സിന്ദൂരക്കുരുവി ചേക്കേറാറില്ല
  ---------------------------------------
 
ജയിൽ സെല്ലിൽ ഇരിക്കുമ്പോൾ കമ്പിയഴികൾക്കിടയിലൂടെ മുഷിഞ്ഞ തോർത്തുമുണ്ടു പോലെ  ആകാശത്തിന്റെഒരു കീറ് കാണാം . അതിലൂടെ ഒരു വെള്ളമേഘം കറുത്ത കുരിശൂ ചുമന്നു ഒഴുകുന്നു . ഫാദർ പോൾ സ്വാമിവേവലാതിയോടെ അഴികളിൽ പിടിച്ചു നിന്നു നോക്കി . ഒരു പരുന്ത് മേഘത്തിലേക്കു
ചിറകടിച്ചുയർന്നു .
 
 
 
                  അപ്പോൾ രാഖി ഗോതമ്പുമണികൾ വരണ്ട ഭൂമിയിലേക്കു വിതറി . മെലിഞ്ഞു കറുത്തആകാശപറവകൾ ഒറ്റക്കും തെറ്റക്കും മെല്ലെ പറന്നിറങ്ങി . രാഹുൽ പുലർച്ചവണ്ടിക്ക് കൽക്കട്ടയിൽ നിന്നുവരുമെന്നാണ് പറഞ്ഞത് . വന്നില്ല . ഇനി എന്താണു ചെയ്യുക ?. ഒരുപക്ഷെ പോലീസ് പിടിയിൽ ആയി കാണും .
ഫാദർ പോലും  യു എ പി എ നിയമ പ്രകാരം അറസ്റ്റിലായല്ലോ  .
 
 
 
         ഒറ്റക്കായതുപോലെ . രാഹുൽ വന്നിരുന്നെങ്കിൽ ഒരു കരുത്തായേനെ , അവന്റെ തുരുമ്പിച്ചതത്ത്വശാസ്ത്രത്തോടു താൽപ്പര്യമില്ലായിരുന്നെങ്കിലും . മാവോയോടുള്ള അവന്റെ അന്ധമായ ആരാധനകാണുമ്പോൾ ചിരി പൊട്ടും . പി ജിക്കു ഞങ്ങൾ ഒരുമിച്ചു പഠിച്ചതായിരുന്നു  .
 
 
 
ജീവിക്കാൻ നിവർത്തിയില്ലാത്ത ചെറുപ്പക്കാർ അക്ഷമരായി കഴിഞ്ഞു . അവരുടെ വയലുകളെല്ലാം ഖനി മാഫിയകൈക്കലാക്കി . ഖനിയിൽ ഒരു പണി ചോദിച്ചപ്പോൾ അവരെ ആട്ടിയോടിച്ചു . എം എൽ എ രത്തൻ  സിങ്ങാണ്എല്ലാത്തിനും പിന്നിൽ . അയാളെ എല്ലാവർക്കും പേടിയാണ് . എന്തു ക്രൂരത ചെയ്യാനും അയാൾക്കു മടിയില്ല .
 
 
 
   അനഘയെ ബലാസംഗം ചെയ്‍തു കൊന്നതു അയാളും അനുയായികളുമായിരുന്നു . പതിനാറു വയസ്സുള്ളഅതിസുന്ദരിയായിരുന്നു  അനഘ . കീറിമുറിഞ്ഞ അവളുടെ ശരീരം കണ്ട അച്ഛനും അമ്മക്കും സഹിക്കാനായില്ല . രോഷവും ദുഖവും നിറഞ്ഞ അവർ നാട്ടുകാരുടെ പ്രേരണ പ്രകാരം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു . തംബാക്കു ചവക്കുന്ന രസത്തോടൊപ്പം ഇൻസ്‌പെക്ടർ പരാതി വായിച്ചു . പിറ്റേദിവസം അവരുടെ തലയില്ലാത്തശരീരം പഞ്ചായത്തു കിണറ്റിനരികെ ഉണക്കമരത്തിൽ തൂങ്ങിക്കിടന്നു .
 
 
 
                 അതിന്റെ പ്രതിഷേധം രാജ്യമാകെ അലയടിച്ചു . പത്രവാർത്തകളിൽ നിറഞ്ഞപ്പോൾ രോഷംസഹിക്കാനായില്ല . അവിടേക്കു പോകാനുള്ള ത്വര അടക്കാനാവുന്നില്ല . രാഹുലും പ്രോത്സാഹിപ്പിച്ചു . ജെ എൻ യുറീഡർഷിപ്പിൽനിന്നും അവധിയെടുത്തു . പക്ഷെ , പതിവുപോലെ ഒന്നുരണ്ടു ആഴ്‌ച്ചക്കുള്ളിൽ എല്ലാം കെട്ടടങ്ങി . രത്തൻസിങ് നിറഞ്ഞു ചിരിച്ചു .
 
 
 
   പിന്നീട്  , അവിടെ  പീഡിപ്പിക്കപ്പെടുന്ന  ജനത്തിനു വേണ്ടി പോരാടുന്ന രാഹുലിന്റെ സംഘത്തോടൊപ്പംപ്രവർത്തിക്കാൻ തീരുമാനിച്ചു . പക്ഷികൾ പാടാത്ത , ചൂടു മണ്ണു പറക്കുന്ന അവിടെ ഒരു കുടിലിൽ താമസവുമായി. ഫാദർ പോൾ സ്വാമിയെ പരിചയപ്പെടുന്നതു അങ്ങിനെയാണ് . കണ്ണുകളിൽ പ്രസരിപ്പും തിളക്കവുമുള്ള ഫാദർഅവർക്കെല്ലാം കരുത്തായിരുന്നു . പക്ഷെ മതപരമായ ചടങ്ങുകൾക്കൊന്നും താൽപ്പര്യം കാണിക്കാതിരുന്ന ഫാദർമേലധികാരികളുടെ കണ്ണിലെ കരടായി  .
'എന്റെ ദിവ്യബലി ചൂഷിതർക്കുവേണ്ടി പോരാടുകയെന്നതാണ് . അവർക്കു വേണ്ടി പോരാടുമ്പോൾ എന്റെ നാഥൻഎന്നോടു പറയും ;
ഈ എളിയവർക്കു നീ ചെയ്തതെല്ലാം എനിക്കാണ് അർപ്പിച്ചത് '
ഉറച്ച സ്വരത്തിൽ അദ്ദേഹം പറയും .
' തിരുച്ചിറപ്പള്ളിയിലെ വെയിൽ കാളുന്ന കുടിലിൽ നിന്നു ആണിപ്പഴുതാർന്ന, ചോര ഒഴുകുന്ന കൈകൾ എന്നെഇവിടെ എത്തിച്ചത് മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തു അവനു വേണ്ടി പൊരുതി ജയിക്കാനാണ് '
 
 
 
 
          പോൾ സ്വാമിയുടെ കുമ്മായം പൊളിഞ്ഞടര്‍ന്ന മുറിക്കു മുൻപിൽ ഉണക്കമരത്തിൽ ഇരുന്നു ബലികാക്കകരഞ്ഞു . കോടതിയാമീനും കൂട്ടരും കണ്ടുകെട്ടിയ , സ്വാമിയുടെ പ്ലാസിറ്റിക്ക് വള്ളി അവിടവിടെ പൊട്ടിയ കട്ടിലിൽ, കാക്ക വന്നിരുന്നു .
സ്വാമിയുടെ സ്ഥാവരജംഗമ വസ്തുക്കളായ ചെളിപിടിച്ച മേശയിലേക്കും കസേരയിലേക്കും പേനയിലേക്കും അതുപാളി നോക്കി . ഒരിക്കലും ഒരു കോടതിയും കണ്ടുകെട്ടാത്ത മഹമൂദ് ഇബ്രാഹിമിന്റെയും അജയ് മല്യയുടെയുംധീരജ് മോദിയുടെയും കോടികളുടെ ബിനാമി വസ്തുക്കളുടെ മീതെ ഒരു കാക്കയും ചിറകു വീശിയില്ല . നിയമത്തിന്റെ മുകളിൽ അടയിരുന്നു , തെളിവുകൾ പെറുക്കി കൊറിച്ചു, നോട്ടുകൾ തൂക്കി കെട്ടി കോടതിഒളികണ്ണിട്ടു ചിരിച്ചു .
 
 
 
       കറുത്ത കുരിശുമായി വേച്ചു നടന്ന വെള്ളമേഘത്തിനു എന്തു സംഭവിച്ചു? ആകാശത്തിന്റെ കീറിൽ അതുഒഴുകി ഒഴുകി  അദൃശ്യമായി . പാർക്കിസൺസ് വിറപൂണ്ട കാലിൽ ചങ്ങല പൂട്ടിയിരിക്കുന്നു . ഫാദർ പോൾ സ്വാമിഭീകരവാദിയാണല്ലോ !. വിറയാർന്ന കൈകളാൽ വെള്ളം കുടിക്കാൻ ഗ്ലാസ് സമ്മതിക്കുന്നില്ല .
സ്റ്റോട്രോ ഉപയോഗിക്കാൻ അപേക്ഷിച്ചെങ്കിലും തീരുമാനിക്കാൻ കോടതിക്കു രണ്ടയാഴ്ച സമയം വേണം !. 51 വെട്ടു വെട്ടി കൊന്ന കൊടി അജിക്കു മൊബൈലിലൂടെ കോടികളുടെ കള്ളക്കടത്തു നയിക്കാൻ അവസരമുള്ളജയിലിൽ !. ചെറുതുരുത്തിയിൽ പാവപ്പെട്ട യുവതിയെ ട്രെയിനിൽ നിന്നു വലിച്ചിറക്കി ബലാസംഗം ചെയ്‍തുകല്ലിലടിച്ചു കൊന്നവൻ ബിരിയാണി കഴിച്ചുല്ലസിക്കുന്ന ജയിലിൽ !. സ്വാമിക്കു ദാഹജലം   കുടിക്കാൻനിവർത്തിയില്ല .
 
 
 
              ഗോവുവിന്റെ കലങ്ങി പതറിയ കണ്ണുകൾ ഒരു ബിസ്ക്കറ്റ് കിട്ടുമ്പോൾ തെളിയുന്നതു മനസ്സിൽ   ഉദിച്ചു . രത്തൻസിങ് വലിച്ചുകീറിയ പെങ്ങളെ കണ്ട് അവൻ കരഞ്ഞിട്ടില്ല ; തലയില്ലാതെ തൂങ്ങികിടന്ന അച്ഛനേയുംഅമ്മയേയും കണ്ട് അവൻ കരഞ്ഞിട്ടില്ല ; എല്ലാ വേദനയും വളരെ മുൻപേ അവൻ കരഞ്ഞു തീർത്തു . അനാഥനായ അവനേ കൂടെ കൂട്ടിയിരുന്നു . ഇപ്പോൾ അവന്റെ അവസ്ഥ എന്തായിരിക്കും ? . ഒരു പക്ഷേ രാഖിയുടെകൂടെയായിരിക്കും .
 
 
 
             തേരാഗാദിലെ ആദിവാസികളുടെ വേദനപോലുള്ള കരിമേഘങ്ങൾ തുണ്ടുകളായി സെല്ലിനു മുൻപിലെആകാശകീറിലൂടെ ഒഴുകി .
അവരെ, ഒരാളെയെങ്കിലും  മാമോദിസ മുക്കാത്തതു എന്താണെന്ന്  ബിഷപ്പ് ചോദിച്ചു  . അവരുടെ വേദനമാറ്റാനാണ് അല്ലാതെ മതം വളർത്താനല്ലല്ലോ ക്രിസ്തു പറഞ്ഞത് . അതു കൊണ്ടാവും ജയിലിൽ അടച്ചപ്പോൾ  കാര്യമായ പ്രതിഷേധം സഭ ഉയർത്തിയില്ല . കന്യാസ്ത്രീകളെ ബലാസംഗം ചെയ്‌ത ബിഷോപ്പിനുള്ള സഹായംപോലുമുണ്ടായില്ല . ബലാസംഗത്തിനെതിരേ പ്രതികരിച്ച കന്യാസ്ത്രീയെ മഠത്തിൽനിന്നും പുറത്താക്കുകയുംചെയ്‍തല്ലോ  .
 
 
 
                         ഏതോ തളിരിലയുമായി ഏതോ ഒരു കുരുവി ജയിലഴിയിൽ വന്നിരുന്നു .
" വെള്ളം കുടിച്ചോ അച്ചോ ?"
സ്വാമി കാലിലെ ചങ്ങല ഉണർത്തിയ വൃണത്തെ നോക്കി . പിന്നെ തന്നെ ചൂഴുന്ന വിരസവും വ്യഥനിറഞ്ഞതുമായ ഏകാന്തതയെ അറിഞ്ഞു .
" എന്റെ ദൈവമേ , എന്റെ ദൈവമേ എന്തിനെന്നെ കൈവിട്ടു . എളിയവരുടെ കണ്ണീർ തുടക്കുകയും അവർക്കുപോരാടാനുള്ള കരുത്തു  പകരുകയുമല്ലേ ചെയ്യേണ്ടത് ?. "
അപ്പോൾ സിന്ദൂരകുരുവി പാടി . അതിനിർവജീനിയമായ സന്തോഷത്താൽ അസുലഭമായ കരുത്താൽ അച്ചന്റെഹൃദയം തുടിച്ചുയർന്നു .
 
 
 
             അപ്പോഴും വെള്ളം കുടിക്കാനുള്ള അനുവാദത്തിനായി സ്വാമിയുടെ വക്കീൽ യാചിച്ചുകൊണ്ടിരുന്നു . ജഡ്ജി അറിയാതെ കൈയിൽ നിന്നും തെന്നി നീങ്ങിയ കടലാസു റോക്കറ്റിനെയോർത്തു ഇളിഭ്യതയോടെ ചിരിച്ചു. പൊടുന്നനവേ ഒരാൾ വന്നു വക്കീലിന്റെ ചെവിയിൽ എന്തോ പറഞ്ഞു .
" ഫാദർ പോൾ സ്വാമി മരിച്ചു കഴിഞ്ഞു ."
വക്കീൽ പറഞ്ഞു .
അതിഭീകരമായ നടുക്കം രേഖപ്പെടുത്തി കോടതി പിരിഞ്ഞു .
 
 
 
         കുരുവിയിപ്പോൾ വെയിൽ കുറുകിയ ആകാശത്തിലൂടെ തത്തിക്കളിച്ചു . താഴെ , സ്വാമിയുടെ മരണത്തിൽപ്രതിഷേധം അലയടിക്കുന്നു  . ജയിലിൽ അടച്ചപ്പോൾ ഒന്നും പ്രതികരിക്കാതിരുന്ന രാഷ്ട്രീയ മതശക്തികൾഇപ്പോൾ  ആഞ്ഞടിച്ചു തുടങ്ങി . ഒരാഴ്ച്ച പ്രകടനങ്ങളും ധർണ്ണകളും നടന്നു . വഴിപാടു പോലെ മാത്രം  . പിന്നെഎല്ലാം ശാന്തമായി .
എല്ലാം മറന്നു എല്ലാവരും രാഷ്ട്ര പുനർനിർമ്മാണത്തിൽ ശ്രദ്ധിക്കണമല്ലോ !.
 
 
 
           പുലരിയുടെ പേറ്റുനോവിൽ കിഴക്കൻ ചക്രവാകം വിറകൊള്ളവേ , ചുമപ്പു , മഞ്ഞ , ഓറഞ്ച് , റോസ്മേഘങ്ങളിൽ ചാടികളിക്കുകയായിരുന്നു സിന്ദൂരക്കുരുവി . കുരുവിക്കുതാഴെ , പടിഞ്ഞാറൻ ഇരുളിൽ നിന്നുകിഴക്കൻ പുലരിയിലേക്കു ഒരു ജാഥ മൂകമായി നീങ്ങി . കുഴിഞ്ഞ കണ്ണുകളുള്ള , വാരിയെല്ലുതെളിഞ്ഞ , കുനിഞ്ഞു നടക്കുന്നവർ മാത്രമുള്ള ജാഥയായിരുന്നു അത് . കറുത്തചെളിപുരണ്ട അവർ കീറിയ ഒറ്റമുണ്ടിനാൽനന്ധത മറച്ചു. ഗോവു ആയിരുന്നു അവർക്കു മുൻപിൽ വലിയ വടി ഉയർത്തി നടന്നത് .
 
 
 
         ഗുജറാത്തു തീരത്തെ കടലലകളിൽ അവർ ഇക്കിളി പൂണ്ടു . ഭാരതത്തിലേ എല്ലാ ദാരിദ്രവും ചൂഷണവുംകൊന്നൊടുക്കി                                    കോടികൾ മുടക്കി നിർമ്മിച്ച പ്രതിമ ആകാശത്തെ തൊട്ടു നിന്നു . ഗോവുവടി പ്രതിമയുടെ കൈയിലേക്ക്  ഉയർത്തി . വടിയുടെ അറ്റത്തു തല ഉണ്ടായിരുന്നു . രത്തൻസിങ്ങിന്റെചോരയിറ്റുന്ന തല !.
 
                 ---$&@---