കഥ: കാമുകൻ
രചന: നിഥിൻകുമാർ പത്തനാപുരം
****************
തുടക്കത്തിലേ പറയട്ടെ, "എനിക്ക് നിന്നെ ഇഷ്ടമാണ്" എന്ന എം ടി-യുടെ വാക്കുകളാണ് ആദ്യം മനസ്സിൽ വന്നത്.
"എനിക്ക് നിന്നെ ഇഷ്ടമാണ്... വെറുതെയൊരു ഇഷ്ടം... പിന്നാലെ വരില്ല... വഴിയിൽ തടഞ്ഞുനിർത്തില്ല."
എന്റെ പ്രണയവും ഇങ്ങനെയാണ്. ഞാൻ നിന്നെ പ്രണയിക്കുന്നു; അത്രമാത്രം. പ്രണയമെന്ന് തന്നെ ഇതിനെ പറയാം. മറ്റൊരു പേരും ചേരില്ല.
ആദ്യം കണ്ട നാൾ മുതൽ ഓരോ രാത്രിയിലും സ്വപ്നമായി, മോഹമായി നീ മാത്രം. എനിക്ക് നന്നായറിയാം നീ വലിയ സുന്ദരിയൊന്നുമല്ലെന്ന്; സമ്പന്നയുമല്ല.
ഇതൊക്കെ അറിയാമെങ്കിൽ നീ എന്തിന് എന്നെ പ്രണയിക്കുന്നു?
ഇങ്ങനെ നിനക്ക് തീർച്ചയായും ഒരു ചോദ്യം ചോദിക്കാവുന്നതാണ് സഖീ. പക്ഷെ അതിനുത്തരമായി ഞാൻ പറയുന്നത് അറിയില്ല എന്നായിരിക്കും.
ഒന്ന് പറയാം; ജീവിതത്തിന്റെ സുവർണ്ണനിമിഷങ്ങളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിക്കുന്നത്. ഈ യാത്ര ഏറെ ദൂരം പോകണമെന്ന് ഞാൻ വല്ലാതെയാഗ്രഹിക്കുന്നു. ഈ നിമിഷം എനിക്ക് പലതും മറന്ന് പുഞ്ചിരിക്കാൻ കഴിയുന്നു. ഒരുപാടൊരുപാട് പ്രശ്നങ്ങളുണ്ടായിട്ടും ഞാൻ പുഞ്ചിരിയോടെ അതിനെയെല്ലാം നേരിടുന്നത് നീ കാരണമാണ്... നീ മാത്രം കാരണം!
ഈ നിമിഷം ഞാൻ ഒത്തിരിയൊത്തിരി സന്തോഷിക്കുന്നു. എന്റെ പ്രണയത്തിന്റെ ആഴം എത്രയെന്ന് എനിക്കറിയില്ല. ഞാനൊരു സ്വപ്നലോകത്താണെന്ന് തോന്നുന്നു.
ഈ കാലത്ത് പ്രണയത്തിനുവേണ്ടി പലരും കാട്ടിക്കൂട്ടുന്ന പലതും ഞാൻ കാണാറുണ്ട്, കേൾക്കാറുണ്ട്. അവയൊക്കെ പ്രണയമാണോ? എന്തോ എനിക്കറിയില്ല.
ശരിക്കും പറയാമല്ലോ; പ്രണയത്തെക്കുറിച്ച് പറയാൻ എനിക്കറിയില്ല. എഴുത്തുകാരുടെ വരികൾ കടമെടുക്കാമെന്നു വിചാരിച്ചാൽ പുസ്തകം വായിക്കാത്ത എനിക്ക് അതൊക്കെ എങ്ങനെ അറിയാനാണ്?
എന്റെ പ്രണയം നിലാവിലുണ്ട്... നേരിയ കുളിരും എന്നെ പുളകം കൊള്ളിക്കും... വാനമാകെ രാഗലയമാവും. ഏതുനേരവും പുഞ്ചിരിച്ചും ഇല്ലാത്ത ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിച്ചുമൊക്കെയാണ് എന്റെ പ്രണയം. ഒരുകാര്യം കൂടി ഞാൻ പറയാം. എന്റെ പ്രണയത്തെ ഞാനൊരിക്കലും നശിപ്പിക്കില്ല. അതെനിക്ക് സഹിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഞാനെന്റെ പ്രണയം ഒരിക്കലും നിന്നോട് പറയില്ല; എന്റെ മരണം വരെയും."
സ്വന്തം പ്രതിബിംബം നോക്കി അബു വ്യക്തമാക്കി. കുളിമുറിയിലെ നീളവും വീതിയുമുള്ള ചുമർകണ്ണാടിയിൽ നോക്കി കഴിഞ്ഞ ഒന്നര വർഷക്കാലമായി അബു ഇങ്ങനെ സ്വയം സംസാരിക്കുന്നു.
തന്റെ കണ്ണാടി രൂപത്തെ അവന്റെ പ്രണയിനിയായി കാണുന്നു.
'ഗായത്രി'
അബു അവളുടെ പേര് ആവർത്തിച്ചു പറഞ്ഞു.
"ഗായത്രി, ഞാൻ നിന്നോട് എന്റെ പ്രണയം പറയാത്തതിന് ഒരു കാരണമുണ്ട്. ഏതൊരു ചെടിയായിക്കോട്ടെ... അത് തളിർത്ത്, കിളിർത്ത്, മൊട്ടിട്ട്, പൂവായി വിരിഞ്ഞൊരു വസന്തം തീർക്കുന്നത് കണ്ട് ആസ്വദിക്കാനാണ് എനിക്കിഷ്ടം; അതിനെ പിഴുതെടുക്കാനല്ല. ഭംഗിയുള്ള നിന്നെ എന്തിന് അടർത്തിമാറ്റണം? നീ വളരേണ്ട മണ്ണ് ഒരിക്കലും ഞാനാവില്ല. ഓരോ പുലരിയിലും നീ വിടരണം. ഓരോ പുലരിയും നിന്റേതാവണം പെണ്ണേ. നിന്നെ അങ്ങനെ കണ്ടുനിൽക്കാനാണെനിക്കിഷ്ടം. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രണയം ആസ്വദിക്കുന്നവർ ഏറെയും തന്റെ പ്രണയം പറയാത്തവരാകും. എന്റെ പൊട്ടയുക്തിയിൽ തോന്നിയതാ."
കണ്ണാടിയിലൂടെ... അവനിലൂടെ... ഗായത്രി ഒരു മാത്ര പുഞ്ചിരിച്ചു; അവനും!!!
***************