Wizard - 4 in Malayalam Horror Stories by Chendamara books and stories PDF | മാന്ത്രികൻ - 4

Featured Books
Categories
Share

മാന്ത്രികൻ - 4

അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.

" നിങ്ങളാരാണ് ?"
അവൻ മെല്ലെ ചോദിച്ചു.

⚡" ഞാൻ നിനക്കു സുപരിചിതനാണ് മാന്ത്രികാ ... "⚡

അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം മുഴങ്ങിക്കേട്ടു. 

(തുടർന്നു വായിക്കുക )

⚡ " ഞാൻ അഭിമന്യു . നിന്റെ പിതൃസ്ഥാനീയനാണ്. ഒരിക്കൽ നീ തീർത്ത ചക്രവ്യൂഹത്തിലകപ്പെട്ടു പോയവൻ... "⚡

അയാൾ നടന്ന് അവന്റെ അരികിലേക്കു വന്നു... 
അവനു നേരെ കൈകളുയത്തി അവന്റെ നെറുകിൽ തൊട്ടു . ആ നാവ് മന്ത്രങ്ങളുച്ഛരിച്ചു

അയാളുടെ ഉള്ളം കൈയ്യിൽ നിന്നും പുറപ്പെട്ട പ്രകാശം അവനെ മൂടി. 
അവന്റെ കണ്ണുകൾ മറ്റേതോ കാഴച്ചകളിലൂടെ ഓടി നടന്നു. ഒടുവിൽ കണ്ണിലേക്ക് ഇരുട്ടിനെ നിറച്ചുകൊണ്ട് സ്വബോധത്തെ ഇല്ലാതെയാക്കി. 

ഹരിയെ കാണാതെ മന്ത്രവനത്തിലഞ്ഞു നടന്ന മിത്രൻ അവന്റെ കവാടത്തിനു പുറത്തു ബോധരഹിതനായി കണ്ടെത്തി. 

മുഖത്തു വെള്ളം വീണപ്പോൾ ആലസ്യത്തോടെ അവൻ മിഴികൾ തുറന്നു. 

" മോനേ, എന്താ ഉണ്ടായത് ?" 

" ഒന്നും മനസ്സിലാകുന്നില്ല. എന്തോ ഒരു വെളിച്ചം. ഒരാൾ. " 

അവന്റെ മുഖത്തെ വർധിച്ച തേജസ്സും പ്രകാശവും കണ്ണുകളിലെ തിളക്കവും മിത്രൻ മിഴിപൂട്ടാതെ നോക്കി നിന്നു. അയാൾ കൈകൾ അറിയാതെ കൂപ്പിപ്പോയി. 

" എന്താ മിത്രൻമാമാ. ഇനി എന്തെങ്കിലും ചെയ്യണ്ടതുണ്ടോ ?" 

" വേണ്ട. പോകാം. "

" ഉം, എനിക്കൽപ്പം വിശ്രമിക്കണം , നല്ല തലവേദന. വൈകീട്ടത്തെ ട്രെയ്നിനു പോകണം. "

" ഉം. " 

മിത്രനും ഹരിയും നടന്നു മന്ത്രവനത്തിനു വെളിയിലെത്തി.

ഹരി വീട്ടിലേക്കു നടന്നു. 

മിത്രൻ തിരിച്ചു വരുന്നതുകണ്ട മീനാക്ഷി അദ്ദേഹത്തിന്റെ അരികിലേക്ക് ഓടിച്ചെന്നു.

" അച്ഛാ , ഹരിയേട്ടനെ കണ്ടോ ?" 

" വീട്ടിലേക്കു പോയിട്ടുണ്ട്. വൈകീട്ടാണ് ട്രെയിൻ. " 

മിത്രൻ അകത്തേക്ക് കയറിപ്പോയി.

" അച്ഛന്റെ സ്വഭാവം വെച്ച് ഞാൻ ഓർത്തതു ഹരിയേട്ടൻ പോകുന്നത് തടയാനാണ് പോയതെന്ന് . ശ്ശെ ... ഇതിപ്പോൾ ട്രെയിൻ ടൈം കൺഫോം ചെയ്യാനാണെങ്കിൽ ഞാൻ പോയി ചോദിച്ചാൽ മതിയായിരുന്നു. " 

അവൾ ഹരിയെക്കാണാനായി ചിത്രമംഗലത്തേക്ക് നടന്നു.

" ഹരിയേട്ടൻ എവിടെ വാസുദേവൻമാമാ ?"

മുന്നിലിരുന്നു പത്രം വായിക്കുകയായരുന്നു വാസുദേവൻ .

" അകത്തുണ്ട്. "

അതു പറഞ്ഞ് അയാൾ വീണ്ടും പത്രത്തിൽ മുഖം പൂഴ്ത്തി. 

അവൾ അകത്തേക്കു കയറി. ഹരിയുടെ റൂമിലേക്കു നടന്നു. അവളെ വാതിൽക്കൽ കണ്ടതു.
അവന്റെ സൂക്ഷ്മമായ നോട്ടത്തിൽ അവളൊന്നു പതുങ്ങി.

" എന്താ ഹരിയേട്ടാ, എന്നെ മുൻപ് കണ്ടിട്ടില്ലേ?"

അവൻ അതിന് ഉത്തരമെന്നും പറഞ്ഞില്ല. 

" ഹോ ... എന്തൊരു ജാട . " 
അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് അകത്തേക്കു കയറി.

" പോകാൻ തന്നെ തീരുമാനിച്ചുലേ ? "

" ഉം. "

അപ്പോഴാണ് അവൾ ഹരിയുടെ കണ്ണുകൾ ശ്രദ്ധിച്ചത്.  

" ഇതെന്താ കണ്ണു ചുവന്നിരിക്കുന്നത്. "

" പൊടി പോയതാ."

" നോക്കട്ടെ അവൾ അടുത്തേക്കു ചെന്ന് അവന്റെ മുഖത്തു തൊടാൻ പോയതും അവൻ പിന്നിലേക്കാഞ്ഞു. "

" ഞാൻ മുഖം കഴുകി. മാറിക്കോളും. " 

" എങ്കിൽ ശരി , ഞാൻ പോവ്വാ."

അവൾ തിരിഞ്ഞു നടന്നു. 
സാധാരണ അവൾ തിരിഞ്ഞു നടക്കുമ്പോൾ ഹരി പിന്നിൽ കൈകൾകൊണ്ട് വയറിൽ ചുറ്റിപ്പിടിച്ച് കഴുത്തിൽ മൃദുവായി ചുംബിക്കാറുണ്ട്. 
ആ പ്രതീക്ഷ അവൾക്കുണ്ടായിരുന്നു എങ്കിലും അവന്റെ ഭാഗത്തു നിന്നും ഒന്നും തന്നെയുണ്ടായില്ല.

അവളുടെ മനസ്സിൽ വല്ലാത്ത ശ്യൂന്യത അനുഭവപ്പെടാൻ തുടങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞു. ഒന്നു തിരിഞ്ഞു നോക്കിയെങ്കിലും യാതൊരു ഭാവഭേദവും അവന്റെ മുഖത്തില്ല എന്നത് അവളെ നിരാശപ്പെടുത്തി. 

അവളോടു യാത്ര പോലും പറയാതെ , അന്നു രാത്രി തന്നെ ട്രെയിൻ കയറി ഹരി ജോലിക്ക് പുറപ്പെട്ടു. 
ഫോൺ ചെയ്താൽ പേരിന് എന്തെങ്കിലും സംസാരിക്കുമെന്നല്ലാതെ പഴയതുപോലെയുള്ള അടുപ്പമൊന്നും മീനാക്ഷിയോട് കാണിക്കാതെയായി. അതൊക്കെയവളെ വല്ലാതെ വിഷമിപ്പിച്ചു. മാസത്തിൽ ഒന്ന് ഹരി വരും. തിങ്കളാഴ്ച രാവിലെ തിരികെ പോകും. 

ആയിടയ്ക്ക് ഹരി അവിടെ സ്വന്തമായി ഫ്ലാറ്റ് എടുത്തു. എല്ലാവരും കൂടി അവിടേക്ക് പോയി പാലുകാച്ചൊക്കെ നടത്തി. 
കൂട്ടത്തിൽ അവിടെ കൂടെ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയെയും പരിചയപ്പെടുത്തി. ശ്രേയ, മോഡേൺ ഡ്രസ്സ് ധരിച്ച സ്മാർട്ടായ ഒരു പെൺകുട്ടി. 

ഓപ്പോസിറ്റ് ഫ്ലാറ്റിലാണ് അവളുടെ താമസം എന്നത് സത്യത്തിൽ മീനാക്ഷിക്ക് ടെൻഷനുണ്ടാക്കി. ഹരിയോട് അവൾ കാണിക്കുന്ന അമിത സ്വാതന്ത്ര്യവും ഹരിയുടെ അകൽച്ചയും മീനാക്ഷിയെ വല്ലാതെ വേദനിപ്പിച്ചു. രണ്ടുമൂന്നു ദിവസം അവിടെ തങ്ങിയിട്ട് പോകാം എന്ന് തീരുമാനത്തിലായിരുന്നു എല്ലാവരും . 

അവിടുത്തെ സ്ഥലങ്ങളെല്ലാം ചുറ്റി കാണാനായി മനുവിന്റെ കൂടെ എല്ലാവരും പുറത്തേക്കു പോയി. 
ഒരു മൂഡില്ലാത്തതിനാൽ വയ്യ എന്നു പറഞ്ഞു മീനാക്ഷി ഫ്ലാറ്റിൽ തന്നെയിരുന്നു. ഹരി ഓഫീസിലും പോയി. 

വൈകീട്ടായപ്പോഴേക്കും അവൾ താഴെയുള്ള ഗാർഡൻ ഏരിയിലേക്കു പോയി അൽപനേരം അവിടെയിരുന്നു. ഫ്ലാറ്റിലെ കുട്ടികളുടെ കളിയും ചിരിയും. പ്രായമായവരുടെ ഒത്തൊരുമിച്ചുള്ള സംസാരവും എല്ലാം കണ്ടപ്പോൾ അവളുടെ മനസ്സും അല്പം ശാന്തമായി. 

തിരിച്ചു കയറി ഡോർ ഓപ്പൺ ചെയ്യാൻ നോക്കിയപ്പോളാണ് ഓപ്പോസിറ്റ് ഫ്ലാറ്റിൽ നിന്ന് ഹരി ചിരിക്കുന്ന ശബ്ദം കേട്ടത്. 
ഡോർ അല്പം തുറന്നു കിടക്കുകയായിരുന്നു. ശ്രേയയുടെ ഫ്ലാറ്റ് ആണെന്ന് അറിയാമായിരുന്നതിനാൽ അവൾ മെല്ലെ അകത്തേക്ക് കയറി. 

സംസാരം കേൾക്കുന്നത് ബെഡ്റൂമിൽ നിന്നായിരുന്നു. 
അവളുടെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. 
ചെറിയ അങ്കലാപ്പോടെ അവൾ ബെഡ്റൂമിന് അരികിൽ എത്തി.

അകത്തെ കാഴ്ച്ച കർട്ടന്റെ ഇടയിലൂടെ കണ്ട് അവൾക്ക് ശരീരം തളരുന്നതു പോലെ തോന്നി.

ഹരിയെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിക്കുന്ന ശ്രേയ.

" എന്റെ വീട്ടുകാരോടെല്ലാം അടുപ്പത്തിലായോ?"

അവളെ കെട്ടിപ്പിടിച്ചുകൊണ്ടവൻ ചോദിച്ചു.

" പിന്നേ, അമ്മ അച്ഛൻ എല്ലാവരും അടിപൊളി. കൂടെ വന്ന അങ്കിളും ആന്റിയും നന്നായി സംസാരിച്ചു. മനുവും.
പിന്നെ ആ കുട്ടി മാത്രം എന്തോ കുരിശു കണ്ട ചെകുത്താനെ പോലെയാണ്. എന്നെ നോക്കുന്നേയില്ല. ഫ്രണ്ട്ലി ആകാന്നു വെച്ചാലോ. എന്നെ കണ്ടാൽ ആളു മാറിക്കളയും. "

അതിനു ഹരി പൊട്ടിച്ചിരിച്ചു.

" ആര്, മീനാക്ഷിയോ ? ഒരു പൊട്ടിപ്പെണ്ണാണ്. "

" യസ് യസ്. ആൻ അമ്പലവാസി ഗേൾ , എങ്ങനെ സഹിക്കുന്നു ഹരിയവളെ. എനിക്ക് ഈ ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും മണം കേട്ടാലെ തലവേദന എടുക്കും. "

" എന്നെ അവളെ കൊണ്ട് കല്യാണം കഴിപ്പിക്കാനാ എല്ലാവരുടെയും പ്ലാൻ . വിശ്വാസത്തിന്റെ ഒക്കെ ഭാഗമാണ്. "

" ഈ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം ലൈഫ് കളയണോ ഹരി. "

" ഉം. എന്തെങ്കിലും ആകട്ടേന്നു കരുതി സമ്മതിച്ചിരുന്നു ഞാനും. എന്റെ ശ്രേയക്കുട്ടിയെ കാണും വരെ. "

അവൻ അവളുടെ കവിളിൽ നുള്ളി.

( തുടരും )