കുടിലിൽ ഒരു കുട്ടി പിറക്കുന്നു,
കുടിയനച്ഛൻ്റെയാദ്യസന്തതി!
കുട്ടിക്കരച്ചിലിനും അമ്മനെടുവീർപ്പി-
നുമിടയിൽ കുതിച്ചുവന്നൊരു കാറ്റ്
വാതിൽ തുറന്നു കിതച്ചു നിൽക്കുന്നു.
ക്ഷുഭിതവയറ്റാട്ടി ഒച്ചയിട്ടു പറഞ്ഞു;
അടയ്ക്കൂ, വാതിൽ... കുഞ്ഞിനെ
നീ തണുപ്പുകൊണ്ട് കൊല്ലും.
പേറ്റുനോവിൻ്റെ ആലസ്യത്തിലും
പ്രണയം വർഷിച്ച ജീവതുള്ളിയെ-
നോക്കി, അമ്മ നിർവൃതി കൊള്ളുന്നു.
അച്ഛൻ അസ്വാസ്ഥ്യമുഖങ്ങളെ
ഓർക്കുന്നു, അജ്ഞാതലോകത്തുനിന്ന്
വന്നവരെപ്പോലാരെയും കണ്ടതായി
നടിക്കാത്ത ജീവിത ഓട്ടങ്ങളെയും.
ജീവിതമരണവെത്യാസമോർത്ത്
രഹസ്യമില്ലാത്തിടത്തുനിന്ന്
നിഗൂഢത മാത്രമുള്ളിടത്തേക്കു വന്ന
കുഞ്ഞിനെയോർത്ത്...
ഇന്നത്തെ സന്തോഷത്തിന്
കവർപ്പുള്ള മധുരം കഴിക്കാൻ
പുറത്തേക്കിറങ്ങുന്നു!!!