Kunthalatha - 2 in Malayalam Fiction Stories by Appu Nedungadi books and stories PDF | കുന്ദലത-നോവൽ - 2

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

കുന്ദലത-നോവൽ - 2

കുന്ദലത-നോവൽ

Kunthalatha-Novel

രചന-അപ്പു നെടുങാടി

Written by:Appu Nedungadi

ഭാഗം 2. -കുന്ദലത

Part-2- Kunthalatha

നി യോഗീശ്വരന്റെ ഈ വനവാസത്തെക്കുറിച്ചു് അല്പം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവരെ ഒക്കെയും നാം ഇപ്പോൾ പറഞ്ഞു കഴിഞ്ഞു. ഒന്നാമതായിട്ട് അദ്ദേഹത്തിന്റെ വാത്സല്യത്തിനും ദയയ്‌ക്കും പാത്രമായതു് കുന്ദലത എന്ന കുമാരിയാണു്. ഈ കുമാരിക്കു് പതിനാറു വയസു പ്രായമായി എങ്കിലും അതേ പ്രായത്തിനുള്ളവരോടൊന്നിച്ചു പരിചയിപ്പാൻ ഇടവരായ്‌കയാൽ 'യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം' എന്നു പറഞ്ഞതുപോലെ വാക്കുകൾക്കും പ്രവൃത്തിക്കും ബാല്യകാലത്തിന്റെ കൗതുകം കേവലം വിട്ടിട്ടുണ്ടായിരുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും മറ്റു് ദിനചര്യയിലും യോഗീശ്വരൻ വളരെ ശ്രദ്ധവെക്കുകയാൽ നല്ല ആരോഗ്യവും ശരീരപുഷ്ടിയും അനല്പമായ സൗന്ദര്യവും ഉണ്ടു്. എന്നാൽ, കുന്ദലതയെ നല്ലവണ്ണം പരിചയമായി എങ്കിൽ, അവളുടെ രൂപലാവണ്യത്തെക്കാൾ സ്വഭാവഗുണവും ബുദ്ധിഗൗരവവുമാണു് അധികം വിസ്മയനീയമായിട്ടു തോന്നുക. ഉത്തമസ്ത്രീകളുടെ സ്വഭാവത്തിനു സഹജങ്ങായ സാധുത,ദയ,സ്നേഹം,അധർമഭീരുത്വം,വിനയം മുതലായ വിശേഷഗുണങ്ങൾ ആ ചെറുപ്രായത്തിൽത്തന്നെ അവളുടെ സ്വഭാവത്തിൽ വ്യക്തമായി പ്രകാശിച്ചിരുന്നു. അത്രയുമല്ല, യോഗീശ്വരന്റെ ദുർല്ലഭമായ ഉപദേശംകൊണ്ടും അനുപമമായ ഉദാഹരണംകൊണ്ടം അദ്ദേഹത്മതിന്റെ സഹവാസത്താൽ ഉണ്ടാകുന്ന സൽഗുണങ്ങളെ വിഫലമാക്കിതീർക്കേണ്ടതിനു ചപലബുദ്ധികളും അവിവേവികളുമായ ആളുകൾ ആരും ഇല്ലാതിരുന്നതിനാലും സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന ദു:സ്വഭാവങ്ങളും വക്രതകളും ചപലതകളും മനസ്സിൽ അങ്കരിപ്പാൻ സംഗതി വരാതെ, അവൾ മററു സ്ത്രീകളിൽ കാണാത്തതായ പല വിശേഷഗുണങ്ങൾക്കും ആസ്പദമായിത്തീരുകയുംചെയ്തു. അത്ഭുതമല്ലതാനും. യോഗീശ്വരനു് ബാലലാളനത്തിനും ശിക്ഷയ്ക്കും ഉള്ള സാമർത്ഥ്യം അസാമാന്യംതന്നെയായിരുന്നു. എന്നാൽ, കുന്ദലത കാവ്യനാടകാലങ്കാരാദികളിൽ പരിജ്ഞാനമുള്ള ഒരു വിദുഷിയോ സംഗീതാദികളിൽ നൈപുണ്യമുള്ളവളോ അല്ല. യോഗീശ്വരൻ ആ വക അഭ്യാസങ്ങളുടെ ആവശ്യത്തെയും ഉപകാരത്തെയും വളരെ സൂക്ഷ്മമായി ആലോചിച്ചു ഖണ്ഡിച്ചിട്ടുള്ളാളാകയാൽ കുന്ദലതയെ ആ വിഷയങ്ങളിൽ പരിശ്രമിപ്പിച്ചിട്ടുണ്ടായിരുന്നില്ല. സംഗീതസാഹിത്യാദികൾ കേവലം മനസ്സിന്റെ ഭൂഷണങ്ങൾ. കാഞ്ചീകങ്കാണാദികളെക്കൊണ്ട് വിരൂപികൾ ശോഭിക്കുമോ? സംഗീതസാഹിത്യാദിഗുണങ്ങൾ ഉണ്ടെങ്കിലും ദുർബുദ്ധികൾ വന്ദനീയന്മാരോ? ആയതുകൊണ്ട് ആ വക ഭൂഷണങ്ങൾ അത്ര സാരമായിട്ടുള്ളവയല്ല. ഒന്നാമതായി സമ്പാദിക്കേണ്ടതു് നിർമലമായും സുജ്ഞാതമായും ഉള്ള മനസ്സാണെന്നു് യോഗീശ്വരൻ തീർച്ചയാക്കീട്ടുണ്ടായിരുന്നു. ആയതിന് ലോകവ്യുല്പത്തിക്കൊണ്ട് മതികമലത്തെ വികസിപ്പിക്കേണ്ടതു് ആവശ്യമാകയാൽ യോഗീശ്വരൻ കുന്ദലതയെ എപ്പോഴും കൂടെകൊണ്ടുനടന്നു് ബീജങ്ങൾ അങ്കരിക്കുന്നതിനെയും വൃക്ഷലതാദികളുടെ ഗുണങ്ങളെയും പക്ഷിമൃഗാതികളുടെ സ്വഭാവങ്ങളെയും അവകളുടെ ജാതി തിരിച്ചറിയുവാനുള്ള വിധങ്ങളെയും ജീവികളുടെ ശരീരത്തിലുള്ള ഓരോ അംഗങ്ങളുടെ ധർമങ്ങളെയും ഭൂമിയുടെ സ്ഥിതിയെയും സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സൂക്ഷമാവസ്ഥയെയും ഗതിഭേദങ്ങളെയും നദികളുടെ ഉല്പത്തിയെയും രാജ്യങ്ങളുടെ സ്വഭാവത്തെയും, ഇടി,മഴ,മഞ്ഞു് എന്നിങ്ങനെ പ്രപഞ്ചത്തിലുള്ള പല പ്രകൃതിതത്ത്വങ്ങളെയും കാര്യകാരണങ്ങളുടെ അന്ന്യോന്ന്യ സംബന്ധത്തെയും ദൃഷ്ടാന്തങ്ങളോടുകൂടി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക പതിവായിരുന്നു. മനസ്സിന്റെ അതാതു പ്രായത്തിലെ വളർച്ചയ്ക്കനുസരിച്ചു് പറ‍ഞ്ഞുകൊടുക്കുന്ന വിഷയങ്ങളുടെ കാഠിന്യത്തെ ക്രമീകരിക്കയാൽ ആ വിഷയങ്ങൾ ഒക്കെയും കുന്ദലതയ്ക്കു സുഗമമായിട്ടു തോന്നും. എന്നുതന്നെയല്ല പറഞ്ഞുകൊടുത്തതു് മനസ്സിലായി എന്നറിയിക്കുവാൻ അവൾതന്നെ ഉത്സാഹത്തോടുകൂടി വേറെ ഉദാഹരണങ്ങളെ തേടിപ്പിടിക്കുകയും വല്ല സംശയവുമുണ്ടായാൽ ആയതു് ജാഗ്രതയോടുകൂടി ചോദിച്ചു മനസ്സിലാക്കുകയും സൂക്ഷ്‌മമായി ഓരോ സംഗതികളെ ഗ്രഹിച്ചാൽ മുഖപ്രസാദംകൊണ്ടു് തന്റെ തൃപ്തിയെ പ്രത്യക്ഷപ്പെടുത്തുകയുംചെയ്യും. ഇങ്ങനെ യോഗീശ്വരന്റെ ബുദ്ധികൗശലംകൊണ്ടു് മറ്റു പലരുടെയും വിദ്യാഭ്യാസത്തിനുണ്ടാകുന്ന ദു:ഖങ്ങളും ദുർഘടങ്ങളും അറിവാനിടവരാതെ കുന്ദലതയുടെ വിദ്യാഭ്യാസം അവൾക്കു് ഏറ്റവും വിനോദകരമായി ഭവിച്ചു. ഈ വിധം വിദ്യാഭ്യാസം വളരെ ചെറുപ്പത്തിൽത്തന്നെ തുടങ്ങിയിരുന്നു എങ്കിലും പന്ത്രണ്ടു വയസ്സായതിനുശേഷമാണു് കുന്ദലത അക്ഷരവിദ്യ അഭ്യസിച്ചതു്. രണ്ടു സംവത്സരത്തിനുള്ളിൽ സ്വഭാഷ എഴുതുവാനും വായിക്കുവാനും നല്ല പരിചയമായി. അതിന്നുപുറമെ ജഗദീശ്വരനെ പ്രർത്ഥിക്കുവാനായി എട്ടുപത്തു ഗാനങ്ങൾ അർത്ഥത്തോടുകൂടി പഠിപ്പിച്ചിട്ടുണ്ടായിരുന്നതു് ചിലപ്പോൾ‌ യോഗീശ്വരന്റെ കർണാനന്ദത്തിനായിട്ടു് പാടുമാറുണ്ടായിരുന്നു. അതല്ലാതെ വേറെ ഒരുവിധ ഗാനങ്ങളും വശമാക്കിയിട്ടുണ്ടായിരുന്നതുമില്ല. കുന്ദലതയ്‌ക്കു് ശൈശവംമുതൽക്കു് ഒരേ പ്രായത്തിനടുത്ത കളികളും ഉണ്ടായിരുന്നു. ചങ്ങാതി യോഗീശ്വരൻതന്നെ. അദ്ദേഹം അവളുടെ ഇഷ്ടം ഇന്നതെന്നറിഞ്ഞാൽ ഉടനെ അതു സാധിപ്പിക്കും. കുട്ടിക്കാലത്തു് വല്ലതും ഹിതം പോലെയാവാഞ്ഞിട്ടു് കരഞ്ഞാൽ അതിനു കാരണമെന്തെന്നറിഞ്ഞു് ഹിതത്തെ ചെയ്തു കൊടുക്കും. എന്തിനേറെ പറയുന്നു, അദ്ദേഹം അവളുടെ കുട്ടിക്കളികൾക്കൊക്കെയും താലോലിച്ച് നിൽക്കുകയും ചിലപ്പോൾ താൻ തന്നെ ബാലചാപല്യം നടിച്ചു് അവളുടെക്കൂടെ കളിക്കുകയും ചെയ്യും. ആപത്തുള്ള കളികളിൽ നിന്ന് വിരമിപ്പിക്കും. വ്യായാമം കൊണ്ട് ശരീരത്തിനു് ലാഘവവും അംഗപുഷ്ടിയും ഉണ്ടാകുന്ന വിനോദങ്ങളിൽ ഇഷ്ടം ജനിപ്പിക്കും. ഇങ്ങനെ അവളുടെമേൽ അച്ഛന്റെ സ്നേഹത്തോടും കളിയിൽ ചങ്ങതിമാരുടെ ഇണക്കത്തോടും ചില സമയങ്ങളിൽ ഉപദേഷ്ടാവിന്റെ ഗാംഭീര്യത്തോടും എപ്പോഴും അമ്മയുടെ ലാളനയോടും ഒരിക്കലും അപ്രിയം കൂടാതെയും വളർത്തിക്കൊണ്ട് വരുവാൻ യോഗീശ്വരൻചെയ്ത പ്രയത്നം കുന്ദലത തന്റെ അപരിമിതമായിരിക്കുന്ന ഗുണോൽക്കർഷങ്ങളെക്കൊണ്ടു് ഏറ്റവും സഫലമാക്കിത്തീർക്കുകയും ചെയ്തു. ഇങ്ങനെയെല്ലാമാണു് കുന്ദലതയുടെ അവസ്ഥ. പിന്നെ പാർവതി എന്നു പേരായ സ്ത്രീയാണു് ഉള്ളതു്. ആ സ്ത്രീക്കു് അമ്പതിൽ അധികം വയസ്സായിരിക്കുന്നു എങ്കിലും വാർദ്ധ്യകത്തിന്റെ അതിക്രമങ്ങൾ പറവാൻ തക്കവണ്ണം ഒന്നും തുടങ്ങീട്ടില്ല. വളരെ നല്ല സ്വഭാവമാണ്. കുന്ദലതയെ കുട്ടിയിൽത്തന്നെ എടുത്തുവളർത്തിയ പോറ്റമ്മയാകയാൽ അവർക്കു് അന്യോന്യം വളരെ താൽപ്പര്യമുണ്ടായിത്തീർന്നു. യോഗീശ്വരനെക്കുറിച്ചു് അവൾക്കു് വളരെ ബഹുമാനവും ഭക്തിയും ഉള്ളവളാണ്. ഗൃഹകൃത്യങ്ങൾ ഒക്കെയും വെടിപ്പായി കഴിച്ചു് ഇടയുള്ളപ്പോഴൊക്കെയും കുന്ദലതയോടു് സംസാരിച്ചും അവളെ ലാളിച്ചുംകൊണ്ട് കാലക്ഷേപം ചെയ്യുകയുംചെയ്യും. രാമദാസൻ എന്ന ഭൃത്യനു് ഒരു നാൽപ്പതു‌ വയസ്സു് പ്രായമായിരിക്കണം. വളരെ വിശ്വാസയോഗ്യനും വകതിരിവുളുളവനുമാണു്. ചെറുപ്പം മുതൽക്കെ യോഗീശ്വരന്റെ ഭൃത്യനാകയാൽ അദ്ദേഹത്തിന്റെ സംസർഗംഹേതുവായിട്ടു് എല്ലാ ഭൃത്യന്മാർക്കും ഇല്ലാത്തതായ സ്വാമിഭക്തി, സത്യം എന്ന രണ്ടു ഗുണങ്ങൾ അവന്റെ സ്വഭാവത്തിനു സഹജമായിത്തീർന്നിരിക്കുന്നു. അവൻ യോഗാശ്വരനു് എന്തു വേണം എന്നുവച്ചാൽ അതു ചെയ്യാൻ സന്നദ്ധനാണു്.ദേഹത്തിനു് നല്ലശേഷിയും അധികമായ ധൈര്യവുമുണ്ടു്.അവനെ കാണുന്നവർക്കു് അവന്റെ സ്വാമിയുടെ യോഗ്യത അവനിൽ പ്രതിഫലിച്ചു കാണാം. യോഗീശ്വരന്റെ ഈ വനഭവനം ഘോരകാന്തരത്തിൽ വളരെ ഏകാന്തസ്ഥലത്താണെങ്കിലും ചുരുക്കത്തിൽ ഉറപ്പും രക്ഷയുമുള്ള ഭവനമാണു്. ഗജം, വ്യാഘ്രം മുതലായ കാട്ടുമൃഗങ്ങളുടെ ആക്രമം തട്ടാതിരിപ്പാൻവേണ്ടി നാലു പുറത്തും ബലമുള്ള വൃക്ഷങ്ങൾ വളരെ അടുപ്പിച്ചുവെച്ചു് ഒരു വളരുന്ന വേലിയുണ്ടാക്കിയിട്ടുണ്ടു്. അതുകൊണ്ടും യോഗീശ്വരൻ അത്യാവശ്യം ചില ആയുധങ്ങൾ കരുതിയിട്ടുണ്ടായിരുന്നതിനാലും ആ വക ദുഷ്ടമൃഗങ്ങളിൽ നിന്നു് ഭീതിയുണ്ടാവാൻ സംഗതികൂടാതെ കഴിഞ്ഞു. ഭവനത്തിനുചുററും ഒരു വലിയ തോപ്പാണു്. അതിൽ സസ്യാദികൾ കുന്ദലതയുടെ കയ്യുകൊണ്ട് ജലം ആസ്വദിച്ചവ അനവധിയുണ്ടു്. ഉമ്മരത്തു് മുറ്റത്തിനരികെ കുന്ദലതക്കു് പ്രത്യേകമായി ഒരു വളപ്പുണ്ടു്. അതിൽ മന്ദാരം,പനിനീരു്,പിച്ചകം,മുല്ല,മുതലായ സുഗന്ധപുഷ്പങ്ങളുടെ ചെടികളും വള്ളികളും നാരകം,ദ്രാക്ഷ,മാതളനാരകം മുതലായ വിശേഷഫലങ്ങൾ ഉണ്ടാവുന്ന വൃക്ഷങ്ങളും ചെടികളും കുന്ദലതയുടെ കയ്യുകൊണ്ടു തന്നെ നട്ടു നനച്ചിട്ടുണ്ടായിരുന്നു. ദിവസംപ്രതി രാവിലെ സമയങ്ങളിലും യോഗീശ്വരന്റെ കൂടെ നലടക്കാൻ പോകാതെ മറ്റു സമയങ്ങളിലും കുന്ദലത ആ ചെടികളെ നനച്ച്, അവയ്‌ക്കു് മണ്ണും വളവും ചേർത്ത്, വളരെ വത്സല്യത്തോടുകൂടി രക്ഷിക്കുകയും അവ മുളക്കുന്നതും വളരുന്നതും തെഴുക്കുന്നതും മൊട്ടിടുന്നതും പൂക്കുന്നതും കായ്ക്കുന്നതും കൗതകത്തോടുകൂടി നോക്കിക്കണ്ടു് സന്തോഷിക്കുകയും ചെയ്യും.

ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളി-വൾക്കു ജലപാനവുംപല്ലവം തൊടുവതില്ല മണ്ഡനരതാവ-പി പ്രിയതകൊണ്ടിവൾനല്ലൊരുത്സവമിവൾക്കു നിങ്ങളുടെയാദ്യ-മായ കുസുമോൽഗമെവല്ലഭം വ്രജതി സാ ശകുന്തളയനുജ്ഞനിങ്ങളരുളീടുവിൻ'

എന്ന ശ്ലോകത്തിൽ കണ്വമഹർഷി പറഞ്ഞതത്രയും വാസ്തവമായി കുന്ദലതയെക്കുറിച്ചും പറയാം. അങ്ങനെ കുന്ദലതയുടെ പ്രയത്നത്തിന്റെ ഫലവും വിനോദത്തിന്റെ ഹേതുവും ആയ ആ ചെറിയ പൂന്തോട്ടം സുഗന്ധമുള്ള പുഷ്പങ്ങളെക്കൊണ്ടും മാധുര്യമുള്ള ഫലങ്ങളെക്കൊണ്ടും ആ ആരാമത്തിനു് ഒരു തൊടുകുറിയായി തീർന്നിട്ടുണ്ടായിരുന്നു. തോപ്പിന്റെ ഒരു ഭാഗത്തു് ഗോതമ്പും വിളയിട്ടിട്ടുണ്ടു്. ആയതും കായ്ക്കനികളുമാണു് അവരുടെ പ്രധാന ഭക്ഷണസാധനങ്ങൾ. തേൻ മുതലായ വന്യങ്ങളായ പദാർത്ഥങ്ങൾ സുലഭം.വന്യങ്ങളല്ലാത്ത സാധനങ്ങളും ഇല്ലെന്നില്ല ആ വക സാമാനങ്ങൾ ധർമ്മപൂരിക്കു സമീപമുളള ച‍ന്തയിൽനിന്നു വാങ്ങി കരുതുമാറുണ്ടായിരുന്നു.ഭവനത്തിന്റെ അല്പം തെക്കൂഭാഗത്തായിട്ടു് വില്വാദ്രിയുടെ അധികം ഉയർന്ന ഒരു കൊടുമുടിയുണ്ടു്.അധികം അടിയിൽനിന്നു് ഒരു ചെറുതായ ചോല ശാശ്വതമായി പ്രവഹിച്ചുവരുന്നതിന്റെ മാർഗം തിരിച്ചു് ോഗീശ്വന്റെ വളപ്പിനുളളലേക്കു കടത്തി, അവിടെ ഒന്നു രണ്ടു വലിയ കു‍‍ഴികളിൽ കെട്ടിനിർത്തീട്ടുണ്ടായിരുന്നതിനാൽ കുടിക്കുവാനും കുളിക്കുവാനും ആ നിർമലജലംതന്നെ ഉതകുമാറാക്കിയിരുന്നു.ആ കുഴികളിൽനിന്നു കവിഞ്ഞൊഴുകിപ്പോരുന്ന വെളളം ചെറിയ ചാലുകളിൽക്കൂടി പല വഴിയും തിരിച്ചിട്ടുണ്ടായിരുന്നതിനാൽ തോപ്പിലെ വൃക്ഷാദികൾക്കു നനക്കുവാൻ വളരെ എളുപ്പമായിത്തീർന്നു.ആകപ്പാ‍‍ടെ വാസസൗഖ്യം രാജാക്കന്മാർക്കുകൂടി ഇതിലധികം ഉണ്ടാവാൻ പ്രയാസമാണു്.അങ്ങനെ ഏകാന്തമായിരിക്കുന്ന ആ ഭവനത്തിൽ യോഗീശ്വരനും കുന്ദലതയുംകൂടി സൗഖ്യമായി വസിക്കട്ടെ. ഇനി നമ്മുടെ കഥവില്വാദ്രിയിൽനിന്നു് വളരെ ദൂരമുളള വേറെ ഒരു രാജ്യത്തുവച്ചു് തുടങ്ങേണ്ടിയിരിക്കുന്നു.

(തുടരും)