂലികയെ കിനാവുകാണുന്നുണ്ടാവാം.
ഒടുവിലത്തെ താളെന്ന മുദ്രണം ചാർത്തപ്പെട്ടതിനാലാവാം
വാക്കുകൾ ചേർക്കപ്പെടാതെ ഒഴിവാക്കപ്പെട്ടത്.
ഒരാളൊരിക്കൽ തേടിവരുമെന്ന്
നിനയ്ക്കുന്നുണ്ടാവാം.
ഒരു തൂവലിന്റെ സ്പർശനത്തിൽ
അക്ഷരങ്ങൾ രചിക്കപ്പെടുമെന്ന് മോഹിക്കുന്നുണ്ടാവാം.
ഒഴിവാക്കപ്പെട്ട താളിനൊപ്പം പിന്തള്ളിയ
അനേകരിലൊരാൾ വന്നണയുമെന്ന് വിശ്വസിക്കുന്നുണ്ടാവാം.
അക്ഷരങ്ങൾ കൊണ്ടൊരു കാവ്യം രചിക്കുമെ-
ന്നോരോ രാവിലും പകലിലും പഴകിയ
അക്ഷരങ്ങളിക്കിടയിൽ നിന്നുമെന്റെ
താള് കിനാവുകാണുന്നുണ്ടാവാം.
അക്ഷരങ്ങളില്ലാത്ത താളിനാര് കാവൽ!
വാക്കുകൾ കോറുവാൻ ചിലരേലും
താളിനടുത്തായി വന്നിരിക്കാം.
ഭംഗിപോരാതെ മടങ്ങിയിരിക്കാം.
എഴുതപ്പെട്ട, പഴകിയ താളുകൾ
തങ്ങളുടെ കഥകൾ പറയുന്നുണ്ടാവാമിങ്ങനെ:
"അക്ഷരങ്ങൾ വിടർന്നാലുമൊടുവിൽ
മച്ചിന്റെകോണിലും പിന്നാമ്പുറത്തെ
ഒഴിഞ്ഞകോണിലും കുന്നുകൂടും, നാം താളുകൾ.
ഒടുവിൽ ചാരമാകാൻ വിധിക്കപ്പെട്ടവരും
നമ്മുക്കിടയിലുണ്ടനേകം.
കണ്ണീരുപ്പില്ലാത്തൊരു താളുമില്ലവിടെ!"
ഒരിക്കൽ എഴുതപ്പെട്ടാലും ഒടുവിൽ മച്ചിന്റെയേതേലും
കോണിൽ വാല്മീകം തീർക്കുമെന്നറിഞ്ഞിട്ടും
ഒടുവിലത്തെ താള് കാത്തിരിക്കുന്നു. . . ഇന്നും!!!