Quotes by Sihabudheen chembilaly in Bitesapp read free

Sihabudheen chembilaly

Sihabudheen chembilaly

@sihabudheenchembilaly1154
(5)

എത്രമേൽ



എത്ര ആഴത്തിലാണ് നിൻ്റെ വേരുകൾ

എന്നിലേക്ക് ആണ്ടു പടർന്നത് ..

എത്ര വേഗത്തിലാണ്

നിൻ്റെ 

തളിർപ്പുകൾ എൻ്റെ ചില്ലകളിന്മേൽ

വളർന്നു നിറഞ്ഞത്...

എത്ര സൗമ്യമായാണ് നീ എന്നെ ഇത്രമേൽ

മാറ്റിയെടുത്തത് ..

എത്ര ശോഭയോടെ നിൻ്റെ നയനങ്ങൾ എൻ്റെ 

ഇരുളടഞ്ഞ വഴികളിലെ പ്രകാശവിളക്കുകളായി

എത്ര അഗാധതയിലേക്കാണു നിൻ്റെ മൗനമെൻ്റെ ഏകാന്തതകളിലെനിക്കു കൂട്ടുവന്നത്..

എത്ര കരുതലോടെ എൻ്റെ പ്രാണൻ്റെ സങ്കടങ്ങളെ നീ തലോടി ഉറക്കി..

എൻ്റെ ഏകാന്തതകളിൽ നീ

മൃദു സംഗീതമൊഴുകും മുളം തണ്ടായി..

എത്ര മനോജ്ഞമായ് സ്വപ്നങ്ങളിൽ മാസ്മരികതയുണർത്തും

നറും നിലാവായി..

എത്ര മീട്ടിയാലും മതിവരാത്ത രാഗമായി

എത്രകേട്ടാലും കൊതിതീരാത്ത ഗാനമായി..

എത്ര സ്നേഹത്തോടെ, എൻ്റെ ഹൃദയത്തിൽ പൂത്തുലഞ്ഞ്..

മനസ്സാകെ സുഗന്ധം നിറച്ച്...

പടവുകളിൽ ആഴത്തിലോടുന്ന വേരുകളോടെ

അഗാധങ്ങളിൽ തണുവിറ്റിക്കും മഞ്ഞു കണങ്ങൾ പോലെ ...

എത്രസൗമ്യമായ് തലോടിയോമനിക്കും ഇളം കാറ്റിനെപ്പോലെ  ...

നിൻ്റെ ശ്വാസമൊന്നു പതിയുമ്പോൾ

ഹൃദയ താഴ്‌വാരങ്ങളിലെ സൗഗന്ധികങ്ങൾ

ആകെ പൂത്തുലയുന്നു...

എത്ര ശാന്തമായ് .... എത്ര ചാരുതയോടെ .. മഞ്ഞു മഴതുള്ളികൾ പോലെ ..

Read More

പ്രണയം

വാർദ്ധക്യത്തിന്റെ ചുമരുകൾക്കുള്ളിൽ
മോക്ഷം കിട്ടാതലയുന്നുണ്ടെന്റെ
തുരുമ്പെടുത്ത ചില സ്വപ്നങ്ങൾ...
ചിതലെടുക്കുന്ന ഓർമകളെ മറവിക്ക് ബലി നൽകാതെ
തളർന്നുപോയെന്റെ ശരീരത്തിനിനിയും
കടന്നു ചെല്ലാനൊരു മോഹം
ഇരുൾ വീണ ആ പഴയ സ്വപ്നങ്ങളിലേക്ക്.

ഇന്നും ഓരോ ഏകാന്തതയിലും ഞാൻ നിന്നെ തിരയുകയാണ്
എന്റെ മുന്നിലൂടെ ഒരിക്കൽ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂവിൻ ദളങ്ങളെ
എവിടെനിന്നോ പറന്നു വന്നു
എവിടേക്കോ പറന്നുപോയ അപ്പൂപ്പൻ താടിയെ

മിഴിനീർക്കണങ്ങളാൽ തണുത്തുറഞ്ഞ്
അന്ത്യശ്വാസം വലിക്കുന്നെന്റോർമകളിലൂടെ
യാത്ര നടത്തണം ഒരിക്കൽ കൂടി.

കണ്ടുമുട്ടുന്നവരിൽ നീയുണ്ടാകണം
കണ്ടുവെങ്കിൽ തിരിഞ്ഞു നോക്കുകയുമരുത്.
നരച്ച മുടിയിഴകൾക്കുള്ളിലെ
ചുക്കിച്ചുളിഞ്ഞ ഈ ശരീരത്തെ കണ്ട്
നിനക്ക് അറപ്പുതോന്നിയാലോ.?
തിമിരം ബാധിച്ച ഈ കണ്ണുകളിലെ പ്രണയം ഇപ്പോഴും നീ കാണാത പോയാലോ?
...

എന്നിരിക്കിലും................
തിരിഞ്ഞു നടക്കും മുൻപ്
ഒരിക്കൽ കൂടി നീ എന്റെ പേരു വിളിക്കണം.....
എന്നെ പ്രണയിച്ചിരുന്നു എന്ന് പറയണം.......
കഴിയുമെങ്കിൽ ആ നിമിഷം എനിക്കെന്റെ
യാത്ര അവസാനിപ്പിക്കുകയും വേണം.

Read More

സൂര്യന്റെ പ്രണയം സന്ധ്യയുടെയും


വിട തരിക നീ വിഷാദ സന്ധ്യേ
അകലുകയാണീ ഞാനീ പടിഞ്ഞാറിൻ മാറിലേക്ക്......

കിഴക്കിന്റെ കൊട്ടയിൽ ഇരുളിന്റെ കനൽ വാരി നിറയ്ക്കുന്നുണ്ട് നിശയുടെ കാവൽ ഭടന്മാർ......
അതിൽ എരിഞൊടുങ്ങുന്നു ഞാനും എന്റെ മോഹങ്ങളും

നിന്നോടുള്ള എന്റെ മോഹങ്ങളാകാം എന്റെ കിരണങ്ങൾക്ക് ഇത്ര ചുവപ്പ് നൽകിയത്.....

കൺമഷിയുടെ കറുപ്പിൽ നിന്നെ തനിച്ചാക്കി ഞാൻ അകലുമ്പോൾ എന്നിലെ ജ്വാലകളും കരിഞ്ഞുണങ്ങി ഇരുട്ടാകുന്നു...

കിഴക്കുനിന്ന് നിന്നെ മോഹിച്ച് ഞാൻ പടിഞ്ഞാറെത്തുമ്പോൾ ...
നിന്നെയൊന്ന് തൊട്ട് തലോടാൻ കഴിയാതെ

ശ്യാമ ഗിരിനിരകളിൽ ഊർന്നിറങ്ങുന്നു
നിരാശാ പ്രമമുള്ളവനായ്....






വെള്ളിവെളിച്ചത്തിനധിപനാം തിങ്കളും താരകങ്ങളും നിന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും.....

നിനക്ക് പത്യം ഈയുള്ളവനാണെന്നറിയുന്നു ഞാനെപ്പോഴും...

എങ്കിലും നിസഹായനാണ് പ്രിയേ
ഞാനിന്ന്.....
കർമ്മമെന്ന മണ്ഡലത്തിൽ നിന്നോടുള്ള പ്രണയം ത്യജിച്ച് യത്ര തുടരുന്നു ഏകാന്തപഥികനായ്...

Read More