Punarjan - 2 in Malayalam Love Stories by ABHI books and stories PDF | പുനർജനി - 2

The Author
Featured Books
  • चिंता व्यर्थ है

    होगा वही जो ईश्वर चाहेगा हाँ दोस्तों हमारी यह कहानी आज उन लो...

  • Bewafa Ishq

    ️ Bewafa Ishq ️कहते हैं प्यार इंसान की ज़िंदगी को बदल देता ह...

  • It's all beacuse our destiny make

     किस्मत " Destiny "वेदिका और आर्यन की शादी को दो साल हो चुके...

  • इतिहास के पन्नों से - 8

                                                       इतिहास के...

  • My Alien Husband - 5

    [Location: पार्क के एक कोने में — शाम की हल्की हवा, चारों तर...

Categories
Share

പുനർജനി - 2

ആ നഗരത്തിന്റെ മിന്നിമറയുന്ന വിളക്കുകളിലേക്ക് നോക്കി കുറച്ചു നിമിഷം ആരും ഒന്നും പരസ്പരം മിണ്ടാതെ നിന്നു.

അരുൺ ആണ് മൌനം തകർത്തത്.

അവൻ കൈയിൽ പിടിച്ചിരുന്ന ബിയർ കുപ്പി അല്പം ഉയർത്തി 

“ചിയേഴ്സ്!”

ഒരു ചെറുചിരി അവന്റെ മുഖത്ത് തെളിഞ്ഞു.

അവൻ ഒരു വലിയ സിപ്പ് എടുത്തു, പിന്നെ അല്പം പിന്നോട്ട് ചാരിയിരുന്നു.

“സാരമില്ലടാ… എല്ലാം ശരിയാവും,”

അവൻ ആദിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

ആദി ഒന്നും പറഞ്ഞില്ല.

കണ്ണുകൾ നഗരത്തിന്റെ വിളക്കുകളിൽ കുടുങ്ങിയിരുന്നു.

എങ്കിലും അരുണിന്റെ വാക്കുകൾ അവന്റെ മനസ്സിനുള്ളിൽ പതുക്കെ ഇറങ്ങി തുടങ്ങി.

“ശരിയാകും എന്നൊക്കെ നീ പറഞ്ഞാൽ കേൾക്കാൻ എളുപ്പമാണ് അരുൺ.

പക്ഷെ…”

ആദി വാക്കുകൾ പൂർത്തിയാക്കാതെ നിന്നു.

ശേഷം പതിയെ അവൻ തുടർന്നു. 

“നീ വിശ്വസിക്കുന്നുണ്ടോ, നമ്മളെ കാത്തിരിക്കുന്നത് ശരിക്കും ഒരു നല്ല ജീവിതമാണെന്ന്?”

അരുൺ കുറച്ചു നേരം അവനെ നോക്കി നിന്നു.

“നല്ല ജീവിതം കിട്ടുമോ ഇല്ലയോ എന്നറിയില്ല… പക്ഷേ,

ഇങ്ങനെയൊക്കെ ചോദിച്ചു കൊണ്ട് ഇരുന്നാൽ ഒരിക്കലും ഒന്നും മാറില്ല ആദി.

അരുൺ ശാന്തമായി പറഞ്ഞു.

ആദി തല താഴ്ത്തി.

കുപ്പിയുടെ കഴുത്തിൽ വിരലുകൾ കൊണ്ട് വരകൾ വരച്ചു കൊണ്ടിരുന്നു.

“നിനക്ക് എളുപ്പമാണ് പറയാൻ അരുൺ.

എന്നാൽ എനിക്ക് തോന്നുന്നത് ഓരോ വഴിയും എന്റെ മുമ്പിൽ അടഞ്ഞുപോകുന്നു എന്നതാണ്.

എത്ര ഓടിയാലും, എത്ര ശ്രമിച്ചാലും… ഒരിടത്തും വെളിച്ചം കാണുന്നില്ല.”

അരുൺ തന്റെ കൈ അവന്റെ ചുമലിൽ വെച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.

“അടച്ചുപോകുന്ന വാതിലുകൾക്കു പിന്നിൽ എപ്പോഴും മറ്റൊരു വഴിയുണ്ട്,

പക്ഷേ അത് കാണാൻ ധൈര്യം വേണം, സഹിഷ്ണുത വേണം.

നമ്മൾ വീഴുന്നത് കൊണ്ട് നമ്മൾ ദുർബലരാണ് എന്നല്ല…

വീണാലും വീണ്ടും എഴുന്നേൽക്കാൻ കഴിയുന്നുവെന്നതാണ് നമ്മളെ ജീവിച്ചിരിക്കുന്നവരാക്കുന്നത്.”

നഗരത്തിലെ വാഹനങ്ങളുടെ മുഴക്കം ഇടയ്ക്കു നിശ്ചലതയെ തുളച്ച് കടന്നെങ്കിലും,

ആദിക്ക് അരുണിന്റെ വാക്കുകൾ കേട്ടപ്പോൾ ശരീരം മുഴുവൻ ഒരു ചെറിയ ചൂട് അനുഭവപെടുന്നത് പോലെ തോന്നി.

അവന്റെ കണ്ണുകൾ വീണ്ടും ദൂരെയുള്ള വിളക്കുകളിലേക്ക് തിരിഞ്ഞു.

ഒരുപാട് വർഷങ്ങൾക്കു ശേഷം, ആദ്യമായി —

“ഇനിയും ഒരു വഴി ഉണ്ടാകാം…” എന്നൊരു പ്രതീക്ഷയുടെ വിത്ത് മനസ്സിൽ മുളക്കുന്നത് പോലെ.

അവരുടെ കൈകളിൽ ഇരുന്ന കുപ്പിയിലെ ബീയർ അവസാനത്തേതും ഒഴുകിയെത്തി ശൂന്യമായി.

അരുണ്‌ പതുക്കെ തല ഉയർത്തി ആദിയെ നോക്കി.അവന്റെ കണ്ണുകളിൽ ക്ഷീണത്തിന്റെ ഒരു നിഴൽ വീനിരുന്നു.

“ടാ, വാ… നമുക്ക് റൂമിലേക്ക് പോകാം,”

അവൻ മൃദുവായ സ്വരത്തിൽ പറഞ്ഞു.

ആദി മുഖം തിരിച്ചു നഗരത്തിന്റെ വിളക്കുകളിലേക്ക് നോക്കി നിന്നു.

ഒരു നിമിഷം, ആ അനന്തമായ പ്രകാശസമുദ്രത്തിൽ അവൻ തന്റെ നഷ്ടങ്ങളും വേദനകളും മുഴുവൻ ചേർത്തു.

പിന്നീട്, ശ്വാസം പതുക്കെ വിട്ടുകൊണ്ട് തല ഉയർത്തി അരുണിനെ നോക്കി.

“ഞാൻ കുറച്ചു നേരം ഇവിടെ തനിച്ച് ഇരിക്കട്ടെ അരുൺ…

മനസ്സ് ഒക്കെ ഒന്ന് ശരിയായിട്ട്,

താഴേക്ക് വരാം.”

അവന്റെ ശബ്ദത്തിൽ അല്പം മുരടിപ്പുണ്ടായിരുന്നെങ്കിലും

അതിന്റെ അടിത്തട്ടിൽ ഒരു പൊള്ളുന്ന ആഴം കേൾക്കാമായിരുന്നു.

അരുണ്‌ ആദിയെ കുറച്ചു നേരം കൂടി നോക്കി നിന്നു.

പറയാൻ പല വാക്കുകളും അധരത്തിൽ എത്തി നിന്നെങ്കിലും

അവസാനം ഒരു തലകുനിപ്പിൽ ഒതുങ്ങി.

“ശരി, നീ ഒന്ന് ഇരിക്കൂ… പക്ഷേ വൈകരുത്,”

എന്ന് പറഞ്ഞു അരുൺ പതുക്കെ അവിടെ നിന്നും പോയി.

അരുണിന്റെ ചുവടുകൾ ടെറസ്സിൽ നിന്ന് അകലുമ്പോൾ,

അവിടെ ഒറ്റയ്ക്ക് നിന്ന ആദിക്ക് 

കാറ്റിന്റെ ശബ്ദത്തോടൊപ്പം തന്റെ ഉള്ളിലെ മുഴക്കം കേൾക്കാൻ പാകത്തിലായി.

വിളക്കുകളുടെ നഗരസമുദ്രം

അവന്റെ കണ്ണുകളിൽ അതേ സമയം ആശ്വാസവും വെല്ലുവിളിയും പോലെ തെളിഞ്ഞു.

“എന്തിനാണ്… എന്തിനാണ് എന്റെ ജീവിതം മാത്രം ഇങ്ങനെ?.

ആദിയുടെ കണ്ണുകൾ നഗരത്തിൽ നിറച്ഞ്ഞു നിന്ന വിളക്കുകളിലായിരുന്നു

പക്ഷേ മനസ്സ് ഇരുട്ടിന്റെ കനത്തിൽ മുങ്ങിക്കിടന്നു.

അവന്റെ ചിന്തകൾ അനായാസം അരുണിലേക്ക് വഴുതി.

“എത്ര ഭാഗ്യവാനാണ് അവൻ… അച്ഛൻ, അമ്മ, സഹോദരി 

അവന് എല്ലാവരും കൂടെയുണ്ട്.

അവന് തിരിച്ചു പോകാനുള്ള ഒരിടമുണ്ട്…

പക്ഷേ എനിക്ക്?”

ആ ചിന്തകൾ ആദിയുടെ നെഞ്ചിൽ ഒരു ഭാരമായി കുത്തിനിന്നു.

ഒരിക്കൽ ഉണ്ടായിരുന്ന കുടുംബത്തിന്റെ ഓർമ്മകൾ.

ഇപ്പോൾ വെറും ശൂന്യതയായാണ് അവന്റെ ജീവിതത്തെ ചുറ്റിപ്പിടിക്കുന്നത്.

“എനിക്കെന്താണ് ബാക്കിയുള്ളത്… ആരും തന്നെ ഇല്ലാ

ഒറ്റപ്പെടലിന്റെ ശബ്ദം മാത്രം കൂട്ടിന്.”

അവൻ തല താഴ്ത്തി അവന്റെ കണ്ണുകളിലും ചിന്തകളിലും വിഷാദം വീണു.

ഒരു ആഴത്തിലുള്ള നെടുവീർപ്പ്

അതോടെ അല്പം മനസ്സ് ശാന്തമായെങ്കിലും,

വേദനയുടെ തിരമാലകൾ വീണ്ടും അവനെ പിടികൂടി.

നഗരത്തിന്റെ വിളക്കുകൾ അകലെയെങ്ങോ ഉത്സവമാഘോഷിക്കുന്നതുപോലെ തെളിഞ്ഞു,

പക്ഷേ ആദിക്ക് തോന്നിയത് 

“ഈ ലോകം മുഴുവൻ സന്തോഷിക്കുന്നു…

ഒറ്റയ്ക്ക് ഞാൻ മാത്രം ഇരുട്ടിനോട് പൊരുതുന്നു.”

അവൻ വീണ്ടും പിൻചാരിയിരുന്നു

ചിന്തകളുടെ വലിയ കടലിലേക്ക് അവൻ 

ഒറ്റയ്ക്കായി മുങ്ങി പോയി.

ഒരിക്കൽ തനിക്കും എല്ലാം ഉണ്ടായിരുന്നു 

അരുണിനെ പോലെ തന്നെ ഒരു കുടുംബം.

അച്ഛന്റെ കരുത്തുറ്റ കരങ്ങൾ

അമ്മയുടെ മൃദുവായ സ്പർശം

കുഞ്ഞനുജത്തിയുടെ മധുരചിരി…

സന്തോഷത്തിന്റെ നിറത്തിൽ നിറഞ്ഞ ഒരു കുടുംബം.

പക്ഷേ ആരുടെയോ കണ്ണുദോഷം പോലെ

ഒരു മുന്നറിയിപ്പുമില്ലാതെ വന്ന അപകടം

ആ ലോകം തകർത്തെറിഞ്ഞു.

ഒറ്റ നിമിഷം കൊണ്ടു സന്തോഷത്തിന്റെ വിളക്കുകൾ

ഒന്നൊന്നായി അണഞ്ഞു പോയി.

താൻ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടായിരുന്നു

“ആമി… എന്റെ കുഞ്ഞനുജത്തി

ഇപ്പോൾ നീ എവിടെയാകും?

എങ്ങനെയിരിക്കും?”

അമ്മയുടെ അകലെയുള്ള ബന്ധു അവളെ അന്ന് കൊണ്ടുപോയി 

“അവളെ എടുത്തു കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞപ്പോൾ,

എന്നെയും കൊണ്ടുപോയിക്കൂടായിരുന്നോ?

ഞാൻ മാത്രം എന്തിനാണ് പുറത്താക്കപ്പെട്ടത്?

എന്തിനാണ് ഒറ്റയ്ക്കാക്കപ്പെട്ടത്?”

ആ ചോദ്യം ഇന്നും 

ഒരു ഉത്തരം കിട്ടാത്ത മുറിവായി കത്തിക്കിടന്നു.

രാത്രി വിളക്കുകൾ തെളിഞ്ഞ നഗരത്തെ നോക്കുമ്പോഴും

അവന്റെ കണ്ണുകൾ തേടുന്നത് സഹോദരിയുടെ മുഖമാണ്.

അവളുടെ ചിരി, അവളുടെ സ്വരം,

അവന്റെ ഉള്ളിലെ ശൂന്യത നിറയ്ക്കുന്ന ഏക ഓർമ്മ.

ഇതെല്ലാം ഓർത്തുനോക്കുന്നത് മാത്രമേ ഇനി തനിക്ക് കഴിയുകയുള്ളു.

നഷ്ടപ്പെട്ടത് എന്നും നഷ്ടപ്പെട്ടതുതന്നെ

“ഞാൻ എത്ര ചിന്തിച്ചാലും,

എത്ര കരഞ്ഞാലും,

ആ പഴയ ലോകം തിരിച്ചു വരില്ല.

എന്റെ കുടുംബവും, എന്റെ കുഞ്ഞനുജത്തിയും…

എന്നോട് ഇനി തിരിച്ചു വരില്ല.”

അവന്റെ ഹൃദയം ഭാരം സഹിക്കാനാവാതെ പിടഞ്ഞു.

ഒരു നിമിഷം, നഗരത്തിന്റെ വിളക്കുകൾ കണ്ണുകൾ നിറച്ചിരുന്നെങ്കിലും,

അവന്റെ ഉള്ളിൽ നിഴലുകൾ ഇരുട്ട് പോലെ പടർന്നു നിന്നു.

“നാളെ…”

അവൻ സ്വയം ഉറച്ചു.

“നാളെ കഴിഞ്ഞ് സൂര്യൻ ഉദിക്കുമ്പോൾ ഈ ലോകം കാണാൻ ഞാൻ ഉണ്ടാവില്ല.

ഇനി ഒന്നും സഹിക്കാൻ എനിക്കാവില്ല.

ഈ ലോകം എന്നെ തോൽപ്പിച്ചു കഴിഞ്ഞു എല്ലാവിധത്തിലും.”

അതേ സമയം,

അവന്റെ കണ്ണുകളിൽ ഒരു തീപ്പൊരി തെളിഞ്ഞു.

“അവസാനിക്കും മുൻപ്,

ഒരിക്കൽക്കൂടി തനിക്ക് പൊരുതി നോക്കണം.

ജീവിതം എന്നോട് ജയിക്കാനാവില്ലെന്ന് പറഞ്ഞാൽ…

ഞാനാണ് ഈ ജീവിതത്തെ അവസാനിപ്പിക്കുക.

മനസ്സിൽ ഉറച്ച തീരുമാനം എടുത്ത് 

തലയുയർത്തി അവൻ നഗരത്തെ നോക്കി.

വീണ്ടുമൊരു വെല്ലുവിളിയായി വിളക്കുകൾ അവന്റെ മുമ്പിൽ വിരിഞ്ഞു.

സമയം കടന്നുപോയെന്നറിയാതെ ഇരുന്ന ആദി

പെട്ടെന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ

സമയം രാത്രി പത്തുമണി കഴിഞ്ഞിരുന്നു.

അവൻ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു.

ടെറസ്സിൽ നിന്നും ഇറങ്ങി 

നിശ്ശബ്ദമായി റൂമിലേക്കു നടന്നു.

ആദി കതക് തുറന്ന് അകത്ത് കയറിയപ്പോൾ

അരുൺ തന്റെ വീട്ടിലേക്ക് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു.

അരുണിന്റെ മുഖത്ത് അല്പം ആശ്വാസവും

ശബ്ദത്തിൽ സ്നേഹത്തിന്റെ ചൂടും നിറഞ്ഞിരുന്നു.

“അമ്മേ, ഞാൻ ഓക്കേ ആണ്… അതെ, ഇനി വൈകാതെ വരാം.”

ആ വാക്കുകൾ കേട്ടപ്പോൾ ആദിയുടെ ഹൃദയം കീറിപ്പോയി.

അവന് തോന്നി,

ലോകത്തിലെ എല്ലാവർക്കും ആരോ ഒരാൾ ഉണ്ടെന്നു,

പക്ഷേ തനിക്കാരും ഇല്ല.

ഒറ്റപ്പെടലിന്റെ കുത്തുകൾ

അവന്റെ ഉള്ളിൽ പതുക്കെ രക്തം വാർത്തു വേദനിപ്പിച്ചു.

അവൻ ഒന്നും മിണ്ടാതെ 

മന്ദഗതിയിൽ ബെഡിലേക്ക് നടന്ന് ചെന്നു.

അവിടെ വീണു കിടന്നപ്പോൾ

വേദനയുടെ ഭാരം സഹിക്കാനാവാതെ

കണ്ണുകൾ സ്വയം മൂടി.

ആദി മനസ്സിൽ ചിന്തിച്ചു തുടങ്ങി 

“ഇവിടെ എനിക്ക് ആരും ഇല്ല.

എനിക്കായുള്ളൊരു ശബ്ദമില്ല ഒരു കാത്തിരിപ്പുമില്ല…

ഇനി തനിക്ക് എത്രകാലം ഇങ്ങനെ തുടരാൻ കഴിയും?”

ആ ചിന്തകൾ അവന്റെ നെഞ്ചിൽ

ഒരു ഭാരമുള്ള കല്ലുപോലെ അടിഞ്ഞു നിന്നു.

പല ചിന്തകളുടെ പാളികളിൽ കുടുങ്ങി കിടന്ന ആദി

ശേഷം മെല്ലെ മെല്ലെ ഉറക്കത്തിന്റെ ഇരുണ്ട പടുകുഴിയിലേക്ക് തള്ളിയിടപ്പെട്ടപോലെ മുങ്ങിപ്പോയി.

രാത്രിയുടെ ആഴങ്ങളിലൊരിടത്ത്

അവന്റെ സ്വപ്നങ്ങൾ വീണ്ടും വാതിൽ തുറന്നു.

ചുറ്റും കറുപ്പ് മാത്രം.

ആ ഇരുട്ട്, വെറും അന്ധകാരമല്ല 

ഒരു ജീവിയാണ്

അവനെ വിഴുങ്ങാൻ പതുക്കെ അടുത്തെത്തുന്ന ഭീതി നിറഞ്ഞ രൂപം.

ആദി ഓടിത്തുടങ്ങി.

അവന്റെ കാലുകൾ നിലത്തു പതിക്കുന്നില്ലെന്നപോലെ

എത്ര ഓടിയിട്ടും ഒരേ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നു.

“എവിടേക്ക് ഓടുന്നു?

നീ രക്ഷപ്പെടുമോ?” —

ഇരുട്ട് തന്നെ ചോദ്യംചെയ്യുന്നുണ്ടെന്നു തോന്നി.

തണുത്ത കാറ്റ് അവന്റെ നെഞ്ചിലൂടെ കുത്തിയിറങ്ങി.

പെട്ടെന്ന് 

ആ അനന്തമായ ഇരുട്ടിൽ

മിന്നൽ പോലെ ഒരു വെളിച്ചം.

അവിടെ നിന്ന് ഉയർന്ന സ്വരം 

തണുപ്പ് തുളച്ചുകയറുന്ന

എന്നാൽ അവന്റെ ആത്മാവിൽ നേരെ പതിക്കുന്ന ഒരു വിളി:

“ദേവാ…”

ആദി വിറച്ചു നിന്നു.

ആ സ്വരം,

ഒരു പ്രാർത്ഥനയോ,

ഒരു ഓർമയുടെ വിളിയോ,

അവന്റെ ഹൃദയത്തിനുള്ളിൽ ആഴത്തിൽ പതിഞ്ഞിരുന്ന ആരുടെയോ നിലവിളിയോ.

ആരാണ് ദേവൻ....?

അവൻ തിരിഞ്ഞു നോക്കി 

പക്ഷേ ഇരുട്ടിനകത്ത് ആരും ഇല്ല.

വെറും ശബ്ദം മാത്രം

അവന്റെ ഉള്ളം തുളച്ച് വീണ്ടും മുഴങ്ങുന്ന ശബ്ദം.

“ദേവാ…”..........(തുടരും)