Quotes by CENTRE FOR DEVELOPMENT AND MEDIA RESEARCH in Bitesapp read free

CENTRE FOR DEVELOPMENT AND MEDIA RESEARCH

CENTRE FOR DEVELOPMENT AND MEDIA RESEARCH Matrubharti Verified

@dennychimmendennychimmengmail.com015358
(2)

കവിത: പെണ്ണ്
രചന: ജയേഷ് പണിക്കർ
***************

സ്നേഹത്തിനായ് തോൽക്കുമ്പോൾ
മോഹമുള്ളിൽ ഒതുക്കുന്നോൾ.
ഭൂമിയോളം ക്ഷമിക്കുവോൾ
ഭാരമേറെ ചുമക്കുവോൾ
ഭീതിയോടെ ചരിക്കേണ്ടോൾ
ഭാഗ്യമേറെ ചെയ്ത ജന്മം!

കർമ്മനിരതയായെന്നുമേ
കൺമണികളെ പോറ്റിടുന്നു
കല്ലല്ലിരുമ്പല്ല ആ ഹൃദയം
കാണുവാനാരും ശ്രമിക്കയില്ല!

ഇഷ്ടങ്ങളൊക്കെയും നഷ്ടമാക്കി
ഇക്ഷിതിയിലങ്ങു പാർത്തിടുന്നു
വേദനയിലും പുഞ്ചിരിപ്പോൾ
വാഴ് വിതിൽ വില ലഭിക്കാത്ത ജന്മം
പുണ്യമെന്നേറെയും വാഴ്ത്തിടുന്നു!

പുഞ്ചിരിച്ചങ്ങു ചതിച്ചിടുന്നു
ധീരതയേറുന്നോളെന്നാകിലും
കേവലമാക്കി പരിഹസിക്കും
എന്നു നീ മോചിതയായീടുമീ
വഞ്ചനക്കൂട്ടിൽ നിന്നെൻ പൈങ്കിളീ?
***************

Read More

കവിത: നിഴലനക്കങ്ങൾ
രചന: സുജ ശശികുമാർ
***************

എനിക്കുചുറ്റും നിഴലുകൾ നൃത്തം ചവിട്ടുന്നു
ഒച്ചയില്ലാത്ത നിലവിളികളുയരുന്നു.

പ്രതിഷേധത്തിന്റെ മുനയമ്പുകൾ
മുറിവാഴങ്ങളിൽ കുത്തിനോവിക്കുന്നു.

ചിതറിയ കണ്ണാടിച്ചില്ലിൽ വിണ്ടുകീറിയ
വികൃതമുഖങ്ങൾ പല്ലിളിക്കുന്നു.

കാലം തെറ്റിയ മഴ പടികടന്നെത്തുന്നു-
ണ്ടുന്മാദിയായ്.

ഒരു ഭ്രാന്തന്റെ നിലവിളി കുന്നിറങ്ങി
പ്രകമ്പനം കൊള്ളുമാറുച്ചത്തിൽ
ഇടിയ്ക്കൊപ്പം

വഴിനീളെ ചുവന്നപൂക്കൾ ഭ്രാന്തി-
നടയാളമായി.

ഇനിവരും രാവിനെ കാത്തിരിക്കുന്ന പോൽ
നിഴലനക്കങ്ങൾ പതിയെ നിശ്ചലമായി.

Read More

കവിത: അസ്തമയമില്ലാത്ത ജീവന്റെ നാൾവഴികൾ
രചന: നിഥിൻകുമാർ പത്തനാപുരം
*****************

പെയ്തൊഴിഞ്ഞ മഴയിലൊഴുകിപ്പോയ
ഓർമകളുടെ തിരകൾ പലതും
പിന്തിരിഞ്ഞു നോക്കി.
വരണ്ടുണങ്ങിയപാളിയിലൊന്നു നോക്കി.
രോമങ്ങൾ കിളിർക്കാത്ത, നനവില്ലാത്ത
മൺകട്ടകളിനിയില്ല!

ആദ്യത്തെ തീമഴയിൽ കരിഞ്ഞ
നാമ്പുകളിനിയും വാനം കാണും.
ഒടുക്കം വരെയും
അമൃതവർഷത്തിനായി കാത്തിരുന്നു;
വരണ്ട ചുണ്ടിലേക്കൊരിറ്റ്
നനവ് പടരുമെന്ന് കൊതിച്ചു.

പിടയുന്ന ഹൃദയത്തിന്റെ താളം
നുണയാനും രുചിക്കാനും
ഇറച്ചിപിടിയന്മാരേറെ നേരമിരുന്നു.
ഏതോ മണൽകാടുകളിൽ വെന്തു
ജീവിച്ചൊരുവന്റെ ചുട്ടുപൊള്ളിയാ
കരളും ഹൃദയവും കണ്ടും.

ഇന്നലെയുടെ കാത്തിരിപ്പിന്റെ
പ്രതീക്ഷകൾ അസ്തമിച്ചപ്പോഴും
രാവൊടുങ്ങി പുലരി വിരിയുമെന്നും
മൺകട്ടകൾ അലിഞ്ഞുതുടങ്ങുമെന്നും
വിത്തുകളിതളുകൾക്ക് ജന്മം
നൽകുമെന്നും, വാനം കാണുമെന്നും
കണ്ണുനീരിന്റെ ഉപ്പുരസമില്ലാത്ത
വർഷം പെയ്യുമെന്നുമുറച്ചിരുന്നു.

മണൽക്കാടുകൾ
പച്ചവിരിച്ചു മഴവില്ലുപോലെ
പൂവിടുമെന്നും, മധുരം തുളുമ്പും
കനികൾ തേടി അകലങ്ങളിൽ നിന്നും
അനേകം പറവകൾ ജീവിതം തേടി
വരുമെന്നും, പുഴയൊഴുകും വഴിയേ
ജീവിതം വിടർന്നും സുഗന്ധം
പടർത്തുമെന്നും
ഇന്നലയുടെയൊടുവിൽ
പ്രതീക്ഷിച്ചിരുന്നു.

ഇന്ന് പെയ്തൊഴിഞ്ഞ മഴയെന്റെ
പ്രതീക്ഷയാണ്, പുഞ്ചിരിയാണ്!
വാനം വീണ്ടും ഇരുണ്ടുമൂടി തുടങ്ങി!!!

Read More

കവിത: മൗനസംവാദം
രചന: സുനി സോമരാജൻ
*****************************

നിൻ്റെ മൗനം ചേക്കേറിയ
ചില്ലയിൽ പൂവിട്ട
സ്നേഹരേണുക്കളാൽ
അറിയുന്നു ഞാനിന്നൊരു
അജ്ഞാതതുരുത്തിൻ
കനത്ത നിശ്ശബ്ദത!

പ്രകാശതുരുത്തെല്ലാം
തമോഗർത്തത്തിലൊളിപ്പിച്ച്
നീ ചീന്തിയെറിഞ്ഞ
നിലാക്കുളിർമ്മയിൽ
ഞാനൊരു കിനാക്കൂട്ടിൽ തടവിലായി!

നിൻ മൂകത വിതച്ച
അശാന്തിയിൽ
ഞാനൂർന്നിറങ്ങിയ മുനമ്പിൻ
സാഗരഗർജ്ജനത്തിൽ
കാടിൻ കൂരിരുൾ താണ്ടി
ഞാനെത്തിയ ഗഹനതാഴ്‌വാരത്തിൽ,
സ്വപ്നത്തേരിൽ പറന്നുയർന്ന
ഗഗന വീഥിയിൽ, ഞാനതിൻ
തീവ്രഭാവത്തെ തൊട്ടറിഞ്ഞ്
ആയിരം ചെരാതുകളാല-
ലംകൃതമാം അടിവാരത്തിൻ
നിശ്ചലദൃശ്യം പോൽ നിൻ
പ്രണയപ്രഭാവത്തിൻ പൊൻ-
വെളിച്ചമിന്നേത് ചെപ്പിലൊളിപ്പിച്ചു നീ?

എൻ്റെയാത്മരാഗത്തിൻ
പൂമ്പൊടിയാൽ
മേലെ വിണ്ണിലും വിരിഞ്ഞു
നക്ഷത്രപൂത്താലം;
മൗനം തേടും വനാന്തര-
തമോഗഹ്വരങ്ങളിൽ പൂത്തുലഞ്ഞു
വസന്തമെന്നിട്ടും നിലാവും
നിഴലുമില്ലാത്ത മഹാപ്രളയമായി
തമസ്സിലോ പ്രകാശത്തിലോ
നമ്മളലിഞ്ഞുചേർന്നു!!!

Read More

കവിത: ഇന്നിന്റെ ബാക്കി മാത്രമായ നാളെ
രചന: നിഥിൻകുമാർ പത്തനാപുരം
***************

കനലേറ്റ മുറിവിന്റെ
നൊമ്പരത്തിണ്ണയിൽ
നൊമ്പരത്തിരകളുമെണ്ണി
ഊഴിയുടെ നീറുന്നലർച്ചയും
ആഴിയുടെ പിടയുന്ന തേങ്ങലും
കണ്ടും കെട്ടും ഞാനീ
തിണ്ണമേൽ ചാഞ്ഞിരുന്നു!

അത്രമേൽ
നൊമ്പരമുള്ളിലൊതുക്കി
ഒടുവിലൊരു അലമുറയായി
ഉയർന്നുപൊന്തി തെറിച്ച
കടലിന്റെ ദുഃഖം
ഞാനും കണ്ടതല്ലേ?

അത്രമേൽ
നീറുന്ന ഹൃദയത്തെ
താങ്ങിയൊതുക്കി
നിർത്തിയൊടുവിൽ
പൊട്ടിത്തെറിച്ചൊരു
ഹൃദയതടാകവും
ഞാൻ കണ്ടതല്ലേ?

ഇവിടെ
ഞാൻ മാത്രമെന്തിന്
വേദനയുടെ
കാവൽക്കാരനാകണം?
ഇവിടെ
ഞാൻ മാത്രമെന്തിന്
പെയ്യാൻ കൊതിക്കും
മഴയെ ഉടലുകൊണ്ട് തടയണം?

ഇനി
നാളെയെന്നുണ്ടെങ്കിൽ
ഇന്നിന്റെ ബാക്കിയായി വേണ്ട.
നാളെയെന്നുണ്ടെങ്കിൽ
ഇന്നിന്റെ നിഴൽ വീഴാതെ
കരുതിവെയ്ക്കാം.
ഇന്നിന്റെ സ്വന്തമായി
കഴിഞ്ഞാൽ നാളെയും
കണ്ണീർ കലർന്ന
ചെളിക്കുണ്ടിൽ ജീവൻ
നഷ്ടമാക്കി യാത്ര
പോവേണ്ടിവരും!!!

Read More

കവിത: രാവിന്റെ ഗദ്ഗദങ്ങൾ
രചന: രജനി നാരായൺ
***************


രാക്കിനാവിന് വിഹരിക്കാൻ
കൊടുത്തിട്ടലയാൻ വിടാതെൻ
മനസ്സിനെ പൂട്ടി ഞാനാപകലിലെ
കർമ്മങ്ങൾ ചികഞ്ഞൊരു
മൂലയിൽ കൂട്ടിടുന്നു
പതിരും പൊടികളും

ഒന്നും നിറഞ്ഞില്ലാച്ചെപ്പി-
നുള്ളിലൊരു കുഞ്ഞുസ്വപ്നം
ബാക്കിയായില്ലത്തിൽ പടി-
യിറങ്ങി മുന്നോട്ട് ദിക്കൊന്നുമേ
കണ്ടതില്ലന്ധകാരത്തിൻ
നെരിപ്പോടുകൾ മാത്രമായ്!

എന്തോ കണ്ടങ്ങോരിയിടും
നായ്ക്കുമൊപ്പമതിലങ്കം
പിടിക്കുവാൻ മൂങ്ങയും മൂളുന്നു!
ചന്തം വെടിഞ്ഞൊരാ
സ്വപ്നത്തിൽ നിന്നെന്നെ മന്ദമായ്
തട്ടിയുണർത്തിയാമാരുതൻ!!!

Read More

കവിത: (അ)ന്യായങ്ങൾ
രചന: സതി സതീഷ്
***************

ജനങ്ങൾ പാവങ്ങൾ, വെറും പാവകൾ
ട്രിപ്പീസുകളിക്കാരനെപ്പോൽ യജമാ-
നന്റെ ചാട്ടവാറിന് കാതോർത്തവരി
ലർപ്പിച്ചു മനം, ചോര നീരാക്കി
സഹചാരികൾക്കധികാരമേകാൻ
ചെമ്മൺപാതയൊരുക്കി ചെങ്കോ-
ലേന്തി കിരീടം വെച്ച് ചില്ലുകൂട്ടിൽ
നിയമത്തെ തളച്ച്, കാക്കിയുടുപ്പിൽ
ചുളിവില്ലാതെ കാത്തും ദേവാസുരാ-
വതാരം മാറിക്കെട്ടിയാടി, കാതും
വായും പൊത്തിയ കണ്ണുകെട്ടി-
നിയമത്തിന്റെ കാവലാൾക്കറിയാമൊന്ന്. . .
ചുറ്റിക മേശമേലിടക്ക് തട്ടുവാൻ!!!

സ്ത്രീകൾ മാനം വിറ്റു കിടപ്പറ പങ്കിട്ടാൽ ചിത്രങ്ങളാക്കി പരസ്യപ്പെടുത്തിയാൽ
പിന്നാലെയോടി മാനചിത്രം പകർത്തി
മാധ്യമങ്ങൾ തെളിയിക്കുമാ മികവ്!
തെരുവിലൊരു ഭ്രാന്തിയുടെ കാളും
വിശപ്പാറ്റാൻ കൈ നീട്ടുകിൽ ഭോഗിച്ചു കൊന്നുതള്ളും വെറിപൂണ്ട സംസ്കാരം
ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി!
അവൾക്കു പിന്നിലില്ലാരും, ചുണ്ടിലില്ല ചായം, ഉടയാടകളില്ല മാറിയുടുക്കാനവൾക്ക് പേര്
കുലട, വ്യഭിചാരിണി, ഭ്രാന്തി!
കൺതുറന്നാൽ കാണും സത്യമറിയാതെ
അക്കരപ്പച്ച തേടും ജനങ്ങളെന്നും
കളിപ്പാവകൾ, വെറും മരപ്പാവകൾ!

നോട്ടുകെട്ടുകളിൽ പകച്ചുപോകുമന്ധത-
യുള്ള ഭരണച്ചങ്ങലയിൽ മുറുകിയടിയാളർ, വെറുതെ നോട്ടിലിരുന്നു ഗാന്ധി ചിരിക്കില്ല!
പറയാതെ പറയും വലിയ സത്യം,
ജനങ്ങൾ വെറും കോമാളികൾ!
ട്രപ്പീസുകളിക്കാരൻ യജമാനചാട്ടവാറിന്
ഭയത്തോടെ കാതോർപ്പവർ!
അണിയറയിൽ ഗീബൽസുമാർ
ആവർത്തിക്കുന്ന തന്ത്രം മെനയൽ
കാലമേ സാക്ഷി... സൂക്ഷിക്കുക നീ!!!

Read More

കവിത: ശ്യാമമേഘം
രചന: രജനി അശോക്
***************


ഏകാന്തസ്വപ്നസന്ധ്യകളിൽ ചാരെ
മധുവൂറും നിൻ മൊഴിയുതിരാൻ
പുലരാൻ കൊതിക്കും പൂത്തുമ്പി ഞാൻ
നിനക്കായിനിയും കാത്തിരിക്കും.
നിൻ സ്വരമെന്നെ നീലാകാശത്തി-
ലൊഴുകും വെൺമുകിലാക്കി!

മെല്ലെയെൻ ഹൃദയരാഗമായി നിൻ
കിനാവിൻ തളിർമണികൾ
കതിരാടിനിന്നു നിറദീപനാളമായ്
എന്നുള്ളം നീ തുറന്നതല്ലേ നിൻ
മോഹനഗാനപല്ലവിയായി
അതിലലിയും ശ്യാമമേഘമീ ഞാൻ!

പിരിയാത്ത സ്നേഹത്തിൻ തിളക്കം
മൃദുവായി പെയ്തെൻ നിറചില്ലകളിൽ
മൂടും തെളിനിലാവെൻ കൈക്കുമ്പി-
ളിലഴകോടെ, ചോർന്നു പൊൻ മഞ്ഞു
കണങ്ങൾ, പരിഭവം മിഴിയിണകളിൽ
പ്രണയത്തിൻ പനിനീർ തിളക്കം....
നിൻ പ്രണയത്തിൻ പനിനീർ തിളക്കം!!!

Read More

കവിത: ചോദ്യവും ഉത്തരവും
രചന: കുഞ്ഞച്ചൻ മത്തായി
***************


[1]
അവൾ ശാന്തമായൊഴുകുന്ന നദിയെന്നു
നീ നിനച്ചു കൂടെ കൂട്ടിയത് മഹാമണ്ടത്തരം.
നിന്റെ കീശയിലെ പണം തീരുംവരെയുള്ളൊരു
പ്രണയം മാത്രമതെന്നു വഴിയേ നീയറിഞ്ഞുകൊള്ളും!

[2]
അന്നു ചാടിയ കിണറ്റിൽനിന്നും
കരയ്ക്കു കയറാൻ ഫയർഫോഴ്സിന്റെ
സഹായം തേടേണ്ടി വരും;
പകൽവെളിച്ചം കണ്ടുല്ലസിച്ചു
രാത്രിയെ പുണരുമ്പോൾ നിന്റെ-
യസ്ഥികളാണ് നീയറിയാതെ പൊടിയുന്നത്!!

[ 3 ]
അവളെന്നെ കല്ലെറിഞ്ഞിട്ടും
എനിക്കൊരു പരാതിയുമില്ല;
അവളുടെ ജീവിതപ്രശ്നത്തിൽ
കൈകടത്തിയ ശിക്ഷയായ്
ഞാനാവേദന സഹിച്ചു!!!

[4]
നാളെ നീയെന്റെ സ്വപ്നത്തിൽ വരണം,
നിനക്കു നാലാൾ തരുന്നതിൽ അഞ്ചു
ശതമാനം കൂടുതൽ ഗാന്ധിതലയുള്ള
കറൻസി ഞാൻ നൽകും;
മറ്റൊന്നിനുമല്ലെന്റെ ചോദ്യത്തിനുത്തരം
പറഞ്ഞുകൊണ്ടിരിക്കണം,
രാവിലെ പത്തുമണി മുതൽ
വൈകീട്ട് ആറുമണിവരെ!!!!

Read More