Invincible in Malayalam Short Stories by Sarangirethick books and stories PDF | അപരാജിതൻ

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

അപരാജിതൻ

അപരാജിതൻ

അവൻ അന്നും ഉറങ്ങിയത് മുത്തശ്ശിയുടെ അർജ്ജുനപ്പത്ത് കേട്ട് തലമുടിയിഴകളിലെ തലോടലും അനുഭവിച്ചാണ്. എന്നും അമ്മയേക്കാൾ മുത്തശ്ശിയെ ആയിരുന്നു ഇഷ്ട്ടം, അതങ്ങനെ അല്ലാതെ വരില്ലല്ലോ. മാസം, എ. ടി.എം. ഛർദിക്കുന്ന നോട്ടുകളുടെ മണം മാത്രമായിരുന്ന അമ്മ, പ്രസവിച്ച് പതിനാറാം നാൾ പിഞ്ചുപൈതലിന്റെ കരച്ചിലിനേക്കാൾ ആറക്ക ശമ്പളത്തിന് പ്രാധാന്യം നൽകി, അച്ഛനൊപ്പം വിദേശത്തേയ്ക്ക് പറന്നപ്പോൾ, കൂട്ടിരിയ്ക്കാനും നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് ചൂടുനൽകാനും പിന്നെ കുപ്പിപ്പാൽ ഇറ്റിച്ചു നൽകാനും മുത്തശ്ശിയല്ലാതെ ആരും ഉണ്ടായിരുന്നില്ലല്ലോ.

സമ്പാദിക്കാനും പിടിച്ചെടുക്കാനും മത്സരിക്കാനും ഉള്ള നെട്ടോട്ടങ്ങളിൽ, സ്വപ്നങ്ങളും, പിടിച്ചുനടക്കാനുള്ള ചൂണ്ടുവിരലും, താരാട്ട് പാട്ടും നഷ്ടമാക്കി പൈതങ്ങളെ അല്ലേ, മാറ്റിനിർത്താൻ കഴിയൂ, അതിനിടയിൽ വല്ലാതെ ഒറ്റപ്പെടുന്ന അവന്റ നെറുകയിൽ തലോടലായും, പകച്ചു പോകുന്ന മനസിലേയ്ക്ക് ധൈര്യം വിളമ്പുന്ന മിത്തുകളുടെ ഘോഷയാത്രയായും പെയ്തിറങ്ങാൻ മുത്തശ്ശിമാർ കൂടി ഇല്ലങ്കിൽ, അതോർക്കുമ്പോൾ പരിമിതൻ വല്ലാതെ വിയർക്കും.

അർജ്ജുനൻ ആയിരം അസ്ത്രങ്ങൾ തൊടുത്ത് പതിനായിരമാക്കുന്ന പാണ്ഡുപുത്രൻ, അവന് എന്നും വിസ്മയമായിരുന്നു, അവന്റെ അപരനാമങ്ങൾ ആവേശവും. പേടികൊണ്ട് വിറച്ചിരുന്ന ബാല്യകാല രാവുകളിൽ മുത്തശ്ശി അടുത്തുകിടന്ന് അവയെ തേന്മഴയായി കാതിലേയ്ക്ക് പകരുമ്പോൾ ചിന്നം വിളിയ്ക്കുന്ന മദയാനകളുടെയും, ചിനച്ചുകൊണ്ട് ശീഘ്രം കുതിയ്ക്കുന്ന കുതിരകളുടെയും മുറിവേറ്റുവീഴുന്ന പടയാളികളുടെ ആർത്തനാദങ്ങളുടെയും ഇടയിൽ ഒരു പോരാളിയുടെ മനസ്സുമായി ഇറങ്ങി നടന്ന് പതിയെ ഉറക്കത്തിലേയ്ക്ക് ഊളിയിട്ടിരുന്നു എന്നും..

ആരും അറിയാതെ വളർന്നു വടവൃക്ഷമായ പകയുടെ ആൽമരക്കൊമ്പുകളിൽ വാൽനീട്ടി ഇരുന്ന് പരിമിതൻ, ബാല്യവും കൗമാരവും കടന്ന് യൗവനത്തിലേക്ക് എത്തുമ്പോൾ പുറമെ സൗമ്യനും പഠിയ്ക്കാൻ മിടുക്കാനുമായ കുട്ടിയായിരുന്നു. പ്രൊഫഷണൽ ഡിഗ്രി റാങ്കോടെ പാസ്സായ നാളെയുടെ വാഗ്ദാനമായി വാഴ്ത്തപ്പെട്ട ചെറുപ്പക്കാരൻ.

പകയുടെ വിഷം, മനസ്സിൽ വിത്തിട്ട് മുളച്ചത് നഗരത്തിലെ കോൺവെന്റുകാർ നടത്തിയിരുന്ന മുന്തിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കിന്റർ ഗാർഡനിൽ നിന്നായിരുന്നു, അവിടെ മുതിർന്ന ക്‌ളാസ്സുകളിലേയ്ക്ക് ഉയർന്നപ്പോൾ അതും കൂടെക്കൂടി. അച്ഛന്റെ കൈപിടിച്ച് നടന്നുവരുന്ന കുട്ടികളുടെ കാഴ്ചയും, അമ്മിഞ്ഞപ്പാൽ മണമുള്ള കഥനങ്ങളോടുള്ള വെറുപ്പിലും തുടങ്ങിയ അത് അവനോടൊപ്പം അവനെക്കാൾ വളർന്നത് ആരും അറിഞ്ഞില്ല.

പിന്നെ അടുത്ത സഹപാഠിയുടെ ചന്തിയിലെ പെൻസിൽ മുനയുടെ മുറിവായും, ക്‌ളാസ്സിലെ സുന്ദരിയായ വാനമ്പാടിയെ ചുംബിക്കുന്നതിലേയ്ക്കും നീണ്ടെങ്കിലും മുത്തശ്ശന്റെ പേരും പിടിപാടും അതെല്ലാം ക്‌ളാസ്മുറികളിൽ ഒതുക്കി. പക, മനസിലെ മുത്തശ്ശിയുണ്ടാക്കിയ വിശുദ്ധ ബിംബകല്പനകളുടെ അവഹേളനത്തിനെതിരെയുള്ള തീയായും പിന്നെ സ്വയംപ്രഖ്യാപിത സംസ്കാര സംരക്ഷക വേഷത്തിലേയ്ക്കും വളർന്നത് തിരിച്ചറിയാൻ പൊതുപ്രവർത്തകനും പ്രമാണിയുമായ മുത്തശ്ശന് സമയവും ഉണ്ടായിരുന്നില്ല.

പൂക്കളുടെയും, വെണ്ണക്കള്ളനായ കൃഷ്ണന്റെയും പ്രൊഫൈൽ പിച്ചറുകളിൽ ഒളിച്ചിരുന്ന നിർദോഷകമന്റോളിയായി തുടങ്ങി, നവമാധ്യമ സഞ്ചാരിയായ ഭിക്ഷാടകന്റെ ഉള്ളിലെ കത്തുന്ന അഗ്നി തിരിച്ചറിഞ്ഞത്, മുഖമില്ലാത്ത വാലുകൾ നീട്ടിയ വരേണ്യ വാൽമാക്രികളുടെ പ്രൊഫൈൽ കൂട്ടായ്മകളിൽ ആയിരുന്നു, അവനെപ്പോലെ തിളയ്ക്കുന്ന ചോര മനസ്സിൽ കൊണ്ടു നടന്ന് തലച്ചോറുകൊണ്ട് ചിന്തിക്കാതെ വികാരം കൊണ്ട് ചിന്തിച്ചിരുന്ന കുറേപ്പേർ. അവരുടെ വാക്കുകളിൽ ഉത്തേജിതനായി സ്വയം മുളപ്പിച്ച വാലുകളുമായി കമന്റുകളിൽ തീ പടർത്തിയ അവനെ പിന്തുടർന്നെത്തിയവർ, സുഹൃത്ത് ലിസ്സിൽ റിക്വസ്റ്റുമായി വരിനിന്നപ്പോൾ അവനും വൈറലായി. ലിംഗവ്യത്യാസമില്ലാതെ (കൂട്ടത്തിൽ കുലമില്ലാത്ത കുലദേവിമാരും) പിന്നാലെ വന്നവരിൽ അവൻ വിജ്രംഭിതനായി.

സംസ്കാര ചിഹ്നമായി തെറ്റിദ്ധരിക്കപ്പെട്ട, ബിംബങ്ങളിൽ കുറ്റം ആരോപിക്കുകയും അത് പ്രചരിപ്പിക്കുകയും ചർച്ചയാക്കി വിശാരദരാവുകയും ചെയ്യുന്ന ഓരോ പ്രൊഫൈലിന്റെ പിന്നാലെയും രഹസ്യാന്വേഷകന്റെ മനസ്സോടെ അവൻ മണ്ടിനടന്നു. അവർക്കായി മനസ്സിന്റെ കുരുക്ഷേത്രത്തിൽ ഒരു യുദ്ധഭൂമി സൃഷ്ടിച്ച്, അതിലൂടെ അശ്വമേധത്തിന്റെ തേരുരുട്ടി. മുന്നിൽ നിരന്നവരെ നോക്കി ഒരു സവ്യസാചിയായി അവൻ നവമാധ്യമങ്ങളിൽ പോരാടി. അമ്പേറ്റ് പിടഞ്ഞ അവരിൽ ദ്രോണരെയും, ഭീഷ്മരെയും പോലുള്ള മഹാരഥന്മാരുടെ മുഖമൂടി അണിയിച്ച് അവൻ കൊടിക്കൂറയിൽ നിന്ന് ഉയരുന്ന ഹനുമാന്റെ ഗർജ്ജനത്തിനും, പാർത്ഥസാരഥിയുടെ പുഞ്ചിരിയ്ക്കുമായി കാതും കണ്ണും തുറന്നുവച്ചു. തൂണീര മഴയുടെ ശക്തിയിൽ പിടയുന്ന ധൃതരാഷ്ട്ര പുത്രരെ ഭീമൻ ഗദയുമായി മാറുപിളർക്കുന്നത് ഓർത്ത് സായൂജ്യമടഞ്ഞു. അപ്പോഴും വീട്ടിൽ അവൻ മുത്തശ്ശിയുടെ സുന്ദരവാവ മാത്രമായിരുന്നു.

മരിച്ചു വീഴുന്ന മഹാരഥരെ വീരസ്വർഗ്ഗത്തിൽ പോയി വെല്ലുവിളിക്കാനും, അവിടെ ദേഹത്തോടെ സ്വർഗ്ഗാരോഹണം നടത്താനും അവൻ വെമ്പി. അവിടേയ്ക്കുള്ള പുണ്ണ്യത്തിന്റെ കെട്ടുകളിൽ ദ്രവ്യങ്ങൾ നിറയ്ക്കാനും, പാപകെട്ടിന്റെ ഭാരം കുറയ്ക്കാനും അവൻ നെട്ടോട്ടമോടി.. അതിനായി തൃഗർത്ത സൈനികരെ അവരുടെ മാളത്തിൽ കയറി ആക്രമിച്ചു, ജയദ്രഥൻമാരുടെ തലകളരിഞ്ഞു ചോര പിതാക്കന്മാരുടെ കൈകളിൽ തീർത്ഥമായി അർപ്പിച്ചു. വിജയസീമകളിൽ ആഹ്ലാദ നൃത്തം ചവുട്ടുമ്പോഴും പുതിയ യുദ്ധമുഖങ്ങൾ സിരകളിൽ ആവേശത്തിന്റെ പതിനെട്ടാംപടികൾ കാട്ടിക്കൊടുത്തു. അവന്റെ വാൽമാക്രി കൂട്ടായ്മകളിലെ ആചാര്യന്മാർ ശകുനിയായി കൂടുവിട്ട് കൂടുമാറ്റം നടത്തി ചൊല്ലിക്കൊടുത്തത് കള്ളച്ചൂത് എന്ന് അവനറിയില്ലായിരുന്നു.
കഴിഞ്ഞുപോയ അവധിയിൽ ഡാഡി വാങ്ങിക്കൊടുത്ത പുത്തൻ ഹാർഡിലെ ഡേവിസൺ ബൈക്കുമായി ചുറ്റാൻ ഇറങ്ങുമ്പോൾ സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. അങ്ങകലെ അവനെ കാത്തിരുന്ന സുഹൃത്തുക്കൾക്ക് ഇടയിലേയ്ക്ക് ബൈക്കുമായി എത്തി അവരുമായി ദൂരേയ്ക്ക് വണ്ടിയോടിക്കുമ്പോൾ മനസ്സ് വെളുത്തകുതിരയെ പൂട്ടിയ തേർത്തട്ടിൽ നെഞ്ചുവിരിച്ചു നിൽക്കുന്നപോലെയും കഴുത്തിന് പിന്നിൽ ഷർട്ടിനുള്ളിലായി ഒളിപ്പിച്ച കരവാൾ ഗാണ്ഡീവം ധരിച്ചപോലെയും ആയിരുന്നു, മുന്നിൽ ധൃഷ്ടദ്യുമ്നനും ദ്രുപദരും, ശിഖണ്ഡിനി രൂപമാർന്ന അംബയും, വശങ്ങളിൽ സഹോദരന്മാരും പിന്നാലെ പുത്രസ്ഥാനികളും അനുധാവനം ചെയ്യുന്നതും സങ്കൽപ്പിച്ച് അവൻ ദേവദത്തം മുഴക്കി. കൂട്ടുകാരുടെ കലപില, അനന്തവിജയത്തിന്റെയും, പൗണ്ഡ്രത്തിന്റെയും സംഗീതമായി കോൾമയിർ കൊള്ളിച്ചു, ഒപ്പം പാഞ്ചജന്യവും.

ശത്രുവിന്റെ പ്രതിരോധം ഭേദിച്ച് വീട്ടിനകത്തേയ്ക്ക് ഇരച്ചുകയറുമ്പോൾ പരിമിതൻ ആവേശത്തിന്റെ കൊടുമുടിയിലേയ്ക്ക് തേരോടിച്ചു കയറിയിരുന്നു. ഓടിയൊളിച്ച ശത്രു തേജോമയനായ കർണ്ണനെയാണ് ഓർമ്മിപ്പിച്ചത്, ഇരുട്ടിൽ തന്റെ കരവാൾ ആഞ്ഞു വെട്ടി മുഖത്തേയ്ക്ക് തെറിച്ച ചോരയുടെ രുചിനുണഞ്ഞപ്പോൾ കൂടുതൽ ആവേശത്തോടെ മുരണ്ടു. എന്നാൽ വെളിച്ചം തെളിഞ്ഞപ്പോൾ ശത്രുവിന്റെ വികൃതമായ മുഖമൊപ്പം തന്റെ മുത്തശ്ശിയുടെ കൈവിരലിനെ ഓർമ്മിപ്പിക്കുന്ന, അറ്റ് വീണ ചുക്കിച്ചുളിഞ്ഞ കൈവിരലുകൂടി കണ്ടപ്പോൾ അവൻ ആകെ ആടിയുലഞ്ഞു.

ചോരമണക്കുന്ന, വസ്ത്രങ്ങളെ, കൂട്ടുകാർക്കും ആയുധങ്ങൾക്കൊപ്പം പിന്നിലുപേക്ഷിച്ചു പോർച്ചിൽ തന്റെ ബൈക്ക് നിർത്തി വീട്ടിലേയ്ക്ക് കയറുമ്പോൾ മുത്തശ്ശി വഴിക്കണ്ണുമായി അവനെ കാത്തിരിയ്ക്കുകയായിരുന്നു. ഉള്ളിലൊളിപ്പിച്ച പരിഭ്രമവുമായി തന്റെ ബെഡ്‌റൂമിൽ കയറി ഷവറിൽ നന്നായി കുളിച്ച് വാസനദ്രവ്യങ്ങൾ പൂശി പുറത്തേയ്ക്ക് വന്ന അവനെ പതിവ് പോലെ അവർ ഊട്ടിയുറക്കി.

യൗവനം പടികടന്നെത്തിയിട്ടും പഴയ പിഞ്ചു പൈതലിന്റെ ചകിത ഭാവത്തോടെ അനുസരണയോടെ കിടക്കുന്ന അവന്റെ മുഖം ദർശിച്ച മുത്തശ്ശി ആർദ്രയായിരുന്നു. മുന്നിൽ തളർന്നുറങ്ങുന്ന തന്റെ ചെറുമകനെ പിന്തുടർന്ന് വരുന്ന പോലീസ് നായ്ക്കളുടെ ഭീതിദമായ കുര വളരെ ദൂരെയായിരുന്നതിനാൽ അവർക്ക് അന്യവും. അപ്പോഴും പരിമിതൻ പകയൊളിപ്പിച്ച മനസ്സിൽ ചുരമാന്തുന്ന ഭീതിയെ ഒഴിപ്പിക്കുന്ന അർജ്ജുനപ്പത്ത് ഒരു താരാട്ട് പോലെ ശ്രവിച്ച് ഒരു സനാതന പുലരിയെ സ്വപ്നം കണ്ട്, അഹിംസയുടെ ചിഹ്നമായ സിംഹത്തിന്റെയും മാൻപേടയുടെയും സഹവർത്തിത്വം നേരിൽ കണ്ടുറങ്ങി, മുത്തശ്ശിയുടെ നല്ല കുട്ടിയായി.

ചിത്രത്തിന് കടപ്പാട്: