കവിത: ആത്മനൊമ്പരം
രചന: സുജ ശശികുമാർ
***************
ആത്മനൊമ്പരത്താൽ
വിങ്ങിയ മനവുമായ്
മൗനത്തിൻ വേലിക്കെട്ടിൽ
ആകാശം കണ്ടുകൊതിതീരാത്തവൾ.
അവളുടെ
മോഹങ്ങളന്നും കനലടുപ്പിൽ വെന്തുനീറുന്നുണ്ടായിരുന്നു.
ചുടലപ്പറമ്പിലെ ശവംതീനിപ്പക്ഷികളുടെ ചിറകടിയൊച്ചകൾ
അവളുടെ കാതിൽ മുഴങ്ങിക്കേട്ടു.
തീജ്വാലയിലൊടുങ്ങാൻ കൊതിച്ച
ഈയാംപാറ്റയായവൾ
ഒരുനിമിഷം മാറി.
ജീവനും ജീവിതവും
ബാക്കിയാക്കിയവൾ
വസന്തം കാണാതെ മടങ്ങി.
ഇരുൾ മൂടിയ വാനിൽ
ഒരു കറുത്ത പക്ഷി
അവളെ ചുറ്റിപ്പറന്നു.
ഉറവ വറ്റാത്ത ഹൃദയശുദ്ധിയോടെ
വേനൽക്കിനാവിന്റെ ചില്ലയിൽ
അവളിന്നും കുറുകി നിൽപ്പുണ്ട്
കളിവഞ്ചി തുഴഞ്ഞെത്തുന്ന
പ്രണയത്തെ കാത്ത്!!!