Rebirth - 1 in Malayalam Love Stories by ABHI books and stories PDF | പുനർജനി - 1

The Author
Featured Books
Categories
Share

പുനർജനി - 1

പാർക്കിലൂടെ നടക്കുമ്പോൾ, ആദിയുടെ ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടി തുടങ്ങി.

“ഇതെന്താ… ഇതുവരെ അനുഭവിക്കാത്തൊരു വികാരം…”

അവൻ ചെറുതായി ശ്വാസം പിടിച്ചു, കൈ നെഞ്ചിന് മുകളിൽ വെച്ചു.

ചുറ്റുപാടിലെ ശബ്ദങ്ങൾ  കുട്ടികളുടെ ചിരിയും ഇലകളുടെ മുറുമുറുപ്പും എല്ലാം പതിയെ മങ്ങിത്തുടങ്ങിയ പോലെ 

അതേസമയം, ഒരു മൃദുവായ കാറ്റ് അവനെ തഴുകിക്കടന്നുപോയി.

അത് സാധാരണ കാറ്റല്ല… അതിൽ ഒരു വിചിത്രമായ മാധുര്യം ഉണ്ടായിരുന്നു.

താമരപ്പൂക്കളുടെ സുഗന്ധം പോലെ മനസ്സിനെ അടിമപ്പെടുത്തുന്ന സുഗന്ധം.

“ഈ സുഗന്ധം…?”

ആദിയുടെ കണ്ണുകൾ അതിന്റെ ഉത്ഭവം തേടി അലഞ്ഞു.

ആശങ്കയുടെയും കൗതുകത്തിന്റെയും ഇടയിൽ, അവന്റെ കണ്ണുകൾ ഒടുവിൽ നിന്നു സമയം നിശ്ചലമായോ.അവനു തന്റെ ഹൃദയമിടിപ്പ് കേൾക്കാവുന്ന തലത്തിൽ എത്തി.

മന്ദഗതിയിൽ പാർക്കിലെ വഴിയിലൂടെ ഒരു പെൺകുട്ടി വന്നുകൊണ്ടിരുന്നു.

വെളുത്ത സാരിയുടെ അരികുകൾ കാറ്റിൽ അലിഞ്ഞു വീശി.

മരങ്ങളിലൂടെ ചോർന്നെത്തുന്ന സൂര്യപ്രകാശത്തിൽ

സാരിയുടെ നിറം ചില നിമിഷങ്ങൾ പൊൻചായം കൈവരിച്ചു.

കറുത്ത മുടിയുടെ തിരകൾ കാറ്റിന്റെ സ്‌നേഹസ്പർശത്തിൽ

തോളിന് മുകളിൽ നിന്ന് ചെറുതായി മുന്നിലേക്ക് വഴുതി വീണു.

ഓരോ ചുവടിലും അവൾ ഒഴുകി നീങ്ങുന്നത് പോലെ ആദിക്ക് തോന്നി.അതോടൊപ്പം താമരപ്പൂവിന്റെ സുഗന്ധവും കൂടിവരുന്നത് പോലെ. ആദി അവളെ തന്നെ നോക്കി നിന്നു.

അവൾ ആദിയുടെ മുന്നിലൂടെ കടന്നു പോയപ്പോൾ,

അവന്റെ ഉള്ളിൽ ഒരു വിചിത്രമായ വിങ്ങൽ പൊട്ടിത്തെറിച്ചു.

ഒരു നിമിഷം അവൻ ഉൾമനസ്സിലെ ദൃശ്യത്തിലേക്ക് മുങ്ങിപോയി 

അവന്റെ മനസ്സിന്റെ ഇരുട്ടിൽ

ഒരു രൂപം പതുക്കെ തന്റെ അരികിലേക്ക് നടന്നു വരികയായിരുന്നു.

അത് ഒരു പെൺകുട്ടി ആണ് 

പക്ഷേ മുഖം വ്യക്തമല്ല.

ചുറ്റും കഠിനമായ മൂടൽമഞ്ഞ്.

അവളുടെ ചുവടുകളുടെ ചെറു ശബ്ദം.

പെട്ടെന്ന്,

അവൾ അധരങ്ങൾ തുറന്നു 

ഒരു വാക്ക് മാത്രം ആ ശബ്ദം ആത്മാവിന്റെ അടിത്തട്ടിലേക്കു കുത്തുന്ന പോലെ:

“ദേവാ…”

ആ വിളി മൃദുവായതും ഒരേസമയം ഹൃദയം കീറുന്നതുമായ ശബ്ദത്തോട് കൂടി 

അവന്റെ ചെവികളിൽ നിറഞ്ഞു.

പക്ഷേ അതിനുശേഷം 

ആ രൂപം മങ്ങിപ്പോയി.

ഒരിക്കൽ പോലും അവളുടെ മുഖം കാണാനായില്ല.

ആദി ഞെട്ടി കണ്ണുകൾ തുറന്നു.

പാർക്കിലെ കാറ്റ്, കുട്ടികളുടെ ശബ്ദം, എല്ലാം ഒരു നിമിഷത്തേക്ക് നിന്നു പോയത് പോലെ.

എന്നാൽ “ദേവാ” എന്ന ആ വിളി 

അത് ഇപ്പോഴും അവന്റെ ചെവികളിൽ മുഴങ്ങുകയായിരുന്നു.

ചില രാത്രികളിൽ, ഉറക്കത്തിനിടയിൽ

അവൻ ഇത്തരത്തിലുള്ള സ്വപ്നങ്ങളിൽ നിന്നും ചാടിയുണരാറുണ്ട്.

ഓരോ സ്വപ്നത്തിലും,

അതേ ശബ്ദം അതേ പേര്. ആരാണ് ഈ ദേവൻ അവനുമായി എനിക്ക് എന്ത് ബന്ധം അവൻ ഓർത്തു.

പക്ഷേ ഇന്ന്…

താൻ ഉണർന്നിരിക്കുമ്പോഴാണ്

ആ ദൃശ്യം കാണുന്നത്.

“ഇത് എങ്ങനെ സാധ്യമാണ്?”

അവൻ തന്റെ നെഞ്ച് പിടിച്ചു.

അവൾ നടന്നുപോയ വഴിയിലേക്ക് ആദി കണ്ണുകൾ ഉറച്ചു നോക്കി നിന്നു.

അകന്നു പോകുന്ന ഓരോ ചുവടിനും ഒപ്പം

അവളുടെ സാന്നിധ്യത്തിന്റെ മൃദുവായ അകൽച്ചയും.

അവൾ അകലുന്നതോടൊപ്പം 

ആ താമരപ്പൂവിന്റെ  സുഗന്ധവും തന്നിൽ നിന്നു മെല്ലെ വിട്ടുമാറുന്നുവോ.ഇപ്പോൾ തന്റെ ഹൃദയവും പൂർവ സ്ഥിതിയിൽ ആയിരിക്കുന്നു ഇതെന്ത് അത്ഭുതം. 

ആ സുഗന്ധം ശ്വാസത്തിൽ നിന്നു മാഞ്ഞെങ്കിലും,

അവന്റെ ഹൃദയത്തിൽ അത് പതിഞ്ഞിരുന്നു.

ആദ്യം കണ്ട ഒരാളെ പോലെ അല്ല അവൾ അടുത്തു വന്നപ്പോൾ.

പല ജന്മങ്ങൾ കാത്തിരുന്നു കണ്ടത് പോലെ ആദി മനസ്സിൽ ചിന്തിച്ചു.

ആരാണവൾ ഇനി അവളെ കാണുമോ.അതോ ഇതാണോ ആദ്യമായും അവസാനമായും ഉള്ള കണ്ടുമുട്ടൽ.

അവൻ അതിയായ അത്ഭുതത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു.

ഹൃദയം ഇപ്പോൾ പഴയ നിലയിൽ എത്തിയിരിക്കുന്നു.

കാതുകളിൽ ഇപ്പോഴും ആ “ദേവാ” എന്ന വിളിയുടെ മുഴക്കം മാത്രം ബാക്കി നിൽക്കുന്നു.

പെട്ടെന്ന്,

ഒരു ചൂടുള്ള കാറ്റിന്റെ സ്പർശം

അവനെ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു.

അവൻ ചെറുതായി ശ്വാസം പുറത്തേക്ക് വിട്ടു,

ചുറ്റും നോക്കി പാർക്ക് വീണ്ടും സജീവമായ പോലെ.

കുട്ടികളുടെ ചിരികൾ 

മരങ്ങളുടെ ഇടയിൽ കളിക്കുന്ന പ്രകാശവും നിഴലും,

പാതയിലെ ഇലകളുടെ മുറുമുറുപ്പ് 

എല്ലാം പതുക്കെ അവന്റെ ലോകത്തിലേക്ക് തിരിച്ചു വന്നു.

ആദി തല താഴ്ത്തി,

പാർക്കിന്റെ വഴികളിലൂടെ നടക്കാൻ തുടങ്ങി.

എന്നാൽ അവന്റെ കണ്ണുകൾ

വീണ്ടും വീണ്ടും അവൾ നടന്നു പോയ ദിശയിലേക്കു തിരിഞ്ഞു.

 

ആദി പാർക്കിന്റെ കവാടം കടന്ന് പുറത്തേക്ക് നടന്നു.

തണുത്ത കാറ്റ് മുഖത്തെത്തിയപ്പോൾ അവന്റെ മനസ്സിൽ ഇതുവരെ അനുഭവിക്കാത്ത ഒരു ഉണർവ് പടർന്നു.

ആകാശം പെട്ടന്ന് ഇരുണ്ടുവരികയും തെരുവുകളിൽ വിളക്കുകൾ ഒന്നൊന്നായി തെളിയുകയും ചെയ്തു.

മഞ്ഞ വെളിച്ചം ചിതറുന്ന തെരുവോരത്തു കൂടെ അവൻ മുന്നോട്ടു നടന്നു.

നിരാശയുടെ കനം മുഖത്ത് തെളിഞ്ഞുകൊണ്ട്, ആദി തലകുനിച്ച് മുന്നോട്ടു നടന്നു.

ചുവടുകൾ ഭാരമായതോടെ വഴിയോരത്തെ പഴയ ചാരു ബെഞ്ചിലേക്കു അവൻ ഇരുന്നു.

ജീൻസിന്റെ പോക്കറ്റിൽ കൈയിട്ടു നോക്കി

മടക്കിവെച്ചിരുന്ന കുറച്ച് നോട്ടുകൾ അവൻ അതെടുത്ത് വിരലുകൾക്കിടയിൽ വിടർത്തി എണ്ണി നോക്കി.

അവന്റെ മനസ്സ് കൂടുതൽ ഭാരം പിടിച്ചു

ആയിരം രൂപ മാത്രം.

അവന്റെ ജീവിതത്തിന്റെ മുഴുവൻ പ്രതീക്ഷകളെപ്പോലെ, ചെറിയൊരു തുക മാത്രമേ കൈയിൽ ബാക്കിയുള്ളു.

അവൻ ആകാശത്തേക്ക് നോക്കി.

അനാഥനായി ഒഴുകുന്ന മേഘങ്ങൾ പോലെ തന്നെയാണ് തന്റെ അവസ്ഥയെന്ന് തോന്നി.

അഞ്ചു ദിവസം മുമ്പ് നഗരത്തിലേക്ക് വന്നതുമുതൽ

ഒരിടത്ത് സ്ഥിരമായി നിൽക്കാൻ പോലും കഴിഞ്ഞില്ല.

ജോലി തേടി നടന്നെങ്കിലും

ഓരോ വാതിലും അവന്റെ മുന്നിൽ അടഞ്ഞുപോയി.

കണ്ണുകൾ നനഞ്ഞു തുടങ്ങിയത് അവൻ മറയ്ക്കാൻ ശ്രമിക്കവേ 

വേദന നിറഞ്ഞൊരു ദീർഘ നിശ്വാസം അവന്റെ ഉള്ളിൽ നിന്നുയർന്നു.

ബെഞ്ചിൽ നിന്ന് മെല്ലെ എഴുന്നേറ്റ ആദി,

നിശബ്ദമായി തന്റെ സുഹൃത്തിന്റെ റൂമിലേക്കുള്ള വഴിയിലേക്ക് നടന്നു തുടങ്ങി.

വീഥിയുടെ മങ്ങിയ വിളക്കുകൾ അവന്റെ നീണ്ട നിഴലിനെ പിന്തുടർന്നു.

ഒരു ഒറ്റപ്പെടലിന്റെ കഥയെന്നപോലെ അവനോട് ചേർന്ന് നടന്നു.

തുടരെ തുടരെ വാതിൽ തട്ടുന്ന ശബ്ദം കേട്ട് അരുൺ അലസമായി എഴുന്നേറ്റ് വാതിലിനരികിലേക്ക് നടന്നു.

ചെറിയൊരു ഉത്കണ്ഠയോടെ വാതിൽ തുറന്നപ്പോൾ, മുന്നിൽ നിന്നത് ആദിയായിരുന്നു.

“ആദിയാണോ? വാ…”

അരുണിന്റെ കണ്ണുകളിൽ ആശ്ചര്യവും അല്പം കരുതലും കലർന്നിരുന്നു.

“ഇന്നെന്തായി? പോയിട്ട്… എന്തെങ്കിലും ജോലി ശരിയായോ?”

ആദി തലകുനിച്ച് കണ്ണുകളിൽ നിറഞ്ഞ ക്ഷീണത്തോടെ മറുപടിയായി മന്ദസ്മിതം വരുത്തി.

“ഇല്ല…” 

അവന്റെ ശബ്ദം അവിടെയുള്ള അന്തരീക്ഷം പോലെ തന്നെ ഭാരമായി താഴ്ന്നു.

അരുണിന് ഒന്നും പറയാൻ കഴിഞ്ഞില്ല.

ആദിയുടെ ക്ഷീണിതമായ മുഖം കണ്ടപ്പോൾ ചോദ്യം തുടരേണ്ട എന്നവന് തോന്നി.

ആദി 

മുറിയിലെ പഴയ ഇരിപ്പിടത്തിൽ ഭിത്തിയും ചാരി ഇരുന്നു.

ടാ… നീ എന്തെങ്കിലും കഴിച്ചോ?”

അരുണിന്റെ  ശബ്ദം ചിന്തകളിൽ മുങ്ങിയിരുന്ന ആദിയെ തിരിച്ചു വലിച്ചു.

ആദി മറുപടി ഒന്നും പറഞ്ഞില്ല. തല കുനിച്ച് ഇരിക്കുകയായിരുന്നു.

അരുൺ അവന്റെ മുഖം നോക്കി ഒരു നിമിഷം മിണ്ടാതിരുന്നുവെങ്കിലും പിന്നെ പതുക്കെ പറഞ്ഞു:

“അവിടെ ഭക്ഷണം ഇരിപ്പുണ്ട്… നീ എടുത്തു കഴിച്ചിട്ട് വാ.

ഞാൻ രണ്ട് ബീയർ വാങ്ങിയിട്ടുണ്ട്… നമുക്ക് ടെറസിൽ പോയി പൊട്ടിക്കാം.”

അൽപ്പ സമയത്തിനു ശേഷം അരുൺ കൈയിൽ രണ്ട് ബിയർ ബോട്ടിലുകളുമായി മുന്നേ നടന്നു.

ആദി ഒന്നും പറയാതെ അവനെ പിന്തുടർന്നു.

അവന്റെ ചുവടുകൾ അരുണിന്റെ ചുവടുകളെ പിന്തുടർന്ന് പഴയ കെട്ടിടത്തിന്റെ പടികളിലൂടെ മേലോട്ടുയർന്നു.

പടികൾ കയറി മുകളിൽ എത്തിയപ്പോൾ വീശിയെത്തിയ തണുത്ത കാറ്റ് ആദിയെ എതിരേറ്റു.

കാറ്റിന്റെ കുളിരിൽ ആ ദിവസം മുഴുവൻ നെഞ്ചിൽ അടിഞ്ഞിരുന്ന ഭാരങ്ങൾ അല്പം മാറിയതുപോലെ ആദിക്ക് തോന്നി.

ടെറസിൽ എത്തുമ്പോൾ അവരുടെ മുമ്പിൽ വിരിഞ്ഞു കിടന്നത് തിരക്കേറിയ നഗര കാഴ്ചകൾ ആയിരുന്നു.

അണിനിരന്ന വിളക്കുകൾ ഇരുട്ടിനെ കീറി ഒഴുകുന്ന സ്വർണ്ണ നദിയെപ്പോലെ തെളിഞ്ഞു കിടക്കുന്നു.

അനന്തമായ വാഹനങ്ങളുടെ ഒഴുക്ക്

വേഗം കൂട്ടി പിന്നെ ഇടയ്ക്കു കുറച്ചും അവ മുന്നോട്ടു നീങ്ങുന്നു.നീട്ടിയും മുറിച്ചും മുഴങ്ങുന്ന ഹോൺ ശബ്ദങ്ങൾ അവയെല്ലാം 

ചേർന്ന് ഒരു വിചിത്ര സംഗീതമായി നഗരത്തിന്റെ വായുവിൽ നിറഞ്ഞിരുന്നു.........(തുടരും)