Kunthalatha - 18 in Malayalam Fiction Stories by Appu Nedungadi books and stories PDF | കുന്ദലത-നോവൽ - 18

Featured Books
  • Kurbaan Hua - Chapter 44

    विराने में एक बंद घरहर्षवर्धन की कार घने अंधेरे में सड़क पर...

  • The Echo

    ---Chapter 1: The Weekend PlanNischay, Riya, Tanya, Aarav au...

  • The Risky Love - 22

    विवेक के सामने एक शर्त....अब आगे..............चेताक्क्षी अमो...

  • हम सफरनामा

    आज मौसम बहुत ही खूबसूरत था ठंडी हवाएं चल रही थी चारों तरफ खु...

  • डॉक्टर इंसान रूप भगवान

    पुलिस प्रमुख द्वारा कर्मबीर सिंह के पत्र को बहुत गंभीरता से...

Categories
Share

കുന്ദലത-നോവൽ - 18

 കുന്ദലത-നോവൽ

Kunthalatha-Novel

രചന-അപ്പു നെടുങാടി

Written by:Appu Nedungadi

ഭാഗം - 18-വിവരണം

(Part -18-Description)

]പിറ്റേന്നാൾ എല്ലാവരുടെയും സ്നാനഭോജനാദികൾ കഴിഞ്ഞു. രാജാവും കപിലനാഥനും കൂടി സംസാരിച്ചുകൊണ്ടിരിക്കെ മറെറല്ലാവരെയും വിളിക്കുവനായി രാജാവു് കല്പിച്ചു.അപ്പോൾ സ്വർണമയീദേവിയും, കുന്ദലതയും, പ്രതാപചന്ദ്രനും, താരാനാഥനും രാജാവിന്റെ മുമ്പാകെ വന്നിരുന്നു. രാമദാസനേയും വിളിക്കുവാൻ രാജാവു് കല്പിക്കുകയാൽ അവനും വന്നു. അഘോരനാഥൻ ചില രാജ്യകാര്യങ്ങൾ അന്വേഷിപ്പാൻ പുലർച്ചെ രാജധാനിയിലേക്കു പോയിരുന്നു. അദ്ദേഹവും അപ്പോഴേക്കു മടങ്ങിയെത്തി. അങ്ങനെ എല്ലാവരും എത്തിക്കുടിയപ്പോൾ കപിലനാഥൻ പോയതിൽ പിന്നെ ഉണ്ടായ ചരിത്രം മുഴുവനും വിവരമായി അറിയണമെന്നു് രാജാവു് ആവശ്യപ്പെട്ടു. കപിലനാഥൻ, താൻ നാടു വിട്ടു പോയി വില്വാദ്രിയുടെ മുകളിൽ ചെന്നു് അവിടെ ഒരു ഭവനം ഉണ്ടാക്കി താനും കുന്ദലതയും അവിടെ താമസിച്ചപ്രകാരവും മററും സംക്ഷേപമായി പറഞ്ഞു.

പ്രതാപചന്ദ്രൻ: അങ്ങുന്നും എന്റെ സോദരിയും മരിച്ചുവെന്നാണല്ലോ ഞങ്ങൾ എല്ലാവരും വിശ്വസിച്ചിരുന്നതു്?

കപിലനാഥൻ: ഞാൻ പോകുന്നിടത്തേക്കു് ആരും തിരഞ്ഞു വരാതിരിപ്പാൻവേണ്ടി, ഞാൻ ഒരു ഉപായം പ്രവൃത്തിച്ചതുകൊണ്ടായിരിക്കണം ആ വിശ്വാസം ഉളവായതു്. എന്നെ കാരാഗൃഹത്തിലാക്കുവാൻ കല്പിച്ച ദിവസം രാത്രിതന്നെ ഞാൻ കുന്ദലതയെ ആരും അറിയാതെ രാമദാസന്റ പക്കൽ കൊടുത്തയച്ചു കാട്ടിൽ ഒരേടത്തു് ഒരു കോഴിയെ അറുത്തു് രക്തം ഒലിപ്പിച്ചു് അതിനരികത്തു് കുന്ദലതയുടെ ഒരു അങ്കവസ്ത്രം വെച്ചേക്കുവാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുപ്രകാരം രാമദാസൻ ചെയ്കയാൽ ആയിരിക്കണം കുന്ദലതയെ കള്ളൻമാർ കൊണ്ടുപോയി കൊലപ്പെടുത്തി എന്നൊരു സംസാരം ഉണ്ടായത്. പിന്നെ കുന്ദലതയെ കാണാതായി, എല്ലാ ദിക്കിലും തിരച്ചിൽ തുടങ്ങിയന്നു രാത്രി ഞാനും രാജധാനിയിൽനിന്ന് ഗോപ്യമ്യായി പുറപ്പെട്ടുപോയി. പോകുമ്പോൾ ഞാൻ പ്രാണത്യാഗം ചെയ്യുവാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് ഒരു എഴുത്ത് ഇവിടെ എഴുതിവെച്ചിരുന്നതു കൂടാതെ പോകുന്ന വഴിക്ക് കാട്ടിൽ ഒരു വലിയ ചിത കൂട്ടി അതിനു തീ കൊളുത്തി, അതിനരികെ എന്റെ ഒരു ഉത്തരീയവസ്ത്രവും, ചില താക്കോലുകളും , എന്റെചില കത്തുകളും വലിച്ചെറിഞ്ഞിട്ടുണ്ടായിരുന്നതിനാൽ ആ എഴുത്തിൽ കണ്ടപ്രകാരം ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നു എന്നു് ജനങ്ങൾ വിശ്വസിച്ചതായിരിക്കണം.

സ്വർണമയി: അച്ഛൻ ഞങ്ങളെ എല്ലാവരെയും വെടിഞ്ഞു. കാട്ടിൽ ഏകാന്തമായ സ്ഥലത്തു പാർക്കുമ്പോൾ ചിലപ്പോഴേങ്കിലും ഞങ്ങളെ വിച്ചാരിച്ചു വ്യസനിക്കുകയില്ലെ?

കപിലനാഥൻ: ആ ഒരു വലിയ വ്യസനത്തിനു പുറമെ ആദിയിൽ എനിക്കു വേറെയും വ്യസനകാരണങ്ങൾ ഉണ്ടായിരുന്നു. ഘോരവനം-ഞാനും പാർ‍‍‍വതിയും രാമദാസനും-കരഞ്ഞുകൊണ്ടു് കുന്ദലത എന്റെ കൈയിലും-വേറെ സമീപം മനുഷ്യർ ആരും ഇല്ലാതെയും, അങ്ങനെയുള്ള സ്ഥിതിയിൽ ചോർച്ചകൂടാതെ ഒരു ചെറിയ പുര വെച്ചുകെട്ടിയുണ്ടാക്കുന്നതുവരെ ഞങ്ങൾക്കെല്ലാവർക്കും വ്യസനവും ഭയവുമുണ്ടായി.

കുന്ദലത: കഷ്ടം ! ഞാൻ അപ്പോൾ അച്ഛനെ എത്ര ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരിക്കും.

കപിലനാഥൻ: അങ്ങനെയല്ലെ! കുന്ദലത എന്റെ പരിതാപപ്രശമനത്തിനു് ഒരു സിദ്ധൗഷധമായിരുന്നു- എന്റെ ജീവധാരണത്തിനു് ഏകകാരണമായിരുന്നു- കുന്ദലതയുടെ മന്ദസ്മിതങ്ങൾ എനിക്കു ധൈര്യവർദ്ധനങ്ങൾ- കുന്ദലതയുടെ കളവചനങ്ങൾ എനിക്കു് ആമോദദായകങ്ങൾ- ഇങ്ങനെയാണു് കഴിഞ്ഞു വന്നിരുന്നതു്. കുന്ദലത എന്റെ ഒരുമിച്ചുണ്ടായിരുന്നില്ലെങ്കിൽ, ഞാൻ എഴുതിവെച്ചു പോയിരുന്നപ്രകാരം ചെയ്‌വാൻതന്നെ സംശയിക്കില്ലായിരുന്നു-ഞാൻ പോകുന്നതു് ആരെയും അറിയിച്ചിട്ടില്ലെന്നില്ല. മരിച്ചിട്ടില്ലെന്നുമാത്രം അഘോരനാഥനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇന്ന ദിക്കിലാണെന്നും മററും വിവരം ഈയിടെയാണു് അറിയിച്ചതു്.

അഘോരനാഥൻ: യുവരാജാവിനു് അഭിഷേകമുണ്ടായതിന്റെ അല്പം മുമ്പായി ഒരു വൈരാഗി വന്നിരുന്നതു് ഈ രാമദാസനായിരുന്നു. അവൻ ഇവിടെ കൊടുത്ത എഴുത്തു കണ്ടപ്പോൾ തന്നെ എനിക്കു ജ്യേഷ്ഠന്റെ കൈയക്ഷരമാണെന്നു സംശയം തോന്നി.

ഇതു കേട്ടപ്പോൾ എല്ലാവരും വളരെ വിസ്മയിച്ചു. രാമദാസൻ പുഞ്ചിരിച്ചുകൊണ്ടു തല താഴ്ത്തി.

സ്വർണമയി: അതത്രയും ഭോഷ്ക്കാണെന്നു ഞാൻ അന്നുതന്നെ പറയുകയുണ്ടായി. എന്റെ അച്ഛനെക്കുറിച്ചു പറഞ്ഞതു് എങ്കിലും ഞാൻ വിശ്വസിച്ചില്ലല്ലോ, കഷ്ടം! നഷ്ടപ്രശ്നം പറഞ്ഞതു് ഇത്ര സൂക്ഷ്മമായി ഒക്കുക ഇതിൽകീഴിൽ ഉണ്ടായിട്ടില്ല, അമ്പത്തു നാലു വയസ്സ്! ഹാ! എത്ര കൃത്യം!

പ്രതാപചന്ദ്രൻ: (സംശയം തീരായ്‌കയാൽ) 'രാമദാസ ! നീ തന്നെയോ വൈരാഗിവേഷം ധരിച്ചു വന്നതു്?' എന്നു ചോദിച്ചു.

രാമദാസൻ: വളരെ പണിപ്പെട്ടു് 'അതെ 'എന്നു സമ്മതിച്ചു.

പ്രതാപചന്ദ്രൻ: എന്റെ സംശയം തീർന്നു. സൈകതപുരിയിലാണു് ഇവനെ ആദിയിൽ കണ്ടെത്തിയതു്. അവിടെ നഷ്ടപ്രശ്നംകൊണ്ടു് പലരേയും വിസ്‌മിയപ്പിച്ചിട്ടാണത്രെ രാജധാനിയിലേക്കു വന്നതു്.

രാമദാസൻ: ഞാൻ വേഷച്ഛന്നനായിരുന്നു എന്റെ വീട്ടിൽത്തന്നെയാണു് ഒന്നാമതു ചെന്നത്. സമീപം ആളുകളേയും സ്ഥലങ്ങളേയും എനിക്കു നല്ല പരിചയമുണ്ടാകയാൽ ഞാൻ നഷ്ടം പറഞ്ഞതു മിക്കതും ശരിയായി. എല്ലാവരും ഞാൻ ഒരു ദിവ്യൻ തന്നെയാണെന്നു തീർച്ചയാക്കി, പല വീടുകളിൽനിന്നും എനിക്കു ഭിക്ഷയും ദക്ഷിണയും മറ്റും ഉണ്ടായി. ആ വിധം ഉപജീവനമായവർ‌ക്കും നാൾ കഴിപ്പാൻ ഒട്ടും സ്വല്ലയില്ലെന്നും തോന്നി.

അഘോരനാഥൻ: 'വിശേഷതസ്സർവവിദാംസമാജെ വിഭൂഷണം മൗനപപണ്ഢിതനാം' എന്ന സുഭാഷിതന്റെ സാരം ഗ്രഹിക്കുകയാലായിരിക്കുമോ, രാമദാസൻ മൗനവ്രതം അനുഷ്ഠിക്കുവാൻ തീർച്ചയാക്കിയതു്?

പ്രതാപചന്ദ്രൻ: കഷ്ടം! വിശിഷ്ടനായ ഒരു വൈരാഗിയാണെന്നല്ലെ ഞാൻ വിശ്വസിച്ചതു്? ആളുകളെ ചതിക്കുവാൻ ഇത്രഎളുപ്പമുണ്ടല്ലോ! അത്ഭുതം! എല്ലാ വൈരാഗിമാരും ഇങ്ങനാത്തവരല്ലെന്നാരറിഞ്ഞു!

കപിലനാഥൻ: ഞങ്ങൾക്കെല്ലാവർക്കുംകൂടി ഇങ്ങോട്ടു വരേണ്ടതിനു വിരോധമുണ്ടോ എന്നു തീർച്ചയാക്കേണ്ടതിലേക്കു് ഇവിടുത്തെ വിവരങ്ങൾ മുഴുവനും അറിയേണ്ടതു് ആവശ്യമാകയാൽ രാമദാസനെ ഇങ്ങോട്ടു് അയച്ചതാണു്. എന്റെ ഗുഢവാസം പ്രസ്താവമാവാതെ കഴിവാൻ വേണ്ടി, അവന്റെ യുക്തംപോലെ വേഷം മാറ്റി പോകേണമെന്നു് രാമദാസനോടു് പറഞ്ഞിട്ടുണ്ടായിരുന്നു. വേഷം മാറിയനിലയിൽ അവന്നു് അഘോരനാഥനോടു സ്വകാര്യമായി സംസാരിപ്പാൻ തക്കം കിട്ടേണ്ടതിനു് ഉപകാരമായിത്തീരുമെന്നു് രാമദാസൻ പറകയാൽ അവന്റെ ആവശ്യപ്രകാരം ആ ഓല ഞാൻ എഴുതിക്കൊടുത്തു.

അഘോരനാഥൻ: ആ എഴുത്തു ഞാൻ കണ്ട ഉടനെ വൈരാഗിയെ കണ്ടുപിടിക്കുവാൻ പല ദിക്കിലേക്കും ആളെ അയച്ചു. അപ്പോഴേക്കു് രാമദാസൻ എന്നെ കാണ്മാൻ ഇങ്ങോട്ടുതന്നെ വന്നു. അതും വേഷപ്രച്ഛന്നനായിട്ടാകയാൽ ഇവിടെ മറ്റാർക്കും അവനെ അറിവാൻ കഴിഞ്ഞതുമില്ല.

കപിലനാഥൻ‌: ഞാൻ താമസിച്ചിരുന്ന വനത്തിനു സമീപം ഉള്ള ധർ‌മപുരി എന്ന ഗ്രാമത്തിൽനിന്നു് ഒരു വഴിപോക്കനെ കണ്ടു സംസാരിച്ചപ്പോഴാണു് പ്രതാപചന്ദ്രനു വിവാഹം നിശ്ചയിച്ചിരിക്കുന്നൂ എന്നറിഞ്ഞത്.  അതിന്റെ സൂക്ഷമം അറിവാനും രാമദാസനെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അവൻ ഇങ്ങോട്ടു പോന്നിരിക്കുമ്പോൾ താരാനാഥൻ അവിടെ എത്തി. ധർമപുരിയിൽവച്ചു ഞങ്ങൾ തമ്മിൽ യദൃച്ഛയായി കണ്ടെത്തി. ഞാൻ എന്റെ ഭവനത്തിലേക്കു് കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചു.

താരാനാഥൻ: ഞാൻ എന്റെ പരമാർത്ഥം അപ്പോൾതന്നെ അറിയിച്ചിരുന്നുവെങ്കിൽ, അച്ഛനു് എത്ര സന്തോഷമുണ്ടായിരുന്നു.

കപിലനാഥൻ: എന്റെ സന്തോഷത്തിനു് ഒട്ടും കുറവുണ്ടായിരുന്നില്ലെന്നുതന്നെ പറയാം. താരാനാഥനെ കണ്ടപ്പോൾതന്നെ എനിക്കു സംശയം തോന്നി. പിന്നെ രാമദാസൻ മടങ്ങിവന്നപ്പോൾ കൊണ്ടുവന്ന അഘോരനാഥന്റെ എഴുത്തുകൊണ്ടും മിക്കതും തീർച്ചയായി. അതിനുശേഷം ഒരു ദിവസം താരാനാഥൻ കുതിരപ്പുറത്തുനിന്നു വീണപ്പോഴാണു് എനിക്കു നല്ല തീർച്ചയായതു്. അരയിൽ കുട്ടിക്കാലത്തുതന്നെ അവനു് ഒരു മറു ഉള്ളതു് എനിക്കു സൂക്ഷിച്ചുനോക്കി കാണ്മാൻ; വീണു മേഹാലസ്യപ്പെട്ടു കിടക്കുമ്പോൾ തരംവന്നു. അതു കണ്ടപ്പോൾ സംശയം ഒക്കെയും തീരുകയും ചെയ്തു.

കുന്ദലത: രാമകിശോരൻ കുതിരപ്പുറത്തുനിന്നു വീണതിൽ പിന്നെ, അച്ഛന് രാമകിശോരനെക്കുറിച്ചു പ്രതിപത്തി അധികമായി കണ്ടു. അതിന്റെ കാരണം ഇപ്പോഴാണു് എനിക്കു മനസ്സിലായതു്.

താരാനാഥൻ: (ചിരിച്ചുകൊണ്ടു്)രാമകിശോരൻ എന്നു്, എന്റെ അജ്ഞാതവാസകാലത്തെ പേരാണു്. ഇപ്പോൾ ഞാൻ പണ്ടത്തെ താരാനാഥൻതന്നെയായി, എന്നു പറഞ്ഞപ്പോൾ എല്ലാവരും ഒന്നു ചിരിച്ചു. കുന്ദലത അല്പം നാണംപൂണ്ടു.

രാജാവു്: ഇവരുടെ ചരിത്രം ആശ്ചര്യംതന്നെ. ഇതൊക്കെയും എഴിതുവച്ചാൽ വായിക്കുന്നവർക്കു വളരെ നേരംപോക്കുണ്ടാകും, അജ്ഞാതവാസവും--പ്രച്ഛന്നവേഷവും--കൈനാമവും--ചിത്രം!ചിത്രം!

കപിലനാഥൻ: താരാനാഥനും ഞാനും ഗുരുശിഷ്യന്മാരുടെ നിലയിലായിരുന്നു. ഇങ്ങോട്ടു പോരുന്നതിന്റെ തലേന്നാളാണു് താരാനാഥനോടു് എന്റെ വസ്തുത അറിയിച്ചതു്.

താരാനാഥൻ: കഷ്ടം! അതുവരേയും അച്ഛൻ എന്നെ പരമാർത്ഥം അറിയിക്കാതെ കഴിച്ചുവല്ലോ. എങ്കിലും എനിക്കു് അതുകൊണ്ട് അധികം വ്യസനിക്കുവാനില്ല. അച്ഛനാണെന്നു് അറിഞ്ഞിട്ടില്ലെങ്കിലും എന്റെ സ്നേഹത്തിനും ബഹുമാനത്തിനും ഒട്ടും കുറവുണ്ടായിട്ടില്ല. പക്ഷേ, വസ്തുത മുൻകൂട്ടി അറിഞ്ഞാൽ എനിക്കു വളരെ സന്തോഷവുംകൂടെയുണ്ടാകുന്നതായിരുന്നു.

കപിലനാഥൻ: താമസിയാതെ അറിയിക്കേണമെന്നുതന്നെയായിരുന്നു എന്റെ വിചാരം. കുന്ദലതയ്ക്കു് യൗവനമായി. എന്റെ

സ്വാമിക്കു് സ്വർഗപ്രാപ്തി വരുന്നതിനു മുമ്പായി. കുന്ദലതയെ തിരുമുമ്പാകെ കൊണ്ടുവന്നു തന്നു്. എന്റെ അപരാധങ്ങളെ ഒക്കെയും ക്ഷമിക്കുവാൻ അപേക്ഷികേണമെന്നും, അതിന്നു് ഇങ്ങോട്ടു മടങ്ങിവരുവാൻ ഒരു സംഗതിയുണ്ടാകേണമെന്നും, ഉണ്ടായശേഷം താരാനാഥനെ വസ്തുത ഒക്കെയും അറിയിക്കാമെന്നും, ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണു് യുദ്ധമുണ്ടാവുമെന്നുള്ള വർത്തമാനം അറിഞ്ഞതു്.

പ്രതാപചന്ദ്രൻ: അതെങ്ങനെ അറിഞ്ഞു?

അഘോരനാഥൻ: കുന്തളരാജ്യത്തേക്കു ദൂതനെ അയച്ചു് വിവരം ഇവിടുന്നു് എന്നോടു പറഞ്ഞപ്പോൾത്തന്നെ, ഒട്ടും താമസിയാതെ ഞാൻ രാജധാനിയിൽനിന്നു് ഇവിടെ വന്നു് ഒന്നാമതു ചെയ്തതു് ജ്യേഷ്ഠനെ വിവരം അറിയിക്കുവാൻ ഒരു ദൂതനെ എഴുത്തും കൊടുത്തു് അയയ്ക്കുകയാണു്.

സ്വർണമയി: ആ ദൂതനും അച്ഛനെ കണ്ടിട്ടറിഞ്ഞില്ലേ?

കപിലനാഥൻ: അവൻ എന്റെ പക്കൽ നേരിട്ടു് എഴുത്തു തരികയല്ല. ധർമപുരിയിൽ എന്റെ ചരിചാരകനായ ഒരു ബ്രഹ്മണന്റെ പക്കൽ ഒരു പെട്ടി കൊണ്ടുപോയി കൊടുക്കുവാനാണു് അഘോരനാഥൻ അവനെ അയച്ചിരുന്നതു്. ആ പെട്ടി പിറ്റേദിവസംതന്നെ അദ്ദേഹം എനിക്കു തന്നു. അതിൽ എനിക്കു് ഒരു എഴുത്തും ഒരു പട്ടുറുമാലും ഉണ്ടായിരുന്നു. പട്ടുറുമാൽ ഞാൻ വേഷച്ഛന്നനായി വരുന്ന സമയം കണ്ടറിവാൻ അടയാളത്തിന്നു വേണമെന്നു കരുതി അഘോരനാഥൻ അയച്ചുതന്നതു വളരെ ഉപകാരമായിത്തീർന്നു.

താരാനാഥൻ: അച്ഛാ! നമുക്കു കുതിരകളേയും ആയുധങ്ങളും കിട്ടിയതോ?

കപിലനാഥൻ: അഘോരനാഥന്റെ ദീർഘദൃഷ്ടിയുടെ വൈഭവം വേറെ ഒരു സംഗതിയിലാണു് എനിക്കു് അനുഭവമായതു്. ഞങ്ങൾ ഇങ്ങോട്ടു വരുമ്പോൾ എനിക്കും താരാനാഥന്നും ഓരോ കുതിരയുണ്ടായിരുന്നു. ധർമപുരിക്കു സമീപമുള്ള ഒരു കൊല്ലനെക്കൊണ്ടു പണിയിച്ച ചില ബലം കുറഞ്ഞ ആയുധങ്ങളും എന്റെ പക്കൽ ഉണ്ടായിരുന്നു. അഘോരനാഥന്റെ എഴുത്തിൽ കണ്ടപ്രകാരം, രാജധാനിയിൽ നിന്നു് ഏഴെട്ടു കാതം വടക്കായി ഞങ്ങൾക്കു പോരേണ്ടുംവഴിക്കു് ഒരേടത്തു് ഒരുവനെ കണ്ടു് ആ പട്ടുറുമാൽ അടയാളം കാണിച്ചപ്പോൾ, അകത്തുപോയി അവന്നും ഒരു ഉറുമാൽ എടുത്തുകൊണ്ടുവന്നു നൂർത്തി നോക്കിയപ്പോൾ രണ്ടും ഒരിണയാണെന്നു ബോദ്ധ്യംവന്നയുടനെ അവൻ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, അഞ്ചു കുതിരകളെയും പല ആയുധങ്ങളേയും കാണിച്ചുതന്നു് ആവശ്യമുള്ളതു് എടുക്കാമെന്നു പറഞ്ഞു. അവയിൽ ഏറ്റവും മേത്തരമായ ഒരു കുതിരയെ ഞാൻതന്നെ എത്തു. വേറെ നല്ല രണ്ടു കുതിരകളെ താരാനാഥന്നും രാമദാസനും ഞാൻ തന്നെ തിര‍ഞ്ഞെടുത്തു കൊടുത്തു. വേണ്ടുന്ന ആയുധങ്ങളെയും ഞങ്ങൾ എടുത്തുക്കൊണ്ടുപോരികയുംചെയ്തു. ഇതു് അഘോരനാഥൻ ചെയ്തിട്ടില്ലെങ്കിൽ ഞങ്ങൾ പോർക്കളത്തിൽ ചെയ്തതിന്റെ പകുതിപോലും ഞങ്ങളെക്കൊണ്ടു ചെയ്യാൻ കഴികയില്ലായിരുന്നു.

പ്രതാപചന്ദ്രൻ: നമ്മുടെ കപിലനാഥന്റെ വെണ്മഴുവിനാൽ എത്ര വീരന്മാരാണു് നശിച്ചതെന്നും പറയുവാൻ പ്രയാസം. ഇദ്ദേഹം പോർക്കളത്തിൽ ചെയ്ത പരാക്രമം കണ്ടിരുന്നാൽ ഇദ്ദേഹത്തിന്നു് ഇത്ര പ്രായമായി എന്നു് ഒരിക്കലും തോന്നുകയില്ല. ചണ്ഡപ്രതാപനായ കുന്തളനെ കീഴടങ്ങുവാൻ താരാനാഥനും, വേടർക്കരചനും ഞാനുംകൂടി അധികനേരം ശ്രമിച്ചു. അയാളുടെ ബാഹുബലംകൊണ്ടും ശിക്ഷാവൈഭവത്താലും ഞങ്ങൾക്കു സാധിച്ചില്ല. പിന്നെ കപിലനാഥനെ, മൂർത്തീകരിച്ചിരിക്കുന്ന മൃത്യുവിനെപ്പോലെ പുരോഭാഗത്തിങ്കൽ കണ്ടപ്പോഴാണു് അയാളുടെ അതിദുസ്സഹമായ ഗർവം ശമിച്ചു തല താണതു്.

രാജാവു്: ഉണ്ണി! പുരുഷശിരോമണികളായ ഈ രണ്ടു സോദരന്മാർ നമ്മുടെ സചിവന്മാരാവാൻ സംഗതി വന്നതാണു് നമ്മുടെ വലിയഭാഗ്യം. നമ്മുടെ രാജ്യം ഇങ്ങനെ ഐശ്വര്യവതിയായി നിൽക്കുന്നതും, പ്രബലന്മാരായ ശത്രുക്കളുടെ ദുർമോഹം നമ്മോടു ഫലിക്കാത്തതും, നമ്മുടെ കുലമഹിമ ഉജ്ജ്വലിക്കുന്നതും ഈ രണ്ടു സോദരന്മാരുടെ ബുദ്ധികൗശലംകൊണ്ടാണു്. നമ്മുടെ രാജ്യത്തിൽ പുഷ്ടി വർദ്ധിച്ചതും ഇവരുടെ ദാക്ഷണ്യംകൊണ്ടു്--നമ്മുടെ പ്രജകളുടെ ആർത്തി അസ്തമിച്ചതും ഇവരുടെ ഉത്സാഹംകൊണ്ടു്--നമ്മുടെ കീർത്തി വിസ്തരിച്ചതും, ഇവരുടെ ഓജസ്സുകൊണ്ടു്--ഇവർ നമമുടെ രാജ്യമാകുന്ന ഗൃഹത്തിൽ രണ്ടു പ്രധാന ദീപങ്ങൾ--ഇവർ നമ്മുടെ രാജലക്ഷ്മിയുടെ അധിഷ്ഠാനമണ്ഡപങ്ങൾ--ഇവർ നമ്മുടെ പ്രതാപനലന്റെ ബാഹുയുഗളങ്ങൾ. നാം എന്തുതന്നെ ചെയ്താലും ഇവർ നമുക്കു ചെയ്തതിന്നു് ഒരു തക്കതായ പ്രതിഫലമാവുകയില്ല.

കപിലനാഥൻ: സ്വാമിക്കു് ഞങ്ങളെക്കുറിച്ചുള്ള കൃപതന്നെയാണു് ഈ വാഗ്‌ദ്ധോരണിക്കു കാരണം. ഇവിടുത്തെ പിതാവ് ഞങ്ങളെ ബാല്യകാലത്തു വിദ്യാഭ്യാസംചെയ്യിച്ചു സന്മാർഗങ്ങളി‍ൽ കൂടിത്തന്നെ നടത്തി വളരെ നിഷ്‌കർഷയോടുകൂടി വളർത്തുകയാൽ ഇപ്പോൾ ഞങ്ങൾ ഇവിടുത്തേക്കു് ഉപകാരമായിത്തീർന്നുവെങ്കിൽ ഇവിടുത്തെ പിതാവിന്റെ പ്രയത്നം വളരെ നിഷ്‌ഫലമായില്ല എന്നല്ലാതെ എന്താണു പറവാനുള്ളതു്? ഞങ്ങൾ ഉത്തമ സചിവന്മാർ ചെയ്യേണ്ടതിനെ ചെയ്‌വാൻ ഞങ്ങളാൽ കഴിയുന്നേടത്തോളം ശ്രമിച്ചിട്ടുണ്ടു്. അതിന്നു ഞങ്ങളുടെ സ്വാമിയായ ഇവിടുത്തെ പ്രീതിയും ഞങ്ങളുടെ മനസ്സാക്ഷിക്കുണ്ടാകുന്ന സമാധാനവുമല്ലാതെ എന്തൊരു പ്രതിഫലമാണു ഞങ്ങൾ  കാംക്ഷിക്കുക? അതുകൊണ്ട് ഇപ്പോൾ സ്വാമിക്കു ഞങ്ങളുടെ മേലുള്ള പ്രീതി മേൽക്കുമേൽ വർദ്ധിച്ചിരിക്കത്തക്കവണ്ണം ഓരോ ക്രിയകൾ ഞങ്ങളെക്കൊണ്ടു മേലാലും ഞങ്ങളുടെ ദേഹപദനാവധി വരേയ്ക്കും ചെയുവാൻ സംഗതി വരുമാറാകട്ടെ എന്നാണു ഞങ്ങൾ ഈശ്വരനെ പ്രാർത്ഥിക്കുന്നത്.

പ്രതാപചന്ദ്രൻ: അച്ഛാ! താരാനാഥന്റെ പരാക്രമവും അല്പമല്ല. താരാനാഥൻ ഒരിക്കൽ കുന്തളേശനെ അയാളുടെ സൈന്യത്തിൽ നിന്നു വേർതിരിച്ച് ഒറ്റപ്പെടുത്തി ഭയങ്കരനായിരിക്കുന്ന അയാളെകൂടി ഒന്നു ഭയപ്പെടുത്തി, പിന്നെ എന്റെ കുതിരയ്ക്കു വെട്ടുകൊണ്ടു ഞാൻ താഴത്തു വീണ തക്കത്തിലാണ് കുന്തളേശൻ താരാനാഥന്റെ മുമ്പിൽ നിന്നു ഒഴിച്ചത്.

അഘോരനാഥൻ: അത് താരാനാഥൻ ചെയ്തതു കുറെ സാഹസമായിപ്പോയി. ആ യവനൻ താരാനാഥനാണെന്നും ഞാൻ അപ്പോൾ അറിഞ്ഞിരുന്നുവെങ്കിൽ അവനെ അതിന്നു സമ്മതിക്കുകയില്ലായിരുന്നു.

രാജാവ്:അച്ഛന്റെ ഗുണങ്ങൾ മക്കളിൽ പ്രതിബിംബിക്കുന്നത് അത്ഭുതമല്ലല്ലോ താരാനാഥനെ ഇന്നുമുതൽ നമ്മുടെ പ്രധാന സേനാപധിയായി നിശ്ചയിച്ചിരിക്കുന്നു.

മഹാരാജാവിന്റെ ആ കല്പന എല്ലാവർക്കും വളരെ സന്തോഷകരമായി. കപിലനാഥനും അഘോരനാഥനും തങ്ങൾക്ക് താരാനാഥന്റെ പ്രായത്തിൽ ആ വിധം വലിയ സ്ഥാനമാനങ്ങൾ കിട്ടുവാനിടവന്നിട്ടില്ലെന്നും പറഞ്ഞ് അനുമോദത്തോടുകൂടി താരാനാഥനെ ആശ്ലേഷം ചെയ്തു. മറ്റേവർ വേറെ പ്രകാരത്തിൽ തങ്ങളുടെ സന്തോഷത്തെ കാണിക്കുകയും പറയുകയുംചെയ്തു.

അതിന്റെശേഷം കപിലനാഥൻ യുദ്ധമുണ്ടാവുമെന്ന് അറിഞ്ഞ ഉടനെ, തന്റെ വനഭവനത്തെ ശൂന്യമാക്കി വിട്ടേച്ച് എല്ലാവരും കൂടി വേഗേന, പുറപ്പെട്ടുപോന്നതും, ധർമപുരിയിൽ എത്തി ഒരു വാഹനം സമ്പാദിച്ചതും, വഴിയിൽ ഓരോ താവളങ്ങളിൽ അല്പാല്പം താമസിച്ചു യുദ്ധം തുടങ്ങുന്നതിന്റെ തലേ ദിവസം രാജധാനിയുടെ വടക്കുഭാഗത്ത് ഒരു വഴിമ്പലത്തിൽ എല്ലാവരുംകൂടി അന്നേത്തെ രാത്രി അവിടെ കഴിച്ചതും, പുലർച്ചെ രാമദാസനെയും താരാനാഥനെയും ഏല്പിച്ച് കുന്ദലതയേയും പാർവതിയേയും, മററും വിവരമായി പറഞ്ഞു.

താരാനാഥൻ താനും രാമദാസനും കൂടി സൈകതപുരിയിൽ രാമദാസന്റെ വീട്ടിലെത്തി കുന്ദലതയെയും പാർവതിയേയും ഒരു അകത്തു കൊണ്ടുപോയിരുത്തിയതും, രാമദാസനെ കണ്ടറിഞ്ഞപ്പോൾ അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ഉണ്ടായ സന്തോഷവും, പിന്നെ തങ്ങൾ കപിലനാഥന്റെ ഒരുമിച്ചുകൂടി യവനവേഷം ധരിച്ചതും മററും വിസ്തരിച്ചു പറഞ്ഞു.

കുന്ദലതയും ഒന്നും പറഞ്ഞില്ലെന്നില്ല. തനിക്ക് രാമദാസന്റെ അമ്മയും പെങ്ങളും വളരെ ദയകാണിച്ച വിവരവും,വൈകുന്നേരം രാമദാസൻ യവനവേഷത്തോടുകൂടി മടങ്ങിചെന്നു.തന്നെയും പാർവ്വതിയേയും ഡോലിയിൽ കയറ്റിയപ്പോൾ രാമദാസന്റെ അമ്മയോയും പെങ്ങളേയും കൂടെ കൊണ്ടുപോരേണമെന്നു താൻ ആവശ്യപ്പട്ടപ്രകാരം അവരെ വേറൊരു ഡാലിയിൽ തന്റെ കൂടെ കൊണ്ടുവന്നതും മററും പറഞ്ഞു.

ഇങ്ങനെ എല്ലാവരും ഈ വർത്തമാനങ്ങൾ അത്രയും കേട്ടു അത്ഭുതപ്പെട്ടു.അന്യാന്യം പറഞ്ഞ് സന്തോഷിച്ചും,നാലഞ്ചു ദിവസം ചന്ദനോദ്യാനത്തിൽ താമസിച്ചു.വേടക്കർരചൻ യുവരാജാവിനു ചെയ്ത ഉപകാരങ്ങൾക്കുവേണ്ടി വലിയ രാജാവ് അയാൾക്കു വളരെ സമ്മാനങ്ങളും വേടർക്കരചർക്കു പണ്ടില്ലാത്ത ചില സ്ഥാനമാനങ്ങളും കൊടുത്തു, വളരെ സന്തോഷമാക്കി പറഞ്ഞയക്കുകയും ചെയ്തു.

(തുടരും)