ഇന്ന് എന്റെ പാറുവിനെ അവസാനമായി കണ്ടു.
അവളുടെ ദേഹത്തിന്റെ അവസാന കണിക പോലും അഗ്നിയിൽ ലയിച്ചു ചേരുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവൾ പരിശുദ്ധയായിരിക്കുന്നു. ആരോ അശുദ്ധമാക്കിയ അവളുടെ ശരീരത്തെ അഗ്നി പരിശുദ്ധമാക്കിയിരിക്കുന്നു. മനസുകൊണ്ട് അവൾ എന്നും പരിശുദ്ധയാണ്. അത് എനിക്കു മാത്രം അറിയാവുന്ന രഹസ്യം.... അവൾ പാർവതി എന്റെ മാത്രം പാറു. എന്റെ അനിയത്തിയാണ് പക്ഷേ അമ്മാവന്റെ മകൾ .അമ്മയുടെ ഒരു അകന്ന ബന്ധുവാണ് ബാലമ്മാമ. അവരുടെ ഏക മകൾ . എന്നെയും അമ്മയേയും അഛൻ ഉപേക്ഷിച്ചു പോയപ്പോൾ സഹായത്തിന് ഉണ്ടായത് ബാലമ്മാമ മാത്രമായിരുന്നു............... ഞാൻ അഞ്ചാം ക്ലാസിലായപ്പോൾ ആണ് എന്റെ പാറു ജനിച്ചത്.... ഒരു കൗതുകം ആയിരുന്നു അവളെ കണ്ടപ്പോൾ.... ഞാൻ ആ കുഞ്ഞു വിരൽ തൊട്ടപ്പോൾ അവൾ കണ്ണു തുറന്നിരുന്നു.......... ഇന്ന് അതു പോലെ മരവിച്ച അവളുടെ വിരൽ ഞാൻ തൊട്ടു നോക്കി. പക്ഷേ അവൾ ഉണർന്നില്ല. ഇനി ഈ ജന്മം ഉണരില്ല എന്റെ പാറു. .... അവൾക്ക് ഒരു മകൾ ആയതു കൊണ്ട് എന്റെ മകനാണ് ഇന്ന് ചിതക്ക് തീ പകർന്നത്. ....ഒരു പക്ഷേ ഇന്ന് അവൾ സന്തോഷിച്ചിരിക്കും.... ഈ അറുപതാം വയസ്സിലും ഞാൻ അവളെ പ്രണയിക്കുന്നു .... ഈ വയസ്സിലും എന്നല്ല ഈ കാലമത്രയും അവളെ മാത്രമേ ഞാൻ പ്രണയിച്ചിട്ടുള്ളൂ. എന്റെ മക്കളുടെ അമ്മ ഞാൻ താലികെട്ടിയവൾ മീനാക്ഷി. അവളെ പോലും ഞാൻ പ്രണയിച്ചിട്ടില്ല. അവളെ സ്നേഹിച്ചിരുന്നു പക്ഷേ പ്രണയിക്കാൻ കഴിഞ്ഞില്ല ... കഴിയില്ല.... കാരണം എന്റെ പാറു മാത്രമാണ് എന്റെ പ്രണയിനി... ഇന്ന് എന്റെ മുന്നിൽ എരിഞ്ഞു തീർന്നപ്പോഴും അവൾ എന്നോട് ചോദിച്ചിട്ടുണ്ടാവും കണ്ണേട്ടൻ എന്നെ സ്നേഹിച്ചിരുന്നോ എന്ന്
.
...." ഇന്നും സ്നേഹിക്കുന്നു പാറു നിന്നെ .... നിന്നെ മാത്രം."
ഇത്രയും ജീവനായിട്ടു പോലും നിന്നോടും മറ്റാരോടും പറയാൻ കഴിയാതെ പോയ എന്റെ സ്വപ്നങ്ങൾ.... അത് പൂർത്തിയാക്കാൻ വേണ്ടി നീ ഒരു ജന്മം കൂടി എടുക്കണം... നിനക്കു വേണ്ടി ജീവിക്കാൻ നീ വരണം... വരില്ലെടോ താൻ എനിക്കു വേണ്ടി...... പുറത്തു നേരിയ നിലാവു പരന്നിരുന്നു. എങ്ങുനിന്നോ ഒരു കാറ്റ് വീശി..... ചെമ്പകത്തിന്റെ നേർത്ത ഗന്ധം അടുത്തു വന്നു...മഴയുടെ ഉടമ്പടി പോലെ..മഴമേഘം ഉരുണ്ട് കൂടി.. കാറ്റ് ശക്തിയിൽ ആയി..
കുടമുല്ലപ്പൂക്കൾ ആർക്ക് വേണ്ടിയോ മണ്ണിൽ വീണു കിടന്നു..ചെമ്പക പൂമൊട്ട് അതിൻ്റെ മനോഹരമായ ഇതളുകൾ വിടർത്തി...ആ ഗന്ധം എങ്ങും പരന്നു..പേരറിയാത്ത ആ രാക്കിളി നേർത്ത വേദനയിൽ ഏതോ പാട്ട് മൂളി.
ആരോ വരുന്നുണ്ട് റൂമിലേക്ക് കതക് തുറക്കാൻ ശ്രമിക്കുന്നു.... ദേവനായിരുന്നു എന്റെ മകൻ....
" അച്ഛാ നാളെ രാവിലെയാണ് തിരിച്ചു പോകേണ്ടത് ... മറക്കരുത്.. അമ്മ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്... നേരത്തെ കിടക്കാൻ നോക്കൂ..."......................................................... മീനാക്ഷി നേരത്തെ തന്നെ എഴുന്നേറ്റ് ഒരുങ്ങി കഴിഞ്ഞു..
," അച്ഛൻ എണീറ്റില്ലേ അമ്മേ ഇതുവരെ"....
ദേവൻ പോകുവാനുള്ള തയ്യാറെടുപ്പിലാണ്... ദേവൻ തന്നെ അച്ഛനെ വിളിക്കാനായി പോയി.,............... കതക് ചാരിയിട്ടിരിക്കുന്നു .. മുറി തുറന്നപ്പോൾ തന്നെ ചെമ്പകത്തിന്റെ ഗന്ധം ഉള്ള പോലെ..,, അച്ഛൻ ഉറങ്ങുകയാണ്... ഉണർത്താനായി നോക്കിയപ്പോഴേക്കും മനസ്സിലായി ഇനി ഉണരില്ല.... തണുത്തിരിക്കുന്നു ആ കാലുകൾ... ദേവന് ശരീരം തളരുന്ന പോലെ തോന്നി.. ആകെ ഇരുട്ടു നിറയുന്നു.... ....അച്ഛനെന്താണ് പറ്റിയത്........ ചിരിച്ചു തന്നെയാണ് അച്ഛൻ കിടക്കുന്നത്. ജീവൻ ഇല്ലാതായിയെന്ന് തോന്നുന്നില്ല.............. ദേവൻ കണ്ണുതുറന്നപ്പോൾ ആരൊക്കെയോ മുറിയിൽ വന്നിട്ടുണ്ട് .അമ്മ കരഞ്ഞ് തളർന്ന പോലെ....ആരൊക്കെയോ അച്ഛനെ പുറത്തേക്കെടുക്കുന്നു.......... ഇപ്പോൾ ആ കട്ടിലും ശൂന്യം..... ദേവൻ അതിനോട് ചേർന്നിരുന്നു.... അതിൽ ഒരു പുസ്തകം ഉണ്ടായിരുന്നു. തുറന്നപ്പോൾ ഒരു മയിൽ പീലിയും പിന്നെ ഒരു നാലുവരിയും. .............. ...... ........
ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പോയി.... അകത്തെ മുറിയിൽ വിളക്കിനു മുന്നിൽ അമ്മ മാത്രം ബാക്കി.... അച്ഛന് അധികനാൾ ആയുസ്സില്ലായെന്ന് ഡോക്ടർമാർ മുന്നേ വിധിയെഴുതിയതാണ്. .. ... മനസ്സിനെ തളർത്തുന്ന ഒന്നും കേൾക്കാൻ ഇട നൽകരുതെന്ന് പറഞ്ഞിരുന്നു. ... കുറേ നാളായി അച്ഛൻ സംസാരിക്കാറില്ലായിരുന്നു... അമ്മയോടു പോലും... ഓർമ്മ വെച്ച സമയം മുതൽ അച്ഛൻ അങ്ങിനെ തന്നെയാണ്... അദ്ധ്യാപകനായിരുന്നു... വീടിന്റെ മുൻവശത്ത് ഒരു ചെറിയ പൂന്തോട്ടമുണ്ട് .. അച്ഛൻ അധിക സമയവും അവിടെയാണ് ഉണ്ടാവുക.. സിമന്റിൽ പണി തീർത്ത ഒരു ഇരിപ്പിടവും പിന്നെ കുറേ ചെടികളും അതിന്റെ ഒരു വശത്തായി ഒരു ചെറിയ കുളവും... ഒട്ടും തന്നെ ആഴമുള്ളതല്ലായിരുന്നു ആ കുളം... കുറച്ചു മീനുകളും പിന്നെ ആമ്പൽ ചെടിയും മാത്രം ആണ് അതിൽ ഉണ്ടായിരുന്നത്... സ്കൂളിൽ നിന്ന് വന്നാൽ ഏതെങ്കിലും പുസ്തകവും എടുത്ത് അച്ഛൻ അവിടെ ഇരിപ്പുണ്ടാവും.,, ആരോടും അധികം സംസാരിക്കില്ല'.... അമ്മ വേറൊരു ലോകത്തായിരുന്നു..... അമ്മയുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒന്നും അമ്മ പറയാറില്ല... പറയാതെ തന്നെ എല്ലാം അച്ഛൻ സാധിച്ചു കൊടുക്കുമായിരുന്നു.... അമ്മക്ക് ഒരു സങ്കടവും ഉള്ളതായി തോന്നിയിട്ടില്ല... .. ഒരിക്കലും വഴക്കു പറഞ്ഞിട്ടില്ല അമ്മയെ.... ഒരു പരിഭവവും അമ്മയും പറഞ്ഞിട്ടില്ല .... പക്ഷേ അച്ഛന്റെ ഈ തനിച്ചിരിക്കുന്ന ശീലം എനിക്കു മാത്രം എന്തോ ഇഷ്ടപ്പെട്ടിരുന്നില്ല .... ഒരിക്കൽ അമ്മയോട് ഞാൻ ചോദിച്ചിരുന്നു എന്താ അച്ഛനെപ്പോഴും ഇങ്ങനെയെന്ന്... പക്ഷേ അമ്മ പുഞ്ചിരിച്ചു കൊണ്ട് തന്നെ മറുപടി തന്നു അച്ഛൻ എപ്പോഴും അങ്ങിനെയാണെന്ന് .. ഒത്തിരി വായിക്കുന്ന കൂട്ടത്തിലാണത്ര അച്ഛൻ... എന്തൊക്കെയോ എഴുതുന്നതും കാണാം... അച്ഛന്റെ ആ ലോകത്തെ കുറിച്ച് അമ്മ ആലോചിക്കാറില്ല ... കാരണം വായനയുടെ ലോകം അമ്മക്കിഷ്ടമില്ലാത്തതായിരുന്നു...... ഞാൻ കോളേജിൽ പഠിക്കുന്ന സമയം അച്ഛൻ സ്കൂളിലെ ജോലി ഉപേക്ഷിച്ചു ... പിന്നെ കുറച്ചു കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു.... പതിയെ ചെറിയ രീതിയിലുള്ള കൃഷിയും തുടങ്ങി.... അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ അച്ഛൻ തന്നെ കൃഷി ചെയ്തിരുന്നു.................... പഠനം കഴിഞ്ഞപ്പോൾ നാട്ടിലെ തന്നെ കമ്പനിയിൽ അച്ഛൻ ജോലി ശരിയാക്കി തന്നു.... പക്ഷേ എനിക്ക് ഈ നാട്ടിലെ ജോലിയോട് താൽപര്യം ഇല്ലാത്തതു കൊണ്ട് അച്ഛന്റെ വാക്ക് അനുസരിക്കാതെ പുറത്തോട്ടു പോയി.... തടസ്സമൊന്നും അച്ഛൻ പറഞ്ഞില്ല.... അമ്മയും കൂടെ വന്നു... അച്ഛൻ പിന്നീട് വരാമെന്ന് പറഞ്ഞു... ഇടക്ക് ഞങ്ങളുടെ അടുത്ത് വരും പക്ഷേ ഒരു ദിവസത്തിൽ കൂടുതൽ അവിടെ നിന്നിരുന്നില്ല.... ഇപ്പോൾ ഏകദേശം പന്ത്രണ്ടു വർഷമായി അച്ഛൻ ഇവിടെ തനിച്ച് നിൽക്കുന്നു ... ഇടക്കിടക്ക് നെഞ്ചു വേദന വന്നതുകൊണ്ട് ഡോക്ടറെ കാണിച്ചപ്പോൾ ആണ് അച്ഛൻ അധികനാൾ കൂടെ ഉണ്ടാവില്ല എന്ന് അറിഞ്ഞത്... അതു കൊണ്ടാണ് ഒരു മാസത്തെ ലീവെടുത്ത് ഞാനും അമ്മയും ഇങ്ങോട്ട് വന്നത്.... അതിനിടക്കാണ് ആന്റിയുടെ മരണം..... ഇപ്പോൾ അച്ഛനും പോയി............... തിരിച്ചു പോവുമ്പോൾ അച്ഛനും വരണമെന്ന് ഞാൻ ശാഠ്യം പിടിച്ചു... ഒന്നും പറയാതെ ചിരിച്ചു കൊണ്ട് തന്നെ അച്ഛൻ വരാമെന്ന് സമ്മതിച്ചു..... രാത്രി വരെയും അച്ഛൻ പഴയ പോലെ തന്നെ ആയിരുന്നു .... മരണ വീട്ടിൽ പോയി വന്നപ്പോഴും ഒരു മാറ്റവും ഇല്ലായിരുന്നു.... മുറിയിൽ നിന്നും അച്ഛന്റെ പ്രിയപ്പെട്ട കവിതകൾ മാത്രം കേൾക്കുന്നുണ്ടായിരുന്നു....
(തുടരും)