കവിത: സമയനൊമ്പരങ്ങൾ
രചന: നിഥിൻകുമാർ പത്തനാപുരം
*******************
ഹൃദയമാം
പൂവിന്റെയിതളുകളോ-
രോന്നുമടർന്നു തുടങ്ങി,
സമയമാം സഞ്ചാരി
യാത്ര തുടരുന്നു.
വിശ്രമബിന്ദുവിൽ
മിഴികൾ പതിയാതെ
വേവുന്ന വേനൽച്ചൂടിലും
സഞ്ചാരം തുടരുന്നു.
ദാഹം കൊണ്ടൊരു
വെൺപക്ഷി
നീരുറവ തേടിയലഞ്ഞു.
നീലമേഘങ്ങൾ
ക്രൂരമുഖങ്ങളിൽ
പരിഹാസച്ചിരി തൂകി.
മിഴികളിൽ നിറഞ്ഞൊ-
രശ്രുകണം ചൂടിൻ പകയിൽ
ബാഷ്പമായുയർന്നു.
ചെറുനീലപ്പക്ഷിയുടെ
ഹൃദയതൂവലുകൾ നനഞ്ഞു.
നോവുന്ന നൊമ്പര-
ത്തിരകളെങ്ങുമലതല്ലി.
ഹൃദയപൂവിന്റെയിതളുകൾ
മണ്ണിൽപതിഞ്ഞു;
നിറം കെട്ടു.
ചതഞ്ഞ മുറിപ്പാടുകളിൽ
ജന്മംകൊണ്ടു
ജീവത്തുടിപ്പുകൾ.
കാലമാം സഞ്ചാരി
യാത്ര തുടർന്നു.
ആരെയുമാശ്രയിക്കാത്ത,
കരുണക്കടൽ വറ്റി
മണൽക്കാടുകൾ
ജന്മം കൊണ്ട, സമയമാം
സഞ്ചാരിയോട്
ഇനിയെന്ത് ചൊല്ലണം...
ഇനിയെന്തിനു യാചിക്കണം..?!