അഞ്ചാം നിലയിലെ അതിഥി
ജനുവരി മാസത്തെ കുവൈറ്റിലെ ആ തണുത്ത പ്രഭാതത്തിന് പതിവിലും കൂടുതൽ നിശബ്ദതയുണ്ടായിരുന്നു.
തുടർച്ചയായ നാലു ദിവസത്തെ അവധി കാരണം റോഡുകൾ വിജനമാണ്.
അഞ്ചാം നിലയിലെ എന്റെ ഫ്ലാറ്റിലിരുന്ന് പുറത്തേക്ക് നോക്കിയാൽ കാണാറുള്ള വാഹനങ്ങളുടെ തിരക്കില്ലാത്തതുകൊണ്ട് നഗരം ഉറങ്ങി കിടക്കുന്നതുപോലെ തോന്നി.
ഈന്തപ്പനകളിൽ കുഞ്ഞു ചെമ്പൻ പ്രാവുകൾ തണുപ്പിന്റെ ആലസ്യത്തിലിരിക്കുന്നു. അകലെ കടലും ശാന്തമാണ്. ആഡംബര നൗകകൾ അവിടവിടെ കാണാം. അവ ആൽബട്രോസ് പക്ഷികളെ ഓർമ്മിപ്പിക്കുന്നു.
ഓയിൽ റിഫൈനറികളിൽനിന്ന് വരുന്ന പുക നേർ രേഖ കണക്കെ ചക്രവാള സീമക്കുമപ്പുറം പോകുന്നു.
സമയം രാവിലെ 6:30. അലസമായി എഴുന്നേറ്റ് കിച്ചണിലെ കെറ്റിൽ ഓൺ ചെയ്തു. ടീ ബാഗ് എടുക്കു ന്നതിനിടെയാണ് ആ ശബ്ദം കേട്ടത്.
"ഠക്... ഠക്... ഠക്..."
വാതിലിൽ ആരോ മുട്ടുന്നു. ഈ നേരത്ത് ആരായിരിക്കും? അയൽപക്കത്തെ ഗോവൻ കുടുംബം നാട്ടിലാണ്. മറ്റാരും ഈ ഇടനാഴിയിൽ വരാൻ സാധ്യതയില്ല. ഞാൻ ഡോർ ലെൻസിലൂടെ നോക്കി. വെളിച്ചം കുറവാണെങ്കിലും ആരെയും കാണാനില്ല. വെറുതെ തോന്നിയതാകാം എന്ന് കരുതി ഞാൻ ചായ തയാറാക്കുന്നതിലേക്ക് തിരിഞ്ഞു.
ചായകപ്പുമായി ഹാളിൽ വന്നിരുന്ന് അക്വേറിയത്തിലെ പേൾ ഗൗരാമികളെ നോക്കിയങ്ങനെയിരുന്നു. പതിവിലും കൂടുതൽ മിസ്റ്റ് വന്നു ഗ്ലാസ് ഭിത്തി മറഞ്ഞിരിക്കുന്നു.
അതെന്തുകൊണ്ടാണെന്ന് അടുത്തുപോയി നോക്കിയപ്പോളാണ് അതു ശ്രദ്ധയിൽ വന്നത്. ചുറ്റിനും വെള്ളം വീണിരിക്കുന്നു. ഞാൻ വീണ്ടും നോക്കി ഏഴെണ്ണം കാണേണ്ടതാണ്. ഇപ്പോൾ ഒന്ന് കുറഞ്ഞിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു. ചാടിപ്പോകാൻ ഒരു വഴിയുമില്ല. കാർപെറ്റിലും മറ്റും വെറുതെ തിരഞ്ഞു. കാണാനില്ല.
അപ്പോൾ വീണ്ടും വാതിലിൽ മുട്ടു കേട്ടു. ഇത്തവണ ശബ്ദത്തിന് അൽപ്പം കട്ടി കൂടി കൂടിയിരുന്നു. ഒരുതരം ആധികാരികത.
ഞാൻ വേഗം ചെന്ന് വാതിൽ തുറന്നു.
ഇടനാഴിയുടെ അറ്റത്തെ വലിയ ജനാലയിലൂടെ തണുത്ത കാറ്റ് അകത്തേക്ക് ഇരച്ചുകയറി.
ഞാൻ ഞെട്ടിപ്പോയി!
മുൻപിൽ ഒരു പടുകൂറ്റൻ നായ. വെളുത്ത ശരീരത്തിൽ കണ്ണുകൾക്ക് ചുറ്റും മാസ്ക് പോലെ കറുത്ത അടയാളമുള്ള ഒരു പിറ്റ്ബുൾ! കൂടെ ആരുമില്ല.
കഴുത്തിലെ ടാഗ് അവ്യക്തമാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഇനങ്ങളിൽ ഒന്നാണ് പിറ്റ് ബുൾ ടെറിയർ എന്ന് കേട്ടിട്ടുണ്ട്. പെട്ടെന്നുള്ള പേടിയിൽ ഞാൻ അല്പം പുറകോട്ട് മാറി വാതിൽ പാതി ചാരി.
പക്ഷെ, അവന്റെ കണ്ണുകൾ ശാന്തമായിരുന്നു. മാസങ്ങളോളം നടന്നലഞ്ഞവനെപ്പോലെ അവൻ തളർന്നിരുന്നു. ആരോ ഉപേക്ഷിച്ചതോ അല്ലെങ്കിൽ വഴിതെറ്റിയതോ ആവാം.
അവൻ എന്നെ ഒന്ന് നോക്കി, എന്നിട്ട് ചിരപരിചിതനെപ്പോലെ എന്റെ ഡോർ മാറ്റിൽ ഇരുന്നു.
എന്റെ ഭയം മെല്ലെ സഹതാപത്തിന് വഴിമാറി.
അവൻ പട്ടിണിയിലാണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ വേഗം ഒരു പാത്രത്തിൽ വെള്ളവും കുറച്ച് ബ്രെഡ് കഷ്ണങ്ങളും എടുത്തു കൊണ്ടുവന്നു.
അവൻ ആർത്തിയോടെ അത് കഴിച്ചുതീർത്തു. ഇടയ്ക്ക് എന്നെ നോക്കി വാലാട്ടുന്നത് കണ്ടപ്പോൾ അവനൊരു അപകടകാരിയല്ലെന്ന് എനിക്കുറപ്പായി.
അപ്പോഴും എന്റെ ഉള്ളിൽ ചോദ്യങ്ങൾ പുകയുകയായിരുന്നു. എങ്ങനെയാണ് അവൻ ഇവിടെ എത്തിയത്? താഴെ സെക്യൂരിറ്റിയുണ്ട്, ഓട്ടോമാറ്റിക് ഡോറുകളുണ്ട്, ലിഫ്റ്റിൽ കയറണമെങ്കിൽ കൃത്യമായി ഫ്ലോർ ബട്ടൺ അമർത്തണം. ഇനി പടികൾ കയറിയതാണെങ്കിൽ പോലും ഓരോ നിലയിലെയും കനത്ത ഫയർ ഡോറുകൾ തള്ളിത്തുറക്കാൻ അവന് കഴിയില്ല. അതിലുപരി, ഈ അഞ്ചാം നിലയിലെ എന്റെ വാതിൽ തന്നെ അവൻ എങ്ങനെ തിരഞ്ഞെടുത്തു?
അവന്റെ കുറച്ച് ഫോട്ടോകൾ ഞാൻ മൊബൈലിൽ പകർത്തി. ഇല്ലെങ്കിൽ ആരും ഇത് വിശ്വസിക്കില്ല.
ചായ തണുത്തുപോയിരുന്നതുകൊണ്ട് ഞാൻ അകത്തു കയറി അത് മൈക്രോവെവ് അവനിൽ വെച്ച് ചൂടാക്കി. 40 സെക്കൻഡ് മാത്രം.
ചായയുമായി തിരികെ വാതിൽ തുറന്ന ഞാൻ മരവിച്ചു നിന്നുപോയി.
ഇടനാഴി ശൂന്യമാണ്!
കാലിയായ വെള്ളത്തിന്റെ പാത്രം അവിടെയുണ്ട്. പക്ഷെ അവനില്ല.
അവിടം വിജനമായിരുന്നു. ഏതാനും സെക്കന്റുകൾ!ഇത്രയും ചെറിയൊരു സമയത്തിനുള്ളിൽ അത്രയും വലിയൊരു നായ എങ്ങോട്ട് മറയാനാണ്?
ലിഫ്റ്റിന്റെ ഡിസ്പ്ലേ നോക്കി—അത് താഴത്തെ നിലയിൽ തന്നെ നിശ്ചലമായി നിൽക്കുന്നു. ഞാൻ ആ ഇടനാഴിയിലൂടെ കണ്ണോടിച്ചു. പെട്ടെന്നാണ് തറയിലെ ആ കാഴ്ച കണ്ടത്. ഞാൻ അവനു നൽകിയ വെള്ളത്തിന്റെ പാത്രം കാലിയാണ്, അതിന് ചുറ്റും നനഞ്ഞ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നു!
ആ നനഞ്ഞ കാൽപ്പാടുകൾ ഇടനാഴിയുടെ അറ്റത്തേക്ക് നീളുന്നുണ്ടായിരുന്നു.
അല്പം ഭയത്തോടെ ഞാൻ ആ പാടുകളെ പിന്തുടർന്നു. അവ ലിഫ്റ്റിന്റെ വശത്തേക്കോ പടികളിലേക്കോ അല്ല പോകുന്നത്. മറിച്ച്, ഇടനാഴിയുടെ ഏറ്റവും അറ്റത്തുള്ള, സീൽ ചെയ്ത ആ പഴയ ജനാലയിലെക്കാണ്!
ചുവരിന് തൊട്ടടുത്തെത്തിയപ്പോൾ ആ കാൽപ്പാടുകൾ പെട്ടെന്ന് അപ്രത്യക്ഷമായിരിക്കുന്നു.
ഭിത്തിയിൽ തൊട്ടുനോക്കിയ എനിക്ക് വിശ്വസിക്കാനായില്ല; ആ സിമന്റ് ഭിത്തിയിൽ അപ്പോഴും ഒരു നായയുടെ നനഞ്ഞ മൂക്കിന്റെ അടയാളം പറ്റിയിരിപ്പുണ്ടായിരുന്നു!
താഴെ വാച്ച്മാന്റെ അടുത്തേക്ക് ഞാൻ ഓടിച്ചെന്നു. എന്റെ പരിഭ്രമം കണ്ട് അയാൾ അന്തംവിട്ടു നിന്നു. ഞാൻ ആ നായയെക്കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ മുഖത്തെ ചോര വാർന്നുപോയി.
"നിങ്ങൾ ഈ പറയുന്നത് സത്യമാണോ?" അയാൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു. അധിനിവേശ സമയത്ത് 1991 ൽ ഈ ബിൽഡിംഗിൽ ഒരു ലേബനോൻ സ്വദേശി താമസിച്ചിരുന്നു. അയാൾക്ക് റോക്കി എന്ന പിറ്റ് ബുൾ ഉണ്ടായിരുന്നു. ഇതേ അഞ്ചാം നിലയിൽ. സെപ്റ്റംബർ മാസത്തിൽ രാവിലെ അയാളും പട്ടാളക്കാരും തമ്മിൽ എന്തോ തർക്കമുണ്ടായി. റോക്കി അവർക്ക് നേരെ ചെന്നു. അവനു നേരെയവർ വെടിയുതിർത്തു. അത് തടയാൻ ചെന്ന അയാൾക്കും വെടിയേറ്റു. ആർക്കും അവരെ രക്ഷിക്കാനായില്ല. പിന്നീട് അവരെ ആരും കണ്ടിട്ടില്ല.
വാച്ച്മാൻ ഒന്ന് നിർത്തിയിട്ട് തുടർന്നു: "നിങ്ങൾ കണ്ടത് റോക്കിയേ തന്നെയാവുമോ?"
എന്റെ കൈകൾ വിറച്ചു. വേഗം ഫോണെടുത്ത് ഞാൻ നേരത്തെ എടുത്ത ഫോട്ടോകൾ നോക്കി. എന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി. ഗാലറിയിൽ നായയുടെ ചിത്രങ്ങളില്ല. പകരം, ആ ഡോർമാറ്റിൽ നിഴൽ മാത്രം വീണു കിടക്കുന്നു.
അവൻ കുടിച്ചത് വെള്ളമായിരുന്നില്ല, എന്റെ ഭയമായിരുന്നു.
ഞാൻ എന്റെ സുഹൃത്തിനെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു. അപ്പോളവന്റെ മറുപടി എന്നെ ഞെട്ടിച്ചു. മാസങ്ങൾക്കുമുൻപ് അവനിവിടെ രണ്ടു ദിവസം താമസിച്ചിരുന്നു. വളരെ വൈകിയും ടിവി കാണുന്ന തുകൊണ്ട് ഹാളിലെ സോഫ കം ബെഡിലാണ് കിടന്നത്. ഉറക്കത്തിൽ ആരോ അവനെ തട്ടി വിളിച്ചു. ഉണർന്ന് നോക്കുമ്പോൾ ആരെയും കാണാനില്ല. തോന്നലാവും എന്നു കരുതി വീണ്ടും കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നായയുടെ വേദനയോടെയുള്ള നേർത്ത ഞരക്കം കേട്ടു. അങ്ങനെ വെളുക്കും വരെ ഉറങ്ങാതെ കിടന്നു. എന്നെ ഭയപ്പെടുത്തേണ്ട എന്നു കരുതി. ഒരുപക്ഷെ തോന്നലാവാം എന്നു കരുതി പറഞ്ഞില്ല.
അവസാനം സുഹൃത്തിനോട് സംസാരിച്ച് കഴിഞ്ഞ് തിരികെ അക്വേറിയത്തിനടുത്തെത്തിയപ്പോൾ, മീനുകൾ അസ്വസ്ഥരായി ഓടുന്നു. ആരോ പിടിക്കാൻ വരുന്നതുപോലെ.
ഇന്നും ജനുവരിയിലെ തണുപ്പുള്ള പ്രഭാതങ്ങളിൽ, അഞ്ചാം നിലയിലെ ആ ഇടനാഴിയിൽ ആരെങ്കിലും നടക്കുന്നത് കേൾക്കുമ്പോൾ ഞാൻ വാതിൽ തുറക്കാറില്ല. ആ കാൽപ്പാടുകൾ ഇന്നും ആ മതിലിനുള്ളിലേക്ക് നടന്നു കയറുന്നുണ്ടാവാം.
അനിൽ മാധവൻ