ഒരു നേരിയ പുഞ്ചിരിയോടെ കൈയ്യിലുണ്ടായിരുന്ന ലഗേജു ബാഗുകൾ ഒതുക്കി പിടിച്ച് തന്റെ സീറ്റ് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഇരുന്ന അതേ കമ്പാർട്ടുമെന്റിൽ എനിക്ക് എതിർ വശത്തായി ജനലോരത്തേക്ക് തുറക്കുന്ന നീണ്ട സീറ്റിന്റെ ഒരറ്റത്ത് അദ്ദേഹം ചെന്നിരുന്നു. ശേഷം ഒട്ടും ഭാവഭേദമില്ലാതെ ചുണ്ടിൽ വിരിഞ്ഞു നിന്ന അതേ പുഞ്ചിരിയുടെ ഒരംശം എനിക്ക് നേരെ നീട്ടി. ഒപ്പം എന്തോ ഓർത്തിട്ടെന്നവണ്ണം ഒരു ചോദ്യവും..!
"താൻ ശേഷയല്ലേ? ശേഷാ വാര്യർ?"
ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ ചോദ്യത്തെ തെല്ലൊരു കൗതുകത്തോടെയാണ് ഞാൻ അഭിമുഖീകരിച്ചത് എന്ന് വേണം പറയാൻ.
"ഹാ! അത് കൊള്ളാല്ലോ മാഷെന്നെ അറിയുവോ?"
ഞങ്ങൾക്കിടയിൽ ഒരു സൗഹൃദത്തിന്റെ, ഒരാത്മ ബന്ധനത്തിന്റെ, ഒരു കാവ്യ പ്രപഞ്ചത്തിന്റെ വാതിലുകൾ തുറന്നിടുകയായിരുന്നു ആ ഒരൊറ്റ ചോദ്യത്തിലൂടെ...
"ഉം ചെറിയ ഒരു പരിചയമുണ്ട്. രണ്ട് കൊല്ലം മുമ്പുള്ളതാ..."
"രണ്ട് കൊല്ലം മുമ്പുള്ളതോ..?"
എന്റെയുള്ളിലേക്ക് കൗതുകം നിറഞ്ഞൊഴുകുകയായിരുന്നു അപ്പോൾ...
"തന്നെ സ്റ്റേഷനിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായതായിരുന്നു. പക്ഷേ പേരും മാത്രം ഓർമ്മ വന്നില്ല. താൻ എന്നോട് ക്ഷമ പറഞ്ഞ ആ നേരമുണ്ടല്ലോ അപ്പോഴാണ് തന്റെ പേരെന്റെ ഉള്ളിലേക്ക് എവിടുന്നോ ഇടിച്ച് കേറി വന്നത്"
"ഓഹോ... ആ എന്നിട്ട്.... എന്നെ എങ്ങനെയാ പരിചയമെന്ന് മാഷ് പറഞ്ഞിലല്ലോ..."
നമുക്കറിയാത്ത, നമ്മളെയറിയുന്ന ഒരാൾ നമ്മളോട് വന്ന് നമ്മളെപറ്റി തന്നെ സംസാരിക്കുമ്പോൾ അത് കേൾക്കാൻ നമ്മുടെ ഉള്ളിൽ നിന്നും ഉണ്ടാകുന്ന ഒരു ആകാംക്ഷ ഉണ്ടല്ലോ... എന്റെയുള്ളിലും ഇപ്പോൾ അതേ വികാരം ആഴത്തിൽ ഗർത്തങ്ങൾ സൃഷ്ടിക്കുകയായിരുന്നു.
"താനിപ്പോൾ എഴുതാറില്ലേ..? പുതിയ കവിതകളൊന്നും കാണുന്നിലല്ലോ?"
അദ്ദേഹത്തിന്റെ ആ ചോദ്യത്തിൽ തന്നെ അദ്ദേഹത്തിന് എന്നെ എങ്ങനെയറിമെന്നതിനുള്ള മറുപടിയുമുണ്ടായിരുന്നു.
"മാഷ് ആദ്യം എന്റെ ചോദ്യത്തിനുള്ള ഉത്തരം താ... ശേഷം ഇതിനുള്ള ഉത്തരം ഞാൻ തരാം. എന്താ പോരേ.."
"രണ്ട് കൊല്ലം മുമ്പ് കനകകുന്നിൽ വച്ചു നടന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ വച്ചാ നമ്മൾ കണ്ടത്... ഓർക്കുന്നോ...?"
അദ്ദേഹത്തിന്റെ ആ ചോദ്യത്തിൽ തന്നെ രണ്ട് കൊല്ലം മുമ്പുള്ള ആ ദിനങ്ങളെ ഞാൻ എന്റെ മനസിലേക്കെടുത്തിട്ടു. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള നൂറ്റിയമ്പതിൽ പരം എഴുത്തുകാർ പങ്കെടുക്കുന്ന ഏറ്റവും വലിയ സാഹിത്യ സംഗമം. മുഖ്യധാരാ എഴുത്തുകാർ മുതൽ സാഹിത്യ ലോകത്തേക്ക് കാലെടുത്തു വയ്ക്കാൻ ആഗ്രഹിക്കുന്നവർ വരെ ഒരേ മനസ്സോടെ കടന്നുവരുന്നൊരു പൊതുവേദി. അതിൽ നിന്നും പൊടുന്നനെ തെളിഞ്ഞു വന്ന മുഖം എന്റെ മുന്നിലിരിക്കുന്ന അദ്ദേഹത്തിന്റെ മുഖം തന്നെയായിരുന്നു. അപ്പോഴേക്കും ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ അദ്ദേഹത്തിന്റെ പേര് ഉച്ചരിച്ചു കഴിഞ്ഞിരുന്നു.
"വൈദി......"
"അപ്പോ താൻ എന്റെ പേരു മറന്നിട്ടില്ല. അല്ലേ...?"
"എങ്ങനെ മറക്കാൻ പറ്റും.
അക്ഷരങ്ങളെ പ്രാണനായി കണ്ടവൻ... യൂണിവേഴ്സിറ്റി കോളേജിലെ രചനാ മത്സരങ്ങളിൽ എഴുതി തെളിഞ്ഞ് സമ്മാനങ്ങൾ വാരിക്കൂട്ടിയവൻ... ഇപ്പോഴും ഓരോ മാസികകളിലും മത്സരിച്ചെഴുതുന്നവൻ... ഇങ്ങനൊക്കെയല്ലേ മാഷിനെ കുറിച്ച് അറിയപ്പെടുന്ന എഴുത്തുകാരനും നിരൂപകനുമായ സാനു മാഷ് പരിചയപ്പെടുത്തി തന്നത്..."
"താനെൻ്റെ രൂപം മറന്നെങ്കിലും അന്ന് സാർ എന്നെക്കുറിച്ച് പറഞ്ഞ വരികളൊക്കെ കൃത്യമായി തന്നെ ഓർത്തുവച്ചിട്ടുണ്ടല്ലോ?"
അദ്ദേഹം പറഞ്ഞത് ശരിയാണ്. അന്ന് സാനു മാഷ് പറഞ്ഞ വരികളോരോന്നും ഇന്നും എൻ്റെ മനസിൽ അതേപടി നിൽപ്പുണ്ട്. ആദ്യം വൈദ്യനാഥ് എന്ന പേരിനോട് തികഞ്ഞ ഔത്സുക്യമായിരുന്നു. പിന്നീട് എഴുത്തുകളോടും. അദ്ദേഹത്തിന്റെ ഓരോ വരികളിലും കാണാൻ കഴിയും അദ്ദേഹത്തിന്റെ അക്ഷരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം. കടലാസിൽ ചിതറിക്കിടക്കുന്ന അക്ഷരങ്ങളെ പരിലാളനങ്ങളോടെ അദ്ദേഹം ഭോഗിക്കുമ്പോഴാണ് പല കവിതകളും പിറവികൊള്ളുന്നത് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എഴുത്തുകാരൻ ആണെങ്കിൽ കൂടി വേഷത്തിലും സംസാരശൈലിയിലും കാലത്തിനൊപ്പം സഞ്ചരിക്കുന്നവൻ കൂടിയായിരുന്നു വൈദ്യനാഥ് എന്ന വൈദി.
"ശേഷാ.... താനിപ്പോൾ എഴുതാറില്ലേ... ഞാൻ ചോദിച്ചിട്ട് താനതേപറ്റിയൊന്നും പറഞ്ഞില്ലല്ലോ...?"
ഒരു ചോദ്യം കൊണ്ടാണ് അദ്ദേഹം വീണ്ടും എന്നെ തൊട്ടുണർത്തിയത്.
"ഒരു പുസ്തകം പ്രസിദ്ധീകരിച്ചാലോന്ന് ഒരാലോചനയുണ്ട്. അത് കൊണ്ട് വാരികകളിലും മാസികകളിലും ഒന്നും ഞാൻ എഴുതുന്നില്ല..."
"ആഹാ അത് നല്ലകാര്യം ആണല്ലോ... ഒരു എഴുത്തുകാരനെയോ എഴുത്തുകാരിയെയോ സംബന്ധിച്ചിടത്തോളം തൻ്റെ പേരിൽ ഒരു പുസ്തകം പുറത്തിറങ്ങുക എന്നത് സാഹിത്യ ജീവിതത്തിലെ നാഴികക്കല്ലാണ്. പ്രകാശനത്തിന് എന്നെയും ക്ഷണിക്കണം. "
"തീർച്ചയായും..!! അല്ല; മാഷിതെങ്ങോട്ടാ ഇതെല്ലാമായിട്ട് രാവിലെ തന്നെ... അമ്മ, വീട്ടിന്ന് പുറത്താക്കിയോ?"
"ഏയ്... അതൊന്നുമല്ല. ധനുവച്ചപ്പുരം കോളേജിൽ അഞ്ച് ദിവസത്തെ ഒരു സാഹിത്യ സംഗമം നടക്കുന്നുണ്ട്."
"ആ ഉവ്വ്, ഞാൻ അറിഞ്ഞിരുന്നു. എഴുത്തിടം കൂട്ടായ്മയല്ലേ അതിന്റെ സംഘാടകർ... വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ..."
"പിന്നെന്താ ഒരു പക്ഷെ..."
"ഏയ്.. ഒന്നുമില്ല മാഷേ..."
എൻ്റെ മുഖത്തെ ഭാവ വ്യത്യാസം ശ്രദ്ധിച്ചതിനാലാവണം അദ്ദേഹം കുറിച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ നേർത്തൊരു മൗനം തളം കെട്ടി വലിയൊരു തടാകം ഉരുവം കൊള്ളാൻ തുടങ്ങിയിരുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ എൻ്റെ മനസ്സ് വെമ്പൽ കൊള്ളുന്നത് ഞാൻ സ്വയം അറിഞ്ഞു.
നീണ്ട വിശാലമായ കായലിനെ മുറിച്ചുകടന്ന് തീവണ്ടി മുന്നോട്ട് കുതിച്ചു പാഞ്ഞു. തീവണ്ടി കടന്നു പോകുന്ന ഈ പാലത്തിന്റെ ഒരു വശത്ത് പരവൂർ കായലും മറുവശത്ത് അറബികടലുമാണ്. വർഷത്തിൽ രണ്ട് തവണ പൊഴിമുറിഞ്ഞ് കായലിൽ നിന്നും കടലിലേക്ക് മലവെള്ളം കുത്തിയൊലിക്കും. തുലാം, ഇടവം മാസങ്ങളിൽ പൊഴിമുറിയുമ്പോൾ കായലും കടലും തിരിച്ചറിയാനാവാത്ത വിധം മലവെള്ളത്താൽ ചുവന്നിരിക്കും. ചില വേളകളിൽ മനസ്സ് കലുഷിതമാകുമ്പോൾ എൻ്റെ മനസിലേക്ക് ആദ്യം കടന്നുവരുന്നത് പൊഴിമുറിഞ്ഞ് ചുവന്ന് കിടക്കുന്ന ജലപരപ്പാണ്. കയലിനെയും കടലിന്റെയും വേർതിരിച്ച് പിന്നെയും തീവണ്ടി മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.
"ശേഷാ.... താനെന്താടോ ഒന്നും മിണ്ടാത്തത്?
സാഹിത്യകാരി കായൽപരപ്പിൽ നോക്കി നോവലിന് കളമൊരുക്കുകയാണോ....?"
"ഏയ്, അല്ല മാഷേ.... ഞാൻ എന്തൊക്കെയോ ആലോചിച്ച്........"
"കവികൾക്ക് ഏറെയിഷ്ട്ടം ഏകാന്തതയാണ്. തൻ്റെയീ ചിന്ത കണ്ടിട്ട് തൻ്റെ സ്വർഗ്ഗത്തിൽ ഞാനൊരു കട്ടുറുമ്പായോന്നാണ് എൻ്റെ സംശയം..."
"അങ്ങനൊന്നും ഇല്ല മാഷേ.... ഈ കായലിനും കടലിനും ഒരു വശ്യതയുണ്ട്. വർഷത്തിൽ രണ്ട് തവണ മാത്രമാണവർ ആഴത്തിൽ ചുംബിക്കുന്നത്. കായലിൻ്റെ ആഴപ്പരപ്പിലേക്ക് കടൽ തന്നിലെ ഉപ്പുവെള്ളത്തെ സംക്രമിപ്പിക്കുന്നത്. സ്നേഹ പരിലാളനങ്ങളോടെ പരസ്പരം ഭോഗിക്കുന്നത്. അതോടെ കായലും കടലും തിരിച്ചറിയാനാവാത്ത വിധം ചുവന്നിരിക്കും. ദിവസങ്ങളോളമുള്ള പരിരംഭണത്തിന് ശേഷം കായൽ കായലായും കടൽ കടലായും പൂർവ്വ സ്ഥിതിയിലേക്ക് പിന്മാറും. അടുത്ത വർഷകാലത്തിൽ വീണ്ടും ഒരു പുനഃസമാഗമം ആഗ്രഹിച്ചുകൊണ്ടൊരു വേർപിരിയൽ...."
തീവണ്ടി, പാലത്തിന് മേലുള്ള പാളത്തിലൂടെ കടന്നു പോകുമ്പോഴുള്ള തീവ്ര ശബ്ദത്തേക്കാൾ, നേർമ്മയുള്ള എന്റെ ശബ്ദത്തിൽ കലർന്ന വാക്കുകളെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം.
"ഉം.. സാഹിത്യം എഴുതാൻ ഒരു രചയിതാവിന് ഏകാന്തത വേണം എന്നുള്ള ആ ക്ലീഷേ നിലപാടിന് മാറ്റം വന്നിട്ടുണ്ട്."
"അതെന്താ മാഷ് അങ്ങനെ പറഞ്ഞേ?"
"ഓടുന്നയീ തീവണ്ടിയിൽ, ഇത്രയധികം തിരക്കുള്ളൊരിടത്ത് നിന്നും ശാന്തമായ് ഒഴുകുന്നൊരു കായലിൻ്റെയും കടലിന്റെയും പൂർവ്വകഥ , അതും മനോഹരമായ ഒരു ഭാഷയിൽ നിർവചിക്കാൻ തനിക്ക് കഴിഞ്ഞോണ്ട് പറഞ്ഞതാ..."
"ഓഹോ... അങ്ങനെയാണെങ്കിൽ ആ കായലും കടലും കണ്ടപ്പോൾ മാഷിന് എന്താ തോന്നിയത് എന്ന് പറഞ്ഞേ... കേൾക്കട്ടെ..."
"എനിക്കോ... എനിക്ക് ഒന്നും തോന്നിയില്ല. കാരണം ഞാൻ തന്നെ ശ്രദ്ധിക്കയായിരുന്നില്ലേ...."
"എന്നെയോ....?"
"ആന്നേ. തന്നെ തന്നെ... പ്രത്യക്ഷ ഭാവത്തിൽ താനൊരു കായലും പരോക്ഷമായി പറഞ്ഞാൽ ഉള്ളിലൊരു കടലും ഒളിപ്പിച്ചിട്ടുണ്ട് ഈ ശേഷാദ്രി. എന്താ ശരിയല്ലേ?"
ഒരു പുരികകൊടി ഉയർത്തി നേരിയ പുഞ്ചിരി കലർത്തിയുള്ള അദ്ദേഹത്തിന്റെ ആ വാക്കുകൾ അത് വരെയുണ്ടായിരുന്ന എന്റെ മുഖം മൂടി പൊളിച്ചെഴുതുന്നതായിരുന്നു. എന്നാൽ അങ്ങനെയീ ശേഷാദ്രി വൈദിയുടെ മുന്നിൽ തോൽവി സമ്മതിക്കാൻ പാടില്ലല്ലോ. അത് കൊണ്ട് തന്നെ യാതൊരു ഭാവ ഭേദവും കൂടാതെ ഞാൻ മറുപടി പറഞ്ഞു.
"അല്ല. ശരിയല്ല. സാഹിത്യകാരൻ്റെ സൈക്കോളജി ഈ ശേഷാദ്രിയുടെ മുന്നിൽ തെറ്റി പോയി. ഈ ശേഷയുടെ ഉള്ളിൽ കായലുമില്ല , കടലുമില്ല. പകരം നല്ല വിശാലമായ നീലാകാശമാ ഉള്ളത്. മാഷിപ്പോ പറഞ്ഞ കായലും കടലുമൊക്കെ എന്നിൽ നിന്നുമാണ് നീലിമ കടം വാങ്ങിയിരിക്കുന്നത്. അവരൊക്കെ എൻ്റെ കടക്കാരാ...."
അത് കേട്ടതും വൈദി പരിസരം മറന്ന പോലെ എന്നെ നോക്കി ചിരിച്ചു.
"മാഷെന്തിനാ ചിരിക്കുന്നത്? ഞാൻ പറഞ്ഞ കേട്ടിട്ടാണോ?"
"ഏയ് അല്ല , അവിടെയും വാക്കുകൾ കൊണ്ട് താൻ സ്വയമൊരു രക്ഷാകവചം ഒരുക്കിയല്ലോന്ന് ആലോചിച്ച് ചിരിച്ചതാ...."
"ഓഹോ... എന്നാൽ അധികം ചിരിക്കണ്ട. എന്റെ ഉള്ള് നല്ല തെളിഞ്ഞ നീലാകാശം തന്നെയാ.... എന്താ സംശയമുണ്ടോ?"
"അയ്യോ... ഇല്ലേ...."
"ഹാ... അതാ തത്കാലം മാഷിന് നല്ലത്."
"ശേഷാ... താൻ തൻ്റെ പുതിയ വർക്കിനെ പറ്റി പറഞ്ഞില്ലല്ലോ..? എന്താ അതിന്റെ പേര്...? പറയാൻ വിരോധമുണ്ടെങ്കിൽ വേണ്ടാട്ടോ...."
"ഏയ് എന്ത് വിരോധം?"
"അല്ല, സാധരണ പുസ്തകം ഇറങ്ങുമ്പോഴാണല്ലോ അതിന്റെ പേര് എല്ലാവരും അറിയുന്നത്. അതുവരെയത് രഹസ്യമായി ഇരിക്കണമെന്ന് ഏതൊരു എഴുത്തുകാരൻ്റെയും ഉള്ളിൽ ഉണ്ടാവില്ലേ?"
"ഈ സാഹിത്യകാരൻ്റെ സൈക്കൊളജി എൻ്റെടുത്ത് ചിലവാവില്ലന്ന് ഞാൻ ആദ്യമേ പറഞ്ഞു... നോവലിന്റെ പേര് മാഷിനെ പോലൊരാളോട് പറഞ്ഞന്ന് കരുതി എന്താവാനാ?"
"എന്നാ ശരി കേൾക്കട്ടെ... എന്താ തൻ്റെ പുതിയ നോവലിന്റെ പേര്...."