അഗ്നിച്ചിറകുള്ള പക്ഷി
(നോവൽ, അധ്യായം -1)
രചന: ഡെന്നി ചിമ്മൻ
***************************
ശുഭ്രവസ്ത്രധാരിയായി വിൽസൺ ഡിസിൽവ ചാരുകസേരയിൽ അമർന്നു. തിരക്കിൽനിന്നെല്ലാം സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ച നാൾ മുതലുള്ളതാണ് ഉച്ചമയക്കത്തിന് ശേഷം വെയിലൊന്ന് ചാഞ്ഞാൽ തന്റെ സ്വപ്നഭവനമായി പണികഴിപ്പിച്ച ലക്ഷണങ്ങളെല്ലാം തികഞ്ഞ തന്റെ നാലുകെട്ടിന്റെ പടിപ്പുരയിലെ ചാരുകസേരയിൽ ഇടം പിടിക്കുന്ന ശീലം. തൊട്ടടുത്ത വഴിയിലൂടെ നീങ്ങുന്നവരുമായി കുശലം പറഞ്ഞും ചങ്ങാത്തം ഉൾക്കൊണ്ടും കുറച്ചു നേരം. ജീവിതത്തിരക്കിൽ വർഷങ്ങളുടെ ഇടവേള സംഭവിച്ച നാട്ടുകുശലത്തിനൊരു പുനർജനി.
പലപ്പോഴും വിൽസൺ ഡിസിൽവ ഓർക്കാറുണ്ട്; എന്തൊരു ഓട്ടമായിരുന്നു തന്റേതെന്ന്, അതും വർഷങ്ങളോളം തുടർച്ചയായി യുദ്ധം പോലെയുള്ള അനുഷ്ഠാനം...
അല്ലെങ്കിലും തന്റെ ജീവിതം ഒരു തികഞ്ഞ യുദ്ധമായിരുന്നല്ലോ, എന്നും! കാരണങ്ങളും യുക്തികളും മനസ്സിലാവാതെ അപായപ്പെടുത്താൻ വരുന്ന ശത്രുക്കൂട്ടങ്ങളുമായി തുടർച്ചയായ യുദ്ധം.
യുദ്ധരൂപം പ്രാപിക്കുന്നതിനുമുമ്പാവട്ടെ, ഏകപക്ഷീയമായ ആക്രമണങ്ങൾ...!
സത്യത്തിൽ എന്നായിരുന്നു... എവിടെ ആയിരുന്നു...
ആ മഹാതുടക്കം???
സൗമ്യ നാരങ്ങാവെള്ളവുമായി വന്നു വിളിച്ചപ്പോഴാണ് അയാൾ ചിന്തയിൽനിന്നും ഉണർന്നത്. ഇടയ്ക്കിടെ തനിക്ക് കുടിക്കാൻ എന്തെങ്കിലും കിട്ടണമെന്ന താൽപര്യം മനസ്സിലാക്കി കൃത്യമായ ഇടവേളകളിൽ മസാല ചായ, ബ്രൂ കാപ്പി, നാരങ്ങാവെള്ളം, സംഭാരം,... അങ്ങനെ എന്തെങ്കിലുമൊക്കെ മാറിമാറി തയ്യാറാക്കി തരുന്നതിൽ സൗമ്യക്ക് നല്ല നിഷ്ഠയാണ്. ജീവിതത്തിൽ ചില സങ്കീർണ്ണതകളെ നേരിടുന്നതിനിടയിൽ അപ്രതീക്ഷിതമായി ഭർത്താവിനെ നഷ്ടപ്പെട്ട് ഒരു കുഞ്ഞുമകളുമായി പകച്ചുനിന്ന സൗമ്യയെ ആർജ്ജവമില്ലാത്ത ഉപദേശനിർദ്ദേശങ്ങളിൽ ബന്ധുജനചിലന്തികൾ വരിഞ്ഞുമുറുക്കുമ്പോൾ ഇങ്ങോട്ട് കൊണ്ടുവരാൻ താനെടുത്ത തീരുമാനത്തിൽ ഏറ്റവും സന്തോഷിച്ചത് രഞ്ജിനി ആയിരുന്നു, തന്റെ ഭാര്യ.
അപ്രതീക്ഷിതചുവടുകളുടെ തുടർക്കഥയാണ് തന്റെ ജീവിതമെന്ന് അതിനകം മനസ്സിലാക്കിയിരുന്ന രഞ്ജിനി, എല്ലാവരും അത്ഭുതപ്പെട്ടു നിന്ന ആ സമയത്തും, ഇത് സ്വാഭാവികമെന്ന നിലയിൽ പ്രതികരിച്ചപ്പോൾ സൗമ്യയുടെ ജീവിതത്തിനൊരു അത്താണി രൂപപ്പെടുകയായിരുന്നു. ഇന്ന് തന്നെ വിട്ടുപിരിഞ്ഞ് നക്ഷത്രങ്ങളുടെ കൂട്ടത്തിലൊളിഞ്ഞുനിൽക്കുന്ന രഞ്ജിനി ഏറ്റവും അഭിമാനത്തോടെ തന്നെക്കുറിച്ച് ഓർക്കുന്ന ജീവിതവിശേഷം ഇതുതന്നെ ആയിരിക്കും. നാരങ്ങാവെള്ളം കുടിച്ചു കഴിഞ്ഞു ഗ്ലാസ്സ് ടീപോയിയിൽ വെച്ചപ്പോഴേക്കും സൗമ്യ വന്ന് അതെടുത്തുകൊണ്ടുപോയി. പിതാവിനോടെന്ന രീതിയിൽ ബഹുമാനത്തോടെയാണ് തന്നോടുള്ള സൗമ്യയുടെ സമീപനം. സ്നേഹമില്ലാത്തവൻ, മറ്റുള്ളവരെ മാനിക്കാത്തവൻ എന്നൊക്കെയാണ് തന്റെ അമ്മ തന്നെ വിശേഷിപ്പിച്ചിരുന്നത് എന്ന് അയാൾ ഓർത്തു!