Vilayam - 8 in Malayalam Thriller by ABHI books and stories PDF | വിലയം - 8

The Author
Featured Books
Categories
Share

വിലയം - 8

മുറിയിലെ വെളിച്ചം മങ്ങിയിരുന്നു ചൂളയുടെ തീയിൽ നിന്നുള്ള  പ്രകാശം ചുമരുകളിൽ പതിഞ്ഞ് മന്ദഗതിയിൽ കുലുങ്ങുന്ന നിഴലുകൾ സൃഷ്ടിച്ചു.

നിഖിൽ കൊണ്ടുവന്ന ചില്ലുകുപ്പി മേശപ്പുറത്ത് പതിഞ്ഞപ്പോൾ ആ ശബ്ദം ശൂന്യമായ മുറിയിൽ ഒരു ചെറിയ മുഴക്കം പോലെ പരന്നു.

സുരേഷ് അതിന്റെ മൂടി തുറന്ന് മൂക്കിനരികിൽ എത്തിച്ചു.

“നാടൻ ആണല്ലേ…” അവന്റെ വാക്കുകൾക്ക് പിന്നാലെ മദ്യം ഗ്ലാസുകളിൽ നിറയുന്ന ശബ്ദം അങ്ങേയറ്റം പരിചിതമായ ഒരു ശാന്തത പകരുന്ന പോലെ.

അവർ ഇരുന്നിരുന്ന വട്ടമേശയ്‌ക്ക് ചുറ്റും ഓരോരുത്തരും മൗനത്തിൽ തന്നെ ഗ്ലാസ് കൈയിൽ പിടിച്ചു.

അജയ്, വിരലുകൾ ഗ്ലാസിന്റെ അരികിൽ സാവധാനം സ്പർശിച്ചു കൊണ്ടിരുന്നു ഒരു നിമിഷം പോലും ആരുടെയും മുഖത്ത് നോക്കാതെ  ചിന്തയിൽ ആണ്ടു നിന്നു.

ശേഷം, ശ്വാസം ഭാരമായി വലിച്ച് അവൻ തല പൊക്കി.

“എനിക്ക് അറിയാത്ത… ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.”

അവന്റെ ശബ്ദം കുറഞ്ഞെങ്കിലും അതിൽ അടങ്ങിയിരുന്നത് വർഷങ്ങളുടെ മുരടിപ്പും വേദനയും ആയിരുന്നു.

ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ചശേഷം അവൻ തുടർന്നു.

“അന്ന്… ആ സംഭവങ്ങൾക്ക് ശേഷം… അച്ഛൻ എന്തിനാണ്…”

“ഈ മാളിക ഒഴികെ ബാക്കിയുള്ളത് എല്ലാം അശോകന് നൽകിയത്?”.അവന്റെ ശബ്ദം വിറച്ചു.

മുറിയിലെ തീച്ചൂള പോലും ആ നിമിഷം ചിതറി മിണ്ടാതെ നിന്നുപോയ പോലെ.

“അച്ഛന്… അത്രയ്ക്കും വെറുപ്പായിരുന്നോ… എന്നോട്?”

വാക്കുകൾ അവസാനിച്ചതോടെ, മുറിയിൽ വീണ്ടും ഒരു കനത്ത മൗനം വീണു ഒന്നും പറയാതെ, പക്ഷേ എല്ലാം കേൾക്കാൻ നിർബന്ധിതമായ ഒരു മൗനം.

അവൻ ശാന്തമായി പക്ഷേ വാക്കുകളിൽ കനം കലർത്തി തുടർന്നു

“എന്തെക്കെയോ നിഗൂഢതകൾ… ഒളിഞ്ഞു കിടപ്പുണ്ട്.”

ഒരു നിമിഷം അവന്റെ വിരലുകൾ മേശപ്പുറത്ത് വലിച്ചിഴയ്ക്കുന്ന പോലെ നീങ്ങി തീർച്ചയില്ലാത്തൊരു ചിന്തയെ പിടികൂടാൻ ശ്രമിക്കുന്നതുപോലെ.

“ദീപിക… എന്റെ ജീവിതത്തിലേക്കു കടന്നു വന്നത്… അച്ഛന് ഇഷ്ടപ്പെട്ടിരുന്നില്ല.”

അവന്റെ ശബ്ദം ഒന്ന് പതറി, പക്ഷേ ഉടൻ തന്നെ വീണ്ടും ഉറച്ചു.

“എങ്കിലും… അച്ഛന് ഇത്രയും വെറുപ്പ് എങ്ങനെ വന്നു?”

മുറി വീണ്ടും നിശ്ശബ്ദമായി നിശ്ശബ്ദതയിൽ ചൂളയുടെ തീ മാത്രമാണ് ചെറുതായി പൊട്ടിത്തെറിക്കുന്ന ശബ്ദം ഉണ്ടാക്കിയത്.

നിഖിൽ ഗ്ലാസിന്റെ അരികിൽ വിരൽ തിരിച്ച്കൊണ്ട് ഇരുന്നു.

അജയ് ആഴത്തിൽ ശ്വാസം വലിച്ചു കണ്ണുകളിൽ ചോദ്യങ്ങളുടെ കടുത്ത ജ്വാല.

അച്ഛന്റെ മരണ ദിവസവും, അതിന്റെ മരണാനന്തര ചടങ്ങുകളും എല്ലാം ഒരു ദുരൂഹതയുടെ കൂടാരം ആയിരുന്നോ അവൻ മനസ്സിൽ ചിന്തിച്ചു.

“അച്ഛന്റെ മരണം പോലും… ദുരൂഹമായിരിക്കുന്നു,”

അവൻ ശബ്ദം താഴ്ത്തി പറഞ്ഞു,

“ആരുടെയോ ഉത്തരവ് പോലെ, എന്തിനാണ് എനിക്ക് ആ ചടങ്ങുകൾക്കും വരാൻ അനുവാദം ലഭിക്കാതിരുന്നത്?”

അജയ് ഒരു നിമിഷം മൗനത്തിൽ നിൽക്കുമ്പോൾ, ഹൃദയത്തിന്റെ താളം കേൾക്കാനാവുന്ന പോലെ തോന്നി.

അവന്റെ കണ്ണുകൾ നേരെ സുരേഷിന്റെ മുഖത്തേക്ക് പതിച്ചു.

ആർക്കും ഒന്നും അവനോട് പറയുവാനില്ലായിരുന്നു.

അജയ് തല താഴ്ത്തി.ആ നിമിഷം പോലും ശ്വാസം പിടിച്ചു നിൽക്കുന്ന പോലെ ആയിരുന്നു . പിന്നെ അവന്റെ അധരം വിറച്ച് കൊണ്ടിരുന്നു.

“ഇന്ന് എന്നെ തളർത്തിയത് പൊലീസല്ല… അശോകന്റെ ആളുകളുമല്ല…”

വാക്കുകൾക്ക് ഭാരമായിരുന്നു.

അവൻ  അല്പം മുന്നോട്ട് ചാഞ്ഞിരുന്നു അവന്റെ ശബ്ദം ചിതറി വീണു.

“ഫാക്ടറിയിൽ നിന്നു എനിക്ക്… ഒരു പഴയ തുണികഷണം കിട്ടി.”

അവന്റെ കണ്ണുകൾക്ക് മുമ്പിൽ അത് വീണ്ടും തെളിഞ്ഞു

ദീപിക.

ജീവിതത്തിന്റെ അവസാന ദിനത്തിൽ അവൾ ധരിച്ചിരുന്ന ആ വസ്ത്രത്തിന്റെ ചീന്തിയ ഭാഗം…

പൊടിയും മണ്ണും ചോരകറയും പൂണ്ട് കാലപ്പഴക്കം കൊണ്ട ആ തുണികഷ്ണം സ്പർശിക്കുമ്പോൾ അവളുടെ ചിരി, അവളുടെ കണ്ണുകൾ, അവളുടെ ശ്വാസത്തിന്റെ ചൂട് ഒക്കെയും അതിൽ നിറഞ്ഞു വന്നിരുന്നു.

“അത് ദീപികയുടേതായിരുന്നു…” അജയ്‌യുടെ ശബ്ദം ഒടിഞ്ഞുപോയി.

“അവളെ അവസാനമായി ഞാൻ കണ്ട അന്ന്… അവൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ… ഒരു ഭാഗം.”

അത്… എങ്ങനെ ഫാക്ടറിയിൽ വന്നു…”

അജയ് വീണ്ടും പറഞ്ഞു. അവന്റെ ശബ്ദം തണുത്തുപോയി.

അവൻ മുട്ടിന്മേൽ കൈകൾ പിടിച്ചു വലിച്ചു.

“ശിവൻ… അവൻ മാത്രമേ ഈ കളിയിൽ ഉണ്ടാവൂ എന്ന് ഞാൻ വിചാരിച്ചിരുന്നു.

എന്നാൽ ഈ തുണികഷണം… അതൊക്കെ മറിച്ചൊന്നാണ് പറയുന്നത്.”

അജയ്‌യുടെ കണ്ണുകളിൽ വിഷമവും കോപവും ഇടകലർന്നിരുന്നു.

“ശിവൻ മാത്രം ആയിരുന്നെങ്കിൽ… ദീപികയുടെ വസ്ത്രത്തിന്റെ ഭാഗം

അവിടെയെത്താൻ വഴിയില്ല പിന്നിൽ മറ്റാരോ ഉണ്ട്.

ശിവനെക്കാൾ വലുത്.

സാഹചര്യ തെളിവുകൾ…

“എനിക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ…

എന്റെ പ്രാണനായിരുന്ന ദീപികയുടെ മരണത്തിനു ഞാനാണ് ഉത്തരവാദി എന്ന മുദ്ര കുത്തി.”അജയ്യുടെ ശബ്ദം ഇടറി.

അവന്റെ കണ്ണുകൾ നിറഞ്ഞു.

“അന്ന് ലോകം മുഴുവൻ എനിക്ക് എതിരായി നിന്നു.

ഒരു കൊലയാളി, ഒരു ദ്രോഹി…

എന്നെ വിശ്വസിച്ചവർ ഇല്ലാതെയായി.”

അവന്റെ ശ്വാസം പിടഞ്ഞു.

“എന്നാൽ സത്യത്തിൽ അന്ന് അവളോടൊപ്പം ഞാനും മരിച്ചിരുന്നു.അവളില്ലാത്ത ഈ ലോകത്ത് ഞാൻ ജീവിച്ചിരിക്കെ ഇല്ലാതായി. 

സുരേഷ് അല്പം മുന്നോട്ട് ചാഞ്ഞു.

കണ്ണുകളിൽ ഉറച്ച ഒരു കരുണ തെളിഞ്ഞു.

“അജയ്…”

അവന്റെ ശബ്ദം പാതി മുറിഞ്ഞു പോയി 

“എനിക്ക് അറിയാം ദീപികയെ നിനക്ക് എത്രത്തോളം ഇഷ്ടമായിരുന്നു എന്ന്.

എനിക്ക് നിന്നെയും അറിയാം.

അജയ് തല ഉയർത്തി അവനെ നോക്കി.

അവന് അതൊരു ആശ്വാസമായിരുന്നു 

“സുരേഷ്…

നീ എന്നെ വിശ്വസിക്കുന്നു. പക്ഷേ ഈ ലോകം?

അവൾ പോയതിന് ശേഷമുള്ള എല്ലാ വർഷവും,

ഞാൻ എന്ന്നെ തന്നെ കുരുതി കഴിച്ചുകൊണ്ടിരിക്കുന്നു.”

അവൻ കൈയിലെ തുണിക്കഷണം പുറത്തെടുത്തു.

“ഇപ്പോൾ ഇതാ…

ഈ ചെറിയൊരു ഭാഗം…

എല്ലാ മറുപടികളും ഇതിലുണ്ട്.”പക്ഷെ അതെല്ലാം മറഞ്ഞിരിക്കുകയാണ്.

പുതിയ കളക്ടർ അശോകന്റെ പക്ഷമാണ്.ഹെഡ് കോൺസ്റ്റബിൾ കൃഷ്ണൻ പറഞ്ഞത് ശരിയാണെങ്കിൽ അവർ അന്വേഷണം ഒന്നും കൂടാതെ ആണ് ഇന്നീ സമരം അമർച്ച ചെയ്യാൻ ഉള്ള ഉത്തരവ് നൽകിയത്.സുരേഷ് തന്റെ കൈയിൽ ഇരുന്ന ഗ്ലാസ്സിലേക് മദ്യം പകർന്നുകൊണ്ട് പറഞ്ഞു.

നിഖിൽ കുറച്ചു മുന്നോട്ട് ചാഞ്ഞിരുന്നു. അവന്റെ കണ്ണുകളിൽ ചെറിയൊരു തെളിച്ചം കാണാമായിരുന്നു.

“സുരേഷേട്ടാ, അവർക്ക് ശക്തി ഉണ്ട്. പണം, അധികാരം, പൊലീസിന്റെ പിന്തുണ… എല്ലാം. പക്ഷേ നമ്മൾക്ക് ജനങ്ങൾ ആണ് ശക്തി ജനങ്ങൾ സത്യത്തെ കേൾക്കാൻ തയാറാണെങ്കിൽ, അവർക്ക് നമ്മെ ഒന്നും ചെയ്യുവാൻ കഴിയില്ല.നിഖിൽ പറഞ്ഞു നിർത്തി.

രാജ എഴുനേറ്റു നിന്നു എല്ലാവരുടെയും ശ്രദ്ധ തന്നിലാണ് എന്ന് കണ്ടതും അയാൾ സംസാരിച്ചു തുടങ്ങി.

ഈ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള സമരം ആവണം ഇനി നടക്കേണ്ടത്.

സ്ത്രീകൾ… അമ്മമാർ, സഹോദരിമാർ, മക്കളുടെ ഭാവി കരുതുന്നവർ… അവർ മുന്നോട്ട് വന്നാൽ, ആർക്കും അടിച്ചമർത്താനാവില്ല.

അവൻ ഇടവേള എടുത്തു.

വെളിയിലൂടെ വീശിയെത്തിയ കാറ്റ് ജനലിലെ തിരശ്ശീല ഉയർത്തി താഴ്ത്തുമ്പോൾ, ആ വാക്കുകൾക്ക് ഒരു ഭാരം കൂട്ടി.

“ഇവിടെ ഉള്ള തോട്ടം മേഖലകളെ ചിന്നകനാൽ മുതൽ മൂന്നാർ വരെ ഒന്നായി ഉണർത്തണം.

പുരുഷന്മാർക്കൊപ്പം സ്ത്രീകൾ മുന്നണിയിൽ നിന്നാൽ ലോകം കാണും ഈ മണ്ണിൽ അടിച്ചമർത്താനാവാത്ത ശബ്ദം ഉയരുന്നുവെന്ന്.”രാജ തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

സുരേഷ് ആലോചനയിൽ മുഴുകി തലകുനിച്ചു.

“അതെ… സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ അത് ആർക്കും അവഗണിക്കാൻ കഴിയില്ല. മാധ്യമങ്ങൾ പോലും ശ്രദ്ധിക്കും.

അത് ഒരു സമരം മാത്രമല്ല ചരിത്രം ആയിത്തീരും.”

അജയ് ഗ്ലാസ് മേശപ്പുറത്ത് വെച്ച് രാജയുടെ നേർക്ക് നോക്കി പറഞ്ഞു.

“അതൊരു തീപ്പൊരി തന്നെയാണ്,

പക്ഷേ, അത് ജാഗ്രതയോടെ കൊളുത്തണം.

അശോകനും അവന്റെ കൂട്ടരും, സ്ത്രീകൾ മുന്നണിയിൽ വന്നാൽ പോലും അടിച്ചമർത്താൻ ശ്രമിക്കും.വകീൽ പറഞ്ഞു 

മുറിയിലുണ്ടായിരുന്ന എല്ലാവരുടെയും ഹൃദയത്തിൽ വകീലിന്റെ വാക്കുകൾ ഒരു വിത്തായി വീണിരുന്നു. 

രാജയുടെ പദ്ധതികൾ കേട്ട എല്ലാവരുടെയും കണ്ണുകളിൽ തീ പോലെ പ്രതിജ്ഞ തെളിഞ്ഞു.

ആ മുറിയിൽ നിലകൊണ്ടിരുന്ന മൗനവും ആ തീരുമാനത്തിന്റെ ഭാരം ഏറ്റു നിന്നു.

രാജ മുന്നോട്ടു ചെരിഞ്ഞ്, ശബ്ദം കുറച്ച്, എന്നാൽ ഉറപ്പോടെ പറഞ്ഞു

“നാളെ 

ഞാനും നിഖിലും രാവിലെ മൂന്നാറിലേക്കു പോകും.

അവിടെ ഉള്ള തൊഴിലാളികളെ ഒരുമിപ്പിക്കണം.

അവരുടെ ഹൃദയം ഞങ്ങളുടെ വാക്കുകളിൽ തീ പിടിച്ചാൽ ഈ സമരം പിന്നെ ആരും അടിച്ചമർത്താൻ സാധിക്കില്ല.”

നിഖിൽ കണ്ണുകളിൽ ചെറിയൊരു ചിരി തെളിഞ്ഞു.

സുരേഷ് പതുക്കെ എഴുന്നേറ്റ്, രാജയുടെ ചുമലിൽ കൈ വെച്ചു.

“ഈ യാത്ര എളുപ്പമാവില്ല, രാജ.

പക്ഷേ അതാണ് നമ്മൾ നടക്കേണ്ട വഴിയും.

അവർക്ക് വേണ്ടി നമുക്ക് പോകണം.

സ്ത്രീകളാണ് ഇനി സമരത്തിന്റെ മുഖം  അത് ലോകം കാണണം.”

ജനലിലൂടെ പുറത്തേക്ക് നോക്കിയ അജയ്, മങ്ങിച്ചുവന്ന മലമുകളിലെ വെളിച്ചം കാണിച്ചു കൊണ്ട് പറഞ്ഞു:

“ഇന്ന് രാത്രി ഇരുട്ടാണ്, പക്ഷേ നാളെ അവിടെ വെളിച്ചമുണ്ടാകും.

തോട്ടം മേഖലകൾ നമ്മുടെ വിളിയിൽ ഉണരും.”

രാത്രി പകലിന് വഴിമാറിയിരുന്നു.സൂര്യന്റെ പൊൻപ്രഭ ഇലത്തുമ്പുകളിലെ മഞ്ഞു തുള്ളികളിൽ തട്ടി മഴവിൽ വർണം പൊഴിച്ചുകൊണ്ടിരുന്നു.

മാളികയുടെ വലിയ കവാടം തുറക്കുമ്പോൾ തണുത്ത കാറ്റ് നിറഞ് ഒഴുകി വന്നു. മലമുകളിലെ മഞ്ഞ് ഇനിയും പൂർണമായി പിരിഞ്ഞിരുന്നില്ല.

രാജയും നിഖിലും ജീപ്പിൽ കയറി

സ്റ്റിയറിംഗ് പിടിച്ചിരുന്ന നിഖിൽ എൻജിൻ ഓണാക്കിയപ്പോൾ, ആ ശബ്ദം മാളികയുടെ നിശ്ശബ്ദതയെ കുത്തിപ്പൊളിച്ചു.

പുറത്ത് നിന്നിരുന്ന അജയ്, സുരേഷ്, വക്കീൽ എന്നിവരെ നോക്കി രാജ പറഞ്ഞു:

“ഞങ്ങൾ പോകുന്നു ഇവിടെ നിന്ന് എല്ലാം 

സൂക്ഷിക്കുക.”

അൽപ സമയത്തിനകം അവർ മുന്നാറിൽ എത്തിചേർന്നു.

തേയിലത്തോട്ടത്തിന്റെ നടുവിൽ തൊഴിലാളികൾ കൂട്ടം കൂടിയിരുന്നു.

സ്ത്രീകളുടെ മുഖങ്ങളിൽ ക്ഷീണവും പുരുഷന്മാരുടെ കണ്ണുകളിൽ സംശയവും നിഴലിച്ചിരുന്നു.

അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ മുന്നോട്ടു വന്നു.അവിടെ കൂടിയിരുന്നവരോടായി അയാൾ പറഞ്ഞു തുടങ്ങി. നമ്മൾ നേരിടുന്ന അനീതിക്കെതിരെ നമുക്ക് തനിച്ചു പോരാടാൻ ആവില്ല.അങ്ങനെ ചെയ്‌താൽ അത് അവർ അമർച്ച ചെയ്യും.

നമ്മൾ തോട്ടം തൊഴിലാളികൾ  എല്ലാവരും ഒരുമിക്കണം.അതിനു വേണ്ടിയാണ് എന്റെ സുഹൃത്ത് രാജ ഇവിടെ വന്നിട്ടുള്ളത്.അയാൾ പറഞ്ഞു നിർത്തി.

രാജ മുന്നോട്ട് വന്നു എല്ലാവരെയും നോക്കി പറഞ്ഞു:

“ഇനി നിങ്ങളുടെ നീതി നടപ്പിലാക്കാൻ കഴിയുന്ന ഒരു സമരം വേണം.

സ്ത്രീകളാണ് ഇനി മുന്നോട്ട് നടക്കേണ്ടത്.

ഇന്ന് മുതൽ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്.

ഈ ശബ്ദം ആർക്കും അമർച്ച ചെയ്യാൻ കഴിയില്ല.”

ആ വാക്കുകൾ കേട്ടപ്പോൾ, കൂട്ടത്തിലുണ്ടായിരുന്ന ഒരു പ്രായമായ തൊഴിലാളി സ്ത്രീ മുന്നോട്ട് വന്നു.

അവൾ തല ഉയർത്തി പറഞ്ഞു:

ഞങ്ങൾ ഒപ്പം ഉണ്ടാവും

നമ്മുടെ മക്കൾക്കായി, നമ്മുടെ ഭാവിക്കായി.

നിങ്ങൾ പറയുന്ന വഴിയിൽ ഞങ്ങൾ നടക്കും.”

ജനക്കൂട്ടത്തിൽ നിന്നൊരു നിലവിളി പൊട്ടിത്തെറിച്ചു.

“ഐക്യം! ഐക്യം!”

ജനക്കൂട്ടത്തിനിടയിൽ നിന്നൊരു സ്ത്രീ കണ്ണുകളിൽ തീ പടർന്നു മുന്നോട്ട് നടന്നു വന്നു.

തോട്ടത്തിന്റെയും അടിമത്തത്തിന്റെയും ഭാരങ്ങൾ തോളിൽ ചുമന്നിരുന്ന അവളുടെ ശബ്ദം, മലകളെ നടുക്കുന്നത് പോലെ  ഉയർന്നു 

“ഇനി മുതൽ ഈ സമരം ഒരുപാട് പേരുകളാൽ വിളിക്കപ്പെടേണ്ട ആവശ്യമില്ല.

നമ്മൾ സ്ത്രീകളുടെ രക്തവും വിയർപ്പും കൊണ്ടാണ് ഈ നിലം വളരുന്നത്.

അതുകൊണ്ട് ഇന്നുമുതൽ ഈസമരം ‘പൊമ്പുളൈ ഒരുമൈ’ എന്ന പേരിൽ അറിയപ്പെടണം!”

ആ വാക്കുകൾ കാറ്റിൽ വീണു വീണ്ടുമുയർന്ന് മുഴങ്ങി.

ഒരു നിമിഷം ജനക്കൂട്ടം മൗനത്തിലായി.

പിന്നെ ഒരാൾ കൈ ഉയർത്തി, പിന്നെ പിന്നെ മുഴുവൻ സ്ത്രീകളും ഒരേ സമയം ഉറക്കെ വിളിച്ചു പറഞ്ഞു.

“പൊമ്പുളൈ ഒരുമൈ!”

“പൊമ്പുളൈ ഒരുമൈ!”

ആ ശബ്ദം മലയടിവാരങ്ങളിൽ നിന്ന് ആകാശത്തേക്ക് പൊങ്ങി.

ആ ശബ്ദത്തിൽ പേടിയും അടിമത്തവും പൊട്ടിച്ചിതറുന്നുണ്ടായിരുന്നു.

രാജ തന്റെ കണ്ണുകൾ നിറഞ്ഞ നിലയിൽ മുന്നോട്ട് വന്നു.

അവൻ ആ സ്ത്രീയുടെ മുന്നിൽ നമിച്ചു പറഞ്ഞു:

“ഇന്നുമുതൽ ഇത് ഒരു സമരം മാത്രമല്ല

നിങ്ങളുടെ പേരിൽ എഴുതപ്പെടുന്ന ഒരു ചരിത്രം കൂടെയാണ്. കാലങ്ങൾ കടന്നുപോയാലും ഈ സമരം ചരിത്രത്തിൽ ഇടം നേടുക തന്നെ ചെയ്യും രാജ തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

അതേ സമയം ദേവികുളം പോലീസ് സ്റ്റേഷനു മുന്നിൽ പൊടിപടലങ്ങൾ പറത്തി ഒരു ബൈക്ക് വന്നു നിന്നു.ആ ബൈക്കിന്റെ ശബ്ദം മുഴങ്ങിയതും പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകളെല്ലാം ആ വശത്തേക്ക് തിരിഞ്ഞു.

കറുത്ത ജാക്കറ്റ് ധരിച്ച് കണ്ണുകളിൽ ഭാരം നിറച്ച് കാർത്തിക് ബൈക്കിൽ നിന്ന് ചാടിയിറങ്ങി ശേഷം അവൻ മെല്ലെ നടന്ന് സ്റ്റേഷന് അകത്തേക്ക് കയറി.

അവൻ തന്റെ കൈയിൽ അമർത്തിപ്പിടിച്ചിരുന്ന കത്ത് നേരിട്ട് ഹെഡ് കോൺസ്റ്റബിൾ കൃഷ്ണനു കൈമാറി.

കൃഷ്ണൻ അത് തുറന്ന് വായിച്ചു തുടങ്ങി.

ഒന്നൊന്നായി വാക്കുകൾ അവന്റെ മുഖഭാവം മാറ്റി.

ആദ്യത്തെ സംശയത്തിന്റെ ഭാവങ്ങൾ അയാളുടെ മുഖത്തുനിന്ന് മാഞ്ഞുപോയി.

അയാൾ എഴുന്നേറ്റു നിന്നു.

സ്റ്റേഷനിലെ എല്ലാവരും നോക്കിനിൽക്കുമ്പോൾ, കൃഷ്ണൻ കാർത്തികിനു മുന്നിൽ നിന്നു സല്യൂട്ട് നൽകി.

“സാർ… 

കൃഷ്ണന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു..........(തുടരും)