Sound in Malayalam Horror Stories by Aiswarya books and stories PDF | ശബ്ദം

Featured Books
Categories
Share

ശബ്ദം

മുറിയിലെ വായുവിന് കനം കൂടിയതുപോലെ അനുഭവപ്പെട്ടപ്പോഴാണ് ദേവിക കണ്ണ് തുറന്നത്. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ടേബിൾ ലാമ്പിന്റെ സ്വിച്ച് അമർത്തി അവൾ ക്ലോക്കിലേക്ക് നോക്കി. സമയം 1.45 am. കുപ്പിയിലെ വെള്ളം തീർന്നിരുന്നു. അവൾ മുറിയിലെ ലൈറ്റ് മുഴുവൻ ഓണാക്കി അടുക്കളയിലേക്ക്‌ നടന്നു. ദേവിക ഒറ്റക്കാണ് താമസം. നാട്ടിൽ തന്നെ നിൽക്കാൻ ഇഷ്ടപ്പെട്ട അവൾക്ക്‌ പക്ഷേ ജോലി നഗരത്തിൽ ആയതുകൊണ്ട് ഒറ്റക്ക് ജീവിക്കേണ്ടി വന്നു. കുറഞ്ഞ വിലക്ക് കിട്ടിയ ഏഴാം നിലയിലെ 7B ഫ്ലാറ്റിലേക്ക് താമസം മാറിയിട്ട് രണ്ടു മാസം തികയുന്നു.

അടുക്കളയിലെ മൺകൂജയിൽ നിന്ന് വെള്ളമെടുത്ത്‌ അവൾ കുടിച്ചു. പതിവില്ലാത്ത ദാഹം. വരണ്ട നാവ് വെള്ളത്തിനായി വീണ്ടും വീണ്ടും കൊതിക്കുന്ന പോലെ. പെട്ടെന്ന് പുറകിലെ ചുവരിൽ നിന്നും 'ഡപ്, ഡപ് ' എന്നൊരു ശബ്ദം കേട്ടു. നിശബ്ദതയിൽ ആ ശബ്ദം മുഴങ്ങിയപ്പോൾ ദേവിക പേടിച്ചു പോയി. കുറച്ചു നേരം കൂടി അവൾ അങ്ങനെ തന്നെ നിന്നു. ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ അവൾ തിരികെ മുറിയിലേക്ക് നടന്നു.

സ്വീകരണമുറിയിലേക്ക് കടന്നതും അവൾ പേടിച്ചു ഞെട്ടി തരിച്ചു നിന്നു പോയി. മുറിയെ ഇരുട്ടിൽ സോഫയിൽ ഒരു രൂപം. അവൾ അടിമുടി വിറച്ചു പോയി. വെളിച്ചതിനായി അവളുടെ കണ്ണുകൾ പിടഞ്ഞു. ചുവരിൽ തപ്പി തടഞ്ഞു അവൾ light ഇട്ടു. അവിടെ ഒന്നും തന്നെ കാണാൻ ഉണ്ടായിരുന്നില്ല. ശ്വാസം നേരെ വീണു എങ്കിലും വല്ലാത്ത ഒരു ഭയം അവളുടെ ഉള്ളിൽ കടന്നു കൂടി. സ്വീകരണ മുറിയിലെ ലൈറ്റ് അണക്കാൻ അവൾ മിനക്കെട്ടില്ല.

'ഡപ്, ഡപ്' ആ ശബ്ദം മുഴങ്ങി കേട്ടു. ഇത്തവണ അത് ചുവരിനുള്ളിൽ നിന്നായിരുന്നില്ല. അവളുടെ ചെവിക്കു പുറകിൽ നിന്നായിരുന്നു. അവൾ തിരിഞ്ഞു നോക്കി. 'ഡപ്, ഡപ്, ടപ്,' ആ ശബ്ദത്തിന്റെ മുഴക്കം കൂടി വന്നു. അവൾ മുറിയിലേക്ക് ഓടി കിടക്കയിലേക്ക് വീണു. ആ ശബ്‌ദം മുറിയിലെ ചുവരുകളിൽ തട്ടി പ്രതിഫലിച്ചു കൊണ്ടിരുന്നു.

മേശപ്പുറത്തിരുന്ന ഫോൺ എടുക്കാൻ വേണ്ടി അവൾ കൈ നീട്ടിയതും ഒരു തണുത്ത സ്പർശം അവൾക്ക് അനുഭവപ്പെട്ടു. അവൾ കൈ പുറകോട്ടെടുത്തു. അലമാരയുടെ കണ്ണാടിയിലേക്ക് അവൾ ഒരു മാത്ര നോക്കി. അവിടെ അവളുടെ പ്രതിബിബം ഒരു പൈശാചികതയോടെ തെളിയുകയും അപ്രത്യക്ഷമാവുകയും ചെയ്തു കൊണ്ടിരുന്നു. അവൾ മഞ്ഞുകട്ട പോലെ തണുത്തുറഞ്ഞു നിന്നു പോയി. പെട്ടെന്ന് കണ്ണാടി വിറയ്ക്കുകയും അപ്രത്യക്ഷമായ അവളുടെ പ്രതിബിബം തെളിഞ്ഞു വന്നു നിശ്ചലമാവുകയും ചെയ്തു.

ഒച്ചവെയ്ക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. പ്രതിബിബം സംസാരിച്ചു തുടങ്ങി.
"പേടിച്ചു പോയോ... ഞാനും അന്ന് ഇതുപോലെ പേടിച്ചിരുന്നു... സഹായത്തിനായി ആരും ഉണ്ടായിരുന്നില്ല. നിന്റെ താമസത്തിന്റെ കാലയളവ് തീർന്നിരിക്കുന്നു. നിനക്ക് പക്ഷേ ഇവിടുന്നു പോകാൻ കഴിയില്ല" അതിന്റെ മുഖത്തു സങ്കടമോ കോപമോ എന്നറിയാത്ത ഒരു ഇരുണ്ടഭാവം തെളിഞ്ഞു. മരിച്ചവളുടെ വെളുപ്പായിരുന്നു അതിന്റെ മുഖത്ത്.

കണ്ണാടിക്കുള്ളിലെ രൂപം പുറത്തേക്ക് വിരലുകൾ നീട്ടി ദേവികയെ തൊട്ടു. അവൾ പിടഞ്ഞു പോയി. കൊടും തണുപ്പായിരുന്നു ആ വിരലുകൾക്ക്. പെട്ടെന്ന് കണ്ണാടി ചിന്നി ചിതറി താഴെ വീണു. ദേവിക വാതിൽ തുറന്ന് പുറത്തേക്ക് ഓടി. 'ടപ്, ടപ് ' ആ ശബ്ദം അവളെ പിന്തുടർന്നു. സ്വീകരണമുറിയിൽ നിന്നും പുറത്തേക്കുള്ള വാതിൽപിടിയിൽ കൈ വെച്ചതും ഒരു വലിയ ശബ്ദത്തോടെ അവൾ പുറകിലേക്ക് തെറിച്ചു വീണു.

ഒരു വെളുത്ത രൂപം അവളുടെ അടുത്തിരിക്കുന്നത് അവൾ കണ്ടു. അത് സംസാരിച്ചു തുടങ്ങി.
"എനിക്ക് നിന്നെ ഉപദ്രവിക്കണം എന്നില്ല. പക്ഷേ ഇത് വിധിയാണ്. ഞാനും നിന്നെ പോലെ ഇവിടെ വന്നതാണ്. രണ്ടു മാസം തികഞ്ഞ അന്ന് രാത്രിയിൽ എനിക്കും ഇതേ അനുഭവം ഉണ്ടായി. ഞാൻ ഇവിടെ കുടുങ്ങി പോയി... ശ്വാസം മുട്ടി.. ദാഹിച്ചു... തൊണ്ട വരണ്ട്..." ആ രൂപത്തിന്റെ ശബ്ദം ഇടറി.

ഇന്നേക്ക് ഇവിടെ താമസം തുടങ്ങി രണ്ടു മാസം തികഞ്ഞു എന്നത് ദേവിക ഞെട്ടലോടെ ഓർത്തു. ആ രൂപം അപ്രത്യക്ഷമായി. ദേവികയ്ക്ക് വീണിടത്തു നിന്നു എണീക്കാൻ കഴിഞ്ഞില്ല. അവൾക്ക് വീണ്ടും ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ചുവരുകൾ അടുത്തേക്ക് ചുരുങ്ങി വന്നു. അവളുടെ കണ്ണുകൾ പുറകോട്ടു മറിഞ്ഞു. അവളുടെ കൈകാലുകൾ കുഴഞ്ഞു. ബോധം മറിഞ്ഞു.

ഒരു നീണ്ട സമയത്തിന് ശേഷം അവൾ കണ്ണ് തുറന്നു. അവൾ മുറിയിലെ കിടക്കയിൽ കിടക്കുകയായിരുന്നു. അവൾ ഫോണെടുത്ത് സമയം നോക്കി. സമയം 1.45 am. കണ്ടത് സ്വപ്നമാണെന്ന് മനസ്സിലാക്കാൻ അവൾക്ക് സമയം വേണ്ടി വന്നു.അവൾക്ക് വല്ലാത്ത ദാഹം അനുഭവപ്പെട്ടു. കുപ്പിയിലെ വെള്ളം തീർന്നിരുന്നു. ആ സ്വപ്നം അവളെ വല്ലാതെ ഭയപ്പെടുത്തിയതിനാൽ വെള്ളമടിക്കാൻ പോകാൻ അവൾ മെനക്കെട്ടില്ല.കടുത്ത തണുപ്പിലും അവൾ ഇരുന്ന് വിയർത്തു.ഭയം മനസിനെ വേട്ടയാടികൊണ്ടിരുന്നു.അവളുടെ ശരീരം അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. തനിക്കിനി ഉറങ്ങാൻ കഴിയില്ല എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അവൾ ഫോണെടുത്തു അനുവിനെ വിളിച്ചു. അത് പരിധിക്ക് പുറത്തായിരുന്നു.അവൾ എന്ത് ചെയ്യണം എന്നറിയാതെ ഫോണിലേക്ക് നോക്കിയിരുന്നു. വേറെ ആരെയും അവൾക്ക് വിളിക്കാൻ കഴിയില്ല. ഒരു സ്വപ്നം കണ്ട് പേടിച്ച് വിളിച്ചതാണെന്ന് പറഞ്ഞാൽ എല്ലാവരും കളിയാക്കുകയേ ചെയ്യൂ.

'ഡപ്, ഡപ്, ഡപ് '
ആ ശബ്ദം മുഴങ്ങി. അവൾക്ക്‌ ഭയം കൂടി വന്നു. അവൾ മുറിയാകെ പരതി. എന്തോ ഒന്ന് അവളുടെ കണ്ണിലുടക്കി. മുറിയിലെ ജനാലകളിൽ ഒന്ന് അവൾ അടക്കാൻ മറന്നിരുന്നു. പുറത്ത് വൃശ്ചികത്തിലെ തണുത്ത കാറ്റ് ഭയപ്പെടുത്തുന്ന ശീൽക്കാരത്തോടെ വീശികൊണ്ടിരുന്നു.