കവിത: ഓർമ്മ
രചന: ഫസ്ല ജൗഹർ
***************
കൈതോലക്കൈവരിയിൽ
കൈത്തോടായി ഞാനൊഴുകി . . .
പൂങ്കാറ്റിനോട് കുശലം പറഞ്ഞൊഴുകി-
യന്നെൻ ബാല്യം, നീ തിമിർത്താടിയില്ലേ!
പാടവും പറമ്പും, നീ കളിച്ചതിന്നോർമ്മ!
കോൺക്രീറ്റ് മതിലുയർത്തി നിൻ
പൊങ്ങച്ചമറുത്തൂ, ഞാൻ കൊണ്ട തണൽ;
കളഞ്ഞത് നീയെന്റെ ചന്തം!
ഹരിതകർമ്മസേന ഇരുകൈ നീട്ടി വന്നിട്ടും
പ്ലാസ്റ്റിക്കിനാലും പാമ്പേഴ്സിനാലു-
മെന്നെയെന്തിനെറിയുന്നു നീ?
കുഞ്ഞുപൈതങ്ങളും ഓക്കാനിച്ചെന്നെ
നോക്കുന്നേരം, പിടയുന്നെൻ നെഞ്ചകം
കണ്ട് മനംനൊന്ത് മാനം കരഞ്ഞു;
കാലം തെറ്റി പെയ്യുന്ന മഴയെന്ന് നീ!
ഉള്ളുരുക്കി മണ്ണ് കരഞ്ഞു;
ഉരുൾ പൊട്ടലെന്ന് നീ!
പ്ലാസ്റ്റിക്കുകൊണ്ട് മണ്ണും വെള്ളവും
തകർത്ത മനുഷ്യാ, ലജ്ജയുണ്ടേലൽപ്പം ചിന്ത?
മാനം കരഞ്ഞത് തോരാതെ വന്നാൽ,
മണ്ണിന്റെ വിങ്ങിപ്പൊട്ടലടങ്ങാതെ വന്നാൽ,
നീയും നീ കെട്ടിപ്പടുത്ത കോൺക്രീറ്റും വെറും പൂഴി!
ഓർക്കുക നീയിത്ര മാത്രം!!!