കവിത: എഴുതാത്ത കവിത
രചന: രാജു കാഞ്ഞിരങ്ങാട്
***************
കാവേരിയുടെ തീരത്തിരുന്ന്
ഞാൻ സാവേരി കേൾക്കുന്നു
ആരും എഴുതാത്ത കവിതയാണവൾ
അവളെന്നെ വായിച്ചു കൊണ്ടേയിരിക്കുന്നു
ചില പുലർകാലസ്വപ്നങ്ങൾ
അവൾ പങ്കുവെയ്ക്കുന്നു
എന്നിലെ ഇരുണ്ടയിടങ്ങളിൽ
അതു വെളിച്ചം വിതറുന്നു
ഓർമ്മകളെ ഉണർത്തുന്നു
കുട്ടിക്കാലത്തെ പൊന്തക്കാടുകളിൽ
കൊണ്ടുപോകുന്നു
തെച്ചി പൂത്ത നട്ടുച്ചകൾ കാട്ടിത്തരുന്നു
പ്രണയത്തിൻ്റെ പവിഴപ്പുറ്റിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു
പറക്കാൻ പഠിപ്പിക്കുന്നു
മരുഭൂമിയിലെ ഇല്ലാജലം കാട്ടിത്തരുന്നു
സാവേരിയിൽ ഞാൻ മുങ്ങിനിവരുന്നു
കാവേരിയെന്നെ വാരിപ്പുണരുന്നു
വാർദ്ധക്യത്തിൻ്റെ വിഭ്രാന്തി വിട്ട്
യുവത്വത്തിൻ്റെ പടിയിലേക്ക്
കാലെടുത്തു വെയ്ക്കുന്നു!!!