Velumbadanum Pavakkuttiyum ( beginning ) in Malayalam Fiction Stories by PRAYAG SHIVATHMIKA books and stories PDF | വെളുമ്പാടനും പാവക്കുട്ടിയും (പ്രാരംഭം)

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

വെളുമ്പാടനും പാവക്കുട്ടിയും (പ്രാരംഭം)

'എന്താ മോനെ നിനക്ക് പറ്റിയെ
നീ വല്ലിടത്തും വീണോ അയ്യോ.. തലപൊട്ടിയിട്ടുണ്ടല്ലോ '

'എല്ലാവരും മാറിയെ..
ഇവിടെ ഇരിക്കു'
ചേച്ചീ..
കുടിക്കാനിത്തിരി വെള്ളം കൊടുക്കവന് '

'വിഷ്ണു... നീ എന്തെങ്കിലുമൊന്ന് സംസാരിക്ക്...
ആരെങ്കിലുമായി തല്ലുണ്ടാക്കിയോ..'

'എന്താ.. മാധവാ.. ഉണ്ടായെ...'

' ഞാൻ പാർട്ടി കമ്മിറ്റി കഴിഞ്ഞു വരികയായിരുന്നു അമ്പലവയല് കഴിഞ്ഞുള്ള പൊന്തയ്ക്കടുത്തു എന്തോ അനക്കം കേട്ടു വെട്ടമടിച്ചു നോക്കിയതാ..
ആളെ മനസിലായപ്പോൾ നേരെയിങ്ങു കൊണ്ടൊന്നു
വരുന്നവഴിക്കു വെളുത്ത എന്തോ.. രൂപം കണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു '

'ന്റെ ഭഗവതീ "വെളുമ്പാടൻ" '

'ആരാ മുത്തശ്ശി.. വെളുമ്പാടൻ'

'കുഞ്ഞിലേ മുത്തശ്ശിടെ അമ്മ പറഞ്ഞുതന്നിട്ടുള്ള കഥയാ..'

'പണ്ട് തമ്പ്രാക്കന്മാർ നാടുവാണീരുന്ന കാലം
കുഞ്ഞിച്ചിരുതയ്ക്കും വേലനും അഞ്ചു പെൺകുട്ടികൾക്കുശേഷം ആറാമത് ജനിച്ച കുഞ്ഞായിരുന്നു വെളുമ്പാടൻ.

തന്റെ വീട്ടുകാരെയോ.. ജാതിയിലുള്ള മറ്റു ആരെപോലെയോ ആയിരുന്നില്ല അവൻ വെള്ള നിറമായിരുന്നു കണ്ണുകൾ രണ്ടും കടും ചുവപ്പും
വെളുമ്പാടൻ പന്ത്രണ്ടാം വയസ്സിൽ മേലെടത്തുമനയിലെ കോപ്രക്കളത്തിൽ ചക്കിലാട്ടുന്ന ജോലിക്ക് ചേർന്നു'

'അപ്പോൾ വെളുമ്പാടന് സ്കൂളിലൊന്നും പോവണ്ടേ'

'അന്നത്തെ കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സ്കൂളിലൊന്നും പോവാൻ പാടില്ലായിരുന്നു മോനേ..
തമ്പ്രാക്കന്മാരുടെ വയലിലും പറമ്പിലുമൊക്കെ പണിയെടുത്താൽ കഞ്ഞികുടിച്ചുകഴിയാനുള്ള അരിയും സാധനങ്ങളും കിട്ടും അത്രതന്നെ..'

' എന്നിട്ട് വെളുമ്പാടൻ എങ്ങനെയാ മരിച്ചേ..'

'മുത്തശ്ശി പറഞ്ഞുതരാം..
പിന്നെ കുറച്ചാണ്ടുകൾക്ക് ശേഷം
കുഞ്ഞിച്ചിരുതയും വേലനും മൂത്ത രണ്ടു പെൺകുട്ടികളും വസൂരിപിടിച്ചു ചത്തു
വളരെ ദേഹാരോഗ്യം ഉണ്ടായിരുന്ന വെളുമ്പാ ടൻ കോപ്രാക്കളത്തിൽ കാളയ്ക്കുപകരം ചക്ക് കെട്ടിവലിച്ചു കഠിനധ്വാനം ചെയ്‌തു തന്റെ മൂന്ന് ചേച്ചിമാരെയും അന്നം മുട്ടില്ലാതെ നോക്കി'

'വളരെ സുന്ദരനായിരുന്ന വെളുമ്പാടനോട് മേലെടത്തു മനയിലെ സാവിത്രി അന്തർജ്ജനത്തിന്റെ മൂത്ത മകൾ കൃഷ്ണവേണി തമ്പുരാട്ടിക്ക് അടുപ്പം തോന്നി
ആദ്യമൊക്കെ വെളുമ്പാടൻ എതിർത്തെങ്കിലും വൈകാതെ ഇരുവരും ഇഷ്ടത്തിലായി.
എന്നും വൈകുന്നേരങ്ങളിൽ കുളക്കരയിൽ ഇരുവരും കണ്ടുമുട്ടി കുറച്ചു മാസങ്ങൾക്കുശേഷം കാര്യസ്ഥൻ അച്യുതൻ കുട്ടി വെളുമ്പാടനും കൃഷ്ണവേണിതമ്പുരാട്ടിയും തമ്മിലുള്ള അടുപ്പം കണ്ണാലെ കണ്ടു.
കാര്യം വല്ല്യതമ്പുരാനെ ചെവിയിലെത്തി
ദേഷ്യംകൊണ്ട് തമ്പുരാൻ അടിമുടി ഉറഞ്ഞാടി,
വെളുമ്പാടനെ തല്ലിക്കൊന്നു അമ്പലവയലിൽ ചവിട്ടി താഴ്ത്താൻ അജ്ഞാപിച്ചു.
ഒരു താഴ്ന്നജാതിക്കാരനും കൊച്ചുതമ്പുരാട്ടിയും തമ്മിലുള്ള ബന്ധം മാലോകർ അറിഞ്ഞാൽ മേലെടത്തുമനയ്ക്കും തമ്പ്രാക്കന്മാർക്കുമുണ്ടാകുന്ന മാനഹാനിയെപ്പറ്റി അച്യുതൻകുട്ടി വല്ല്യ തമ്പ്രാനെ പറഞ്ഞുമനസിലാക്കി
വെളുമ്പാടനെ കൊല്ലാനുള്ള ഉപായവും കുർമ്മബുദ്ധിയായ അയാൾ വല്ല്യ തമ്പുരാനെ ഉപദേശിച്ചു.'

'പിറ്റേ ദിവസം കളത്തിലെ ഇരുപതുചാക്ക് കൊപ്ര കളവുപോയി'

'കളത്തിലെ ജോലിക്കാരനായ വെളുമ്പാടനെ കൈകൾ രണ്ടും ബന്ധിച്ച് തമ്പ്രാൻറെ മുന്നിലിട്ട് തല്ലാൻ തുടങ്ങി
കണ്ടുനിന്ന കൃഷ്ണവേണി തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
ദേഹത്തുനിന്നും ചോരയൊഴുകിയിട്ടും വെളുമ്പാടൻ കുറ്റം ഏറ്റുപറഞ്ഞില്ല
ദേഷ്യം അടക്കവയ്യാതെ വല്യതമ്പുരാൻ "വിഷപരീക്ഷ" നടത്താൻ അജ്ഞാപിച്ചു'

' കൂടിനിന്ന നാട്ടുകാരും കൃഷ്ണവേണിതമ്പുരാട്ടിയും വെളുമ്പാടന്റെ പെങ്ങന്മാരും ഞെട്ടിവിറച്ചു. അനുയായികളിലൊരാൾ കുടത്തിൽ രണ്ടു കരിനാഗങ്ങളുമായി വല്യതമ്പുരാന്റെ മുന്നിലെത്തി'

'എന്താ മുത്തശ്ശി.. വിഷപരീക്ഷന്നുപറഞ്ഞാൽ'

'വിനോദെ.. വന്നു കാലും മുഖവും കഴുകി ഉറങ്ങിക്കെ.. സമയം ദേ പത്തുമണിയാവാറായി ചേട്ടൻ വീണു തലപൊട്ടിയതൊന്നും നീ കണ്ടില്ലേ..നെറ്റിയൊക്കെ ചെറിയ ചൂടും ഉണ്ട്'

'മുത്തശ്ശി.. കഥെടെ ബാക്കി'

'മക്കള് പോയിക്കിടന്നു ഉറങ്ങിക്കോ..
രാവിലെ പള്ളിക്കൂടത്തിൽ പോവേണ്ടതല്ലേ..
ബാക്കി നാളെ പറഞ്ഞുതരാം'

"മറക്കല്ലേ മുത്തശ്ശി.."



ഭാഗം 2

ആലപ്പുഴ ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് ശ്രീ കൃഷ്ണവിലാസം ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത് അവിടെ ആറാം തരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് രാമൻ കുട്ടി മാഷ് മലയാളം ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നു

"ഉജ്ജയിനിയിൽനിന്ന് ഏകനായ് യാത്രനടത്തി രാമഗിരിയിലെത്തിയ കവിയെ നിശബ്ദം പിൻതുടരുന്ന 'പഥികൻ' തന്തനായ ശാന്താത്മാവായ ദേഹമിരിക്കുന്നതുകണ്ടു വീർപ്പുമുട്ടിക്കുന്ന വിജനതയിൽ കാലൊച്ചപോലും ആശ്വാസമാകുമെന്നുകരുതി സമീപത്തേക്ക് ചെന്നു"

"ആരുനീ ആരെ തേടുന്നുനീയെകാന്തതയുടെ കാരാഗാരത്തിൽ?.."
വാക്യങ്ങളുടെ ഒഴുക്കിനോടൊപ്പം മാഷിന്റെ ചൂണ്ടുവിരൽ അന്തരീക്ഷത്തിൽ അദൃശ്യമായ ചിത്രങ്ങൾ വരച്ചു,
തെല്ലുനിർത്തിയിട്ട് അയാൾ തുടർന്നു..

"അന്വേഷണ സ്വഭാവമുള്ള കവികൾ കാണുന്നവ കാട്ടിയിട്ടു കാണാത്തതിനെ വരും തലമുറയ്ക്ക് കണ്ടെത്താൻ ബാക്കിവയ്ക്കുന്നു പരമ സത്യം ഒരിക്കലും....!

കുട്ടികൾ പിറുപിറുക്കുന്നത് കണ്ടു മാഷ് പെട്ടെന്ന് ക്ലാസെടുക്കൽ നിർത്തി..

"എന്താ അവിടെയൊരു സ്വകാര്യം
വിനോദും ശ്രീകുട്ടനും എഴുന്നേറ്റേ.."

മൂന്നാമത്തെ ബെഞ്ഞിലിരുന്ന രണ്ടു കുട്ടികൾ പരുങ്ങി എഴുന്നേറ്റു ഒടിഞ്ഞു നിന്നു

"എന്താ കുട്ടികളെ.. എവിടെയാ നിങ്ങളുടെയൊക്കെ ശ്രദ്ധ.. ഞാനീ അലയ്ക്കണത് നിങ്ങളോടും കൂടിയല്ലേ.."

കുട്ടികൾ മൗനികളായി മാഷിന്റെ മുഖത്തു നോക്കിക്കൊണ്ടുനിന്നു..

" ഇതിനിടയ്ക്ക് എന്താ അവിടെയിത്ര സംസാരിക്കാനുള്ളെ "

"ഒരു സംശയം മാഷേ "

രാമൻകുട്ടിമാഷിന്റെ മുഖത്തു ചെറിയൊരു സന്തോഷം പടർന്നു

"അതിനല്ലേ ഞാനിവിടെ നിൽക്കണേ
പറ വിനോദേ..എന്താ നിന്റെ സംശയം"

"എനിക്കല്ല ശ്രീകുട്ടനാ.. സംശയം"

"എന്താ ശ്രീകുട്ടാ.. നിന്റെ സംശയം..
ഉജ്ജയിനിയിൽനിന്ന് ഏകനായ് കവിയെ പിന്തുടർന്ന പഥികൻ ആരാണെന്നാണോ..?"

"അല്ല മാഷേ "

"ഏകാന്തതയുടെ കാരാഗാരത്തിൽ കവി ആരെയാണ് തേടുന്നത് എന്നാണോ.."

കുട്ടി മിണ്ടാതെ ഇരുവശത്തേക്കും തലയാട്ടി

"പിന്നെന്താ"

മാഷിന്റെ മുഖത്തു സംശയഭാവം

"പ്രേതം ഉണ്ടോ മാഷേ.."

രാമൻകുട്ടിമാഷിന്റെ മുഖം ചുളിഞ്ഞു ഒരു അമ്പരപ്പ് ഉണ്ടായി.. പിന്നീടാ ഭാവം കോപത്തിലേക്കു മാറി.

"ഇതാണോ ഇത്രയും നേരം ഞാൻ ക്ലാസ്സിൽ പറഞ്ഞുകൊണ്ടിരുന്നേ.. ക്ലാസ്സിലിരിക്കുമ്പോൾ ഞാൻ പഠിപ്പിക്കുന്ന കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി കേട്ടല്ലോ.."

കൂട്ടത്തിൽ എല്ലാ കുട്ടികളെയും നോക്കി മാഷ് കണ്ണുരുട്ടി, കുട്ടികൾ ശരി എന്നർത്ഥത്തിൽ തലയാട്ടി

"മനസിലായോ "

കുട്ടികൾ അതേയെന്നു മൂളി,
കസേരയിൽ ഇരുന്നു കുറച്ചുനേരത്തെ ആലോചനയ്ക്കൊടുവിൽ രാമൻകുട്ടിമാഷ് ശാന്തനായി തുടർന്നു

"ആട്ടെ ഇപ്പോളെവിടുന്നാ നിനക്കീ സംശയം..?"

ഒരു പെൺകുട്ടി എഴുനേറ്റു മാഷോടായി..

"വിനോദിന്റെ ചേട്ടൻ 'വെളുമ്പാടനെ' കണ്ടു പേടിച്ചു പനിപിടിച്ചു"

"വെളുമ്പാടനോ....?"

മാഷ് ആശ്ചര്യത്തോടെ ചോദിച്ചു.

"വെളുമ്പാടന്റെ പ്രേതം "
പെൺകുട്ടി പറഞ്ഞു

"ആരാ നിങ്ങളോടീ വിഡ്ഢിത്തം പറഞ്ഞത് "

"വിനോദിന്റെ മുത്തശ്ശിയ പറഞ്ഞെ മകരമാസത്തിലെ തണുപ്പിൽ രാത്രി വെളുമ്പാടൻ വരൂന്നും നീണ്ട് കൂർത്ത പല്ലുകൊണ്ട് ആളുകളുലെ കഴുത്തിൽ കടിച്ചു ചോരയൂറ്റി കുടിക്കുമെന്നൊക്കെ.."
ശ്രീക്കുട്ടൻ പറഞ്ഞുനിർത്തി

കേട്ടിരുന്ന രാമൻകുട്ടിമാഷ് ചെറുതായി പുഞ്ചിരിച്ചു

ശ്രീക്കുട്ടൻ വീണ്ടും തുടർന്നു.

"കുറേപ്പേര് കണ്ടിട്ടുണ്ട്
ഇന്നലെ രാത്രി കടയിൽനിന്ന് വരുമ്പോ വിനോദിന്റെ ചേട്ടനും കണ്ടു,

"ആണോ വിനോദേ.."

രാമൻകുട്ടിമാഷ് തിരക്കി

"ആ മാഷേ.. ചേട്ടൻ അവിടെ ബോധം കേട്ടുവീണു.. വഴിയേപോയ നാട്ടുകാരാ ചേട്ടനെ വീട്ടിലെത്തിച്ചേ..
പനി പിടിച്ചു കിടക്കുവാ..ചേട്ടൻ, കുട്ടി ആയോണ്ട് ചോര കുടിച്ചില്ല."

ആശ്ചര്യ ഭാവത്തിൽ വിനോദ് പറഞ്ഞു.

വിനോദിനെ കുറച്ചുനേരം സൂക്ഷിച്ചുനോക്കി രാമൻകുട്ടിമാഷ്

"തന്റെ വീട് മാരാരിക്കുളതല്ലേ.."

"ആ മാഷേ.."

വിനോദ് പറഞ്ഞു

രാമൻകുട്ടി മാഷ് കുട്ടികളെ എല്ലാവരെയും ഒന്ന് നോക്കിയതിനുശേഷം വിനോദിനോടും ശ്രീകുട്ടനോടും കൈകൊണ്ടു ഇരിക്കു എന്ന് ആംഗ്യം കാട്ടി, കുട്ടികൾ ഇരുന്നു.

ചെറിയൊരു മന്ദസ്മിതത്തോടെ മാഷ് കസേരയിൽനിന്ന് എഴുനേറ്റു മേശമേൽ ചാരി നിന്നുകൊണ്ട്..

" കുട്ടികളെ..
നിങ്ങളൊക്കെ പ്രബുദ്ധ കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്.. ഈ ഭൂതം പ്രേതം എന്നൊക്കെ പറയുന്നത് എഴുത്തുകാരുടെയും സിനിമാക്കാരുടേയുമൊക്കെ മിഥ്യയായ ഭാവനകൾ മാത്രമാണെന്ന് നിങ്ങൾ മനസിലാക്കണം, ആ കെട്ടുകഥകൾ നോവലുകളിലൂടെയും ദൃശ്യമാധ്യമങ്ങളായ സിനിമകളിലും സീരിയലുകളിലും ഒക്കെക്കൂടി നമ്മളിലേക്കെത്തി നമ്മൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് അല്ലാതെ അവയൊന്നും യാഥാർഥ്യമായ കാര്യങ്ങളല്ല"

"അപ്പോൾ വിനോദിന്റെ ചേട്ടൻ കണ്ടതോ മാഷേ.."

"വിനോദിനെക്കാളും ഇക്കാര്യത്തിൽ നിനക്കാണല്ലോ ശ്രീകുട്ടാ.. സംശയം"

ഇടയ്ക്കുകയറി വിനോദ്

" അപ്പൊ എന്റെ മുത്തശ്ശി പറയുന്നതോ.. "

മാഷ് തുടർന്നു

"അതും പറഞ്ഞുതരാം..
മുത്തശ്ശിമാർക്കും മുത്തശ്ശന്മാർക്കും ദൈവഭയവും ഭക്തിയുമൊക്കെ കൂടിവരുന്നത്
നിങ്ങള് കാണാറില്ലേ, അതേപോലെ തന്നെ വർദ്ധഖ്യത്തില് വളർന്നു വരുന്നതാണ് ഭൂതവും പ്രേതവും എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങളൊക്കെ.. ഈ വിശ്വാസങ്ങളൊക്കെയും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
അതുകൊണ്ട് നമ്മളുടെ മനസ്സിൽ ഇത്തരം കാര്യങ്ങളൊന്നും വളരാതിരിക്കാൻ നമ്മൾതന്നെ ശ്രദ്ധിക്കുക "

കുട്ടികൾ എല്ലാം മിഴിച്ചിരുന്നു കേട്ടുകൊണ്ടിരുന്നു, മാഷ് തുടർന്നു.

"പിന്നെ വിനോദിന്റെ ചേട്ടൻ കണ്ടൂന്നു പറഞ്ഞ കാര്യം, ഇരുട്ടത്തു രാത്രി ഒറ്റയ്ക്ക് നടന്നുവരുമ്പോൾ മരങ്ങളുടെ നിഴലോ മറ്റോ.. കണ്ടതായിരിക്കും മുത്തശ്ശി പറഞ്ഞു ഭയപ്പെടുത്തിയതുകൊണ്ട് അയാളുടെ മനസ് ആ നിഴലിനെ.."

സംശയത്തോടെ ശ്രീക്കുട്ടനോട്

"അതിന്റെ പേരെന്താ പറഞ്ഞേ.."

ശ്രീക്കുട്ടൻ : "വെളുമ്പാടൻ "

"ആ.. വെളുമ്പാടൻ ആണെന്ന് തെറ്റിദ്ധരിച്ചു
അതാണ്‌ കാര്യം.

രാമൻകുട്ടി മാഷ് തുടർന്നു

" പ്രേതം ഉണ്ട് എന്നുള്ളതിന് ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ല, ചുരുക്കിപ്പറഞ്ഞാൽ വസ്തുനിഷ്ടമായി യാതൊരു അടിത്തറയും ഇല്ലാത്ത വെറും അന്ധവിശ്വാസമാണ് ഇതൊക്കെ "

പിരിയഡ് കഴിഞ്ഞതിന്റെ ഇരട്ട മണി മുഴങ്ങി ഇന്റർവെൽ ആയിരിക്കുന്നു

"നാളെമുതൽ ഇതിനെപറ്റി ആരും ക്ലാസ്സിൽ സംസാരിക്കാൻ പാടില്ല മനസിലായല്ലോ.."

കുട്ടികളെയെല്ലാവരെയും ഒന്നിരുത്തി നോക്കിയിട്ട് രാമൻകുട്ടിമാഷ് പുറത്തിറങ്ങി സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നടന്നു, കുട്ടികൾ വരാന്തയിൽകൂടിയും സ്കൂൾ മൈതാനം വഴിയും ശബ്ദമുണ്ടാക്കി ഓടിനടക്കുന്നു,
എതിരെനടന്നുവന്ന ടീച്ചറോട് ചെറുതായി പുഞ്ചിരിച്ചു ലൈബ്രറിയും കടന്നുപോകവെ അയാളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു.. ഫോണെടുത്തു കണ്ണുതാഴ്ത്തി ഡിസ്പ്ലേയിലേക്ക് നോക്കി

വൈഫ് കോളിങ്

മൈതാനത്തെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അയാൾ ഫോൺ ചെവിയിൽവച്ചു

ഭാര്യ : ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കയാണോ മാഷേ..

രാ. മാഷ് : അല്ല ഇപ്പൊ കഴിഞ്ഞതേ ഉള്ളു നീ പറഞ്ഞോ

ഭാര്യ : ഇന്നത്തെ കാര്യം മറന്നിട്ടില്ലല്ലോ.. മാഷ് നേരത്തെ വരില്ലേ..

രാ. മാഷ് : പറ്റുമോന്നു നോക്കാം ആ.. പ്രിൻസിപ്പൽ ഇവിടില്ല പഞ്ചായത്ത്‌ ഓഫീസിലോ മറ്റോ.. പോയതാ..

ഭാര്യ : നല്ല കാര്യായി,മോള് അച്ഛനെയും കാത്തു രാവിലെ തുടങ്ങിയ ഇരിപ്പാണ് ഇന്നത്തെ ദിവസം ലീവ് പറയാൻ ഞാൻ കഴിഞ്ഞയാഴ്ച്ചയേ.. ഓർമിപ്പിച്ചതല്ലേ.. അവളോട്‌ അച്ഛൻ ഉച്ചയ്ക്കുവരുമെന്ന ഞാൻ പറഞ്ഞിരിക്കുന്നെ..

രാ. മാഷ് : എക്സാമിനു മുൻപ് ചാപ്റ്റർസ് എടുത്തു തീർക്കണ്ടേ.. ഗീതേ..
പ്രിൻസിപ്പൽ വന്നയുടനെ ഞാനിറങ്ങിക്കോളാം.. മോളവിടെയുണ്ടോ

ഭാര്യ : ആ അവള് കിട്ടിയ സമ്മാനപ്പൊതികൾ തുറന്നുനോക്കുന്ന തിരക്കിലാ.. ഫോൺ കൊടുക്കണോ

രാ. മാഷ് : വേണ്ട ഞാൻ അങ്ങോട്ടല്ലേ.. വരണേ..

ഭാര്യ : ഗിഫ്റ്റ് വാങ്ങിക്കാൻ മറക്കണ്ടാട്ടോ..
എന്താ.. വാങ്ങിക്കേണ്ടെന്നു ഓർമയുണ്ടല്ലോ..

രാ. മാഷ് : ആ ഉണ്ടുണ്ട്

ഭാര്യ : പിന്നെ മാഷേ ഒരു കാര്യം കൂടിയുണ്ട്
പള്ളി വയലിൽക്കൂടെ വരണ്ടാട്ടോ..
ഇവിടെ മുഴുവൻ കുഴപ്പമാ..
പറയാൻ കുറെയുണ്ട്
എല്ലാം വന്നിട്ട് പറയാം.

രാ. മാഷ് : ശരി നീ വച്ചോ..

ഭാര്യ ഒരു പുഞ്ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു

രാമൻകുട്ടിമാഷിന്റെയുള്ളിൽ നിഗൂഢമായ ഒരിരുട്ട് പടർന്നു..
എന്താണ് കാര്യമെന്നു ചോദിക്കേണ്ടതായിരുന്നു. സാരമില്ല ഇന്ന് അങ്ങോട്ടേക്ക് തന്നെയാണല്ലോ കാര്യങ്ങൾ നേരിട്ടറിയാം

സ്റ്റാഫ്‌ റൂമിലേക്ക്‌ കയറിയ രാമൻകുട്ടി മാഷ് അദ്ദേഹത്തിന്റെ മരക്കസേരയിൽ ഇരുന്നു തന്റെ കണ്ണടയൂരി കണ്ണുകൾ ഇറുക്കി തിരുമ്മി.

"കാളിദാസന്വേഷണം ഇതുവരെ കഴിഞ്ഞില്ലേ മാഷേ.."

എതിരെ ഇരുന്ന നന്ദിനി ടീച്ചർ ചോദിച്ചു

"അന്വേഷിക്കാൻ തുടങ്ങിയിട്ടേയുള്ളു ടീച്ചറെ.."

"കണ്ടെത്താൻ പറ്റിയില്ലെങ്കിൽ പറയണം കേട്ടോ നമുക്ക് പത്രത്തിലൊരു പരസ്യം ഇട്ടുനോക്കാം.."

നന്ദിനി ടീച്ചർ പൊട്ടിച്ചിരിച്ചു പിന്നാലെ മറ്റു സഹപ്രവർത്തകരും

"കാളിദാസനയൊക്കെ ഞാൻ അന്വേഷിച്ചോളാം പബ്ലിക് എക്സമിനു മുൻപ് ടീച്ചറ്
ടെൻതിലെ ഇംഗ്ലീഷ് ചാപ്റ്റർ ഒക്കെയങ്ങു തീർത്തേരെ അല്ലെങ്കിൽ പിള്ളേരുടെ പാരന്റ്സ് ടീച്ചറെ അന്വേഷിച്ചിറങ്ങും "

രാമൻകുട്ടി മാഷ് തിരിച്ചടിച്ചു
സഹപ്രവർത്തകർ വീണ്ടും പൊട്ടിച്ചിരിച്ചു

നന്ദിനി ടീച്ചർ ചെറുതായൊന്നു ചൂളി

"ഞാൻ ക്ലാസ്സിലേക്ക് പോകുവാ.. അവിടെ പിള്ളാര്‌ ബഹളം വെക്കാൻ തുടങ്ങിക്കാണും"

നന്ദിനിടീച്ചർ പുസ്തകങ്ങളും എടുത്തു സ്റ്റാഫ്‌ റൂമിനു പുറത്തിറങ്ങി അതേസമയം ശ്രീധരൻ മാഷ് കയറിവന്ന് നന്ദിനിടീച്ചർ ഇരുന്നിടത്തു രാമൻകുട്ടിമാഷിന്റെ എതിരിലായി ഇരുന്നു.

"ഇന്ന് നല്ല ഫോമിലാണല്ലോ "

ശ്രീധരൻ മാഷ് രാമൻകുട്ടി മാഷിനോടായി പറഞ്ഞു

"ഫോമില്ലാതെ ഇരിക്കുമോ പിള്ളേരുടെ ഇടയിൽ പിടിച്ചുനിൽക്കണ്ടേ.. അല്ലെ മാഷേ "
ബിന്ദു ടീച്ചർ ഇടയ്ക്കുകയറി

രാ. മാഷ് : "അല്ലാതെ പിന്നെ.. അതിനിടയ്ക്ക് പിള്ളേരുടെ ആവശ്യമില്ലാത്ത സംശയങ്ങളും "

ശ്രീധരൻ മാഷ് : " പിള്ളേരാകുമ്പോൾ പല സംശയങ്ങളും ചോദിച്ചെന്നിരിക്കും
മാഷിന് തീർത്തുകൊടുക്കാൻ കഴിയാത്ത സംശയം എങ്ങനെയാ ആവശ്യമില്ലാത്ത സംശയം എന്ന് പറയാൻ കഴിയുക

രാ. മാഷ് : "പിന്നെ.. പ്രേതം ഉണ്ടോന്നു ചോദിക്കുന്നതാണല്ലോ ആവശ്യമുള്ള സംശയം "

ശ്രീ മാഷ് : "അങ്ങനെ ചോദിച്ചതിലെന്ത ഇപ്പൊ കുഴപ്പം "

രാ. മാഷ് : " കാളിദാസന്വേഷണത്തില് എവിടെയാ മാഷേ പ്രേതവും രക്ഷസുമൊക്കെ..

ബിന്ദുടീച്ചർ വീണ്ടും ഇടയ്ക്കുകയറി

" മാഷിന്റെ മോൾടെ പിറന്നാൾ ഇന്നാണെന്നല്ലേ പറഞ്ഞത് വൈകുന്നേരം ഞങ്ങളെല്ലാരും കൂടി വീട്ടിലേക്കു വന്നാൽ ഒരു ഗ്ലാസ് പായസം തരുമല്ലോ അല്ലെ.. "

" ഇല്ല ടീച്ചറെ.. അവളും പിള്ളേരും അവളുടെ വീട്ടിലാ.. മാരാരിക്കുളത്തു അവിടെയാ ഇത്തവണ ആഘോഷം, പായസമൊക്കെ ഞാൻ നാളെയിങ്ങു കൊണ്ടുവരാം "

"മം.. മതി മതി "
ബിന്ദു ടീച്ചർ അടങ്ങി

ഇരുവരുടെയും സംസാരം കഴിയാൻ കാത്തിരുന്നപോലെ ശ്രീധരൻ മാഷ് തുടർന്നു.

ശ്രീ. മാഷ് : "കാളിദാസന്വേഷണത്തിൽ പ്രേതങ്ങളൊന്നുമില്ലെന്നു പറയുന്നത് ശരി,
അതിനു ആത്മാവും യക്ഷികളും ഒന്നുമില്ലെന്നുപറഞ്ഞു കുട്ടികളെ തെറ്റിദ്ധരിപ്പിക്കേണ്ടിയിരുന്നില്ല..
മാഷ് ക്ലാസ്സെടുത്തുകൊണ്ടിരുന്നത് ഞാൻ ലൈബ്രറിയിലിരുന്നു കേൾക്കുന്നുണ്ടായിരുന്നു"

രാ.മാഷ് : "തെറ്റിദ്ധാരണയാണ് എന്നാരപറഞ്ഞെ..ശരിയായി ധരിപ്പിച്ചു എന്നുപറയു.. അല്ലെങ്കിൽ പറ നിങ്ങള് പ്രേതത്തെ കണ്ടിട്ടുണ്ടോ.."

ശ്രീ മാഷ് : " ഞാൻ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നുള്ളതിലല്ല കാര്യം പക്ഷെ ആത്മക്കളെപറ്റി വസ്തുനിഷ്Oമായി പ്രതിപാദിക്കുന്ന പാരാസൈക്കോളജി എന്നൊരു ശാസ്ത്ര വിഭാഗം ഇന്ന് ഇവിടെയുണ്ട് ആത്മക്കളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുമുണ്ട് മാഷിന് ചിലപ്പോൾ അറിയില്ലായിരിക്കും, മാഷ് ഈ 'കളക്ഷൻസ് ഓഫ് വൈബ്രേഷൻ' എന്ന് കേട്ടിട്ടുണ്ടോ പേരൊന്നു പശ്ചാത്യവൽക്കരിച്ചെന്നേയുള്ളു സംഭവം മറ്റതാ.. "

രാ. മാഷ് :" ഇല്ല ഞാൻ കേട്ടിട്ടില്ല,
എന്നാൽ മാഷ് ഒരുകാര്യം ചെയ്യൂ.. ഈ റിസർച്ച് ചെയ്യുന്നതിനിടയ്ക്കു പ്രേതത്തെ കണ്ടുകിട്ടുകയാണെങ്കിൽ ഒരു ഫോട്ടോയെടുത്തു ഇങ്ങുകൊണ്ടുവാ..
നമുക്കെല്ലാവര്ക്കും കാണാമല്ലോ..
പറ്റുമെങ്കിൽ മാഷൊടൊന്നിച്ചുള്ള സെൽഫി തന്നെ ആയിക്കോട്ടെ.. "

സ്റ്റാഫ്‌ റൂമിൽ പണിഷ്മെന്റ് ചെയ്തു നിർത്തിയിരിക്കുന്ന ആൺകുട്ടിയുൾപ്പടെ എല്ലാവരും പൊട്ടിച്ചിരിച്ചു, വേറൊരു മാഷിന്റെ നോട്ടം കണ്ടു കുട്ടിയുടെ മുഖം പഴയ നിലയിലേക്ക് വന്നു

ആ തമാശ ആസ്വദിച്ച് ശ്രീധരൻ മാഷ് അതെ.. നാണയത്തിൽ

" അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല മാഷെന്തായാലും മാമാരിക്കുളത്തു വൈഫ് ഹൌസിൽ മോൾടെ പിറന്നാളാഘോഷിക്കാൻ പോകുന്നുണ്ടല്ലോ അവിടെവച്ചു വെളുമ്പാടനെ കാണുമ്പോൾ ഒരു സെൽഫി ഇങ്ങേടുത്തോ.. "

സ്റ്റാഫ്‌ റൂമിൽ വീണ്ടും ചെറിയ പൊട്ടിച്ചിരി ഉണ്ടായി

"അതുശരി ഇവിടെയും എത്തിയോ വെളുമ്പാടൻ
മാഷോട് തർക്കിക്കാൻ ഞാനില്ല "

ശ്രീധരൻ മാഷ് ക്ലാസ്സിലേക്ക് പോകാൻ തുടങ്ങാവേ സ്റ്റാഫ്‌ റൂമിൽ നിർത്തിയിരിക്കുന്ന കുട്ടിയോടായി..

"മേലിൽ നീ ബോർഡിൽ എന്റെ പടം വരച്ചു കഴുത എന്നെഴുതുമോടാ..
അല്ല.. കഴുതയുടെ പടം വരച്ചു എന്റെ പേര് എഴുതുമോന്നു "

സ്റ്റാഫ്‌ റൂമിൽ വീണ്ടും ചിരി മുഴങ്ങി
മാഷിന്റെ കയ്യിൽനിന്നും ചൂരലിനു രണ്ടു തല്ലുവാങ്ങിയശേഷം കുട്ടി ക്ലാസ്സിലേക്കോടി..

രാമൻകുട്ടി മാഷ് പുഞ്ചിരിയോടെ അത് നോക്കിനിന്നു പതുക്കെ ആ ചിരി മങ്ങിതുടങ്ങി

പ്രിൻസിപ്പാൾ സ്കൂളിൽ വൈകിയെത്തിയതിനെതുടന്നു മാഷിന് നേരത്തെ ഇറങ്ങാൻ കഴിഞ്ഞില്ല..

സ്കൂൾ വിട്ടു ചിതറിയോടുന്ന കുട്ടികൾക്കിടയിലൂടെ മാഷ് ധൃതിയിൽ നടന്നു,
മാരാരിക്കുളത്തേക്ക് 1.30 മണിക്കൂർ യാത്രയുണ്ട് അതിനുമുൻപ് മകൾക്കുള്ള പിറന്നാൾ സമ്മാനം ടൗണിന്നു വാങ്ങിക്കണം റോഡില് ബ്ലോക്ക്‌ ഉണ്ടെങ്കിൽ അവിടെയെത്തുമ്പോളേക്കും കടയൊക്കെ അടയ്ക്കാറാകും.

പള്ളിവയലിൽ കൂടി വരണ്ട എന്ന് ഗീത ഓർമിപ്പിച്ചിരുന്നു..
എന്തായിരിക്കും കാരണം അപ്പോഴേ
ചോദിക്കേണ്ടതായിരുന്നു
'വെളുമ്പാടൻ' എന്ന നാമം മനസ്സിൽ തങ്ങിക്കിടക്കുന്നതുപോലെ രാമൻകുട്ടി മാഷിന് തോന്നി
മാരാരിക്കുളത്തെ ഇരുൾ മൂടിയ നിഗൂഢതകളിലേക്ക് രാമൻകുട്ടിമാഷ് ധൃതിവെച്ചു നടന്നു..

തുടരും..