Quotes by Nithinkumar J in Bitesapp read free

Nithinkumar J

Nithinkumar J

@nithinkumarj640200


ഇന്നിന്റെ ഭയത്തില്‍ നാളെയുടെ ഒടുക്കം


കനല്‍ പഴുത്തു തുടങ്ങി
മധുരം നിറഞ്ഞതില്‍ പിന്നെ
ഭയമെന്നെ മറന്നു തുടങ്ങി.

രുചിയേറെ തോന്നി,
നിനവില്‍നിന്നും
കിനാവുകള്‍ ചൂണ്ടയിട്ടൊരു
താരകകുഞ്ഞിനെയുയര്‍ത്തിയവ
പൊന്തി വന്നു.

ഇരുളില്‍ തിളങ്ങാത്ത,
വെളുത്ത വെള്ളത്തിനു മേലെ
വെള്ളിനക്ഷത്രങ്ങള്‍
മാനം നോക്കിനില്‍ക്കേ
ഞാനെന്റെ
സ്വപ്നസുഗന്ധമെന്നിലേറെ പുരട്ടി.

പുതിയ ലോകത്തിനായൊരു
മായച്ചിത്രം തുന്നിച്ചേര്‍ക്കുവാന്‍
ഹൃദയം കൊതിതൂകി..
ഇന്നുമെന്റെ
തിളങ്ങുന്ന കൃഷ്ണമണികള്‍
പൊന്നില്‍ പൊതിഞ്ഞ
നിനവുകളെ കാണാറുണ്ട്...

ഭയന്നുപിന്തിരിഞ്ഞുപോയൊരു
ഹൃദയകാവല്‍ക്കാരന്‍
ഉണര്‍ന്നു തുടങ്ങി കഴിഞ്ഞു..

ഇനിയെന്റെ യാത്രയില്‍
നീയില്ല ചങ്ങാതിയെന്ന്
ഞാനുറക്കെയിരുളിന്റെ
കണ്ണിലായി നോക്കിയലറി...



നിഥിൻകുമാർ ജെ

Read More

ദൂരം 🥰🥰🥰🥰🥰

കാത്തിരിപ്പിനൊടുവില്‍


വെണ്‍മേഘത്തണലില്‍
ഞാന്‍ നില്‍ക്കേ...
നിന്‍ സ്വരമധുരമിരുവരികളായി
വിരിയുന്നു സഖി.

താഴ്വാരം പൂക്കുമ്പോള്‍ ഞാനാ
വരികള്‍ നിനക്കായ് മൂളാം.
നീഹാരം പെയ്യുമ്പോള്‍
സപ്തസ്വരങ്ങളും ചേര്‍ത്തൊരു
രാഗമാല ചാര്‍ത്താം.

ഒരു കോകിലസ്വരമായിയരികെ
ചെറുമഴച്ചാറും.
മേഘം മഞ്ഞിനെ തഴുകിയനേരം
നീയെന്റെ പ്രാണനായ്.

പ്രണയതുടുപ്പിനകത്തളത്തില്‍
മഴമാനസം പെയ്തിറങ്ങി.
ഞാനെന്റെ പാതി നിനക്കായ്
നല്‍കിയ പൗര്‍ണമിയും മാഞ്ഞു.

ഇന്നെന്റെ
കിനാവുകളിലൊതുങ്ങിയ
മാരിവില്ലിന് ചന്തം പോരാ...
ഇന്നെന്റെ മാനസം
ജീവശ്വാസമില്ലാതെ പിടയുന്നു.

നീയൊരു താരകമായിയെന്നെയും
കാത്തിരിന്നു!
പ്രണയശകുന്തമായി ഞാന്‍
വരുവോളം.


നിഥിൻകുമാർ ജെ

Read More

ദൂരം

കൂടില്ലാത്തവര്‍

ഇവിടെ പണ്ടൊരു ആല്‍മരമുണ്ടായിരുന്നു.
ഈ നിലകള്‍, എണ്ണിത്തീരാത്ത
കെട്ടിടത്തിന്റെ പകുതി
നീളമുള്ള ആല്‍മരം.
അവിടെ കാണുന്ന
സ്വിമ്മിങ് പൂളിനോളം വിശാലമായ
ചില്ലകളുള്ളൊരു ആല്‍മരം.

ആല്‍മരത്തിനടുത്തായി
പരന്നു കിടക്കുമൊരു നെല്‍പ്പാടവും
അതിനക്കരെ നീളമുള്ള പുഴയും
മത്സരപരീക്ഷകളില്‍ 'ഇന്നും'
പ്രശസ്തമായ ചോദ്യങ്ങള്‍
പലതുമീ പുഴയോട്
ചേര്‍ന്നുള്ളതായിരുന്നു.

പുഴയുടെ തീരത്തായി നിരവധി
കൂടാരങ്ങളുണ്ടായിരുന്നു. 'വീടുകള്‍...'
പച്ചയായ മനുഷ്യര്‍ നിരവധിയുണ്ടായിരുന്നു.
വയലിനു കുറുകെയൊഴുകിയ
പുഴയുടെ പാട്ടുകള്‍ കേള്‍ക്കാന്‍
ഞാനും കാതോര്‍ത്തിരുന്നു..

ഇന്നിവിടെ വാനം മുട്ടി നില്‍ക്കും
മതിലുകള്‍ കാരണം
എനിക്കിവിടെ വരുവാന്‍ പ്രയാസമായ്...
ഇവിടെയൊരു മരുഭൂമി
പിറന്നതും ഞാനറിഞ്ഞില്ല..

ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കിടാന്‍
ഇന്നിവിടെ എനിക്കാരുമില്ല.
ഞാനെന്റെ ഓര്‍മ്മതാളുകളടച്ചു...
ദേശാടനപ്പക്ഷികള്‍ക്ക്
എങ്ങും കൂടില്ല... കൂട്ടുകാരുമില്ല...
ഇവിടവും ഞാന്‍ മറന്നു കഴിഞ്ഞു...
ഇനിയെല്ലാം മായും...


കേട്ട് പഴകിയതെല്ലാം
ഇന്നെന്‍ ഓര്‍മയില്‍നിന്നും മാഞ്ഞു.
ഇന്നെനിക്കെല്ലാം നഷ്ടം!
ഈ ചിറകുമെനിക്കു ഭാരം.

ഉയരുവാന്‍ കൊതിച്ച കാലം
ഏറെ ദൂരം കടന്നങ്ങു പോയി.
പിന്നിലായിയെന്റെയുള്ളം
പിടഞ്ഞൊരു തൂവലും പൊഴിഞ്ഞു.

ചിരി മറന്ന മുഖങ്ങള്‍
ചുറ്റുമീയലുപോല്‍ പടര്‍ന്നു.
നോട്ടം കൊണ്ടെറിഞ്ഞവര്‍
നഷ്ടകഥകളേറെ ചൊല്ലി.

ചിന്തയില്‍ മയങ്ങിയെപ്പോഴോ ഞാന്‍.
ചിതകളായിരം കത്തും ചൂടും
പുകയിലുയര്‍ന്ന ഗന്ധവുമൊരു
ചിരിയോടെ മിഴികള്‍ കണ്ടു മറന്നു.


നിഥിൻകുമാർ ജെ

Read More

ദൂരം

വേരുകള്‍ മുറിഞ്ഞാലും
========

ചില്ലകളോരൊന്നും
കോതിയൊതുക്കുമ്പോഴും
ഇലകളൂഴിയില്‍ മെത്ത വിരിക്കുമ്പോഴും
തണലായി നിന്നിരുന്ന
മാമരം പിടഞ്ഞില്ല.

ഒരിറ്റു കണ്ണുനീരും വാര്‍ത്തില്ല.
പോയിമറഞ്ഞ കാലത്തിന്റെ
ഓര്‍മച്ചിത്രങ്ങളിലൂടെ
മാമരം സഞ്ചരിച്ചു.

ഇലകള്‍ പൊഴിഞ്ഞു,
ചില്ലകളടര്‍ന്നു.
മരണവക്കിലെത്തിയ
നിമിഷങ്ങള്‍ നിരവധി കടന്നു.

പുതിയ ചില്ലകള്‍ വിടരും
തണലായി താങ്ങായി മാറും.
വേരറ്റുപോയാലും
മുളപൊട്ടി കിളിര്‍ക്കാന്‍
പാകത്തിനൊരു ഹൃദയമുണ്ട്
മാമരങ്ങള്‍ക്ക്.

തണല്‍ത്തേടി വരും
പറവകള്‍ക്കൊരു
തണലായിയിനിയും നിലനില്‍ക്കും.

ഇനിയും തഴുകിയായിരമായിരം
ഋതുക്കള്‍ കടന്നുപോകും.
====


നിഥിൻകുമാർ ജെ

Read More

ദൂരം

പാതിവഴിയില്‍

ചന്ദനം മണക്കുന്ന ഇടവഴികളില്‍,
ഇന്നും നിന്നെ തേടി
ഞാന്‍ വരും.
ഓര്‍മകളിലെ ഇളം തെന്നലിന്നും
തലോടിപ്പോകാറുണ്ട്.
പകലിരുളില്‍
വര്‍ത്തമാനം മറന്ന്
നടവഴിയില്‍ നില്‍ക്കാറുണ്ട്.

ഏതോ യാമത്തില്‍,
ഏതോ ഇരുള്‍ക്കാട്ടില്‍നിന്നും
ഒരു വേളയില്‍
ഞാനും കാതോര്‍ത്തിരുന്നു.
തേടിയൊടുവില്‍
കണ്ടെത്തുമെന്നു കരുതിയതോ
പാഴായി.

നിന്നെ നഷ്ടമായെന്നു
കരുതുവാനാവില്ലെന്നാലും,
ഭൂതകാലത്തില്‍ നിന്നുമൊരു
മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണു ഞാന്‍.
വര്‍ത്തമാനലോകത്തോടായി
ചിലതെല്ലാം നിന്നെപ്പറ്റിയെഴുതണം.

ഞാന്‍ എന്നും നീയായിരുന്നു
നിന്റെ പ്രണയമായിരുന്നു
നിന്റെ നിഴലായിരുന്നു.
നമ്മളൊരുക്കിയ ലോകത്തിന്ന്
ചെറുകിളികള്‍ പാറിനടക്കുന്നു.
എന്റെ തണലില്‍
എന്റെ ചൂടിലവരുറങ്ങുന്നു.


നിഥിൻകുമാർ ജെ

Read More

ദൂരം 2🥰🥰