Piriyaathe - 1 in Malayalam Women Focused by Mrudhula books and stories PDF | പിരിയാതെ.. - 1

Featured Books
Categories
Share

പിരിയാതെ.. - 1

പിരിയാതെ…..






" എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്തെങ്കിലും ഒന്ന് പറയടോ.. എന്നെ ഇഷ്ടമല്ലെ തനിക്ക്.. പ്ലീസ്… ഒരു വട്ടം ഒന്ന് പറ… പ്ലീസ് പ്ലീസ്…" അവൻ അവൾക്ക് മുൻപിൽ കെഞ്ചി


അവളതിന് മറുപടി പറയാതെ അവൻ്റെ മുഖത്തേക്ക് നോക്കി.. ഇടയ്ക്ക് ഇടയ്ക്ക് ചുറ്റിനും.. ആരേലും കാണുന്നുണ്ടോ.. അവൾക്ക് പേടി തോന്നി..


" ശരി.. താൻ പൊയ്ക്കോ.. എന്നെങ്കിലും താൻ ആയി എന്നോട് തൻ്റെ ഇഷ്ടം തുറന്നു പറയുന്നത് വരെ ഞാൻ കാത്തിരിക്കും.. അതുവരെ ഇതുപോലെ വഴിയിൽ തടഞ്ഞു നിർത്തില്ലയിനി." അവൻ പറഞ്ഞു നിർത്തി.. 


അവൾക്ക് പോകാൻ വഴി മാറി കൊടുത്തു. അവൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയതിനു ശേഷം തലയും താഴ്ത്തി മുൻപിലേക്ക് നടന്നു അവള്. തോളിൽ തൂക്കിയ ബാഗിൽ അവളുടെ കൈ തെരു പിടിച്ചു. കുറച്ച് മുൻപിൽ അവളെ കാത്തു നിന്ന കൂട്ടുകാരിയുടെ ഒപ്പം അവള് നടന്നു നീങ്ങുന്നത് അവൻ നോക്കി നിന്നു.




പിറ്റേന്ന്…
പതിവ് പോലെ അവള് ക്ലാസ് കഴിഞ്ഞ് വരുന്നത് നോക്കി തൻ്റെ ബേക്കറിയ്‌ക്ക് മുൻപിൽ നിൽക്കുകയാണ് അവൻ. പക്ഷേ എന്നത്തേയും പോലെ ഇന്ന് അവളെ തടഞ്ഞു നിർത്തി അവളുടെ ഇഷ്ടം പറയിക്കാൻ അവൻ ശ്രമിച്ചില്ല.


അവൻ്റെ കടയ്ക്ക് മുൻപിൽ എത്തിയ അവള് ഒന്ന് നിന്നു. പിന്നെ തല തിരിച്ച് അവനെ ഒന്ന് നോക്കി.


അവൻ്റെ കണ്ണുകൾ വിടർന്നു.. ഇങ്ങനെയൊരു നോട്ടം അവളിൽ നിന്നും കിട്ടാൻ എത്ര നാളായി കാത്തിരിക്കുന്നു. പക്ഷേ അവളുടെ മുഖത്തെ ഭാവമെന്തെന്ന് അവന് മനസിലായില്ല.



അവളവനു അടുത്തേക്ക് നടന്നു.. അവള് തനിക്ക് അരികിലേക്ക് വരുന്നത് കണ്ട് അവൻ കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നു.


അവളവനെ ഒന്ന് നോക്കി ഒരു പുഞ്ചിരി നൽകാൻ ശ്രമിച്ചു. അതിനു അത്ര തെളിച്ചം പോരെന്ന് അവന് തോന്നി..


അവള് ബാഗിൽ നിന്നും ഒരു കവർ എടുത്തു. അതിൽ നിന്നും ഒരു കാർഡ് അവന് നേരെ നീട്ടി..


അവൻ എന്താണെന്ന് മനസിലാകാതെ അവളെയും അതിലേക്കും മാറി മാറി നോക്കി..

വീണ്ടും അവന് നേരെ അത് നീട്ടി നിന്നു അത് വാങ്ങാൻ അവള് നിർബന്ധിക്കുന്ന പോലെ കാണിച്ചു. അവൻ മടിച്ച് മടിച്ച് അത് കൈയിൽ വാങ്ങി.. അത് വാങ്ങുമ്പോൾ എന്തിനോ അവൻ്റെ കൈ വിറച്ചു 



" അടുത്ത മാസം എൻ്റെ കല്യാണമാണ്.. വരണമെന്ന് പറയില്ല.. പക്ഷേ പറയണമെന്ന് തോന്നി.." അവള് പറഞ്ഞു



അവൻ്റെ നെഞ്ചില് അവളുടെ വാക്കുകൾ വിള്ളൽ വീഴ്ത്തി.. അത്രയും ഇഷ്ടമായിരുന്നു അവന് അവളെ.. ഒന്നരവർഷമായി അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. അവളുടെ ഒരു നോട്ടത്തിൽ പോലും സന്തോഷം കൊണ്ട് തുള്ളി ചാടുന്ന മനസ്സായിരുന്നു അവൻ്റെത്.. പക്ഷേ.. ഇനി.. ഒരിക്കലും അവളെ തനിക്ക് കിട്ടില്ലെന്ന് അവള് പറയാതെ പറഞ്ഞിരിക്കുന്നു… 


അവൻ്റെ കണ്ണുകൾ അവൻ പോലുമറിയാതെ നനവാർന്നു. എങ്ങനെയൊക്കെയോ അവൻ കൈയിലിരുന്ന കല്യാണക്കുറി തുറന്നു.. കണ്ണുനീർ അവൻ്റെ കാഴ്ച മറച്ചെങ്കിലും അവൻ എങ്ങനെയോക്കെയോ അത് വായിക്കാൻ തുടങ്ങി.



പാലമുറ്റത്ത് തറവാട്ടിൽ ശ്രീ. ഗോപിനാഥിൻ്റെയും ശ്രീമതി.പ്രീത ഗോപിനാഥിൻ്റെയും മകൾ ഗാഥയും


കിഴക്കെപുറത്ത് വീട്ടിൽ ശ്രീ.രവീന്ദ്രൻ്റെയും ശ്രീമതി. മാലിനി രവീന്ദ്രൻ്റെയും മകൻ രാഹുലും തമ്മിലുള്ള വിവാഹം ഈ വരുന്ന ഒക്ടോബർ പത്തിന് 10 നും 10.35 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ വധു ഗൃഹത്തിൽ വെച്ച് നടത്തുന്നു.


അത് വായിച്ചു അവൻ്റെ നെഞ്ച് പിടയുന്നത് അവൻ അറിഞ്ഞു.. അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ തീർത്തു ഒഴുകി..




ദിവസങ്ങൾ കടന്നു പോയി…


കല്ല്യാണത്തിനോട് അടുത്ത് അവള് കോളേജിൽ പോകുന്നത് നിർത്തി.. അവളെ ഒരു വട്ടം കൂടി കാണാൻ അവന് ആഗ്രഹം തോന്നി.. ഇനി ഒരു ശല്യമായി ഒരിക്കലും അവൾക്ക് മുൻപിൽ വരില്ലെന്ന് പറയണമെന്ന് അവൻ ആഗ്രഹിച്ചു.


അവൻ അത് അവളുടെ കൂടെ ഉണ്ടാകാറുള്ള ഒരു കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി അവളോട് പറഞ്ഞത് അനുസരിച്ച് അടുത്ത ഒരു ദിവസം അമ്പലത്തിൽ വെച്ച് കാണാം എന്ന് അവള് അറിയിച്ചു.



അമ്പലത്തിൽ അവള് കൂട്ടുകാരിയുടെ ഒപ്പമായിരുന്നു വന്നത്. ഇരുവരും തൊഴുതു ഇറങ്ങുമ്പോൾ അവൻ അവളെ കാത്തു ആൽമര ചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു.


അവർ അവന് അടുത്തേക്ക് നടന്നു. അവരെ സംസാരിക്കാൻ വിട്ടുകൊണ്ട് കൂട്ടുകാരി അല്പം മാറി നിന്നു.



കുറച്ച്നേരം രണ്ടുപേർക്കുമിടയിൽ മൗനം നിറഞ്ഞു. എന്ത് പറയണമെന്ന് അവന് ആദ്യം പിടികിട്ടിയില്ല. സംസാരിക്കുന്നതിന് ഇടയിൽ വാക്കുകൾ ഇടറാതെ ഇരിക്കണെയെന്നായിരുന്നു അവൻ്റെ പ്രാർത്ഥന മുഴുവൻ. അവൾക്ക് മുൻപിൽ തൻ്റെ കണ്ണുനീർ കാണിക്കാൻ അവൻ ആഗ്രഹിച്ചില്ല. ചിലപ്പോ അവൾക്ക് അത് ഒരു നോവായി മനസ്സിൽ കിടന്നാലോ.. 


അങ്ങനെ താൻ കാരണം അവൾക്ക് ഒരു വേദനയും ഉണ്ടാകരുത് എന്ന് അവൻ ആഗ്രഹിച്ചു.


അവൻ പറഞ്ഞു തുടങ്ങി.


" ഞാൻ ഓർത്തത് തനിക്ക് എന്നെ ഇഷ്ടമാണെന്ന് ആയിരുന്നു. അല്ലായിരുന്നല്ലെ.. അതാണല്ലോ ഇപ്പോള് വിവാഹം ഉറപ്പിച്ചത്. 

സാരമില്ല… താൻ അത് തുറന്നു പറഞ്ഞാല് മതിയായിരുന്നു. ഇഷ്ടമല്ലെന്നു ഒരു വാക്ക് മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞാൻ പുറകിന് വരില്ലായിരുന്നു. 


ഹാ.. അത് പോട്ടെ.. എനിക്ക് പരാതിയൊന്നുമില്ലാട്ടോ.. ചെറിയൊരു വിഷമമുണ്ട്. അത് പിന്നെ കുറെ നാൾ മനസ്സിൽ കൊണ്ട് നടന്നത് അല്ലേ.. അതിൻ്റെയാണ്. പതിയെ മാറും..


പിന്നെ ഇപ്പൊ തന്നെ കാണണമെന്ന് പറഞ്ഞത് യാത്ര പറയാനാണ്." അവൻ അത്രയും പറഞ്ഞു ഒന്ന് നിർത്തി..


അവള് അവൻ്റെ വാക്കുകൾ കേട്ട് നിൽക്കുകയായിരുന്നു. എന്തെങ്കിലും മറുപടി പറയാൻ അവൾക്ക് ഉണ്ടായിരുന്നില്ല.


അവൻ പറഞ്ഞ അവസാവാക്ക് കേട്ട് അവള് മനസിലാകാതെ അവനെ നോക്കി.


അവളുടെ നോട്ടം കണ്ട് അവൻ ഒന്ന് ചിരിച്ചു.

" എവിടെ പോകുവാണെന്ന് ആണോ..?" അവൻ ചോദിച്ചു.


അവള് മിണ്ടിയില്ല.


" എനിക്ക് കുറച്ച് നാൾ മുൻപ് ദുബായിലേക്ക് ഒരു ഓഫർ വന്നിരുന്നു. പക്ഷേ നാട് വിട്ടു പോകാൻ മടിയായിരുന്നു. പിന്നെ തന്നെ വിട്ടും..


ഇനിയിപ്പോ തന്നെ കാണേണ്ട ആവശ്യമില്ലല്ലോ.. പിന്നെ എല്ലാം മറക്കാൻ നാട് വിട്ടു നിൽക്കുന്നതാണ് നല്ലതെന്ന് തോന്നി." അവൻ പറഞ്ഞു.


അവൻ്റെ വാക്കുകൾ കേട്ട് അവൾക്ക് സങ്കടം തോന്നി.. താൻ കാരണം അവൻ നാടുവിട്ട് പോകുകയാണെന്ന് ഓർത്തപ്പോൾ എന്തോ മനസ്സിന് ഒരു വിഷമം.


" ഏയ്.. താൻ അതോർത്ത് സങ്കടപെടെണ്ട. ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. എൻ്റെ വീട്ടിൽ ഒക്കെ എല്ലാവർക്കും ഞാൻ പോകണമെന്ന് തന്നെയാണ്. അതുകൊണ്ട് എനിക്ക് സങ്കടമൊന്നുമില്ലടോ.." അവൻ ചിരിയോടെ പറഞ്ഞു.


" എന്നാ പോകുന്നത്..? " അവൾക്ക് ചോദിക്കാൻ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ..


അവൻ ഒന്ന് ചിരിച്ചു.

" ഒൻപതാം തീയതി.." അവൻ


" മ്മും.. " അവളൊന്നു മൂളി.


" എന്നാ ശരിയെടോ.. താൻ പൊയ്ക്കോ.. ഇനി ആരേലും കണ്ട് അത് പിന്നെയൊരു പ്രശ്നമാകേണ്ട.. 

ഇത് നമ്മളുടെ അവസാനത്തെ കൂടി കാഴ്ച ആകട്ടെ.. തനിക്ക് ഇനി എന്നെക്കൊണ്ട് ഒരു ശല്യമുണ്ടാകില്ല.. പോട്ടെടോ.. ഹാപ്പി മാരീഡ് ലൈഫ്.." അവൻ അത്രയും പറഞ്ഞു അവളുടെ മറുപടിയ്‌ക്ക് പോലും കാക്കാതെ തിരിഞ്ഞു നടന്നു 


അവള് അവൻ പോകുന്നത് നോക്കി നിന്നു. ഒരു വട്ടം പോലും അവൻ തിരിഞ്ഞു നോക്കിയില്ല. അവളെ ഒന്നുകൂടി നോക്കിയാൽ ചിലപ്പോ തൻ്റെ കണ്ണ് തന്നെ ചതിക്കുമെന്ന് അവന് തോന്നി.. അവൻ തൻ്റെ ബൈക്കുമായി അവൾക്ക് മുൻപിൽ നിന്നും അകന്നുപോയി



" പായക്കിങ് ഒക്കെ കഴിഞ്ഞോടാ.." റൂമിലേക്ക് കയറിവന്ന ആകാശിൻ്റെ ശബ്ദമാണ് വിശാലിനെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ട് വന്നത്.


" കുറച്ചുകൂടി ഉണ്ടെടാ.." വിശാൽ മറുപടി നൽകി.


" ആഹാ.. എന്നിട്ടാണോ നീയി കിടപ്പ് കിടക്കുന്നത്. എത്ര മണിയ്ക്കാണ് ഫ്ലൈറ്റ് എന്ന് വല്ല ബോധവുമുണ്ടോ നിനക്ക്." ആകാശ് അവനെ ശകാരിച്ചു 


" അധികമൊന്നുമില്ലെടാ…" അവൻ അതു പറഞ്ഞ് പതിയെ എഴുന്നേറ്റു.


" മ്മു്... വേഗമാകട്ടെ.. ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം. എന്നിട്ട് വേണം എനിക്ക് പായ്ക്കിങ് തുടങ്ങാൻ. ഇന്ന് കൂടി ഡ്യൂട്ടിക്ക് കേറണമെന്ന് പറഞ്ഞ കമ്പനി.. ഹൊ.. വല്ലാത്ത ജാതി.." അവൻ കുളിക്കാനുള്ള ടവ്വലും ഡ്രസ്സും ഒക്കെ എടുക്കുന്നതിനിടയിൽ പറഞ്ഞു.



അപ്പോഴും വിശാലിൻ്റെ ഭാഗത്ത് നിന്നും പ്രതികരണമില്ലാത്ത കൊണ്ട് അവൻ തിരിഞ്ഞു നോക്കി.


കൈയിൽ അന്ന് അവള് കൊടുത്ത കല്യാണക്കുറിയിലേക്ക് നോക്കി ഇരിക്കുകയാണ് അവൻ.


" ഓ.. വിരഹകാമുകൻ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ.. ഒന്ന് എണീറ്റ് പോടെ… വർഷം കുറെയായല്ലോ.. ഞാനൊക്കെ ആയിരിക്കണം.. അവളെയും കളഞ്ഞ് വേറെ രണ്ടു ലൈനും അടിച്ച് അതും കളഞ്ഞ് വേറെ പെണ്ണിനെയും കെട്ടി ഇപ്പൊ ഒരു കുട്ടിയും ആയേനെ.." ആകാശ് അവനെ ഒന്ന് ചൂടാക്കാൻ പറഞ്ഞു.



അതിനു ഒരു കൂർപ്പിച്ചു നോട്ടമായിരുന്നു വിശാലിൻ്റെ മറുപടി..

അത് കണ്ട് വെറുതെ തടികേടാക്കാൻ കഴിയില്ലാത്തത് കൊണ്ട് മാത്രം ആകാശ് പതിയെ ബാത്ത്റൂമിലേക്ക് വലിഞ്ഞു.


വിശാൽ കൈയിലിരുന്ന കുറി ഭദ്രമായി ബാഗിലേക്ക് വെച്ചു. അവളുടെ ഓർമയ്ക്കായി അവൻ്റെ കൈയിൽ ഇന്ന് അതുമാത്രമാണ് ഉള്ളത്.


അവളെ മറക്കാനാണ് നാട്ടിൽ നിന്നും ഓടിയൊളിച്ചത്. വർഷം അഞ്ച് കഴിഞ്ഞു. പക്ഷേ അവളുടെ ഓർമ്മകൾ മാത്രം മനസ്സിൽ നിന്നുമായുന്നില്ല.

അറിയാം.. ഇന്ന് അവളൊരു ഭാര്യയാണ്… കുട്ടികൾ ഉണ്ടാകാം.. പക്ഷേ.. ഇന്നും അവളോട് മാത്രമാണ് പ്രണയം… അത് ഇനി മാറുമെന്ന് തോന്നുന്നില്ല.. 

അവൻ മനസ്സിൽ ഓർത്തു..




അഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് നാട്ടിലേക്ക് ഒരു തിരിച്ചു പോക്ക്. നാട്ടിലേക്ക് പോകാൻ അവസരം കിട്ടിയിട്ടും എന്തുകൊണ്ടോ പോകാൻ മനസ്സ് മടിച്ചു..



ഇത്രയും നാൾ കഴിഞ്ഞു പോകുന്നത് കൊണ്ട് ആറു മാസത്തെ ലീവ് ഉണ്ടായിരുന്നു അവന്.



വിശാലിനും ആകാശിനും ഒപ്പം വേറെ കുറച്ച് പേരും ഉണ്ടായിരുന്നു നാട്ടിലേക്ക്.. വിശാലിൻ്റെ നാട് കോട്ടയവും ആകാശിൻ്റെത് ആലപ്പുഴയുമാണ്.




വിശാൽ നാട്ടിൽ എത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞു.. ഇത്രയും നാൾ കൂടി വന്നതുകൊണ്ട് വീട്ടുകാരും സ്വന്തക്കാരുമൊക്കെയായി ആകെ ഒരു ബഹളമായിരുന്നു അവിടെ.. 


അപ്പോഴും അവൻ്റെ മനസ്സ് എന്തോ വല്ലാത്തൊരു അസ്വസ്ഥതയിൽ ആയിരുന്നു.


അവൻ പതിയെ പുറത്തേക്ക് ഒക്കെ ഇറങ്ങി.. പഴയ അവൻ്റെ ബേക്കറിയിപ്പോൾ കുറച്ച് കൂടി വിപുലപെടുത്തി അവൻ്റെ കസിൻ ഒരു ചേട്ടനാണ് നടത്തുന്നത്. 

അവൻ അവിടെ പോയി കുറച്ചുനേരം ഇരുന്നു… കോളേജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്ന ഗാഥയെ അവൻ ഓർത്തുപോയി. സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്ന അവളുടെ മുഖം.. അവളെ ആദ്യമായി കണ്ടതു മുതൽ അവസാനം വിടപറഞ്ഞു പോന്നത് വരെയുള്ള ഓരോന്നും അവൻ ഓർത്തെടുത്തു..


അവൻ്റെ മനസ്സ് അവളെ കാണാൻ കൊതിച്ചു.. അകലെ നിന്നു ഒരു തവണയെങ്കിലും ഒന്ന് കണ്ടാൽ മാത്രം മതിയെന്ന് അവന് തോന്നി..


അവൻ ചേട്ടൻ്റെ ബൈക്കുമായി കല്യാണക്കുറിയിൽ കൊടുത്തിരുന്ന ചെറുക്കൻ്റെ സ്ഥലത്തേക്ക് തിരിച്ചു.


അതിലെ ഓരോ വാക്കും അവന് മനപാടമായിരുന്നു. ചെറുക്കൻ്റെ നാടും വീട്ടുപേരും എല്ലാം..


അവൻ തിരഞ്ഞു പിടിച്ചു അവിടെയെത്തി.. പക്ഷേ പൂട്ടി കിടക്കുന്ന വീടും ഗേറ്റുമായിരുന്നു അവനെ കാത്തിരുന്നത്.


നിരാശയോടെ അതിനു മുൻപിൽ നിൽക്കുമ്പോൾ അടുത്ത വീട്ടിൽ നിന്നും ആരുടെയോ ശബ്ദം അവൻ്റെ കാതുകളിൽ പതിച്ചു.



" ആരാ… അവിടെ ആരുമില്ല. അവർ ബാംഗളൂർ ആണ്." ആ സ്ത്രീ പറഞ്ഞു.


അവരുടെ വാക്കുകൾ കേട്ട് അവളെ ഇനി കാണാൻ കഴിയില്ലെന്ന് അവന് മനസിലായി.. അവൻ വിഷമത്തോടെ തിരിച്ചു പോയി.




ദിവസങ്ങൾ കടന്നുപോയി…

ഇടയ്ക്ക് ഇടയ്ക്ക് അവൻ ബേക്കറിയിൽ പോയിയിരിക്കുമായിരുന്നു. കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികളെ നോക്കി അതിൽ അവരുടെ പഴയ കാലം ഓർത്തെടുക്കും അവൻ. ഇനി ഒരുവട്ടം കൂടി ആ കാലം വീണ്ടും വന്നിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി.



അങ്ങനെ ഒരു ദിവസം പതിവുപോലെ ബേക്കറിയ്ക്ക് മുൻപിൽ നിൽക്കെയാണ് അവൻ തിരക്ക് നിറഞ്ഞ റോഡിന് എതിർവശത്തെ ഒരു തുണി കടയിൽ നിന്നും ഇറങ്ങി പോകുന്ന ഒരു പെൺകുട്ടിയെ കണ്ടത്.


വണ്ടികൾ ചീറി പാഞ്ഞു പോകുന്ന റോഡിൽ അവന് അവളെ കൃത്യമായി കാണാൻ കഴിഞ്ഞില്ല.. 


" ഡാ.. ദാ പിടിക്ക് ചായ.." അവൻ്റെ ഏട്ടൻ്റെ പിന്നിൽ നിന്നുമുള്ള വിളി കേട്ടെങ്കിലും അതിനു പ്രതികരിക്കാൻ നിൽക്കാതെ അവൻ റോഡിലേക്ക് ഇറങ്ങി.. തിരക്ക് നിറഞ്ഞ റോഡിൽ കൂടി അവൻ ഒരുവിധത്തിൽ എതിർവശത്തേക്ക് കടന്നു.. ആ പെൺകുട്ടിക്ക് അടുത്തേക്ക് ഓടുകയായിരുന്നു അവൻ.



കുറച്ച് ചെന്നതും അവൻ കണ്ടൂ.. മുൻപിലേക്ക് തിരക്കിട്ട് നടക്കുന്ന അവളെ.. സാരിയായിരുന്നു വേഷം. തോളിൽ ഒരു ഹാൻഡ് ബാഗ്. അവൻ അവൾക്ക് പുറകെ ഓടി..


കുറച്ച് പിന്നിലായി നിന്നു കൊണ്ട് അവൻ വിളിച്ചു.


" ഗാഥേ…" 


തൻ്റെ പേര് വിളിക്കുന്നത് കേട്ട് അവള് പെട്ടെന്ന് തിരിഞ്ഞു നോക്കി. മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. ഒട്ടും പ്രതീക്ഷിക്കാത്ത കൂടി കാഴ്ച.


അവളുടെ മുഖത്ത് അമ്പരപ്പായിരുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞ് ഒരു കൂടി കാഴ്ച.. പക്ഷേ അവളത് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.


അൽപനേരം അവനെ കണ്ട ഷോക്കിൽ അവള് ശിലപോലെ നിന്നുപോയി…


അവനും ഞെട്ടലിൽ തന്നെയായിരുന്നു. ചെറിയൊരു സംശയം മാത്രമാണ് ഉണ്ടായിരുന്നത്. അത് തൻ്റെ ഗാഥയാണെന്ന്. അത് അവള് തന്നെയായിരുന്നു എന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുപോലെയായിരുന്നു അവളുടെ വേഷവിധാനവും മുഖവുമെല്ലാം. 


പഴയ ഗാഥയുടെ ഒരു നിഴൽ മാത്രമാണ് അതെന്ന് അവന് തോന്നിപ്പോയി.


ഒരു കോട്ടൺ സാരിയായിരുന്നു അവള് ധരിച്ചിരുന്നത്. മുഖത്ത് പഴയ തിളക്കമില്ല. കണ്ണുകൾ കുഴിഞ്ഞ് മുഖം ഒക്കെ കരിവാളിച്ച് കിടക്കുന്നു.. വല്ലാതെ ക്ഷീണിച്ചു പോയിരുന്നു അവള്. കഴുത്തിലെ താലിയും നെറ്റിയിലെ വിയർപ്പിൽ മാഞ്ഞ് തുടങ്ങിയ സിന്ദൂരവും അവൻ്റെ കണ്ണിൽ ഉടക്കി...


ആ കുറച്ച് സമയം കൊണ്ട് അവൻ്റെ കണ്ണുകൾ അവളെ നോക്കി കണ്ടു.


അവനെ തന്നെ നോക്കി നിന്ന അവള് പെട്ടെന്ന് എന്തോ ഓർത്തപോലെ തിരിഞ്ഞു ഓടി… 


അവൻ എന്തോ ചോദിക്കാൻ വന്നതും തനിക്ക് മുഖം തരാതെ ഓടി നീങ്ങി തുടങ്ങിയ ബസിൽ ഓടി കയറുന്ന അവളെ അവൻ നോക്കി നിന്നു.


അവളെങ്ങനെ ഇവിടെ.. ഇങ്ങനെ ഒരു കോലത്തിൽ അവന് ഒന്നും മനസിലായില്ല. അവളുടെ ബസ്സ് പോയി മറഞ്ഞത് പോലുമറിയാതെ അവൻ ഒരേ നിൽപ്പ് നിന്നു.




വീട്ടിലെത്തിയ അവള് മുറിയിൽ കയറി കട്ടിലിലേക്ക് ഇരുന്നു.. അവളുടെ മനസ്സിൽ അപ്പോഴും അവനെ അപ്രതീക്ഷിതമായി കണ്ടത് മാത്രമായിരുന്നു.


മനസ്സ് വല്ലാതെ കലങ്ങി മറിയുന്നത് അവളറിഞ്ഞു. അവള് കണ്ണുകൾ ഇറുകെ പൂട്ടി പിന്നിലെ ചുമരിലേക്ക് ചാഞ്ഞിരുന്നു.




അന്ന് അമ്പലത്തിൽ നിന്നും അവനെ കണ്ട് മടങ്ങിയത് മുതൽ അവളുടെ ഉള്ളിൽ ഒരു നോവായി അവൻ്റെ മുഖമുണ്ടായിരുന്നു.



കോളേജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴി ബേക്കറിയിൽ നിന്നും തന്നെ നോക്കി നിൽക്കുന്നയാളെ കൂട്ടുകാരിയായിരുന്നു ആദ്യം കാണിച്ചു തന്നത്.



പിന്നെ പിന്നെ അത് സ്ഥിരമായി താനും ശ്രദ്ധിക്കാറുണ്ടായിരുന്നു. എപ്പഴോ തനിക്കും ആ മുഖം ഇഷ്ടമായി തുടങ്ങിയത് അറിഞ്ഞിരുന്നു. പക്ഷേ അത് പുറമെ കാണിച്ചിരുന്നില്ല. 


പേടിയായിരുന്നു.. താൻ ഇഷ്ടപെട്ടത് ഒന്നും ഇന്നേവരെ തനിക്ക് കിട്ടിയിട്ടില്ല. തനിക്കായി ഒരഭിപ്രായം വീട്ടിലില്ല. തനിക്കെന്നല്ല.. പെണ്ണുങ്ങൾക്ക് വീട്ടിൽ അഭിപ്രായമില്ല. അമ്മയും അച്ഛൻ പറയുന്നതിന് അപ്പുറത്തേക്ക് ഒരു വാക്ക് മിണ്ടില്ല. അമ്മയ്ക്ക് അതിൽ ഒരു പരാതിയുമില്ല.. അച്ഛൻ്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചു ജീവിക്കാൻ ആയിരുന്നു അമ്മയ്ക്ക് എപ്പോഴുമിഷ്ടം.
അത് കണ്ടാണ് താനും വളർന്നത്. 



അതുകൊണ്ട് തന്നെ പ്ലസ് ടു കഴിഞ്ഞ് എന്തെങ്കിലും ഒരു പ്രൊഫഷണൽ കോഴ്സ് പഠിക്കണമെന്ന തൻ്റെ ആഗ്രഹവും നടക്കാതെ പോയി. ഡിപ്ലോമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അതിനു വിലയില്ല.. ഡിഗ്രീ ആണ് നാലാൾക്ക് മുൻപിൽ പറയാൻ വിലയുള്ളൂ എന്നായിരുന്നു അച്ഛൻ്റെ വാദം. അമ്മയും അത് തന്നെ ഉറപ്പിച്ചു പറഞ്ഞു. പിന്നെയുള്ളത് ഏട്ടനായിരുന്നു.


ഏട്ടനും ഡിഗ്രീ എടുക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെയാണ് അതിനു ചേരുന്നത്.


അങ്ങനെ തൻ്റെ ഈ ഇഷ്ടവും നടക്കാതെ പോകുമെന്ന് നൂറു ശതമാനവും ഉറപ്പുള്ളത് കൊണ്ട് സങ്കടപ്പെടാൻ കഴിയാത്തത് കൊണ്ട് ആ ഇഷ്ടം മുളയിലെ മണ്ണിട്ട് മൂടാൻ തീരുമാനിച്ചു.



പക്ഷേ തൻ്റെ ചങ്കും കരുളുമായി നടന്ന തൻ്റെ കൂട്ടുകാരി കൃഷ്ണ തൻ്റെ മനസ്സ് വായിച്ചെടുത്തു. തനിക്കും അയാളോട് ഇഷ്ടമുണ്ടെന്നു അവള് കണ്ടുപിടിച്ചു.



അവളാണ് ആ ചേട്ടൻ്റെ പേര് വിശാൽ എന്നാണെന്ന് പോലും കണ്ടുപിടിച്ചു തന്നത്.


അങ്ങനെ കുറച്ച് നാൾ കഴിഞ്ഞ് വിശാലേട്ടൻ തന്നോട് ഇഷ്ടം തുറന്നു പറഞ്ഞു.. അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു താൻ ചെയ്തത്.

നാളുകൾ കടന്നുപോയി.. ഏട്ടൻ സ്ഥിരമായി തൻ്റെ തീരുമാനം വന്നു ചോദിക്കും.. പക്ഷേ അനുകൂലമായ മറുപടി തനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല..



അങ്ങനെ അവളുടെ നിർബന്ധം സഹിക്കവയ്യാതെ താൻ എന്തും വരട്ടെ വരുന്നിടത്ത് വെച്ച് കാണാം എന്ന ഭാവത്തിൽ വിശാലേട്ടനോട് തൻ്റെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചത്.



ബേക്കറിയ്‌ക്ക് മുൻപിൽ എത്തുമ്പോൾ തൻ്റെ മുഖത്ത് അറിയാതെ പോലും ഒരു ചിരിയോ നാണമോ.. എന്തൊക്കയോ തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം ഉണ്ടാകുന്നത് തനിക്ക് തന്നെ മൻസിലാകുന്നുണ്ടായി.. 


അത് കണ്ടിട്ടാവണം ഏട്ടനും തനിക്ക് ആളെ ഇഷ്ടമാണെന്ന് ഉറപ്പിച്ചത്.. പക്ഷേ തൻ്റെ നാവിൽ നിന്നും അത് കേൾക്കാനായിരുന്നു പിന്നീടുള്ള ഏട്ടൻ്റെ കാത്തിരിപ്പ്.



പല തവണ പറയാൻ ശ്രമിച്ചെങ്കിലും എന്തോ.. ബേക്കറിയ്‌ക്ക് മുൻപിൽ എത്തുമ്പോൾ കൈയും കാലും വിറയ്ക്കും.. അങ്ങനെ ആ പ്ലാൻ നീണ്ടു നീണ്ടുപോയി…



ക്ലാസ് കഴിയാൻ ഇനി ഏഴോ എട്ടോ മാത്രം ബാക്കി നിൽക്കെയാണ് വീട്ടിൽ തൻ്റെ വിവാഹക്കാര്യം പറയുന്നത് കേട്ടത്. എന്തോ അത് കേട്ടപ്പോൾ മനസ്സിൽ ഒരു പിടച്ചിൽ അനുഭവപെട്ടു.



ഏതോ കല്യാണത്തിന് പോയപ്പോൾ തന്നെ കണ്ട് ഇഷ്ടപ്പെട്ടു വന്ന ഒരു ആലോചനയായിരുന്നു അത്.


ചെറുക്കന് ബാങ്കിലാണ് ജോലി. ഒറ്റ മകൻ.. നല്ല തറവാടിത്തമുള്ള കുടുംബം. എല്ലാം കൊണ്ടും നല്ലൊരു ബന്ധം. 
അവർക്ക് സ്ത്രീധനമായി ഒന്നും തന്നെ വേണ്ട.. 

എല്ലാവർക്കും ആ ആലോചന വല്ലാതെ ബോധിച്ചു.


തൻ്റെ ഇഷ്ടം ആരും ചോദിച്ചില്ല… എന്നിട്ടും പറഞ്ഞു നോക്കി പഠിത്തം കഴിഞ്ഞു മതി കല്യാണമെന്ന്. 

അതിനും അവരുടെ കൈയിൽ മറുപടിയുണ്ടായിരുന്നു. ആറോ ഏഴോ മാസം കൂടിയല്ലെയുള്ളൂ… അത് കല്യാണം കഴിഞ്ഞും ആകാം..


പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. കല്യാണമുറപ്പിക്കലും അങ്ങോട്ടും ഇങ്ങോട്ടും വീടുകാണാൻ പോക്കും ഒക്കെ പെട്ടെന്ന് കഴിഞ്ഞു.



ആ സമയം താൻ വിശാലെട്ടനു മുൻപിൽ ഒഴിഞ്ഞു മാറാൻ പാടുപെടുകയായിരുന്നു.. ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാൻ തോന്നിയ നിമിഷത്തെ ഓർത്തു ഒരുപാട് വേദനിച്ചു. വേണ്ടായെന്ന് വെച്ചിട്ടും വീണ്ടും തൻ്റെ മനസ്സിൽ ഇഷ്ടം തോന്നിപ്പിച്ചത് ഓർത്ത് ഈശ്വരനോട് മനസ്സാൽ പരാതി പറഞ്ഞു..


രാത്രി ഇരുട്ടിൽ തൻ്റെ സങ്കടങ്ങൾ ഒഴുക്കി തീർത്തു.. അല്ലാത്ത സമയം എല്ലാവർക്കു മുൻപിലും ചിരിച്ചു കളിച്ചു നിന്നു.


അവസാനം യാത്ര ചോദിച്ചു പോകുമ്പോൾ ആ മുഖം ഒരു നോവായി… ഓർമയായി മാറി…



അങ്ങനെ കല്യാണം കഴിഞ്ഞു… രാഹുലേട്ടനും അച്ഛനും അമ്മയും മാത്രമുള്ള ആ കൊച്ച് കുടുംബത്തിലേക്ക് ഒരംഗമായി താനും പടികയറി..



സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അങ്ങോട്ട്...



" അമ്മാ..." മുറിയിലേക്ക് ഒരു കൊച്ചു പെൺകുട്ടി ഓടിക്കയറി വന്നു..


അവളുടെ ശബ്ദം കേട്ട് ഗാഥ കണ്ണ് തുറന്നു.. 


ആ കുഞ്ഞു കട്ടിലിലേക്കു കയറി അവളുടെ മടിയിൽ ഇരുന്നു..


" എന്തിനാ മ്മാ കരയുന്നെ..." കുഞ്ഞ് അവളുടെ കവിളിൽ ഒഴുകിയിറങ്ങിയ കണ്ണുനീർ തൻ്റെ കുഞ്ഞു കൈവിരലുകൾ കൊണ്ട് തുടച്ചു കൊണ്ട് ചോദിച്ചു 



അപ്പോഴാണ് താൻ കരയുകയായിരുന്നു എന്ന് അവള് അറിഞ്ഞത്..


" ഏയ്.. ഒന്നുല്ലെടാ.." അത് പറഞ്ഞു അവള് ആ കുഞ്ഞിനെ നെഞ്ചോട് അടക്കി പിടിച്ചു.


" ആഹ്.. കൈ വേദനിക്കുന്നു മോൾക്ക്..." കുഞ്ഞ് അവളുടെ കൈകൾക്ക് ഉള്ളിൽ നിന്നും തൻ്റെ കൈ വലിച്ചെടുത്ത് കൊണ്ട് ചിണുങ്ങി



" എന്ത് പറ്റി അപ്പു മോളെ കൈയ്ക്ക്.. കാണിച്ചെ.. അമ്മ നോക്കട്ടെ..." ഗാഥ മോളുടെ ഇടത്തെ കൈ മുട്ട് പതിയെ ചരിച്ചു നോക്കി..


" ഞാനും കണ്ണനും കൂടി കളിച്ചപ്പോൾ അവൻ ഒന്ന് വീണു.. അപ്പോ മാമി മോളെ പിടിച്ച് ഉന്തിയതാ.. അപ്പുമോളാണ് കണ്ണനെ വീഴ്ത്തിയത് എന്ന് മാമി പറഞ്ഞ് അമ്മെ.. മോള് അങ്ങനെ ചെയ്തില്ല മ്മേ..." ആ നാലുവയസുകാരി തൻ്റെ അമ്മയോട് നിഷ്കളങ്കമായി പറഞ്ഞു..


അപ്പുമോളുടെ സംസാരം കേട്ട് അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി..


" സാരമിലാട്ടോ... അമ്മയുടെ മോള് അങ്ങനെ ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാലോ... മാമിയ്ക്ക് മോളെ അറിയാത്ത കൊണ്ടാണ്.. പോട്ടെ.. സാരമില്ല..." അവള് മോളെ ചേർത്ത് പിടിച്ചു തലയിൽ തലോടി..


ആ കുഞ്ഞു അമ്മയെ ചേർത്ത് പിടിച്ചു ഇരുന്നു..


അപ്പോഴേയ്ക്കും ഉച്ചത്തിൽ ഗൗതമിനോട് വഴക്ക് ഉണ്ടാകുന്ന ചാരുലതയുടെ ശബ്ദം അവളു കേൾക്കുന്നുണ്ടായി..



" ദേ.. ഏട്ടാ.. നിങ്ങടെ പെങ്ങളെ എത്ര നാൾ ഇവിടെ നിർത്തി കൊണ്ട് നിൽക്കാനാണ് ഉദ്ദേശം... എനിക്ക് ഇത് ഒട്ടും പറ്റുന്നില്ല.. ഇങ്ങനെ പോയാൽ ഞാൻ എൻ്റെ കൊച്ചിനെയും കൊണ്ട് എൻ്റെ വീട്ടിൽ പോകും..." ചാരു തറപ്പിച്ചു പറഞ്ഞു..


" എൻ്റെ ചാരു നീ ഒന്ന് പതുക്കെ പറ... അല്ലെങ്കിൽ തന്നെ അവള് ഇവിടെ നിൽക്കുന്നത് കൊണ്ട് നിനക്ക് എന്താ കുഴപ്പം.. നിൻ്റെ ചിലവിൽ അല്ലല്ലോ അവള് ഇവിടെ നിൽക്കുന്നത്.. ചെറുത് ആണെങ്കിലും അവളുടെയും കുഞ്ഞിൻ്റെയും ആവശ്യത്തിന് ഉള്ളത് അവള് തുണിക്കടയിൽ ജോലി ചെയ്ത് ഉണ്ടാക്കുന്നുണ്ട്. പിന്നെ എന്താ പ്രശ്നം.." ഗൗതവും വിട്ടുകൊടുത്തില്ല..



" അതൊന്നും അല്ല എൻ്റെ പ്രശ്നം.. ദേ നമ്മുടെ കണ്ണനെ ആ അസത്ത് പെണ്ണ് ഉന്തിയിട്ട് വീഴിച്ചു. അവൻ കുഞ്ഞല്ലെ.. അവനെയും കൊണ്ട് കളിക്കുമ്പോൾ സൂക്ഷിക്കണ്ടെ..." ചാരു കണ്ണനെ കാണിച്ചു കൊണ്ട് പറഞ്ഞു



" അപ്പുമോളു അറിഞ്ഞു കൊണ്ട് ഒന്നും ചെയ്യില്ല... അവർ കളിച്ചപ്പോൾ എന്തെങ്കിലും പറ്റിയത് ആകും.. രണ്ടുപേരും കുഞ്ഞു അല്ലേ.. അതിനാണോ നീ ഇങ്ങനെ ഒച്ച വെയ്ക്കുന്നത്.." ഗൗതം



" ഹൊ.. അല്ലേലും നിങ്ങൾക്ക് പെങ്ങളും മകളും കഴിഞ്ഞല്ലേ ഉള്ളൂ... ഞാനും എൻ്റെ മോനും..." ചാരു കള്ള കണ്ണീർ പൊഴിച്ചു..


"എൻ്റെ ചാരു... നീ ഒന്ന് ക്ഷമിക്കൂ... ഒന്ന് രണ്ട് മാസം കൂടി കഴിയട്ടെ.. എന്തേലും വഴി ഉണ്ടാക്കാം.." ഗൗതം സഹികെട്ട് പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി...


ഒക്കെയും കേട്ട് താനും മോളും എല്ലാവർക്കും ഒരു ഭാരമാണെന്ന് ഗാഥയ്ക്ക് തോന്നി.... മോളെയും ചേർത്ത് പിടിച്ചു അവള് മൗനമായി കണ്ണീർ വാർത്തു....




തുടരും....


Mrudhula