Karma -Horror Story - 6 in Malayalam Horror Stories by BAIJU KOLLARA books and stories PDF | കർമ്മം -ഹൊറർ സ്റ്റോറി - 6

Featured Books
Categories
Share

കർമ്മം -ഹൊറർ സ്റ്റോറി - 6

🙏 ഗർത്തത്തിലേക്ക് വീണുപോയ ഓട്ടോ താഴേക്ക് താണുപോയി അതിനുശേഷം മുകൾഭാഗം മണ്ണ് വന്നു മൂടി വീണ്ടും പഴയതുപോലെ റോഡ് ആയി മാറി.... ഇവിടെ ഇങ്ങനെയൊരു സംഭവം നടന്നതായി ഇപ്പോൾ ആർക്കും തന്നെ കണ്ടുപിടിക്കുവാനും സാധിക്കില്ല.... അങ്ങിനെ അഞ്ചു പേരെ അതിക്രൂരമായി വധിച്ച സന്തോഷത്താൽ ചന്ദ്രമൗര്യൻ ആസുര ഭാവത്തിൽ പൊട്ടിച്ചിരിച്ചു.... എന്നാൽ ഈ സംഭവങ്ങൾ അത്രയും വജ്രബാഹുവെന്ന മഹാ മാന്ത്രികൻ തന്റെ വലതു കൈവെള്ളയിൽ അണുവിട തെറ്റാതെ സാകൂതം കണ്ടുകൊണ്ടിരിക്കുകയായിരുന്നു... അദ്ദേഹത്തിന് അറിയാമായിരുന്നു ചന്ദ്രമൗര്യൻ ഇതല്ല ഇതിലപ്പുറവും ചെയ്യുന്ന ക്രൂരനാണെന്ന്... ഇതിനു സമാനമായ എത്രയോ സംഭവങ്ങൾ ഇതിനുമുമ്പും ചന്ദ്രമൗര്യൻ ചെയ്തിട്ടുണ്ട്.... ഉത്രാളിക്കാവ് മനയിൽ വന്ന് ഇതുപോലെ സന്തോഷത്തോടെ മടങ്ങിപ്പോയ എത്രയോ പേരെ ഈ കൊടും ക്രൂരനായ മാന്ത്രികൻ കൊന്നുകളഞ്ഞിട്ടുണ്ട്.... എന്നാൽ അന്നൊന്നും  വജ്രബാഹുവിന് അറിയില്ലായിരുന്നു ഇതിനുപിന്നിലെ കിരാതൻ ഈ മൃഗമാണെന്ന് അക്കാര്യം മനസ്സിലാക്കി വന്നപ്പോഴേക്കും കാലം വളരെ കടന്നുപോയി കഴിഞ്ഞിരുന്നു.... എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി സ്ഥിതിക്ക് ഇനി ഈ ഉത്രാളിക്കാവ് മനയിൽ വന്നിട്ട് തിരിച്ചുപോകുന്ന ഒരാൾ പോലും ചന്ദ്രമൗര്യനാൽ കൊല്ലപ്പെടാൻ പാടില്ല എന്ന് വജ്രബാഹു തീരുമാനിച്ചു കഴിഞ്ഞു..... അതുകൊണ്ട് തന്നെയാണ് വസുന്ധരയേയും കുടുംബത്തെയും അദ്ദേഹം വ്യക്തമായി തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നത്.... അങ്ങിനെ ചെയ്തത് കൊണ്ട് അവർക്ക് മരണം വിധിക്കുന്ന ചന്ദ്രമൗര്യന്റെ ക്രൂരത കണ്ടുപിടിക്കുവാനും സാധിച്ചു.... വസുന്ധരയും മറ്റുള്ളവരും ഒരുപോലെ തന്നെ അവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷക്കൊപ്പം ഒരു പാതാളഗർത്തത്തിലേയ്ക്ക് നിപധിക്കുന്നത് കണ്ട നിമിഷം തന്നെ വജ്രബാഹു ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് വേഗം തന്നെ പൂജാമുറിയിൽ എത്തി... പിന്നെ അവിടെ നിന്നും സ്വർണ്ണത്തളികയിൽ സൂക്ഷിച്ചിരുന്ന ഒരു വെളുത്ത നൂൽ കയ്യിലെടുത്ത് അതിൽനിന്നും കുറച്ചു നൂൽ മുറിച്ചെടുത്ത് പൂജാമുറിയിൽ ഉണ്ടായിരുന്നു ഹോമ ദ്രവ്യത്തിൽ മുക്കി വലതുകയിൽ ചേർത്തുപിടിച്ചു നെഞ്ചോട് ചേർത്ത് ജീവൻരക്ഷാ മന്ത്രം ചൊല്ലി യഥാവിധി പ്രകാരം മന്ത്രജപം കഴിഞ്ഞതും തന്റെ വലതു കൈയിലിരുന്ന ഹോമ ദ്രവ്യത്തിൽ മുക്കിയ വെളുത്ത നൂൽ മുകളിലേക്ക് എറിഞ്ഞു....വജ്രബാഹു ജപിച്ചു വിട്ട നൂൽ മൂന്ന് തവണ മുകളിൽ വട്ടം തിരിഞ്ഞ ശേഷം പുറത്ത് ശിവലിംഗത്തിൽ മൂന്നു തവണ വലം വച്ചു അതിനുശേഷം നേരെ പുറത്തേക്ക് പ്രയാണം ചെയ്തു... മുന്നിലുള്ള പ്രതിബന്ധങ്ങൾ ഒന്നും ആ മാന്ത്രിക നൂലിന് ഒരു പ്രശ്നമേ അല്ലായിരുന്നു.... അത് നിർവിഘ്‌നം അതിന്റെ യാത്ര തുടർന്നു... ഒടുവിൽ എത്തേണ്ടിടത്ത് എത്തിച്ചേർന്ന മാന്ത്രികനൂൽ വസുന്ധരയും മറ്റുള്ളവരും ആഴ്ന്നിറങ്ങി പോയ അഗാധഗർത്തത്തിലേയ്ക്ക് പാഞ്ഞു... ചന്ദ്രമൗര്യൻ മാന്ത്രിക വിദ്യയാൽ ഉണ്ടാക്കിയെടുത്ത അഗാധ ഗർത്തത്തിനുള്ളിൽ മരണത്തോട് മല്ലിടുകയായിരുന്നു അവർ എല്ലാവരും... ജീവവായു ഒട്ടും കടന്നുചെല്ലാത്ത  ആ  ഗർത്തത്തിനുള്ളിൽ അധികനേരം ഒന്നും പിടിച്ചുനിൽക്കാൻ അവർക്ക് കഴിയുമായിരുന്നില്ല....ഓട്ടോ ഡ്രൈവറടക്കം എല്ലാവരും തന്നെ തളർന്നു വീഴാൻ തുടങ്ങിയ അതേ നിമിഷത്തിലാണ് അതു സംഭവിച്ചത്.... മുകളിലുള്ള എല്ലാ തടസ്സങ്ങളെയും തച്ചു തകർത്ത് അതാ ഓട്ടോറിക്ഷ മുകളിലേക്ക് ഉയർന്നുപൊങ്ങുന്നു അതും ഒരു സാധാരണ നൂലിന്റെ പിൻബലത്തിൽ.... കണ്ണു തുറിച്ച് ആ അത്ഭുത കാഴ്ച നോക്കിയിരുന്ന എല്ലാവരും ഞൊടിയിടകൊണ്ട് മുകളിൽ എത്തി... ഇതെങ്ങനെ സംഭവിച്ചു അവർ പരസ്പരം ചോദിച്ചു... എന്നാൽ അതിനുത്തരം വജ്രബാഹുവിനല്ലാതെ മറ്റാർക്കും തന്നെ അറിയില്ലായിരുന്നു.... ഏൽപ്പിച്ച ദൗത്യം വളരെ ഭംഗിയായി നിർവഹിച്ച ശേഷം മാന്ത്രികനൂൽ വജ്രബാഹുവിന്റെ അരികിലേക്ക് തന്നെ യാത്രയായി.... ഈ രംഗം മഷിനോട്ടത്തിലൂടെ കണ്ടുകൊണ്ടിരുന്ന ചന്ദ്രമൗര്യൻ ഞെട്ടിത്തരിച്ചിരുന്നു പോയി ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുന്നതിനു മുൻപ് തന്നെ വജ്രബാഹുവിന്റെ അടുത്ത പ്രഹരം ഇതാ എത്തിക്കഴിഞ്ഞു... ഇരുന്നിരുന്ന ഇരിപ്പിടത്തോടൊപ്പം അതിശക്തമായി ഒന്ന് രണ്ട് തവണ വട്ടം കറങ്ങിയശേഷം ചന്ദ്രമൗര്യൻ അതിശക്തമായി താഴേക്ക് മുറിഞ്ഞു വീഴുന്നു.... അതുകണ്ട് ദുർമൂർത്തികൾ ഞെട്ടി പുറകോട്ട് മാറി എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലാകാത്ത ഒരു അവസ്ഥ.... ചന്ദ്രമൗര്യന്റെ ദയനീയ സ്ഥിതികണ്ട് പരിചാരകർ ഓടിയെത്തി അദ്ദേഹത്തെ താങ്ങിയെടുത്ത് വിശ്രമമുറിയിലെ സപ്രമഞ്ചക്കട്ടിലിൽ കൊണ്ടുപോയി കിടത്തി.... ചന്ദ്രമൗര്യന്റെ ഗർവിന് കിട്ടിയ വല്ലാത്തൊരു തിരിച്ചടിയായി പോയത്...!  ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ വസുന്ധരയും കുടുംബവും വേഗം തന്നെ സ്വദേശത്തേക്ക് യാത്രയായി ഭഗവാനോട് ആയിരം വട്ടം നന്ദി പറഞ്ഞിട്ടും അവർക്ക് മതിയായില്ല... വസുന്ധര നമഃശിവായ  നമഃശിവായ എന്ന് ജപിച്ചു കൊണ്ടേയിരുന്നു... പിറ്റേദിവസം പൂർവാധികം ശക്തിയോടെ ചന്ദ്ര മൗര്യൻ ഉറക്കമുണർന്നു.... ഛെ  ആകെ നാണക്കേടായി പോയി തലേദിവസം നടന്ന സംഭവം തന്റെ മൂർത്തികളും ഒപ്പം തന്നെ പരിചാരകരും കണ്ടിരിക്കുന്നു.... ചന്ദ്ര മൗര്യൻ എന്ന പേര് പോലും ഉച്ചരിക്കാൻ നാടിനും നാട്ടാർക്കും ഭയമാണ് അങ്ങനെയുള്ള മഹാ മാന്ത്രികനാണ് ഇന്നലെ ആകെ തരം താഴ്ന്നു പോയത് ഇതിലും വലിയ ഒരു തിരിച്ചടി ഇനി ജീവിതത്തിൽ വേറെ വരാനില്ല.... വജ്രബാഹു നീ ചെവിയിൽനുള്ളിക്കോ നിനക്ക് പണി പുറകെ വരുന്നുണ്ട് നീ കളിച്ചിരിക്കുന്നത് ചന്ദ്രമൗര്യനോടാ അണപല്ല് കടിച്ചമർത്തി ഉഗ്ര കോപത്തോടെ സ്വയം അങ്ങിനെ പറയുമ്പോൾ ചന്ദ്രമൗര്യന്റെ ശരീരത്തിലെ രോമകൂപങ്ങൾ വരെ സടകുടഞ്ഞു എഴുന്നേറ്റുനിന്നു... ഉത്രാളിക്കാവ് മനയുടെ പടി ചവിട്ടിയിട്ടുള്ള ഒരു മനുഷ്യജീവിയെയും നാം വെറുതെ വിടുന്നതല്ല... കാട്ടിത്തരാം എല്ലാ കൃമി കീടങ്ങൾക്കും ഈ ചന്ദ്ര മൗര്യൻ ആരാണെന്ന് അലറി തുള്ളി കൊണ്ട് അയാൾ പൂജാമുറിയിലേക്ക് നടന്നു....!  മരണ ഗർത്തത്തിൽ നിന്നും അത്ഭുതകരമയി രക്ഷപ്പെട്ട സന്തോഷത്തോടെ വസുന്ധരയും കുടുംബവും യാത്ര തുടർന്നു.... ഇനിയും ഏറെ ദൂരം താണ്ടിയാലെ വീട്ടിലെത്താൻ സാധിക്കുകയുള്ളൂ അതുവരെ അപകടങ്ങൾ ഒന്നും സംഭവിക്കാതെ കാത്തുകൊള്ളണേ ഭഗവാനേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുമ്പോഴും വസുന്ധരയുടെ ഉള്ളിൽ ഭയം കരിനിഴൽ വീഴ്ത്തി അങ്ങനെ നിന്നു.....!!!  🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁തുടരും 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁