"എന്നാ ശരി കേൾക്കട്ടെ തൻ്റെ പുതിയ നോവലിന്റെ പേര്...."
"അവൻ്റെ യാത്രിക. എങ്ങനുണ്ട് മാഷേ പേര്.? ഇത് ഉറപ്പിച്ചിട്ടൊന്നും ഇല്ലാട്ടോ. മുഴുവൻ എഴുതി കഴിയുമ്പോൾ കഥയോട് കുറിച്ച് കൂടി അഭേദ്യമായ ഒരു പേര് കണ്ടെത്തണം. "
ഞാൻ പറഞ്ഞ പേര് കേട്ടിട്ടോ എന്തോ വൈദി കുറിച്ച് നേരം മൗനമായി പുറത്തേക്ക് നോക്കി ഇരുന്നു. നദികളെയും ഇടതൂർന്ന കാടുകളെയും ചെറിയ പാറ കെട്ടുകളെയും ചെറിയ ചെറിയ വീടുകളെയും പിന്നിലാക്കി തീവണ്ടി മുന്നോട്ട് കുതിച്ചു. ഒരു തീവണ്ടി യാത്ര എന്ന് പറയുന്നത് നിരവധി ജീവിതങ്ങളിലൂടെയുള്ളൊരു കടന്ന് പോക്ക് കൂടിയാണ്.
രാവിലെ തന്നെ വയലിന്റെ നടുവിലൂടെ പാലും കൊണ്ട് കവലയിലേക്ക് പോകുന്നവർ...,
പശുവിനെ മേയ്ക്കുന്നവർ, പുഴകളിൽ തുണിയലക്കുന്നവർ.., കളിമൺ വിഗ്രഹങ്ങളുണ്ടാക്കുന്നവർ, തൊട്ടടുത്ത കശുവണ്ടി ഫാക്ടറികളിലേക്ക് ജോലിയ്ക്ക് പോകുന്നവർ..., തോളിൽ ഭാരമുള്ള ബാഗുമായി റോഡരുകിലൂടെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ..., ലെവൽ ക്രോസുകളിൽ പാളം മുറിച്ച് കടക്കാൻ ഇരുചക്രവാഹനങ്ങളിലും മറ്റും കാത്തുനിൽക്കുന്ന വൈറ്റ് കോളർ ജോലിക്കാർ... ഇതിനൊക്കെ പുറമേ ഒരേ കമ്പാർട്ടുമെന്റിൽ മുഖത്തോട് മുഖം നോക്കി മണിക്കൂറുകളോളം വ്യത്യസ്ത ചിന്തകളെ തലയിൽ ചുമന്ന് നേരിയ പുഞ്ചിരിയോടെ യാത്രചെയ്യുന്നവർ. അങ്ങനെ എത്രയെത്ര ജീവിതങ്ങളാണ് ഒരു ദിവസം കാഴ്ചയിലൂടെ കടന്ന് പോകുന്നത്. ഒരു പുസ്തകത്തിന്റെ ഓരോ കടലാസുകളും മറിച്ച് പുതിയ താളിലേക്ക് പോകുന്ന പോലെയാണ് ഓരോ ജീവിതങ്ങളെയും മറികടന്ന് ഓരോ യാത്രയും അതിന്റെ പരിസമാപ്തിയിൽ എത്തുന്നത്. സമയം വീണ്ടും കടന്ന് പോയി. വർക്കല ശിവഗിരി സ്റ്റേഷനിലേക്ക് തീവണ്ടി നിരങ്ങി നീങ്ങി വന്ന് നിന്നു.
പുറത്തേക്ക് നോക്കിയിരുന്ന വൈദിയുടെ കണ്ണുകൾ ഇതിനിടയ്ക്ക് എപ്പോഴോ അടഞ്ഞു പോയിരുന്നു. സമീപസ്ഥരായ യാത്രികരിൽ പലരും വർക്കലയിൽ ഇറങ്ങുകയും അതേ സീറ്റിലേക്ക് പുതുമുഖങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തു. സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ കൂപ്പകൾ മാറി കയറി ചായയും മറ്റെണ്ണപലഹാരവും വിൽക്കാൻ വന്ന ഒരു നീല വസ്ത്രധാരിയായ മനുഷ്യനാണ് വൈദിയെ ഉറക്കത്തിൽ നിന്നും തിരിച്ചു വിളിച്ചുകൊണ്ട് വന്നത്.
"സാർ... ഒരു ടീ എടുക്കട്ടെ" എന്ന അയാളുടെ ചോദ്യത്തിന് "വേണ്ട" എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു വീണ്ടും വൈദി ജനലോരത്തെ കമ്പികളിലേക്ക് തന്റെ തല ചേർത്തു. എന്നാൽ ഇത്തവണ കണ്ണുകൾ അടഞ്ഞില്ല. വൈദിയുടെ കണ്ണുകൾ എന്നെ നോക്കുകയായിരുന്നു.
"എന്താ മാഷേ എൻ്റെ കഥയുടെ പേര് കേട്ട് ഉറങ്ങി പോയോ...?"
ഞാൻ ഒരു കള്ളചിരിയോടെ അദ്ദേഹത്തോട് ചോദിച്ചു. എന്റെ മുഖത്തെ ചിരി കണ്ടിട്ടോ എന്തോ ജനലോരത്തേക്ക് ചാഞ്ഞു കിടന്ന വൈദി ഒരൽപം നേരെയിരുന്നു. ശേഷം തന്റെ കയ്യിലുണ്ടായിരുന്ന കണ്ണട എടുത്തു കണ്ണിലേക്ക് ഉറപ്പിച്ചു വച്ചു.
"എന്താ മാഷേ ഒരു ഗൗരവം? അതോ കണ്ണടച്ചിരുന്ന് പുതിയ വല്ല കവിതയുടെയും ചട്ടകൂടൊരുക്കുകയായിരുന്നോ...?
ഒരു നീണ്ട നേരത്തെ മൗനത്തിനു വിരാമമിട്ടുകൊണ്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി.
"ഇപ്പോൾ പന്ത് എൻ്റെ കളത്തിലാ. ശേഷ പറഞ്ഞ രണ്ടു കാര്യവും തെറ്റി പോയി. എന്റെ ഉള്ളിൽ ഗൗരവവുമില്ല , ഈ നിമിഷം മനസ്സിൽ കവിതയും ഇല്ല"
"ഓഹോ പറയുന്നതൊക്കെ ശരിയാവാൻ എനിക്ക് മനസ്സുവായിക്കുന്ന ജാലവിദ്യ ഒന്നും അറിയില്ലല്ലോ മാഷേ... പിന്നെ ഒരൂഹത്തിന് ഞാനങ്ങ് തട്ടിവിടുന്നതല്ലേ...?"
"അതാ പറഞ്ഞത് ഊഹം തെറ്റി പോയന്ന്. "
"അല്ല മാഷേ..., എൻ്റെ കഥയുടെ പേരന്വേഷിച്ചിട്ട് പിന്നെ മാഷ് മിണ്ടിയതേയിലല്ലോ? എന്ത് പറ്റി?"
"ഏയ്... ആ പേര് ഒരൽപം സ്ട്രൈക്കിങ് ആയി തോന്നി... മറ്റെവിടേക്കോ അതെന്നെ കൂട്ടി കൊണ്ട് പോയതുപോലെ..."
അതു പറയുമ്പോൾ വൈദിയുടെ കണ്ണുകളിലെവിടയോ ഇരുളടഞ്ഞുപോയൊരു പ്രഭാതം എനിക്ക് കാണാമായിരുന്നു. ഉദിച്ചുയർന്ന സൂര്യനെ മറച്ചു കൊണ്ട് അങ്ങുവിദൂരതയിലെവിടയോ പെയ്യാൻ വിതുമ്പി നിന്ന കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നു. അന്തരീക്ഷത്തിൽ നിന്നും വെളിച്ചം പിൻവാങ്ങി അന്തകാരം ചുവടുറപ്പിക്കുന്നു. മഞ്ഞവെയിൽ നാളങ്ങളെ മറച്ച് കറുപ്പ് പീലി വിടർത്തുന്നു.
"ശേഷാ..... താനെന്താടോ ആലോചിക്കുത്?
അദ്ദേഹത്തിന്റെ ആ ചോദ്യം മറ്റേതോ ലോകത്തു നിന്നും എന്നെ വർത്തമാനകാലത്തിലേക്ക് പിടിച്ചു വലിച്ചിട്ടു.
"ഏയ്... മാഷ് പറഞ്ഞില്ലേ സ്ട്രൈക്കിങ് നെയിം ആണതെന്ന്. അത് എന്താ അങ്ങനെ തോന്നിയത്?
"അവൻ്റെ യാത്രിക. അവനോടൊപ്പം എല്ലായിപ്പോഴും യാത്ര ചെയ്യുന്നവൾ. സന്തത സഹചാരിണി. അവൻ്റെ ജീവൻ്റെ പാതി.... എങ്ങനെ വേണമെങ്കിലും ആ വാക്കിന് അർത്ഥം കൽപിക്കാം. അല്ലേ ശേഷാ...?"
"എന്താ മാഷേ ഉള്ളിലെവിടെയോ ഒരു യാത്രികയുടെ അവശേഷിപ്പികൾ മഞ്ഞുറഞ്ഞ പോലെ കിടക്കുന്നുവെന്ന് തോന്നുന്നല്ലോ...?
ഞാനൊരു നേർത്ത പുഞ്ചിരിയോടെ പറഞ്ഞു.
"താൻ നേരത്തെ പറഞ്ഞില്ലേ തനിക്ക് മനസ്സ് വായിക്കാനുള്ള ജാലവിദ്യ അറിയില്ലെന്ന്. ആ സ്ഥിതിക്ക് താൻ ഇപ്പോ പറഞ്ഞതും ഊഹമായിക്കൂടെ?"
"ഏയ് ഇതങ്ങനെ ഊഹമാവാൻ വഴിയില്ല. കാരണം ഞാൻ ആ പേര് പറഞ്ഞത് മുതൽ മാഷിന്റെ ചിന്തകളിലെവിടയോ നിഴൽ പടർന്നിരുന്നത് പോലെ എനിക്ക് തോന്നി."
"തോന്നലാണെന്ന് താൻ തന്നെ സമ്മതിച്ചു. ആ സ്ഥിതിയ്ക്ക് തന്റെ ആ ചോദ്യത്തിന് പോലും ഇപ്പോ പ്രസക്തിയില്ല. എന്താ ശരിയല്ലേ?"
"ഓഹോ... മാഷാള് കൊള്ളാലോ... ഞാൻ ചോദിച്ചതിന് ഉത്തരമില്ലങ്കിൽ അത് പറഞ്ഞാൽ മതി. അല്ലാണ്ടിങ്ങനെ ഉരുണ്ടു കളിക്കണോ...?"
"അങ്ങനെയാണെങ്കിൽ താനല്ലേ ആദ്യം എൻ്റെ മുന്നിൽ ഉരുണ്ടു കളിച്ചേ...?"
"ഞാനോ...? എപ്പോ?"
"താൻ തന്നെ. പ്രത്യക്ഷ ഭാവത്തിൽ താനൊരു കായലും പരോക്ഷമായി പറഞ്ഞാൽ ഉള്ളിലൊരു കടലും ഒളിപ്പിച്ചിട്ടുണ്ട് ഈ ശേഷാദ്രി എന്ന് ഞാൻ പറഞ്ഞപ്പോൾ താൻ അതിനെ എതിർത്തില്ലേ....?"
വൈദിയുടെ ആ ചോദ്യം കേൾക്കേണ്ട താമസം എൻ്റെ ചുണ്ടുകൾ തമ്മിലുള്ള അകലം കൂടി എൻ്റെ കവിളുകൾ വലിഞ്ഞു മുറുകി. എന്റെ ചുണ്ടുകളിൽ വിരിഞ്ഞ നേരിയ പുഞ്ചിരി ഒരു താമരപൂവോളം വിടർന്നു. ഇടതൂർന്ന പീലികളുള്ള എന്റെ കണ്ണുകൾ ഒരൽപം കൂടി വികസിതമായി.
"ഓ... അതോ..."
"ആ അത് തന്നെ. അല്ല ഞാൻ അത് കണ്ടുപിടിച്ചതിൻ്റെ ചിരിയാണോ ഇപ്പോ തൻ്റെ മുഖത്ത്.?"
"മാഷേ.... മാഷ് ശരിക്കും സൈക്കോളജി പഠിച്ചിട്ടുണ്ടോ... അതോ ഞാൻ നേരത്തെ ഊഹിച്ചു പറഞ്ഞത് പോലെ ഓരോന്ന് തട്ടിവിടുന്നതാണോ...?"
"ശരി തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട. പകരം എൻ്റെ ഊഹം തെറ്റിയോ ഇല്ലയോന്ന് പറഞ്ഞാ മതി."
"മാഷിന്റെ ആ ചോദ്യം കേട്ടപ്പോൾ തന്നെ എനിക്ക് മനസിലായതാ മാഷിന് എന്നേ നന്നായി അറിയാന്ന്. പിന്നെന്തിനാ ഈ വളഞ്ഞ് മൂക്കും പിടുത്തം?
"ശേഷാ..... ഞാൻ..... "
"ഞാൻ മാഷിനോട് പറഞ്ഞത് സത്യമാണ്. ഇപ്പം എൻ്റെ ഉള്ളം തെളിഞ്ഞ നീലാകാശവാ. അവിടെ എല്ലായിപ്പോഴും തെളിഞ്ഞ തിളക്കമുള്ള നക്ഷത്രങ്ങളുണ്ട്. സ്വർണ്ണവും വെള്ളിയും കുപ്പായമണിഞ്ഞ തിങ്കൾകലയുണ്ട്. അതിനും താഴെ ഉയർന്ന് പൊങ്ങി എന്നെ പുണരാൻ കൊതിക്കുന്ന വർണ്ണ പട്ടങ്ങളുണ്ട്. മറ്റുപട്ടങ്ങളെ തോൽപ്പിച്ച് എന്നിലേക്ക് കുതിച്ച , എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പട്ടമേയുണ്ടായിരുന്നുള്ളു. ആ പട്ടം മാഷിന്റെ അടുത്ത ചങ്ങാതിയല്ലെങ്കിലും മാഷിന്റെയൊരു ചങ്ങാതിയാണെന്ന് എനിക്ക് അറിയാം. എനിക്ക് ചുറ്റുമുള്ള നക്ഷത്ര സൗഹൃദങ്ങളുടെ തിളക്കത്തേക്കാൾ എന്നിലെ നീലിമയ്ക്ക് കൗതുകം തോന്നിയത് ആ വർണ്ണ പട്ടത്തിലെ നിറങ്ങളോടും എഴുത്തുകളോടുമായിരുന്നു. ഞാൻ അപ്പോൾ മറവിയിലാഴ്ത്തിയ ഒരു കാര്യമുണ്ട്. എൻ്റെ നീലിമയ്ക്ക് കൂട്ടായി നിന്ന നക്ഷത്രങ്ങൾ അവ അനശ്വരങ്ങളും വർണ്ണപട്ടം നശ്വരവുമായിരുന്നു. എന്താ മാഷേ ഞാൻ പറഞ്ഞത് ശരിയല്ലേ?"
"ശേഷാ... ഐ ആം സോറി.... ഈ തെളിഞ്ഞ നീലിമയുള്ള ശേഷാദ്രിയെ തന്നെയാണ് എനിക്കും ഇഷ്ടം... എനിക്കെന്നല്ല എല്ലാവർക്കും.... ഒരു കവിതയിൽ കോർത്ത താലി തൻ്റെ കഴുത്തിൽ അണിഞ്ഞിട്ടാണ് അവൻ്റെ ചതി താനറിഞ്ഞിരുന്നത് എങ്കിലോ ഇരുളടഞ്ഞ ജീവിതത്തിന്റെ ബാക്കി പത്രമായി ഏതെങ്കിലും ഒരു നോവലിലെ കഥാപാത്രമായി താനും ഏതെങ്കിലും മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയേനെ!"
"മാഷ് ഈ വരികൾ കേട്ടിട്ടുണ്ടോ...?
'രണ്ടിലൊരാളുടെ ഭ്രാന്ത് മരിക്കുമ്പോൾ പ്രണയം ഭേദമാകുന്നു. സുഹൃത്തേ, മരണത്തിനപ്പുറവും ഞാൻ ജീവിക്കും അവിടെ ഒരു പൂക്കാലം ഉണ്ടാകും.'
എ. അയ്യപ്പൻ്റെ വരികളാ. ദേവയെന്നോട് ചെയ്ത ചതി ബോധ്യമായതോടെ എൻ്റെയുള്ളിലെ ഭ്രാന്ത് ഇല്ലാണ്ടായി. എന്നാൽ എൻ്റെയുള്ളിൽ ഒരു എഴുത്തുകാരൻ്റെ എഴുത്തുകളോട് ഒരു വായനക്കാരി എന്ന നിലയിൽ തോന്നറുള്ള ആ പ്രണയം ഭേദമായിട്ടില്ല. അതിപ്പോഴും പന്തലിച്ചൊരു വൃക്ഷമായി എന്റെ ഉള്ളിലുണ്ട്. ഒരുപാട് വൃക്ഷങ്ങൾ നിറഞ്ഞൊരു വനത്തിലെ കേവലമൊരു വൃക്ഷമായി മാത്രം. അവനെ ഉള്ളിൽ നിന്നും പറിച്ചു മാറ്റിയപ്പോഴാ ഞാൻ ജീവനോടെ തന്നെ മൃതിയടഞ്ഞത്. ആ മൃതിയിൽ നിന്നും ഒരു പൂക്കാലം സ്വപ്നം കണ്ട് എന്നിലെ പ്രഭാതങ്ങൾ വീണ്ടും മിഴി തുറന്നു. എന്റെ എഴുത്തിലൂടെ...."
"ശേഷാ... തനിക്കറിയാലോ താൻ സ്നേഹിച്ചതിൻ്റെ പത്തിലൊരംശം പോലും അവൻ തന്നെ സ്നേഹിച്ചിട്ടില്ല. അത് തനിക്ക് മാത്രമല്ല ഞങ്ങൾ കൂട്ടുകാർക്ക് വരെ അറിയാം. എന്നിട്ടും തനിക്ക് ഇങ്ങനെ എത്ര ഭ്രാന്തമായാണ് അവനോടുള്ള സ്നേഹം ഉള്ളിൽ സൂക്ഷിക്കാൻ കഴിയുന്നത്? അവൻ കേൾക്കാതെയാണെങ്കിൽ പോലും അവൻ്റെ ഏറ്റവും അടുത്ത കൂട്ടുകാർ വരെ അതേ പറ്റി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്."
"മാഷേ... സ്നേഹം എന്ന് പറയുന്നത് ഇങ്ങോട്ട് കിട്ടിയാൽ മാത്രമേ അങ്ങോട്ടും തിരിച്ചു കൊടുക്കാൻ പാടുള്ളു എന്നൊന്നും ഇല്ല. ഞാൻ ദേവയെക്കാൾ ഒരുപക്ഷേ സ്നേഹിച്ചത് അവനിലെ കലയെയാണ്. അവനിൽ നിന്നും ഉരുവം കൊണ്ട കൃതികളെയാണ്. അവൻ കടലാസിൽ വർണ്ണങ്ങളാൽ കോറിയിട്ട വരകൾക്കിടയിലെവിടയോ എന്റെ മുഖമാണ് ഞാൻ കാണാൻ ശ്രമിച്ചത്. പക്ഷേ വളരെ വൈകിയാണ് അവൻ എഴുതി തീർത്ത ഓരോ വരികളിലും വരച്ചു നിർത്തിയ ഓരോ ചിത്രങ്ങളിലും മറ്റൊരു പെണ്ണിന്റെ മുഖമാണ് തെളിഞ്ഞു നിന്നത് എന്ന് ഞാൻ അറിഞ്ഞത്. ഞങ്ങളുടെ പ്രണയം എന്നിലേക്ക് മാത്രം ചുരുങ്ങെന്ന് ഞാൻ അറിഞ്ഞ ആ നിമിഷങ്ങളിൽ പോലും എന്ത് വിദഗ്ധമായാണവൻ എന്നെ കബളിപ്പിച്ചത്. അത് ഞാൻ അറിഞ്ഞു എന്ന് അവൻ അറിഞ്ഞതിന് ശേഷവും എത്ര തവണയാണ് "ഞാൻ നിന്നെ പ്രണയിക്കുന്നു" എന്ന് അവൻ എന്നോട് പറഞ്ഞത്. അതിനും ഒരു കലവേണം. അതും ഒരു കലയാണ് ഒരു സമയം രണ്ട് പേരെ പ്രണയിക്കുക. അല്ലേ മാഷേ..? എനി വേ അവനോട് എനിക്കുള്ള ഇഷ്ടം അത് എഴുത്തിനോടായാലും ചിത്രകലയോടയാലും എൻ്റെയുള്ളിലുണ്ട്. പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ ഈ ലോകത്തിൽ ഞാൻ ഏറ്റവും വെറുക്കുന്നതും അവനെയാണ്. ഒടിഞ്ഞ ചിറകുകളെ തുന്നിച്ചേർത്ത് ഉയർന്ന് നിന്നൊന്ന് ചിറകടിക്കാനാണ് ഇപ്പോഴീ ശേഷയുടെ ശ്രമം."
"ശേഷാ.... താനിനി അതേപ്പറ്റി ചിന്തിക്കരുത്. അതേപ്പറ്റി ഓർമ്മിപ്പിച്ചത് എൻ്റെ തെറ്റാണ്. സോ സോറി ശേഷാ...."
"ഇറ്റ്സ് ഓക്കെ മാഷേ... എൻ്റെ ഉള്ളിലെവിടെയോ പെയ്യാൻ വിതുമ്പി നിന്ന കാർമേഘങ്ങളെ വാക്കുകളിലൂടെ പെയ്യിക്കാനും ആ മേഘപെയ്ത്ത് താഴെ നിന്നും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ മാഷുണ്ടായതും ഒരു നിശ്ചയമാവണം"
"ടോ തന്നോട് ഞാൻ വേറൊരു കാര്യം കൂടി ചോദിക്കട്ടെ... താൻ അറിഞ്ഞിട്ടും ക്ഷണം ഉണ്ടായിട്ടും എന്തേ എഴുത്തിടം സാഹിത്യവേദിയുടെ ഈ പ്രോഗ്രാമിൽ പങ്കെടുക്കാത്തേ...? തനിക്കും വന്നൂടെ എൻ്റെയൊപ്പം...?"
വൈദിയുടെ ആ ചോദ്യം ഞാൻ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്. അതുകൊണ്ട് തന്നെ ആ ചോദ്യത്തിന് ഒരു മറുപടി പറയാൻ എനിക്ക് ഏറെ നേരം ആലോചിക്കേണ്ടി വന്നില്ല. എന്ത് മറുപടിയാണ് എന്നിൽ നിന്നും ഉണ്ടാവുക എന്ന ആകാംക്ഷയും കൗതുകവും വൈദിയുടെ മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു.
തുടരും....