മഴത്തുള്ളിയുടെ ആത്മരാഗം
ഞാനൊരു മഴത്തുള്ളി, ആകാശത്തിൻ്റെ മാറിലെ
ഒരു വെള്ളിമുത്തായി ഞാൻ പിറന്നു.
മേഘങ്ങളുടെ താരാട്ടിൽ, കാറ്റിന്റെ കൈകളിൽ,
ഒരു സ്വപ്നത്തിലെന്നപോലെ ഞാനുറങ്ങി,
വെയിലിന്റെ പൊൻകിരണങ്ങൾ മായും നേരം,
കാർമേഘം കറുത്തിരുണ്ട നേരം,
ഒരു യാത്രയ്ക്കായ് തയ്യാറായി ഞാൻ ഉണർന്നു,
ഭൂമിയാം അമ്മയെ പുൽകാൻ കൊതിച്ചു.
മരച്ചില്ലകളിലും പുൽക്കൊടികളിലും
ഒരു നേർത്ത സ്പർശനമായ് ഞാൻ ചേർന്നു.
ചെറിയ കുഞ്ഞു പൂക്കളിൽ ഒരു നനുത്ത ചുംബനമായ്,
അവരുടെ ദാഹം ശമിപ്പിച്ചു.
വഴിവക്കിലെ പൊടിപുരണ്ട ഇലകളിൽ,
ഞാനൊരു സ്നേഹത്തുള്ളിയായ് പെയ്തിറങ്ങി.
ഉണങ്ങിയ മണ്ണിൽ ഞാനലിഞ്ഞുചേർന്നു,
ജീവൻ്റെ തുടിപ്പുകൾക്ക് വഴിയൊരുക്കി.
ഒരു പുഴയുടെ ഭാഗമായ് ഞാൻ ഒഴുകി നീങ്ങി,
പാട്ടുംപാടി, കാടുകൾ കടന്നു.
പാടങ്ങളിലും പറമ്പുകളിലും ഞാൻ നിറഞ്ഞു,
കർഷകന്റെ മുഖത്ത് പുഞ്ചിരി വിടർത്തി.
ഒടുവിൽ, കടലിന്റെ വിശാലതയിൽ ഞാൻ ലയിച്ചു,
എന്റെ യാത്രയുടെ അവസാനതീരം.
വീണ്ടും ഞാൻ നീരാവിയായ്, ആകാശത്തേക്ക് ഉയർന്നു,
പുതിയൊരു യാത്രയ്ക്കായി കാത്തിരുന്നു.
✍️തൂലിക _തുമ്പിപ്പെണ്ണ്