മാന്ത്രികൻ in Malayalam Horror Stories by Chendamara books and stories PDF | മാന്ത്രികൻ

Featured Books
Categories
Share

മാന്ത്രികൻ

🌟  നീ മാന്ത്രികനാണ് ... പ്രണയം കൊണ്ട് എനിക്കുമുന്നിൽ മായാലോകം സൃഷ്ടിക്കാൻ ഇന്ദ്രജാലം വശമുള്ളവൻ. നിന്റെ പ്രണയമന്ത്രങ്ങൾ എനിക്കുമേൽ വർഷിക്കപ്പെടട്ടേ... ഞാൻ നിന്നോടു അലിഞ്ഞു ചേരട്ടെ....

🌟 ഇതു മാന്ത്രികരുടെ കഥയാണ്. മന്ത്രങ്ങളും ... തന്ത്രങ്ങളും .... പിന്നെ പ്രണയവും ♥️ വിരഹവും 💔 പ്രതികാരവും

🌟🌟മാന്ത്രികൻ🌟🌟

കൽപടവുകളവസാനിക്കുന്നിടത്ത് പൊട്ടിച്ചിതറിയ കുപ്പിവളകൾക്കൊപ്പം പൊടിഞ്ഞ രക്തതുള്ളികളും ചിതറിക്കിടന്നു.  

" ഹരിയേട്ടാ എന്തായിത് ? എന്റെ കൈ മുറിഞ്ഞു. "

" നിന്നോടു പല പാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ കുത്തിക്കൊള്ളുന്ന സാധനങ്ങളും ഇട്ടോണ്ടു നടക്കരുതെന്ന് . "

" അതിന് അതിനൊന്നുമല്ല ഞാൻ പിണങ്ങിയേ... "

" പിന്നെന്താ കാര്യം ?"

അവളുടെ മുടിയിൽ ചൂടിയിരുന്ന പിച്ചിമാലയിൽ മൂക്കുമുട്ടിച്ച്  ആ മത്തുപിടിപ്പിക്കുന്ന ഗന്ധം അവാഹിച്ചുകൊണ്ട് ചോദിച്ചു. 

" ഇതൊക്കെ തന്നെയാ പ്രശ്നം ... മറ്റന്നാൾ പൂജയുള്ളതാണെന്ന് അമ്മാവൻ പറഞ്ഞതു മറന്നോ?" 

" ഓ എന്റെ പെണ്ണിനെയൊന്നു തെട്ടൂന്ന് വെച്ചിട്ട് എന്തു ബ്രഹ്മചര്യം തെറ്റാനാ..." 

"ബ്രഹ്മചര്യംന്നുവച്ചാൽ എന്താണ് വിചാരിച്ചിരിക്കണേ ?"

" എന്താണാവോ ? മീനൂട്ടി തന്നെ പറയ്യാ... "

അവളെ കളിയാക്കുന്നതാണെന്ന് മനസ്സിലായിട്ടും അവൾ കാര്യമാക്കിയില്ല. 

" കേട്ടോളൂ ...  ചിന്തകളിൽ പോലും സ്ത്രീ പാടില്ലെന്നാ , ഈ പറയുന്നതും ഒക്കെ പ്രശ്നാ ?"

"ഓ ഹോ , എങ്കിൽ പറച്ചിൽ വേണ്ട... പ്രവർത്തി മാത്രം ആകാം... ന് ന്താ ? "

അവൻ അവളുടെ കൈമുട്ടിൽ പിടിച്ചു വലിച്ച് അവളെ അവനോടടുപ്പിച്ചു.

" ഹരിയേട്ടാ, വിട് പറഞ്ഞാൽ മനസ്സിലാവില്ലാന്നു വെച്ചാൽ എന്താ ചെയ്യാ... ഞാൻ പോണൂ ... "

അവനെ തള്ളിമാറ്റി അവൻ പടവുകൾ കയറി മുകളിലേക്കു പോയി. 

ആപ്പോക്കു നോക്കി അവനുറക്കെ വിളിച്ചു പറഞ്ഞു.

" നിന്നെ എന്റെ കൈയ്യിൽ കിട്ടും... "

മുകളിലെത്തിയ അവൾ അതിനു മറുപടിയായി തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു. 

- - - 

" മീനൂട്ടി ... ഇങ്ങനെയിരുന്നാൽ മതിയോ... ഹരീടെ വീട്ടീന്ന് അവരെത്താറായി. പോയി റെഡിയാക് ."

കാലത്തെഴുന്നേറ്റ് അലസമായമുടിയിട്ട്  ഉറക്കച്ചടവിൽ ജനലിലൂടെ തൊടിയിലേക്കു നോക്കിയിരിക്കുന്ന മീനാക്ഷിയെ ഗീത കുലുക്കി വിളച്ചു.

അവൾ ഒരു ഞെട്ടലോടെ അമ്മയെ നോക്കി.

" എന്താ മോളേയിത് ... ഈ വിവാഹത്തിന് നിങ്ങൾ രണ്ടു പേരും എത്ര ആഗ്രഹിച്ചതാ... എന്നിട്ടും എന്താ എന്റെ കുട്ടിയുടെ മുഖത്തൊരു സന്തോഷമില്ലാത്തത് ?"

" അങ്ങിനെയൊന്നുമില്ലമ്മേ... "

" ഉം... ശരി, എങ്കിൽ പോയികുളിക്ക്. ബ്യൂട്ടീഷൻ ഇപ്പൊ വരും. നിന്റെ ചിറ്റ ഒക്കെ ഏർപ്പാടു ചെയ്തിട്ടുണ്ട്. "

അവൾ ഉടുത്തുമാറാനുള്ള വസ്ത്രങ്ങളെടുത്ത് കുളിക്കാൻ കയറി. 

കുളിച്ചിറങ്ങി കണ്ണാടിക്കു മുന്നിലെ പ്രതിബിംബത്തിലേക്കു നോക്കെവെ  ഒരു ആറുമാസം മുൻപ് പിന്നിൽ നിന്നും വയറിലൂടെ കൈകൾ ചുറ്റി കഴുത്തിൽ മുഖം ചേർത്തു വെച്ചവൻ തന്റെ കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കിയതവളോർത്തു.

" ഉം... കാണാനൊക്കെക്കൊള്ളാം എങ്കിലും ഒരു ചന്ദനക്കുറീടെ കുറവുണ്ട് എന്റെ സുന്ദരിക്ക്. " 

അവന്റെ വാക്കുകൾ കേട്ട് നാണത്തോടെ അവൾ തലതാഴ്ത്തി. കുസൃതിയോടെ അവന്റെ താടിരോമങ്ങൾ കഴുത്തിൽ ഇക്കിളിക്കൂട്ടിയപ്പോൾ അവളൊന്നു പിടഞ്ഞു. 

" മതി... മിസ്റ്റർ ഹരികൃഷ്ണൻ, വേഗം പോകാൻ നോക്ക്. ഒരു കന്യകയുടെ മുറിയിലാ അതിക്രമിച്ചു കയറിയിരിക്കുന്നത്. ഞാനൊച്ച വെക്കുവേ... "

" ആണോ ... എങ്കിൽ നിന്നെ  കന്യകയല്ലാതെയാക്കിയാലോ ?"

" ഒന്നു ... പോടാ ചെക്കാ..."

അവൾ കള്ള ദേഷ്യം കാട്ടി അവനെ പിറകിലേക്കു തള്ളി. 

പിറകിലേക്കു ഒന്നു വേച്ചു പോയെങ്കിലും ബാലൻസ് ചെയ്ത് നിന്നവർ അവളെ നോക്കി പൊട്ടിച്ചിരിച്ചു. 

" ഭവതി നന്നായി പാടുപെടുന്നുണ്ടല്ലോ മുഖത്തെ നാണം മറച്ചു പിടിക്കാൻ."

" നാണമോ ... എനിക്കോ ?"

അവൻ മെല്ലെ തിരിഞ്ഞ് അവിടെ ഇരുന്നിരുന്ന ചന്ദനമെടുത്ത് അവളുടെ നെറ്റിയിൽ കുറിവരച്ചു.

" ഇപ്പൊ അടിപൊളി. "

ഓർമ്മകൾ തഴുകി കടന്നുപോയപ്പോൾ അവളുടെ കൈകൾ അറിയാതെ ഇലയിൽ കൊണ്ടുവെച്ചിരുന്ന ചന്ദനത്തിലേക്കു നീണ്ടു. 

അവൾ നെറ്റിൽ കുറിതൊട്ടു .

പെട്ടന്ന് ശ്രേയയുടെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി.

" ഓഫ് മീനാക്ഷി ...  , ദാറ്റ് അബലവാസി ഗേൾ! എങ്ങിനെ സഹിക്കുന്നു കൃഷ് അവളെ? എനിക്കീ ചന്ദനത്തിന്റെയും പിച്ചിപ്പൂവിന്റെയുമൊക്കെ മണം ശ്വസിച്ചാലേ ഭ്രാന്തു പിടിക്കും. " 

അവൾ ദേഷ്യത്തിൽ നെറ്റിൽ തൊട്ട കുറി മായ്ച്ചു കളഞ്ഞു. ഉടുക്കാനെടുത്തു വെച്ച  പട്ടുസാരി ദേഷ്യത്തിൽ നിലത്തേക്കു വലിച്ചെറിഞ്ഞു.

എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ കട്ടിലിലേക്കിരുന്നു, എങ്കിലും ...

അച്ഛൻ പറഞ്ഞ വാക്കുകൾ മനസ്സിലേക്കു വന്നു.

" മോളേ... ഹരിയുടെ ബ്രഹ്മചര്യവൃതം ... അതു ലംഘിക്കപെടണം. അടുത്ത പൗർണ്ണമിക്കുശേഷമുള്ള മൂന്നു മണിക്കൂർ വളരെ പ്രധാനപ്പെട്ടതാണ്. ഇല്ലെങ്കിൽ അതവന്റെ ജീവനു തന്നെ ആപത്താണ് . ഈ മാന്ത്രിക പരമ്പരയിലെ അവസാന കണ്ണി അങ്ങിനെ തീരാനുള്ളതല്ല. അവനവസാനിച്ചാൽ ഇരു കുടുംബങ്ങളും നശിക്കും. ഈ ദേശവും . അതു തടയാൻ നിങ്ങളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തുക എന്ന ഓരേയൊരു മാർഗ്ഗമാണ് മുന്നിലുള്ളത്. അച്ഛൻ പറഞ്ഞുവരുന്നതു മോൾക്കു മനസ്സിലാകുന്നുണ്ടോ? " 
.
പെട്ടന്ന് അവൾ വലിച്ചെറിഞ്ഞ സാരി പോയെടുത്തു. 

" മീനാക്ഷി ... വാതിൽ തുറക്ക് ... "

കതകിലാരോ മുട്ടി.

അവൾ മുഖത്തെ ഭാവഭേദം പുറത്തു കാണിക്കാതെ മെല്ലെ വാതിൽ തുറന്നു.

" ഇത്ര നേരായിട്ടും സാരി പോലും ഉടുത്തില്ലേ ?"

" ഇല്ല , ലതച്ചിറ്റേ ഞാൻ കരുതി ബ്യൂട്ടിഷൻ ഉടുപ്പിച്ചു തരുമല്ലോന്ന്. "

" മീനൂട്ടി ... നീ നന്നായി ഉടുക്കുമല്ലോന്നോർത്തു ചോദിച്ചതാ . "

അവർ കൂടെയുളള പെൺകുട്ടിയെ നോക്കി.

" അശ്വതീ, ഇവളുടെയാ വിവാഹനിശ്ച്ചയം. എന്റെ ചേച്ചീടെ മോളാ  മീനാക്ഷി ... അപ്പൊ വേഗം തുടങ്ങിക്കോളൂ ... ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടേ ... "

ആ പെൺകുട്ടി മീനാക്ഷിയെ നോക്കി ചിരിച്ചു. 
അവൾ അകത്തേക്കു കയറി വാതിലടച്ചു.

" എന്താ സാരിയാക്കിയേ ... ഇപ്പൊ എല്ലാവരും ലഹങ്കയും ഗൗണും ഒക്കെയല്ലേ? അപ്പൊ ഹരിയുടെ വേഷം മുണ്ടായിരിക്കുമല്ലേ ?"

അശ്വതി ഉടുക്കാൻ വെച്ച സാരിയുടെ പ്ലീറ്റ്സ് എടുത്തുകൊണ്ട് ചോദിച്ചു.

" എനിക്ക് സാരിയാ ഇഷ്ടം, ഹരിയേട്ടന്റെ കാര്യം അറിയില്ല. "

അവൾ നിർവ്വികാര ഭാവത്തിൽ പറഞ്ഞു.

" അതെന്താ , ഇതൊരു ലൗ കം അറേജ്ഡ് മാരേജാണെന്നാണല്ലോ ഞാനറിഞ്ഞത്, എന്നിട്ടും ഇതൊന്നും ചോദിച്ചില്ലേ. മീനാക്ഷി ഭാഗ്യവതിയാ, ഹരി സൂപ്പറാ . "

" ഹരിയേട്ടനെ എങ്ങിനെയറിയാം ? "

" കോളേജിൽ എന്റെ സീനിയറായിരുന്നു. വേറെ ഡിപ്പാർട്ട്മെന്റെ ആണുട്ടോ,  ആളു അടിപൊളിയല്ലേ... കുറേ ആരാധികമാരൊക്കെയുണ്ടായിരുന്നു. പക്ഷേ പുള്ളിടെ മാരേജ് നേരത്തെ തന്നെ ഒരു സുന്ദരിക്കുട്ടിയുമായിട്ട് ഉറപ്പിച്ചു വെച്ചേക്കാണെന്ന കാര്യം എല്ലാവർക്കും അറിയമായിരുന്നു. അത് ഇയാളാണെന്ന് ഇപ്പൊഴല്ലേ കാണുന്നത്. അന്നു കേട്ടതു ശരിയാ... സുന്ദരിയാ ... വെറുതേയല്ല ഹരി വേറെ പെൺപിള്ളേരുടെ മുഖത്തു പോലും നോക്കാത്തത്. "

" ഹും, മുഖത്തു നോക്കാത്ത ആള് " 
മീനാക്ഷിയുടെ മനസ്സു മന്ത്രിച്ചു. 

"എന്തെങ്കിലും പറഞ്ഞോ. "

" ഏയ് ... ഇല്ല. ചേച്ചീ, പെട്ടന്നായിക്കോട്ടെ ... സമയമാകുന്നു. "

ഒരുങ്ങിയ ശേഷം സ്വയം കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തിയെങ്കിലും മുഖത്തെ ദുഃഖത്തിന്റെ നിഴൽ മറക്കാൻ അവൾക്കായില്ല. 

മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പാവയെപ്പൊലെ അവൾ അലംങ്കരിച്ച മണ്ഡപത്തിലേക്കു നടന്നു. 
അവളുടെ കണ്ണുകൾ അറിയാതെ ഹരിയിലേക്കു സഞ്ചരിച്ചു.


( തുടരും)