കവിത: പെണ്ണ്
രചന: ജയേഷ് പണിക്കർ
***************
സ്നേഹത്തിനായ് തോൽക്കുമ്പോൾ
മോഹമുള്ളിൽ ഒതുക്കുന്നോൾ.
ഭൂമിയോളം ക്ഷമിക്കുവോൾ
ഭാരമേറെ ചുമക്കുവോൾ
ഭീതിയോടെ ചരിക്കേണ്ടോൾ
ഭാഗ്യമേറെ ചെയ്ത ജന്മം!
കർമ്മനിരതയായെന്നുമേ
കൺമണികളെ പോറ്റിടുന്നു
കല്ലല്ലിരുമ്പല്ല ആ ഹൃദയം
കാണുവാനാരും ശ്രമിക്കയില്ല!
ഇഷ്ടങ്ങളൊക്കെയും നഷ്ടമാക്കി
ഇക്ഷിതിയിലങ്ങു പാർത്തിടുന്നു
വേദനയിലും പുഞ്ചിരിപ്പോൾ
വാഴ് വിതിൽ വില ലഭിക്കാത്ത ജന്മം
പുണ്യമെന്നേറെയും വാഴ്ത്തിടുന്നു!
പുഞ്ചിരിച്ചങ്ങു ചതിച്ചിടുന്നു
ധീരതയേറുന്നോളെന്നാകിലും
കേവലമാക്കി പരിഹസിക്കും
എന്നു നീ മോചിതയായീടുമീ
വഞ്ചനക്കൂട്ടിൽ നിന്നെൻ പൈങ്കിളീ?
***************