He... in Malayalam Short Stories by Sanoj Kv books and stories PDF | അയാൾ

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

അയാൾ

"അതേയ്... അമ്മച്ചിയാ വിളിച്ചത്. നമ്മൾ അങ്ങോട്ട് ചെല്ലാത്തതിന്റെ പരാതി തന്നെ"

കയ്യിലെ മൊബൈൽ താഴെവച്ച് അയാൾ പാചകം തുടർന്നു. അടുത്ത മുറിയിൽ, ഓൺ ചെയ്ത ടീവിയ്‌ക്കോ റോയിയുടെ വാക്കുകൾക്കോ ചെവികൊടുക്കാതെ അവൾ മറ്റേതോ ലോകത്തായിരുന്നു.

"അവരെല്ലാം നമ്മളെ കാത്തിരിക്കുവാണ്... വെറുതേ എന്തിനാ ഒരു വാശി. നമുക്ക് നെക്സ്റ്റ് മന്ത് ഒന്ന് പോയാലോ , ഒരാഴ്ച അവിടെ കൂടാം. എനിക്കീ വർക്ക് പ്രഷറീന്നൊക്കെ ഒരു റിലീഫ് ആവും. തനിക്കും വേണ്ടേ ഇവടുന്നൊരു ചേഞ്ച്‌...?"

ഒരു മറുപടിക്കായ് റോയ് കാത്തു.

"ലീവൊക്കെ എങ്ങെനെയെങ്കിലും ഒപ്പിക്കാം. താൻ എന്ത് പറയുന്നു?"

അയാൾ അടുത്തെത്തിയപ്പോഴും അവൾ ചിന്തയുടെ ലോകത്തുനിന്ന് തിരിച്ച് ഇറങ്ങിട്ടില്ലായിരുന്നു.

"ഡോ...!"

ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ അഭിരാമി ഞെട്ടിയുണരുന്നതയാൾ കണ്ടു.

"ഞാൻ പറഞ്ഞതുവല്ലതും താൻ കേട്ടോ?"
ദേഷ്യം വാക്കുകളിൽ കയറിക്കൂടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടാണ് ചോദിച്ചത്.

"ഇല്ല. റോയ് എന്താ പറഞ്ഞേ...?"

"അതവിടെ നിക്കട്ടെ. നീയെന്താ ഈ അലോചിച്ചു കൂട്ടണേ?"

"ഞാൻ... ഞാൻ അയാളെ കുറിച്ച് ആലോചിക്കുകയായിരുന്നു..."

"ആരെ...?"
അയാളുടെ മുഖത്തിപ്പോൾ ആകാംക്ഷയേക്കാളേറെ ഒരു പേടി നിഴലിക്കുകയാണ്.

"റോയിയോട് ഞാൻ പറഞ്ഞിട്ടില്ലേ അയാളെപ്പറ്റി. നേരിട്ട് ഒരിക്കലേ ഞാനാ മനുഷ്യനെ കണ്ടിട്ടുള്ളു. മഴ തകർത്തു പെയ്ത ആ രാത്രി. അയാളുടെ പേര്..."
അവൾ ഓർമ്മയെ പഴിച്ചു.

"ഹരി. അതായിരുന്നില്ലേ...?"
റോയ് അവളെ സഹായിക്കാൻ ശ്രമിച്ചു

"അങ്ങനെയാണോ ഞാൻ പറഞ്ഞിരുന്നത്? അല്ല... അതല്ല, മറ്റെന്തോ ആയിരുന്നു. ഓർമ്മയിൽ തങ്ങാത്ത എന്തോ ഒന്ന്. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. അല്ലേ..."

"താൻ അതൊക്കെ വിട്ടേ, നാട്ടീന്ന് അമ്മച്ചി വിളിച്ചിരുന്നു, നമുക്കൊന്ന് അവിടം വരെ പോയാലോ. എല്ലാം എല്ലാരും മറന്നു കഴിഞ്ഞു. ഇനിയും എന്തിനാ ഇങ്ങനെ?"

"പോവാം റോയ്... പോണം..."
അവൾ അപ്പോഴും ആ ചിന്തയിൽനിന്ന് പുറത്തുകടന്നിട്ടില്ലെന്ന് അയാൾക്ക് മനസ്സിലായി.

"ദേ ഭക്ഷണം റെഡി ആവാറായി, കഴിച്ചിട്ട് നമുക്ക് കിടക്കാം"

"ഞാനയാളെ മറന്നതായിരുന്നു റോയ്. ഇന്നലെ വീണ്ടും അയാളെന്റെ സ്വപ്നത്തിൽ വന്നു"

"ആമീ, താൻ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടിട്ടാ"

"അല്ല, ശരിക്കും. അയാളൊരു ജയിലിനകത്തായിരുന്നു, ഞാനാ ഇരുമ്പഴികൾക്ക് പുറത്തും, അതോ... ഇനി ഞാനായിരുന്നോ അകത്ത്... റോയിക്ക് കേൾക്കണോ, അയാൾ എന്നോട് ചോദിച്ചു: നിങ്ങളാരെയെങ്കിലും കൊന്നിട്ടുണ്ടോയെന്ന്... ഞാൻ എന്തായിരിക്കും റോയ് മറുപടി നൽകിയിട്ടുണ്ടാവുക..?"

"മതി നിർത്തിക്കേ. കഴിച്ച് കിടക്കാൻ നോക്ക്. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോ ഇതൊക്കെ ശരിയാവും"
ആ ചിന്തകളെ മുറിക്കാൻ റോയിക്ക് നന്നേ പാടുപെടേണ്ടിയിരുന്നു.

"അയാൾ തൂക്കുകയർ കാത്തിരിക്കുകയാണത്രെ, എന്തൊരു വിഡ്ഢിത്തമാണല്ലേ. കൊല്ലുക പോയിട്ട് ഒരാളെ ചെറുതായൊന്നു നോവിക്കാൻ പോലും അയാളെക്കൊണ്ട് സാധിക്കില്ല, എനിക്കറിയാം"

ഇനിയും തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്ന് കണ്ട് റോയ് അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിക്കാൻ തുനിഞ്ഞു.
"എഴുന്നേറ്റെ, വാ കഴിക്കാം"

"വേണ്ട റോയ് എനിക്ക് വിശപ്പില്ല, റോയ് കഴിച്ചോളൂ. ഒന്നുറങ്ങണം. അയാളെ വീണ്ടും കണ്ടെങ്കിലോ, എന്തിനാണ് എന്നെയിങ്ങനെ വിടാതെ പിന്തുടരുന്നതെന്ന് ചോദിക്കണം"

"ശരി എന്നാൽ പോയി കിടന്നോ"
വേറെന്തിനേക്കാളും ഉറക്കമാണ് അവൾക്ക് ഇപ്പോളാവശ്യം എന്ന് അയാൾക്ക് അറിയാമായിരുന്നു.

അയാളുടെ മനസ്സ് വർഷങ്ങൾ പിന്നോട്ട് നടന്നു. കോളേജിൽ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തിക്കാൻ കടമ്പകൾ ഒരുപാട് ഉണ്ടാവുമെന്ന് അന്നേ അറിയാമായിരുന്നു. കൂട്ടത്തിൽ ഏറ്റവും വലുത് മതം തീർത്ത മതിലായിരുന്നു. ഒടുവിൽ എല്ലാവരെയും വെറുപ്പിച്ച്, ആ മതിലും ചാടിക്കടന്ന് ഇങ്ങോട്ട് വണ്ടി കയറുമ്പോൾ കുറേ സർട്ടിഫിക്കറ്റുകളും പിന്നെ എന്തും സഹിക്കാൻ പോന്ന രണ്ട് മനസ്സും മാത്രമേ കൈമുതലായ് ഉണ്ടായിരുന്നുള്ളു. പക്ഷേ അതും...

അടുക്കളയിൽ നിന്നുള്ള പ്രഷർ കുക്കറിന്റെ ചൂളം അയാളെ വീണ്ടും വർത്തമാനത്തിലേക്ക് തിരിച്ചു വിളിച്ചു.
--------

റോയ് മൊബൈലിൽ dr.ശ്രീനിവാസിന്റെ നമ്പർ ഡയൽ ചെയ്തു.

"ഡോക്ടർ"

"റോയ്, എന്താ ഈ നേരത്ത്?"

"എനിക്ക് ഡോക്ടറുടെ ഒരു അപ്പോയ്ന്റ്മെന്റ് വേണം. പറ്റുമെങ്കിൽ നാളെത്തന്നെ"

"എന്തുപറ്റിയെടോ വിശേഷിച്ച് എന്തെങ്കിലും?"

"അതേ ഡോക്ടർ, അവൾ വീണ്ടും അയാളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു നാളായിട്ട് നല്ല മാറ്റം വന്നതായിരുന്നു. ഇന്നിപ്പോ പെട്ടെന്നിതാ വീണ്ടും, എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല ഡോക്ടർ. എനിക്കിന്നിനി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല"

"ഏയ്‌ dont worry, ഒരു കാര്യം ചെയ് നാളെ രാവിലെ ഒരു 11 മണിയാവുമ്പോ ഹോസ്പിറ്റലിൽ വരൂ. ഞാൻ ടോക്കൺ പറഞ്ഞുവെയ്ക്കാം"

"ഒക്കെ ഡോക്ടർ, താങ്ക്യൂ"
-------

പിറ്റേന്ന് പറഞ്ഞതിലും നേരത്തേ തന്നെ റോയ് അവളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി.

രണ്ടുപേരുടെ അവസരം കഴിഞ്ഞപ്പോൾ അകത്തുനിന്നും നേഴ്സ് റോയിയുടെ പേര് വിളിച്ചു. അവർ അകത്തേക്ക് കടന്നു.

"റോയ് കുറച്ചുസമയം പുറത്ത് നിൽക്ക്, എനിക്ക് അഭിരാമിയോട് തനിച്ച് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. സിസ്റ്റർ, പ്ലീസ്"
ഡോക്ടർ റോയിയോടായി പറഞ്ഞു.
സിസ്റ്റർ അല്പം ആശങ്കയോടെ അയാൾക്ക് പുറത്തേക്ക് ഡോർ തുറന്ന് കൊടുത്തു.

അല്പസമയത്തിന് ശേഷം സിസ്റ്റർ അയാളോട് വീണ്ടും അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു.

"ഇനി അഭിരാമി പുറത്തു നില്ക്കു, ഞാൻ റോയിയോട് ചിലത് സംസാരിക്കട്ടെ"
ഡോക്ടർ പറഞ്ഞു.

അവൾ റോയിയെ നോക്കി
"ആമി പുറത്തിരുന്നോ ഞാൻ വന്നോളാം"

സിസ്റ്റർ വീണ്ടും പുത്തേക്ക് വാതിൽ തുറന്നു.

"റോയ്, അഭിരാമിക്ക് യാതൊരു കൊഴപ്പവുമില്ല. സ്വപ്നം നമ്മളൊക്കെ കാണാറുള്ളതല്ലേ"

"പക്ഷേ ഡോക്ടർ, അവൾ വീണ്ടും ആ മനുഷ്യനെ കുറിച്ചാണ് സംസാരിച്ചത്, അയാൾ ആരാണ്... അവൾ ഡോക്ടറോട് എന്തെങ്കിലും പറഞ്ഞോ? "
അയാളുടെ മുഖത്തെ ആകാംക്ഷ ശ്രീനിവാസിന് വായിക്കാമായിരുന്നു

"പറഞ്ഞു but there is nothing to worry, റോയ് അതാലോചിച്ചു വിഷമിക്കണ്ട. തന്റെ കാര്യങ്ങൾ പറയു, ഉറക്കം പഴയപോലെ പ്രശ്നമാവുന്നുണ്ടോ?"

"യെസ് ഡോക്ടർ ഇന്നലെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആ ടാബ്ലെറ്റ്സും തീർന്നിരിക്കുന്നു. പക്ഷേ അതൊന്നും എനിക്ക് വിഷയമല്ല ഡോക്ടർ, ആമിക്കുവേണ്ടി ഞാൻ എന്തും സഹിക്കാൻ തയ്യാറാണ്"

Dr.ശ്രീനിവാസ് ഒരു പുഞ്ചിരിയോടെ ചോദിച്ചു
"താങ്കൾ ഉറക്കം കളയുന്നത് കൊണ്ട് ആമിക്ക് എന്ത് നേട്ടം? സീ അവൾക്ക് ഒരു കുഴപ്പവുമില്ല, പറഞ്ഞല്ലോ ഞാൻ സംസാരിച്ചു. She is perfectly ok. ഇനി താൻ അത്‌ ആലോചിച്ചു ഉറക്കം നഷ്‍ടപ്പെടുത്തരുത്. ഞാൻ കുറച്ചു മെഡിസിൻസ് പ്രിസ്ക്രൈബ് ചെയ്യാം മുടങ്ങാതെ കഴിക്കു. Everything will be all right. ഒരു മാസം കഴിഞ്ഞ് വന്നോളൂ . Ok then പോയിട്ട് വാ"

"ശരി ഡോക്ടർ"

അയാൾ പോയതും സിസ്റ്റർ അമല തന്റെ സംശയങ്ങൾ പുറത്തെടുത്തു
"എന്താണ് ഡോക്ടർ ഇതൊക്കെ, അയാളുടെ പ്രശ്നമെന്താണ്?"

"Its complicated സിസ്റ്റർ

മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു കാർ ആക്‌സിഡന്റ്, റോയിയും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ ഒരു ബൈക്കുകാരന്റെ അശ്രദ്ധ കാരണം എതിരെവന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ ഇരുവരും വലിയ പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപെട്ടു. പക്ഷേ അഭിരാമിയുടെ വയറ്റിൽ മറ്റൊരു ജീവൻ കൂടി വളരുന്നുണ്ടായിരുന്നു. അതിനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ഏഴു മാസത്തോളം പ്രായമായ ആ ജീവൻ പുറംലോകം കാണാതെതന്നെ മടങ്ങി. അഭിരാമിക്ക് അത്‌ വലിയൊരു ഷോക്കായിയിരുന്നു. മനസ്സിന്റെ താളം തെറ്റിക്കാൻ പോന്ന ഒന്ന്.
റോയ് അവളെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കാൻ തന്നെ തീരുമാനിച്ചു. അമലയ്ക്ക് അറിയാൻ വഴിയില്ല നമ്മുടെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഒരു dr.തുഷാർ പട്ടേൽ, അദ്ദേഹത്തെയാണ് അവർ കണ്ടത്. മലയാളികൾ ആയതുകൊണ്ടാവണം dr. പട്ടേൽ അവരെ എനിക്ക് റെഫർ ചെയ്തു.
അന്നാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്.
മറ്റൊരു ബെറ്റർ പ്ലേസ്, അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകാൻ പറ്റിയ ഒരിടം, ഞാൻ സജസ്റ്റ് ചെയ്തെങ്കിലും അയാളെത്തിന് തയ്യാറായില്ല. അവളെ അങ്ങനെ ഒരിടത്ത് തല്കാലത്തേക്ക് പോലും ഉപേക്ഷിക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു. എന്റെ നിർബന്ധങ്ങളെല്ലാം അയാൾ നിരസിച്ചു. റെഗുലേറായി വന്ന് കണ്ടോളാം എന്ന ഉറപ്പിൽ ഞാനും അത്‌ സമ്മതിച്ചുകൊടുത്തു.
മാസങ്ങൾ കടന്നുപോയി, അഭിരാമി മെല്ലെ നോർമൽ ലൈഫിലേക്ക് തിരിച്ചു വരുന്നു എന്ന തോന്നൽ ജനിപ്പിച്ചു. എന്നാൽ അയാളുടെ എല്ലാ പ്രതീക്ഷയെയും തെറ്റിച്ച്, ആക്‌സിഡന്റ് നടന്ന് ഒരു വർഷം തികയും മുൻപ് അവൾ സ്വയം ജീവനൊടുക്കി. അന്നുമുതൽ അയാൾ ഒറ്റയ്ക്കാണ്. മനസ്സുകൊണ്ട് അയാളത് ഇന്നും സമ്മതിക്കാൻ തയ്യാറായിട്ടില്ലെങ്കിലും"

"പിന്നെ അയാളെന്താ ഒരാളെപ്പറ്റി പറയുന്നത് കേട്ടല്ലോ...?"

"സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട അഭിരാമി തന്റെ മനസ്സിനെ പറ്റിക്കാൻ കണ്ടെത്തിയ ഒരു കഥാപാത്രം, അവൾക്ക് മാത്രം അറിയുന്ന ഒരാൾ, അവളോട് മാത്രം സംസാരിക്കുന്ന ഒരു ഇമേജിനറി ഫ്രണ്ട്. ഇപ്പോൾ അവളോടൊപ്പം ആ കഥാപാത്രത്തെയും റോയ് കൂടെ കൊണ്ട് നടക്കുന്നു"

"പക്ഷേ സാർ, അയാളോട് സത്യം തുറന്ന് പറയുന്നതല്ലേ നല്ലത്. എന്തിനായിങ്ങനെ...?"

"He knows..."

"What?"
അവൾക്കത് വിശ്വസിക്കാൻ പ്രയാസമായി തോന്നി

"അതെ സിസ്റ്റർ അയാൾക്ക് എല്ലാം അറിയാം, പക്ഷേ മനസ്സുകൊണ്ട് അവളെ പിരിയാൻ അയാൾക്ക് ഇനിയും സാധിച്ചിട്ടില്ല. കാലം ആണ് സിസ്റ്റർ ഏറ്റവും വലിയ മരുന്ന്. അത്‌ അയാളെയും സുഖപ്പെടുത്തട്ടെ. ഒപ്പം നമുക്കും ശ്രമിക്കാം"