Priya's journey in Malayalam Crime Stories by CHINCHU LAKSHMI books and stories PDF | പ്രിയയുടെ യാത്ര

Featured Books
Categories
Share

പ്രിയയുടെ യാത്ര

ഈ ഹർത്താൽ ദിവസം നീ എങ്ങോട്ടാണ് പോകുന്നത്? അതോ ഹർത്താൽ ആണെന്ന് നീ ഓർത്തില്ലേ ?

26 ന് ഹർത്താൽ ആണെന്ന് എപ്പോഴും ടിവിയിൽ പറയുവല്ലേ.

രണ്ട് ദിവസം കൂടിയേ ചലച്ചിത്ര മേള ഉള്ളൂ. ഇന്ന് ഓസ്കാർ നോമിനേഷൻ ലഭിച്ച സിനിമയാണ് പ്രദർശിപ്പിക്കുന്നത്. .

ഹർത്താൽ ആയതുകൊണ്ട് ഇതൊന്നും നടക്കാൻ പോകുന്നില്ല കുഞ്ഞേ.

ഈ പരിപാടിയൊന്നും മാറ്റിവെയ്ക്കില്ല അമ്മേ എന്നു പറഞ്ഞുകൊണ്ട് പ്രിയ പോയി.

ഹർത്താൽ ആയിട്ട് മേള എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുന്നു. അഞ്ജലി മേനോനെ പോലെ വല്ല സംവിധായകയാകാൻ ഇവൾക്ക് ഉദ്ദേശം ഉണ്ടോ അമ്മ മനസ്സിൽ ഓർത്തു.

പ്രിയ ഒരു മണിക്കൂർ ബസ് നോക്കി നിന്നു. ഭദ്രയും മാധവും കൃഷ്ണ ബസ്സും ഒക്കെ വരേണ്ട സമയം കഴിഞ്ഞു. ഇനി നിന്നിട്ട് പ്രയോജനം ഇല്ല എന്ന് പ്രിയയ്ക്ക് മ നസ്സിലായി. വളരെ ദൂരെ ഒരു ഓട്ടോ കിടക്കുന്നത് പ്രിയ കണ്ടു. ഓട്ടോ കിടക്കുന്ന ഭാഗത്തേക്ക് പ്രിയ നടന്നു. പ്രിയ ഓട്ടോയുടെ അടുത്ത് എത്തി. ഹരിത എന്നാണ് ഓട്ടോയുടെ പേര്.

ഓട്ടോയിൽ ആരും ഇല്ലായിരുന്നു. പെട്ടെന്ന് ചേച്ചി എന്ന് വിളിച്ചുകൊണ്ട് ഒരാൾ ഓടിവന്നു. ഹർത്താൽ ആയതുകൊണ്ട് ഞാൻ അപ്പുറത്ത് ഒളിച്ചു നിൽക്കുക ആയിരുന്നു. എങ്ങോട്ടാണ് ചേച്ചി പോകേണ്ടത്? ഈ ഓട്ടോയിൽ കയറാൻ പ്രിയയ്ക്ക് മടി തോന്നി. മറ്റു വണ്ടികൾ ഇല്ലാത്തതുകൊണ്ട് തന്നെ പ്രിയ ഈ വണ്ടിയിൽ തന്നെ കയറി.

ഹർത്താൽ ദിവസം ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആർക്കായാലും മടി തോന്നും .ചേച്ചി മടിക്കണ്ട. ഇന്നത്തെ ദിവസം ഞാൻ പുറത്തിറങ്ങിയത് ഹർത്താൽ ബഹിഷ്കരിക്കാൻ അല്ല. എന്റെ പഠനത്തിനുള്ള പണം കണ്ടെത്തുന്നത് ഞാൻ തന്നെയാണ്. വീട്ടുകാരുമായി ചെറിയ ഒരു പ്രശ്നം ഉണ്ട് .വീട്ടുകാർ പറഞ്ഞ കോഴ്സിനു പോയില്ല .ഫോട്ടോഗ്രാഫിയാണ് എന്റെ ഇഷ്ട മേഖല . അതുമായി ബന്ധപ്പെട്ട കോഴ്സ് ആണ് ഞാൻ പഠിക്കുന്നത്. ഇത് പഠിക്കാൻ ഒത്തിരി രൂപ ആവശ്യമാണ്. ചേച്ചിയ്ക്ക് ഈ വണ്ടിയിൽ കയറാൻ ഒരു മടിയുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്.

പ്രിയ പോകേണ്ട സ്ഥലം പറഞ്ഞു. ഇവിടെനിന്ന് അരമണിക്കൂർ യാത്ര ഉണ്ട് ഓട്ടോക്കാരൻ പറഞ്ഞു. ഫോൺ നമ്പരും പേരും വണ്ടി നമ്പരും പറയണേ. ഇനി യാത്രയുള്ളപ്പോൾ വിളിക്കാമല്ലോ . എന്റെ കൂട്ടുകാരോടും പറയാം. ഓട്ടോക്കാരൻ പറഞ്ഞ കാര്യങ്ങൾ പ്രിയ ഫോണിൽ സേവ് ചെയ്തു. ഇപ്പോൾ ചേച്ചിയ്ക്ക് എന്നെ വിശ്വാസം ആയി അല്ലേ? പ്രിയ അതെ എന്ന അർത്ഥത്തിൽ നോക്കി.

പ്രിയ ശ്രീനാഥിനെ ഫോൺ വിളിച്ചു. ഔട്ട് ഓഫ് കവറേജ് പറഞ്ഞു. ശ്രീനാഥ് പ്രിയയുടെ ഭാവി വരൻ ആണ്. ഇരുവരുടെയും മോതിരം മാറ്റൽ ഒരു വർഷം മുമ്പ് കഴിഞ്ഞതാണ്. പ്രിയയുടെ അമ്മാവനും അമ്മായിയും കൊണ്ടുവന്ന ആലോചനയാണ് ഇത്. ശ്രീനാഥ് ഒരു ടീച്ചറാണ്.

ചേച്ചി ഇനി യാത്ര തുടരാൻ കഴിയില്ല. കുറേയെണ്ണം വരുന്നുണ്ട്. അപ്പോഴേക്കും 10 - 15 പേർ വന്ന് ഓട്ടോ തടഞ്ഞു. ആയുർവേദ മെഡിക്കൽ കോളേജിൽ എന്റെ ഒരു ബന്ധു അഡ്മിറ്റ് ആണ്. ഞാൻ അവർക്ക് ആഹാരം കൊടുത്തിട്ട് വരികയാണ്.

നല്ല കാര്യം. ഇനി നടന്ന് വീട്ടിൽ പോകൂ ഓട്ടോ തടയാൻ വന്നവരിൽ ഒരാൾ പ്രിയയോട് പറഞ്ഞു. നീ ഓട്ടം നിർത്തിയിട്ട് വേഗം വീട്ടിൽ പോകൂ. ഹർത്താൽ ആയിട്ട് നീ ചെയ്തത് ഒരു സേവനം. ഇതിന് പൈസ വാങ്ങണ്ട. ഓട്ടോ തടയാൻ വന്നവരിലെ നേതാവ് ഓട്ടോക്കാരനോട് പറഞ്ഞു. ഞാൻ ഗൂഗിൾ പേ ചെയ്തോളാം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പ്രിയ ഓടിപ്പോയി. അവർ ഉപദ്രവിച്ചില്ലല്ലോ എന്ന സന്തോഷത്തോടെ പ്രിയ നടന്നു.

ഇന്ന് സിനിമ കാണാൻ ഇറങ്ങിയതാണ്. എങ്ങനെയെങ്കിലും ചലച്ചിത്രമേള നടക്കുന്ന സ്ഥലത്ത് എത്തണം. ഇങ്ങനെ ചിന്തിച്ചുകൊണ്ട് പ്രിയ മുന്നോട്ട് നടന്നു. ഹർത്താൽ ആയതുകൊണ്ട് തന്നെ സ്കൂൾ കുട്ടികളും ജോലിയ്ക്ക് പോകുന്നവരും എല്ലാം വീട്ടിൽ തന്നെ ഉണ്ട്. പ്രിയ ഓരോരോ കാഴ്ചകൾ ആസ്വദിച്ച് നടന്നു. വണ്ടികൾ ഇല്ലാത്തതുകൊണ്ട് എല്ലാവരും റീൽസ് എടുക്കുന്ന തിരക്കിലാണ്. വീണുകിട്ടിയ ഒരു ദിവസം ആളുകൾ ശരിക്കും മുതലാക്കുന്നുണ്ട്. ഒരിടത്ത് ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഡാൻസ് കളിക്കുന്നു. ഒമർ ഖയാമിൻ എന്ന വരി ഉയർന്നു കേൾക്കുന്നുണ്ട് . ചിലയിടത്ത് ഗ്രൂപ്പ് ഡാൻസ് നടക്കുന്നു. കാഴ്ചകൾ കണ്ടു രസിച്ച് പ്രിയ അഞ്ചാറ് കിലോമീറ്റർ നടന്നു. ഇനി ഒരടി പോലും നടക്കാൻ വയ്യ. ഉപ്പിട്ട് ഒരു സോഡാ കുടിക്കാൻ പ്രിയയ്ക്ക് തോന്നി.

മുക്കവലയിൽ 30 ഓളം ആളുകൾ നിൽക്കുന്നത് പ്രിയ ശ്രദ്ധിച്ചു. സൈക്കിളിൽ വന്ന ഒരു പാവം അപ്പച്ചനെ അവർ ശകാ രിക്കുന്നു. ആ പാവം ചൂണ്ടയിട്ട് പിടിച്ച മീനുകൾ വലിച്ചെറിഞ്ഞു . ആ അപ്പച്ചൻ ഒന്നും പറയാതെ അവിടെനിന്നു ഓടിപ്പോയി.

ഇപ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കാം. പ്രിയ മനസ്സിൽ തീരുമാനിച്ചു. പ്രിയ ആ ചുറ്റുപാട് നിരീക്ഷിച്ചു. പടിഞ്ഞാറ് വശത്ത് കാണുന്ന സ്കൂൾ കെട്ടിടത്തിൽ ഒളിക്കാം. പ്രിയ മനസ്സിൽ ഉറപ്പിച്ചു. പ്രിയ അങ്ങോട്ട് നടന്നു. സ്കൂൾ മുറ്റത്ത് കൂടി കുറച്ചുനേരം നടന്നു.

"അഖിലാണ്ഡ മണ്ഡപം അണിയിച്ചൊരുക്കി" എന്ന ഗാനം അവിടെ കേൾക്കുന്നതുപോലെ പ്രിയയ്ക്ക് തോന്നി . പണ്ടൊക്കെ ഒട്ടുമിക്ക സ്കൂളുകളിലും ഈ ഗാനമാണല്ലോ പാടുന്നത്. പ്രിയ ഒരു ക്ലാസ്സ് മുറിയിൽ കയറി ഇരുന്നു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തന്റെ കൂട്ടുകാരി അനറ്റുമായി നടന്നതും, കളിച്ചതും, ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചതും എല്ലാം പ്രിയ ഓർത്തു.

കുറെ ആളുകളുടെ സംസാരം പ്രിയ കേട്ടു. തന്നെ പിന്തുടർന്ന് ആരെങ്കിലും ഇവിടേക്ക് വ ന്നു കാണുമോ? പ്രിയ ചിന്തിച്ചു .സംസാരം കേട്ട ഭാഗത്തേക്ക് പ്രിയ നടന്നു. കുറേ കുട്ടികളും അഞ്ചാറ് പുരുഷന്മാരും ഒരു സ്ത്രീയും ഒരു ക്ലാസ്സ് മുറിയിൽ നിൽക്കുന്നു. ഇവരൊക്കെ ആരായിരിക്കും? പ്രിയ തന്നോട് തന്നെ ചോദിച്ചു. പ്രിയ അവരുടെ സംഭാഷണം കേൾക്കാൻ മുന്നോട്ട് നീങ്ങി നിന്നു.

"ഇത് 26 കുട്ടികൾ ഉണ്ട്, ഒന്നിന് പതിനായിരം രൂപ വെച്ച് കിട്ടണം" ഇത് പറഞ്ഞ ആളെ കണ്ട് പ്രിയ ഞെട്ടി .

ശ്രീനാഥ്

എന്താണ് അവിടെ നടക്കുന്നത് എന്നറിയാൻ പ്രിയ അല്പം കൂടി നീങ്ങി നിന്നു. 10000 രൂപ കൂടുതലാണ് ശ്രീനാഥ്. അവിടെ നിന്നതിൽ ഒരാൾ ശ്രീനാഥിനോട് പറഞ്ഞു. ഈ 26 കുട്ടികൾക്ക് നമ്മൾ ഈ മിഠായി നൽകും. ആൾ ഒന്നിന് 3 മിഠായി വീതം നൽകും. അ ടുത്ത ആഴ്ച മുതൽ ഇവർ ഓരോരുത്തരും 50 പേരിലേക്ക് എത്തിക്കണം. ഇതാണ് നമ്മുടെ പ്ലാൻ. അവരുടെ കൂട്ടത്തിലെ താടിക്കാരൻ പറഞ്ഞു.

ശ്രീ...

പ്രിയയുടെ ഒച്ച അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചു. ശ്രീ എന്താണ് ഇവിടെ നടക്കുന്നത് എന്ന ചോദ്യം ഞാൻ ഒഴിവാക്കുന്നു . ഇവിടെ നടക്കുന്ന പരിപാടി എനിയ്ക്ക് മനസ്സിലായി.

ഒരു അധ്യാപകനായ നീ എങ്ങനെ ഇവർക്കിടയിൽ വന്നുപെട്ടു. ശ്രീ നിനക്ക് ഈ കുട്ടികളോട് അക്കൗണ്ടബിലിറ്റി ഇല്ലേ? ഈ സമൂഹത്തിനോട് അക്കൗണ്ടബിലിറ്റി ഇല്ലേ?

പ്രിയ എനിയ്ക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. നമ്മുടെ വിവാഹത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അച്ഛന്റെ ഹെർണിയയുടെ ഓപ്പറേഷൻ ചെയ്യണം. വീടിന്റെ കുറച്ചു പണികൾ പൂർത്തിയാക്കാൻ ഉണ്ട്. അത് ചെയ്യണം. ഇനി ഒരു വാചകം കൂടി പറയാൻ പ്രിയ ശ്രീനാഥിനെ സമ്മതിച്ചില്ല. അവൾ ഇടയ്ക്ക് കയറി പറഞ്ഞു.

" ഈ 26 കുട്ടികൾ നാളെ 126 ആകും. അത് വളർന്ന് ആയിരത്തി ഒരുനൂറ്റി ഇരുപത്തിയാറ് കുട്ടികൾ ആകും ഇനിയും വളർന്ന് ഒരു ലക്ഷത്തി ഇരുപത്തിയാറ് ആകും ".

പ്രിയ എന്റെ പ്രശ്നങ്ങൾ ഞാൻ പറഞ്ഞു കഴിഞ്ഞു. പ്രിയയുടെ വാക്കുകൾ കേട്ട് അവിടെയുള്ള ഓരോരുത്തരും അസ്വസ്ഥരായി.

തങ്ങൾക്ക് മിഠായി തരാൻ സമ്മതിക്കാത്ത ചേച്ചിയോട് കുട്ടികൾക്ക് ദേഷ്യം ആയി. ചില കുട്ടികൾ കരഞ്ഞു . പല്ലു പറിക്കുന്ന ഡോക്ടർ പറഞ്ഞു വിട്ടതാണോ ചേച്ചിയെ ഞാൻ മിഠായി കഴിക്കുന്നോ എന്നറിയാൻ? ഒരു കുട്ടി വിഷമത്തോടെ ചോദിച്ചു.

ഇത് നല്ലതിനല്ല പ്രിയ ശ്രീനാഥ് പറഞ്ഞു. ശ്രീ ഒരേ ഒരു കാര്യം ചിന്തിക്ക് നാളെ ഒരു കാലത്ത് ഇങ്ങനെ നിൽക്കുന്നത് നമ്മുടെ കുഞ്ഞുങ്ങൾ ആണെങ്കിലോ?

പ്രിയ...

എന്താ ശ്രീ ? അങ്ങനെ സംഭവിക്കില്ല എന്നുണ്ടോ? ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം അല്ലേ? അങ്കമാലിയിലുള്ള എന്റെ അമ്മാവൻ പോലീസ് സൂപ്രണ്ട് ആണ്. ഞാൻ ഈ കാര്യങ്ങൾ എല്ലാം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് . അവർ ഉടനെ ഇവിടെ എത്തും. ശ്രീ ഇതിൽ ഉൾപ്പെട്ടിട്ടുള്ളത് കൊണ്ടാണ് ഞാൻ ഈ വിവരം തുറന്നു പറഞ്ഞത്. അവന്മാർ പ്രിയയുടെ വാക്കുകൾ കേട്ട് എങ്ങോട്ടോ പോയി .

വാ പ്രിയ നമുക്ക് ഈ കുട്ടികളെ അവരുടെ വീട്ടിൽ എത്തിക്കണം. നാടക പരിശീലനം എന്നു പറഞ്ഞാണ് ഇവരെ ഇവിടെ എത്തിച്ചത്. ഇവർക്ക് ഒന്നും മനസ്സിലായിട്ടില്ല. ശ്രീ പ്രിയയോട് ആശ്വാസത്തോടെ പറഞ്ഞു.

പ്രിയ നിന്റെ അങ്കമാലിക്കാരൻ അമ്മാവൻ പ്രധാനമന്ത്രിയാണെന്ന് പറയാത്തത് ഭാഗ്യം. ചെറുചിരിയോടെ അവർ അവിടെ നിന്ന് ഇറങ്ങി.